Wednesday, September 23

ഹിന്ദുത്വ അജണ്ടക്കനുസരിച്ച് സിലബസ് മാറ്റിയതിനെതിരെ സി പി എമ്മിൻ്റെ കത്ത്

 

സംഘപരിവാറിൻ്റെ വിദ്യാഭ്യാസ അജണ്ടക്കനുസൃതമായി സിലബസ് പരിഷ്ക്കരിച്ചതിനെതിരെ സി പി എമ്മിൻ്റെ കത്ത്.

കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് സ്കൂൾ തുറക്കാൻ വൈകുന്നതിനാൽ    സി.ബി.എസ്.ഇ സിലബസില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി പി എം നേതാവ്  എളമരം കരീം എം പി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിനാണ് കരീം കത്തയച്ചത്.

ജനാധിപത്യ മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ വലിയ പ്രാധാന്യം വഹിക്കാന്‍ സഹായിക്കുന്ന യുക്തിസഹമായ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും എളമരം കരീം കത്തില്‍ പറയുന്നു.

‘അങ്ങ് പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട്  നല്‍കിയ വിശദീകരണം ഞാന്‍ കണ്ടിരുന്നു. കുട്ടികള്‍ക്ക് പഠിക്കാനുള്ളതില്‍ പ്രധാനപ്പെട്ട ഭാഗങ്ങളെ മാറ്റി നിര്‍ത്തി 30 ശതമാനം വരെ വെട്ടിക്കുറക്കുന്നുവെന്നാണ് പറഞ്ഞത്. അതായത് മേല്‍ പറഞ്ഞ വിഷയങ്ങള്‍ ഒരു തരത്തിലും പ്രധാനപ്പെട്ടതല്ലെന്നാണ് അര്‍ത്ഥമാക്കുന്നത്,’ എളമരം കരീം പറഞ്ഞു.

പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതിനെതിരെ വിദ്യാര്‍ത്ഥി- അധ്യാപകരുടെയും സംഘടനകളുടെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്.

കേന്ദ്രത്തിൻ്റെ അജണ്ടയ്ക്ക് അനുസൃതമായി പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിധ്വംസക നടപടിയാണെന്നും ഇത് ജനാധിപത്യത്തിനെതിരെ ഉയരുന്ന വെല്ലുവിളിയാണെന്നും എളമരം കരീം പറയുന്നു

ഈ നടപടി ഭരണഘടനാവിരുദ്ധമായ ഹിന്ദുത്വ ഭരണവ്യവസ്ഥയെ സഹായിക്കുന്നതാണെന്നും കത്തില്‍ വിശദീകരിക്കുന്നു.

ജനാധിപത്യത്തെയും ദേശീയതയെയും മതനിരപേക്ഷതയെയും കുറിച്ച് പഠിക്കാതെ വളര്‍ന്നു വരുന്ന ഒരു ജനത എങ്ങനെയാണ് നാളെ ഒരു നാടിനെ നയിക്കുകയെന്നും കരീം കത്തില്‍ ചോദിച്ചു.

Spread the love
Read Also  കോന്നി എംഎൽഎ അടൂർ പ്രകാശ് രാജി വെച്ചു