Monday, January 17

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അക്ബറിനെ തല്ലിക്കൊന്നിട്ട് ഏത് പശുവിന്റെ പ്രീതിയാണ് നിങ്ങള്‍ നേടിയത്?

പശുക്കളെ വളര്‍ത്തി പാല് വിറ്റ് കഴിയുന്ന ഒരു കുുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കഴിഞ്ഞ ദിവസം ആല്‍വാറില്‍ ഹിന്ദു ഭീകരര്‍ തല്ലിക്കൊന്ന അക്ബര്‍ ഖാന്‍. ഹരിയാനയിലെ മേവാര്‍ ജില്ലയില്‍ നിന്നുള്ള ഖാന്‍, രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലുള്ള ലാല്‍വണ്ടി ഗ്രാമത്തില്‍ സുഹൃത്ത് അസ്ലാമിനോടൊപ്പം രണ്ട് പശുക്കളെ വാങ്ങാന്‍ പോയതായിരുന്നു. തന്റെ കച്ചവടം വികസിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു പുതിയ പശുക്കളെ വാങ്ങാനുള്ള പരിപാടിയെന്ന് അക്ബര്‍ ഖാന്റെ കുടുംബം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അക്ബറിനെ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ സമീപത്തുള്ള പാടത്ത് ഒളിച്ചിരുന്നത് കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് മേവത്ത് ജില്ലയിലെ കൊല്‍ഗാവ് ഗ്രാമത്തില്‍ മടങ്ങിയെത്തിയ അസ്ലാം ഖാന്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കൊല്‍ഗാവില്‍ നിന്നും തിരിച്ച ഇരുവരും രാത്രിയിലാണ് ലാല്‍വണ്ടി ഗ്രാമത്തിലെത്തിയത്. രണ്ട് പശുക്കളും അതിന്റെ കുട്ടികളും ഉണ്ടായിരുന്നതിനാലാണ് തന്നെ അക്ബര്‍ കൂടെ കൂട്ടിയതെന്ന് അസ്ലാം ഖാന്‍ പറയുന്നു. അക്ബറിന്റെ മോട്ടോര്‍സൈക്കിളിലായിരുന്നു യാത്ര.

ഒരു ഗ്രാമീണന്റെ കൈയില്‍ നിന്നും 60,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ ഇരുവരും മടങ്ങി. അക്ബറാണ് പശുക്കളെ തെളിച്ചിരുന്നത്. അസ്ലാം വണ്ടിയുമായി കൂടെ അനുഗമിച്ചു. അപ്പോഴാണ് വെടിശബ്ദം കേട്ടത്. പശുക്കളെ മോഷ്ടിക്കാന്‍ വന്നതാണ് തങ്ങളെന്ന് ആക്രോശിച്ചുകൊണ്ട് കുറെപ്പേര്‍ തങ്ങളുടെ അടുത്തേക്ക് പാഞ്ഞുവന്നതായി എന്ന് അസ്ലാം ഓര്‍ക്കുന്നു. പേടിച്ചരണ്ട അസ്ലാം സമീപത്തെ പാടത്തേക്ക് ഓടി. പശുക്കളെ പിടിച്ച് നിന്ന അക്ബറിന് ഒന്നും ചെയ്യാനാവുമായിരുന്നില്ല.

ഇരുട്ടായതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അസ്ലാം പറയുന്നു. എന്നാല്‍ എല്ലാവരും ഉറക്കെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ വരെ പാടത്ത് ഒളിച്ചിരുന്ന താന്‍ മറ്റൊരു വണ്ടിയില്‍ കയറിയാണ് ഗ്രാമത്തില്‍ എത്തിയതെന്നും അസ്ലാം പറയുന്നു. ജീവിതം കഷ്ടിച്ച് മടക്കി കിട്ടിയതിന്റെ ആശ്വാസത്തിനിടയിലും സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹം മോചിതനല്ല. പത്തു പശുക്കളെ കൂടി വാങ്ങി തന്റെ ഡയറി വികസിപ്പിക്കാനായിരുന്നു അക്ബറിന്റെ ശ്രമമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. രണ്ട് പശുക്കളെ വാങ്ങാനുള്ള കാശ് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വായ്പയായി സംഘടിപ്പിക്കുകയായിരുന്നു.

അക്ബര്‍ ഖാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച മേവത്ത് പോലീസ് ഗ്രാമത്തിലെത്തിച്ചു. ഭാര്യയും ഏഴ് മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് അക്ബറിന്റെ കുടുംബം. അക്ബറിന്റെ ഇഷ്ടവിഭവമായ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ അസ്മിന. എന്നാല്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മരണവാര്‍ത്ത വീട്ടിലെത്തി. വിവരമറിഞ്ഞ അവര്‍ ബോധരഹിതയായി.

അക്ബറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമീണര്‍ ആവശ്യപ്പെടുന്നു. പശുവിനെ വളര്‍ത്തി പാല് വിറ്റ് ജിവിക്കുന്ന ഒരാള്‍ക്ക് എങ്ങനെ പശു മോഷ്ടാവാകാന്‍ കഴിയുമെന്ന് അവര്‍ ചോദിക്കുന്നു. അക്ബറിന് ഇപ്പോള്‍ തന്നെ മൂന്ന് പശുക്കളുണ്ട്. അതിനെ പോറ്റിയാണ് അദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നതും. കേന്ദ്ര മന്ത്രിമാര്‍ തന്നെ പശുസംരക്ഷകരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പാവങ്ങളെ കൊല്ലാന്‍ അവര്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കുമെന്ന് ആല്‍വാറിലെ മേവ് പഞ്ചായത്ത് മുഖ്യന്‍ ഷേര്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട കൊലക്കേസില്‍ ജാമ്യം കിട്ടിയ ഒരു സംഘത്തിന് നല്‍കിയ സ്വീകരണത്തില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പങ്കെടുത്തതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

Spread the love
Read Also  ഒടുവില്‍ മോദി സര്‍ക്കാര്‍ അനങ്ങി: ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ നിയമം നിര്‍ദ്ദേശിക്കാന്‍ മന്ത്രിസഭ സമിതി

Leave a Reply