ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഖിലേഷ് യാദവ് താമസിച്ചിരുന്ന ഔദ്യോഗിക വസതിക്ക് കേടുപാടുകൾ വരുത്തിവെച്ചതു വഴി ഖജനാവിന് 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും അഖിലേഷ് ഔദ്യോഗിക വസതി ഒഴിഞ്ഞത് ഇക്കഴിഞ്ഞ ജൂണിലായിരുന്നു.
2012 ൽ യാദവ് മുഖ്യമന്ത്രിയായപ്പോൾ ലക്നോവിലെ വിക്രമാദിത്യ മാർഗിലെ ബംഗ്ലാവാണ് അനുവദിച്ചിരുന്നത്. എന്നാൽ 2017 ൽ അഖിലേഷിന് ഭരണം നഷ്ടപ്പെട്ടപ്പോൾ ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. തുടർന്ന് യോഗി ആദിത്യനാഥ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ഈ വര്‍ഷം മേയിൽ അനുകൂലവിധി നേടുകയും ചെയ്തതിനുശേഷമാണ് അദ്ദേഹം വസതിയൊഴിഞ്ഞത്.
തനിക്കെതിരെ വിധി വന്നപ്പോൾ അഖിലേഷ് യാദവ് ഔദ്യോഗികവസതി ബോധപൂർവ്വം കേടുപാടുകൾ വരുത്തിയെന്നുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നത്. സംസ്ഥാന ഭരണം കയ്യാളുന്ന ബി ജെ പി തന്റെ പ്രതിച്ഛായ തകർക്കാനായി ബോധപൂർവം നടത്തുന്ന പ്രചാരണങ്ങളാണ് ഇതെന്ന് അഖിലേഷ് പ്രതികരിച്ചു. ബംഗ്ളാവിന്റെ ഒന്നാം നിലയിൽ അഖിലേഷ് യാദവ് തന്നെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
വസതിക്കു മൊത്തത്തിൽ ഉണ്ടായ കേടുപാടുകൾക്ക് അഖിലേഷ് യാദവിന്റെ പക്കൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വീടിനുണ്ടായ കേടുപാടുകൾക്കും നഷ്ടപ്പെട്ടതായി പറയപ്പെടുന്ന വീട്ടുപകരണങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർ പ്രദേശിലെ മുൻ മുഖ്യമന്ത്രി.