Monday, January 24

കീപ്പര്‍ ഓഫ് ഷീപ്പ്

ഫെർണാണ്ടോ പെസോവ

(പോർച്ചുഗൽ, 1888-1935) ആൽബർട്ടോ കെയ്റോ എന്ന
പേരിലെഴുതിയ ഒരു കവിത – കീപ്പർ ഓഫർ ഷീപ്പിൽ നിന്ന്.

വിവർത്തനം : പി രാമൻ

വീടിന്റെ ഏറ്റവുമുയർന്ന ജനാലയിലൂടെ
ഒരു വെള്ളത്തൂവൽ വീശി
ഞാൻ യാത്ര പറയും.
മനുഷ്യരാശിയിലേക്കു പോകുന്ന
എന്റെ കവിതകളോട്.

ഞാൻ ദു:ഖിതനുമല്ല, സന്തുഷ്ടനുമല്ല.
കവിതകളുടെ വിധി അങ്ങനെ.
എഴുതിക്കഴിഞ്ഞയുടനെ
എല്ലാവർക്കും കാണിച്ചു കൊടുക്കണം.
മറ്റൊരു തരത്തിൽ എനിക്കു ചെയ്യാനാവാത്തതിനാൽ.
പൂവിന്നു പോലും സ്വന്തം നിറം
ഒളിച്ചു വക്കാനാവാത്ത പോലെ
മരം അതിന്റെ പഴം
മറച്ചു വക്കാത്ത പോലെ.

അവയതാ ദൂരെ, പൊയ്ക്കൊണ്ടിരിക്കുന്നു.
സഹായിക്കാൻ എനിക്കാവില്ല.
ശരീരത്തിലെ വേദന പോലെ പക്ഷേ,
സഹിച്ചിരിക്കും ഞാൻ.

ആരവ വായിക്കും? ആർക്കറിയാം?
ഏതു കൈകളിൽ അവ വന്നു വീഴും? ആർക്കറിയാം?

ഒരു പൂവ്, നോക്കിക്കാണാനായി
വിധിയെന്നെ ഇറുത്തെടുത്തു.
ഒരു മരം, തിന്നാനായ് എന്റെ പഴം
പറിച്ചെടുക്കപ്പെട്ടു.
ഒരു നദി, എന്നിൽ നിന്നൊഴുകിപ്പോകാനായിരുന്നു
എന്റെ വെള്ളത്തിന്റെ വിധി.
ആ സമർപ്പണത്തിൽ ഏറെക്കുറെ
സന്തുഷ്ടൻ ഞാൻ.
ദു:ഖിച്ചു തളർന്നൊരു മനുഷ്യനെപ്പോലെ
ഏറെക്കുറെ സന്തുഷ്ടൻ.

പോകൂ, എന്നിൽ നിന്നകന്നു പോകൂ!
മരം കടന്നു പോകുന്നു,
പ്രകൃതിയിലെമ്പാടും വിതയ്ക്കപ്പെട്ട്.
പൂ വാടിക്കരിയുന്നു,
പൊടി എന്നേക്കും ശേഷിപ്പിച്ച്.
പുഴ കടലിലേക്കൊഴുകുന്നു,
അതിന്റെ ജലം എന്നെന്നും
അതിന്റെ തന്നെയായിരുന്നു കൊണ്ട്.

ഞാൻ കടന്നു പോകുന്നു
പ്രപഞ്ചത്തെപ്പോലെ ബാക്കിയായിക്കൊണ്ട്.

വര: അജിത്

 

Spread the love
Read Also  പാലൂർ; പരുക്കൻ യാഥാർഥ്യങ്ങളെ ആവിഷ്കരിച്ച ആധുനികകവി: പി രാമൻ എഴുതുന്നു

Leave a Reply