Wednesday, January 19

രാജി വെച്ചവർ തങ്ങളുടെ പ്രശ്നങ്ങൾ അമ്മയിൽ പറയണമായിരുന്നു; അലൻസിയർ

രാജി വെച്ച നടികൾ തങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് അമ്മയിൽ പറയണമായിരുന്നുവെന്ന് നടൻ അലൻസിയാർ. അമ്മ ഒരു ജനാധിപത്യ ഇടമാണെന്നും അലൻസിയർ പ്രതിപക്ഷം.ഇൻനോട് പറഞ്ഞു.

അമ്മയിൽ നിന്നുള്ള കൂട്ട രാജിയെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?

രാജിവെച്ചവർ അമ്മയിൽ വന്ന് എന്ത് കൊണ്ട് തങ്ങൾക്ക് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നില്ല? രാജിവെച്ചവർക്ക് അമ്മയിൽ വന്ന് പറയാമായിരുന്നു. ഞങ്ങളുടെ ശബ്ദത്തെ നിങ്ങൾ നിശബ്‌ദമാക്കി എന്ന് പറയാനുള്ള തന്റേടം അവർ കാണിക്കണമെന്നായിരുന്നു എന്റെ അഭിപ്രായം. അവർ ഉന്നയിക്കുന്ന ധാർമ്മികമായ പ്രശ്നങ്ങൾക്ക് പറയുക വഴി നിശബ്ദമായിരിക്കുന്നവർക്ക് ഉൾപ്പടെ ശബ്‌ദിക്കാനുള്ള ഒരു സ്പെയ്സ് അവർക്ക് ഉണ്ടാക്കാമായിരുന്നു.

അവർക്ക് അതിനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നാണ് രാജിവെച്ചവർ പറയുന്നത്…

അമ്മയിൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള ഒരു സ്വാതന്ത്ര്യം എനിക്കുണ്ടായിട്ടുണ്ട്. എന്റെ അഭിപ്രായവും എതിരഭിപ്രായവും കേൾക്കാനുള്ള ഒരവസരം അവിടെ ഉണ്ട്. അതൊരു ജനാധിപത്യപരമായ സ്പെയ്സ് തന്നെയാണ്. രണ്ടു വർഷം മാത്രമേ ആയൂള്ളൂ ഞാൻ അമ്മയുടെ മെമ്പർ ആയിട്ട്. എനിക്കവിടെ എന്റെ കാര്യങ്ങൾ പറയുന്നതിനുള്ള അവസരം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനുമുകളിൽ വരുന്നത് ആക്രമിക്കപ്പെട്ട നടി എനിക്ക് വേണ്ട സംരക്ഷണം കിട്ടിയിട്ടില്ല, എനിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ല എന്ന് പറയുന്നത് അമ്മ ചർച്ച ചെയ്യണം. അത് ഗൗരവമായി ചർച്ച ചെയ്യണം.

ആക്രമിക്കപ്പെട്ട നടി ഉൾപ്പടെയുള്ളവർ രാജി വെച്ചത് ശരിയായില്ല എന്ന നിലപാടാണോ താങ്കൾക്കുള്ളത്?

രാജി വെച്ചവർ ഈ വിഷയത്തിൽ ജനധിപത്യമായ രീതിയിൽ ഇടപെടണമായിരുന്നു. ഇതൊരു കുടുംബമാണ്. നമ്മുടെ അഭിപ്രായം ആ കുടുംബത്തിൽ പറയണമായിരുന്നു. പ്രധാനമായും ആക്രമിക്കപ്പെട്ട നടിയ്ക്ക് അമ്മയിൽ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നുള്ളത് ചർച്ച ചെയ്യേണ്ട വിഷയമാണ്. അത് അമ്മ വളരെ ഗൗരവത്തോടെ കാണണം.

നടൻ ദിലീപിനെ തിരിച്ചെടുത്ത നിലപാടിനോടൊപ്പമാണോ താങ്കൾ?

അമ്മ എന്ന സംഘടനയുടെ നിയമാവലി പ്രകാരം, ഇന്ത്യൻ ഭരണഘടനയുടെ നിയമം വെച്ച് പോലും കുറ്റാരോപിതനായ ഒരു വ്യക്തിയെ പുറത്താക്കാൻ നിയമമില്ല. അയാളെ സസ്‌പെൻഡ് ചെയ്യാം. പക്ഷെ അമ്മയിൽ സംഭവിച്ചത് കുറ്റാരോപിതനായ വ്യക്തിയെ പുറത്താക്കുകയാണ് ചെയ്തത്. ആ സാങ്കേതികമായ പ്രശ്നത്തിന്റെ പേരിലാണ് അമ്മ ആ നടനെ തിരിച്ചെടുത്തത്.

ഇത് അമ്മ എന്ന് പറയുന്ന ഒരു സംഘടനയിൽ മാത്രം കേന്ദ്രീകരിക്കേണ്ട കാര്യമല്ല. രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പടെ സ്ത്രീ വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ശിക്ഷിക്കപ്പെട്ട ആളുകൾ ഉൾപ്പടെയുള്ളവർ തിരിച്ച് അത് പോലുള്ള സംഘടനയിലേക്ക് വരുന്നുണ്ട്. ആ കുറ്റാരോപിതന്റെ ന്യായവും നമ്മൾ അന്വേഷിക്കണം. അദ്ദേഹത്തിനും പക്ഷം ഉണ്ട്. അദ്ദേഹത്തിനും ന്യായം ഉണ്ട്. കോടതിയിൽ തെളിയുന്നത് വരെ കുറ്റാരോപിതനായ വ്യക്തിയെ കുറ്റക്കാരനാക്കി സംഘടനയിൽ നിന്ന് പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നു. അത് തിരുത്തി. ആ തെറ്റ് തിരുത്തി എന്ന് പറയുന്ന പക്ഷത്താണ് ഞാൻ. അദ്ദേഹത്തെ കുറ്റം തെളിയുന്നത് വരെ മാറി നിക്കൂ എന്ന് പറയുകയാണെങ്കിൽ ആ പക്ഷത്ത് നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തെ പുറത്താക്കുകയാണുണ്ടായത്.

Read Also  കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് എൻഎസ്‌സി ചെയർപേഴ്സൺ അടക്കം രണ്ട് പേർ രാജിവെച്ചു

എന്തായാലും അമ്മയിലുള്ളത് ഇരയാക്കപ്പെട്ട ഒരു സഹോദരിയും കുറ്റാരോപിതനായ ഒരു വ്യക്തിയെ കുറ്റക്കാരനായി മാധ്യമങ്ങൾ ഉൾപ്പടെയുള്ളവർ സ്ഥാപിച്ചെടുത്തയാളുമാണ്. കുറ്റവാളിയായി സ്ഥാപിച്ചെടുക്കുന്ന ആ സഹോദരനും ഞങ്ങളുടെ സഹ പ്രവർത്തകനാണ്. എന്തായാലും നടി ആക്രമിക്കപെട്ടിട്ടുണ്ടെന്നു നമുക്കറിയാം. എന്നാൽ കുറ്റാരോപിതനായ മനുഷ്യൻ ജീവിതത്തിൽ അത് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ ഈ മാധ്യമങ്ങളും സമൂഹവും അയാൾക്ക് എന്ത് മറുപടിയാണ് കൊടുക്കുക?. അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഈ പൊതു സമൂഹം എന്ത് ശിക്ഷയാണ് കൊടുക്കുക? സത്യം… സത്യം തെളിയട്ടെ..

Spread the love

Leave a Reply