Monday, January 24

എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്നു; മന്ത്രിമാർ വെറും നോക്കുകുത്തികളെന്നു യശ്വന്ത് സിൻഹയും അരുൺ ഷൗറിയും

ബി ജെ പി യുടെ പ്രമുഖനേതാക്കൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യപ്രവണതയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുതന്നെ ഉയരുന്ന ഗുരുതരമായ ആരോപണങ്ങൾ ബി ജെ പി ക്ക് തലവേദന സൃഷ്ടിക്കുന്നു.

റാഫേൽ കരാറിൽ നരേന്ദ്ര മോദി സർക്കാർ ആക്രമിക്കപ്പെട്ടതിനുശേഷം, കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹയും അരുൺ ഷൗറിയും പ്രധാനമന്ത്രിക്കെതിരെ രംഗത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്കാണു രാജ്യത്തെ എല്ലാ വകുപ്പുകളിലെയും മന്ത്രിതലതീരുമാനമെടുക്കുന്നതെന്നു അവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ബി ജെ പി നേതാവായ ശത്രുഘ്നൻ സിൻഹ മോദിക്കെതിരെ പരസ്യമായിപ്രതികരിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണയ്ച്ചുകൊണ്ടാണു അരുൺ ഷൗറിയും യശ്വന്ത് സിൻഹയും രംഗത്തുവന്നത്. ഇന്ത്യ-ഫ്രാൻസ് റഫേൽ ഫൈറ്റർ ജെറ്റ് കരാർ, വൻകിട ബാങ്ക് വായ്പാ ഇടപാട് തുടങ്ങി നിരവധി ഗൗരവമേറിയ ഇടപാടുകളിൽ വൻ അഴിമതി നടന്നുവെന്ന് ആരോപിച്ചു ശത്രുഘ്നൻ സിൻഹയുടെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. .
എൻ ഡി എ സർക്കാരിൻ്റെ പ്രധാനപ്പെട്ട എല്ലാ ദൈനംദിനതീരുമാനങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് എടുത്തശേഷം വെറുതെ നടപ്പാക്കാൻ വേണ്ടി മാത്രമാണ് വകുപ്പ് തല മന്ത്രിമാർക്ക് കൈമാറുന്നതെന്ന് യശ്വന്ത് സിൻഹ വെളിപ്പെടുത്തി. `സേവ് ഡെമോക്രസി – സേവ് കോൺസ്റ്റിറ്റ്യൂഷൻ`എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയിലെ രണ്ടാമനായ രാജ് നാഥ് സിങ് ജമ്മു കാശ്മീരിലെ പി ഡി പി ക്ക് പിന്തുണ പിൻവലിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നത് എന്തൊരു നാണക്കേടാണ്. അതും രാജ്യത്തിൻ്റെ ആഭ്യന്തരമന്ത്രി. നോട്ട് പിൻ വലിക്കലുമായി ബന്ധപ്പെട്ട ഒരു വിവരവും ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയെ അറിയിച്ചിരുന്നില്ലെന്നു സിൻഹ കൂട്ടിച്ചെർത്തു.

64 കോടിയുടെ ബോഫോഴ്സ് കോഴ ഇടപാടിനെക്കാൾ എത്രയോ വലുതാണ് റാഫേൽ അഴിമതി. 35000 കോടി രൂപയുടെ അഴിമതിയാണ് റാഫേൽ ഇടപാടിലൂടെ നടന്നത്. മന്ത്രിമാരൊക്കെ അലവൻസുകളും പറ്റി വെറുതെ ഓഫീസുകളിലെ കസേരകളിൽ ഇരിക്കുകയാണ്. കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിക്കൊള്ളും.

`മോദി സർക്കാരിനു കീഴിൽ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണ്. മന്ത്രിമാർ സ്വന്തം തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിനു പണയംവെച്ച് നിഷ്ക്രിയരായി ഇരിക്കുകയാണ്.` അരുൺ ഷൗറി ആഞ്ഞടിച്ചു. സൊഹ്റാബുദ്ദീൻ വ്യാജ എറ്റുമുട്ടൽ കെസിൽ 54 സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. സി ബി ഐ യെ ഉപയോഗിച്ച് എല്ലാം അട്ടിമറിച്ചു. മോദി സർക്കാർ സി ബി ഐ യെ ദുരുപയോഗം ചെയ്യുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 72 ആൾക്കൂട്ടക്കൊലകൾ നടന്നിട്ടുണ്ട്. നോട്ട് നിരോധനത്തിൻ്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തി നേടുന്നതിനുമുമ്പേ ധൃതിപിടിച്ച് ജി എസ് ടി നടപ്പാക്കി. ജി എസ് ടി കൊണ്ടുവന്നതും മോദിയുടെ ഒറ്റയ്ക്കുള്ള തീരുമാനപ്രകാരമാണ്. ഒന്നും ക്യാബിനറ്റ് കൂടി തീരുമാനിച്ചതല്ല.

പാർട്ടി നന്നാകണമെന്നു ആത്മാർത്ഥമായ ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് യശ്വന്ത് സിൻഹയും അരുൺ ഷൗരിയും പറഞ്ഞു.

Read Also  അയോധ്യ ഭൂമിപൂജയ്ക്ക് രഞ്ജൻ ഗോഗോയിയെ മുഖ്യാതിഥിയാക്കണം

താൻ സ്വന്തം തീരുമാനപ്രകാരം ബി ജെ പി വിടില്ലെന്ന് ശത്രുഘ്നൻ സിൻഹ എം പി പറഞ്ഞു. അവർ തന്നെ പുറത്താക്കുകയാണെങ്കിൽ പിന്നെ അവർക്കെതിരെ വെല്ലുവിളികളുമായി രംഗത്തുവരില്ലെന്ന് ശത്രുഘ്നൻ സിൻഹ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ആത്മാവ് മരിച്ചുകഴിഞ്ഞെന്നു ചടങ്ങിൽ സംസാരിച്ച തൃണമൂൽ കോൺഗ്രസ്സ് നേതാവ് ത്രിവേദി പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാർക്കുപോലും നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് എ എ പി നേതാവ് സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു

Spread the love