Friday, May 27

ശബരിമല യുവതീപ്രവേശം ; സര്‍വ്വകക്ഷിയോഗം പരാജയം

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശവിധി നടപ്പാക്കുന്നത് സംബന്ധിച്ചുകൂടിയ സര്‍വ്വകക്ഷിയോഗം പരാജയം. മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ ഒടുവില്‍  യു ഡി എഫ് യോഗം ബഹിഷ്കരിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി തള്ളി ക്കളഞ്ഞുവെന്നു കോണ്‍ഗ്രസ്‌. സര്‍ക്കാരിന് ഈ അവസരം പ്രയോജനപ്പെടുത്താമായിരുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ബി ജെ പി യും മുഖ്യമന്ത്രിയുടെ നിലപാടിനോട് ശക്തമായി പ്രതിഷേധിച്ചു.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നു യോഗത്തിനുശേഷം മുഖ്യമന്ത്രി വെളിപ്പെടുത്തി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധി ഉണ്ടായിരുന്നില്ല. 1991 ല്‍ യുവതീപ്രവേശം വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി  നിലവില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അത് നടപ്പാക്കി. ഇപ്പോള്‍ സുപ്രീം കോടതി വിധി മറിച്ചായപ്പോള്‍ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുന്നു.  

യോഗം പ്രഹസനമായിരുന്നെന്നു ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍  ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ  ഈ നിഷേധാത്മക നിലപാടിനെതിരെ സമാധാനപൂര്‍വ്വമുള്ള സമരങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

 കൂടുതല്‍ സാവകാശം വേണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍  യു ഡി എഫ് ആവശ്യപ്പെട്ടു.  വിശ്വാസികളെ  സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ബി ജെ പി പരാതിപ്പെട്ടു. വിധി ഉടന്‍ നടപ്പാക്കരുതെന്നു ബി ജെ പി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശവിധി ഉടനെ നടപ്പാക്കരുതെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും സമവായത്തിനായി കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍  കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി എപ്പോള്‍ നടപ്പാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ബി ജെ പി  വാദിച്ചു.

 സുപ്രീംകോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുസംബന്ധിച്ചുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നു കാണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ  കുറിപ്പ് സര്‍വ്വകക്ഷിയോഗത്തില്‍ വിതരണം ചെയ്തു.  എല്ലാവരും സര്‍ക്കാര്‍ നടപടികളോട്  സഹകരിക്കണമെന്ന് തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ബി ജെ പി സംസ്ഥാന പ്രസിഡണ്ട്, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആര്‍ എസ് എസ്, ഹിന്ദു ഐക്യവേദി, യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. യോഗത്തില്‍ നിയമമന്ത്രി എ കെ ബാലന്‍ പങ്കെടുത്തില്ല.   

ഇത്തവണ യുവതികളെ കയറ്റില്ലെന്ന് തീരുമാനമെടുത്തില്ലെങ്കില്‍ യോഗം ബഹിഷ്ക  രിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല യോഗത്തിനു തൊട്ടുമുമ്പുതന്നെ  മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.  തിരുവനന്തപുരത്ത് സെക്രട്ടറിയെറ്റിലെ  മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേര്‍ന്നത്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച് കേരള സര്‍ക്കാര്‍ സുപ്രീം കോടതി വിധിക്കൊപ്പമാണ്. വിധി വന്ന സമയം മുതല്‍ തന്നെ നിലപാട്  വെളിപ്പെടുത്തിയിരുന്നു . ബി ജെ പി യും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ  എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അന്ന് കോടതി വിധിയെ സ്വാഗതം ചെയ്തതാണെന്ന് ഭരണകക്ഷി അംഗങ്ങളെല്ലാം പറയുന്നുണ്ട്.

Read Also  നിലയ്ക്കലിലേയ്ക്ക് കൂടതൽ പോലീസ് എത്തുന്നു; അഞ്ച് മണിയോടെ മനിതി സംഘം നിലയ്ക്കലിൽ എത്തും

പന്തളം രാജകുടുംബങ്ങളും തന്ത്രി കുടുംബങ്ങളുമായി സര്‍ക്കാര്‍ 3 മണിക്ക്  ചര്‍ച്ച നടത്തും 

ശബരിമലയിലെ നിലവിലുള്ള  ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മ വെളിപ്പെടുത്തി. ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ല.  ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍  മുന്‍കൈ എടുത്തതിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള സാവകാശ ഹര്‍ജി വേണമെന്ന് ദേവസ്വം കമ്മീഷണര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു  സര്‍ക്കാരിന്  ഇത്തരമൊരു സാവകാശഹര്‍ജി നല്‍കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനു മറുപടിയും  നല്‍കിക്കഴിഞ്ഞു. സുപ്രീം കോടതി വിധി  നിലനില്‍ക്കുന്നതുകൊണ്ട് സാവകാശ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

സാവകാശ ഹര്‍ജി നല്‍കാനാവുമോ എന്നത് സംബന്ധിച്ച് നിയമവിദഗ്ദ്ധരുമായി കൂടിയാലോചിക്കണമെന്നാണ് ദേവസ്വം കമ്മീഷണര്‍ പറയുന്നത്.  ഇത്തരമൊരു ഹര്‍ജിക്കുള്ള  സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു. പക്ഷെ കോടതിവിധി സ്റ്റേ ചെയ്യാത്തതിനാല്‍ നിയമപരമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായി വിദഗ്ധരുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. 

സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍   പറഞ്ഞു. എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനുശേഷം   മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.

Spread the love

Leave a Reply