Tuesday, August 4

കരയാമ്പൂവിന്‍റെ രുചിയും കറുവാപ്പട്ടയുടെ മണവുമായി ഗബ്രിയേല ; സന്ധ്യ മേരി

സന്ധ്യാമേരി

തീക്ഷ്ണമായ വായനാനുഭവം സമ്മാനിച്ച ജോര്‍ജ് അമാദോയുടെ `ഗബ്രിയേല ക്ലോവ് ആന്‍ഡ് സിനമണ്‍` എന്ന നോവലിനെക്കുറിച്ച് 

ഒരു പുസ്തകത്തിനു `ഗബ്രിയേല ക്ളോവ് ആൻഡ് സിനമൺ` എന്ന് പേരിടുന്നതിൽത്തന്നെ ഒരു കാവ്യാത്മകതയുണ്ട്. നായികയുടെ തീഷ്ണമായ സൗന്ദര്യവും ഗംഭീരമായ പാചകവൈദഗ്ധ്യവും ഒരേപോലെ ഉൾക്കൊള്ളുന്ന, ദ്യോതിപ്പിക്കുന്ന മനോഹരമായ പേരാണ് ജോർജ് അമാദോയുടെ നോവലിന്റേത്. കരയാമ്പൂവിന്റെ നിറവും കറുവപ്പട്ടയുടെ മണവുമുള്ളവൾ – ഗബ്രിയേല.

കൊക്കോ കൃഷിയിലൂടെ സാമ്പത്തികമായി വലിയ മുന്നേറ്റവും പുരോഗതിയും കൈവരിച്ച ഇല്ലിയൂസ് എന്ന ബാഹിയൻ ചെറുനഗരത്തിന്റെ കഥയാണ് ഗബ്രിയേല ക്ളോവ് ആൻഡ് സിനമൺ പറയുന്നത്. ബ്രസീലിയൻ സാമൂഹികജീവിതത്തെ എത്ര തന്മയത്വത്തോടെ, മനോഹരമായാണ് അമാദോ ഈ നോവലിൽ അവതരിപ്പിക്കുന്നത്! ഗബ്രിയേല വായിച്ചതിനുശേഷം എനിക്ക് ഈ ലോകത്തിൽ പോകാൻ ഏറ്റവും ആഗ്രഹമുള്ള സ്ഥലമായി മാറി ബ്രസീൽ! കേണൽമാർ എന്ന് വിളിക്കപ്പെടുന്ന കൊക്കോ മുതലാളിമാരാണ് ഇല്ലിയൂസിലെ പ്രബലവിഭാഗം.

നാട്ടിലേക്ക് ബസ് സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ബാറുടമസ്ഥൻ ശുദ്ധഹൃദയനായ നാസിബ് നടത്തുന്ന പാർട്ടിയോടെയാണ് നോവലിന്റെ തുടക്കം. പക്ഷെ പാർട്ടിക്ക് തൊട്ടുമുമ്പ് നാസിബിന്റെ പാചകക്കാരി പിരിഞ്ഞുപോകുന്നു. ഒടുവിൽ ഒരു അത്ഭുതമെന്നപോലെ നാസിബിന്റെ മുന്നിലേക്ക് ഉൾനാട്ടിൽനിന്നു പണിയന്വേഷിച്ചു വരുന്ന ഗബ്രിയേല കടന്നുവരുന്നു. അസാമാന്യമായ പാചകവൈദഗ്ധ്യവും അപാരമായ സൗന്ദര്യവും ഒത്തുചേർന്ന ഗബ്രിയേല. താമസിയാതെ അവൾ നൽകുന്ന ഭക്ഷണവും ലൈംഗികതയും നാസിബിനൊരു ദൗർബല്യമായി മാറുന്നു.

കുട്ടികളുടേതുപോലുള്ള നിഷ്കളങ്കതയാണ് ഗബ്രിയേലയുടെ പ്രത്യേകത. ഈ നിഷ്കളങ്കതയോടുകൂടി തന്നെ അവൾ അനേകരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. ഗബ്രിയേലയോട് കടുത്ത പ്രണയത്തിലാവുന്ന നാസിബ് സാമൂഹികമായ ഒത്തിരി അന്തരങ്ങളുണ്ടെങ്കിലും തന്റെ പാചകക്കാരിയെ വിവാഹം കഴിക്കുന്നു. പക്ഷെ വിവാഹശേഷവും ഗബ്രിയേല മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് തുടരുന്നു, നാസിബിനു വിഷമമുണ്ടാകുന്ന ഒരു കാര്യവും ചെയ്യരുതെന്ന് അവൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും. നിഷ്കളങ്കതയും ലൈംഗികതയും ഇതുപോലെ മനോഹരമായി ഒരേ അളവിൽ സമന്വയിച്ചിട്ടുള്ള ഒരു നായിക ലോകസാഹിത്യത്തിൽ വേറെ എവിടെയെങ്കിലുമുണ്ടാവുമോ എന്ന് സംശയമാണ്

നാസിബിന്റെ വ്യക്തിജീവിതത്തോടൊപ്പം ഇല്ലിയൂസിന്റെ സാമൂഹികജീവിതം, രാഷ്ട്രീയകിടമത്സരങ്ങൾ, ബാഹിയൻ ഭക്ഷണം, സ്വേച്ഛധിപതികളും അക്രമാസക്തരുമായ കേണൽമാരുടെ കുടുംബജീവിതം, അവരുടെ വെപ്പാട്ടിമാർ- പ്രത്യേകിച്ചും ഗ്ലോറിയയെക്കുറിച്ചു പറയുമ്പോൾ അന്നാട്ടിലെ സർവ്വമാന പുരഷന്മാർക്കൊപ്പം വായനക്കാരും ദീർഘനിശ്വാസം വിട്ടുപോകും. ഇതൊക്കെ എത്ര ചാരുതയോടെയാണ് അമാദോ വരച്ചിടുന്നത്! ഗബ്രിയേല ക്ളോവ് ആൻഡ് സിനമൺ വായിക്കുമ്പോൾ കരയാമ്പൂവിന്റെ രുചിയും കറുവപ്പട്ടയുടെ സുഗന്ധവും വായനക്കാർക്ക് അനുഭവപ്പെടും. അതാണ് ജോർജ് അമാദോയുടെ മാന്ത്രികത!

ഇത്രയും വിപുലമായ ക്യാൻവാസിൽ ഒരു ദേശത്തിനെ  സൂക്ഷമായി വരച്ചിടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല! എന്നാൽ അമാദോ ഇല്ലിയൂസിനെ എത്ര അനായാസം എത്ര  കയ്യൊതുക്കത്തോടെയാണ് നമുക്കുമുന്നിൽ കോറിയിടുന്നത്. വേശ്യാലയങ്ങളും മദ്യശാലകളും പള്ളിമേടകൾക്കൊപ്പം നിലനിൽക്കുന്ന, വേശ്യകളും വെപ്പാട്ടികളും പതിവ്രതകൾക്കൊപ്പം ജീവിക്കുന്ന ഇല്ലിയൂസിലൂടെ അമാദോ നമ്മളെ സ്വാഗതം ചെയ്യുന്നത്. കാൽപ്പനികമെന്നുപോലും തോന്നാവുന്ന ഒരു അത്ഭുതലോകത്തേക്കാണ്! ആ ലോകത്ത് ഒരിക്കൽ പോയാൽ വീണ്ടും നമുക്ക് വീണ്ടും പോകാൻ തോന്നും. ഗബ്രിയേല ക്ളോവ് ആൻഡ് സിനമൺ വീണ്ടും വീണ്ടും വായിക്കാനും!

Read Also  ഒരു ഗിരീഷ് ഒാർമ്മ ; സന്ധ്യ മേരി എഴുതുന്നു

 

  • മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  മരിയ വെറും മരിയ എന്ന നോവലിന്‍റെ രചയിതാവാണ് സന്ധ്യാമേരി  

പുന:പ്രസിദ്ധീകരണം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love