Thursday, January 20

ഈനു – നായയെ ഹേതുവാക്കി ഒരു കഥ കെ രാജേഷ് കുമാർ എഴുതുന്നു

അമലിന്റെ ഈനു എന്ന കഥ ഈ വർഷാരംഭത്തിൽ വായിച്ച ഏറ്റവും മികച്ച കഥയാണ്. ഒട്ടും സങ്കീർണ്ണമല്ലാത്ത ഭാഷയിൽ എഴുതിയിരിക്കുന്ന ഈ കഥയിൽ പല അടുക്കുകളുണ്ട്.

കഥയുടെ പരിസരം ടോക്യോ നഗരമാണ്. വിസ്മയിപ്പിക്കുന്ന കാറുകൾ പെറ്റു കൂട്ടുന്ന ജപ്പാനാണ്. ഒരാഴ്ച ഒരു ദിവസം പോലെ പറന്നു പോകുന്ന ശീഘ്രഗതിയാർന്ന നഗരമാണ് ടോക്യോ . വെറുതെ ജപ്പാനിലെ ചില സ്ഥലങ്ങളുടെ വിവരവും വിവരണവും ഗൂഗിളിൽ സേർച്ച് ചെയ്ത് പടച്ചു കെട്ടിയിരിക്കുകയല്ല ഈ കഥയിൽ. ജപ്പാൻ ദേശീയതയുടെ ആന്തരികമായ ചില സവിശേഷതകൾ സൂക്ഷ്മമായി കഥയിൽ വിടർന്നു കിടപ്പുണ്ട്. അത് കഥയിലെ മലയാളിയായ നായകന്റെ ജപ്പാനിലെ ജീവിതവുമായി ബന്ധപ്പെടുത്തി വിടരുകയാണ്. അയാൾ ഭാരിച്ച ഫീസ് കൊടുത്ത് ജാപ്പനീസ് ഭാഷ ഒരു സ്കൂളിൽ ചേർന്നു പഠിച്ചു കൊണ്ടിരിക്കുകയാണ്. കുമികോ എന്ന ജാപ്പനീസ് യുവതിയുമായി ദാമ്പത്യ ജീവിതം നയിക്കുന്നെങ്കിലും അയാൾ ഏകാകിയാണ്. തന്റെ മാതൃഭാഷ സംസാരിക്കുന്ന ആരും അയാളുടെ അടുക്കലില്ല. അതിന്റെ വീർപ്പുമുട്ടലുകൾ കഥാനായകന്റെ ഏകാന്തതയെ തീവ്രമാക്കുന്നു. ടോക്യോയിലെ ഒരു ദിനം ഒരു യുഗമാണ് ആ പ്രവാസി മലയാളിക്ക്. കുമികോ ചില സാമ്പ്രദായിക ചടങ്ങുകളിൽ പങ്കെടുക്കാൻ അവളുടെ അച്ഛന്റെയും അമ്മയുടെയും അടുക്കലേക്ക്, കുടുംബ വീട്ടിലേക്കു പോകുന്നതോടെ ഈ ഏകാന്തത ഭയനാകമാം വണ്ണം നായക കഥാപാത്രത്തെ ചൂഴുന്നതും ആ സമയത്ത് അതിനെ മറികടക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് കഥയുടെ ഒരു അടുക്ക്.

അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്കായ അയാളുടെ മാനസിക ഭാവങ്ങൾ സൂക്ഷ്മമായി ആവിഷ്കരിക്കുന്നിടത്തൊക്കെ പ്രതിഭ തുളുമ്പുന്ന ഒരു കഥാകൃത്തിനെ അനുഭവിക്കാം. നിർമലമാണ് അമലിന്റെ ഭാഷ. ‘ പുറത്തേക്കുള്ള വാതിൽ അടച്ചു കഴിഞ്ഞാൽ പലകകൾ പാകിയ നിലത്ത് സൂചി വീണാൽ പോലും കേൾക്കാവുന്ന നിശ്ശബ്ദതയും തണുപ്പും ഉണക്കിയ പശുവിൻ നാവു പോലെ വീണു കിടക്കും.’ അപ്പാത്തോയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ അറിയാതെ അയാളുടെ കണ്ണു നിറയുന്നു. നിസ്സഹായതയുടെ ലാവ ഉള്ളിൽ തിളയ്ക്കുന്നു . നേരെ മുകളിൽ ഏകാകിയായ ഒരാൾ താമസിക്കുന്നുണ്ട്. അയാളുടെ പാദപതനങ്ങളേൽക്കുമ്പോൾ തറയിൽ പാകിയ പലകകൾ അലറി വിളിക്കും. ഈ പശ്ചാത്തലത്തിലാണ് നായ കഥയിലേക്ക് കടന്നു വരുന്നത്.


പാതിരാ കഴിഞ്ഞ് മുകൾ നിലയിലേക്കു വരുന്ന ആളിനൊപ്പം ഒരു നായയുമുണ്ട്. ഈ നായയുടെ ശബ്ദസാന്നിദ്ധ്യം കഥാനായകനിൽ ഭീതിയും അസ്വസ്ഥതയും ഏറ്റുന്നു.
ഈ നായയിൽ നിന്ന് കഥ വളർന്ന് വികസിച്ച് രണ്ടു ദിശയിലേക്കു പോകുന്നു . കഥാനായകൻ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ശമനമെന്നോണം ഒരു യുവതിയുമായുള്ള പരിചയപ്പെടലിലേക്കും ജപ്പാൻ എന്ന അത്യധിക വികസിത രാജ്യത്തെ ( ജപ്പാൻകാരുടെ പരിശ്രമ ശീലത്തെക്കുറിച്ച് എന്തെന്തു കഥകളാണ് കേരളത്തിലെ കുട്ടികളോട് നിരന്തര അവധിയും ഹർത്താലും അവധിയനുവദിച്ചുകിട്ടുന്ന പണിമുടക്കുകളും ആസ്വദിച്ചാഘോഷിക്കുന്ന ഇവിടുത്തെ അധ്യാപക ഉപദേശികൾ പറഞ്ഞു കൊടുക്കുന്നത് ) ജനതയുടെ യാന്ത്രിക, മൂക, ഏകാന്ത, ഭീകര ലോകത്തിലേക്കും. ഭിന്ന ധ്രുവങ്ങളിലേക്കു പിരിഞ്ഞു പോകുന്ന കഥയെ കുമിക്കോ എന്ന ജാപ്പനീസ് പങ്കാളിയിൽ കൊരുത്ത് കെട്ടിയാണ് കഥയുടെ ശില്പം പണിതിരിക്കുന്നത്.
നായകൾ – ഈനുക്കൾ -, ലക്ഷക്കണക്കിനു വരുന്ന വൃദ്ധരും നിസ്സഹായരും ഏകാകികളുമായ ജാപ്പനീസ് മനുഷ്യരുടെ മേൽപ്പറഞ്ഞ അവസ്ഥയെ തരണം ചെയ്യാനുള്ള ഒരു ഉപാധിയാണ് .നായകളെയും കൊണ്ട് പാർക്കിലേക്ക് അവർ വരുന്നു. ആരുമായെങ്കിലും സംസാരിക്കുവാനും സൗഹൃദമുണ്ടാക്കുവാനാണ് അവർ വരുന്നത്. നായ ഒരു ഹേതു മാത്രം. ഇങ്ങനെ ഒരു നായ ഹേതുവായാണ് കഥാനായകൻ മിയാസാവോ സാൻ എന്ന യുവതിയെ കണ്ടുമുട്ടുന്നത്. ഇവർ പരിചിതരാകുന്ന സന്ദർഭത്തിൽ ഈനുക്കളുടെ നീണ്ട നിര കഥയിൽ വന്നു നിലകൊള്ളുന്നു. കഥാനായകന്റെ കേരളത്തിലെ വീട്ടിൽ പല കാലങ്ങളിൽ വളർത്തിയ നാടൻ പട്ടികൾ മുതൽ പാർക്കിലെത്തുന്ന പല ജനുസ്സുകളിലുള്ള ജാപ്പനീസ് സാരമേയങ്ങൾ വരെ.ഇതിനുള്ളിൽ ഇതിഹാസമായി മാറിയ, പ്രതിമ തീർത്ത് ജപ്പാൻകാർ ആദരിക്കുന്ന ഹച്ചിക്കോ എന്ന യജമാനക്കൂറിന്റെ ഉദാത്ത മാതൃകയായ നായയുടെ കഥയും ചേർത്തിരിക്കുന്നു. ( തകഴിയുടെ വെള്ളപ്പൊക്കത്തിലെ നായ ഹച്ചിക്കോയുടെ മലയാള പ്രതിരൂപമാണ്) ഹച്ചിക്കോ നിശ്ശബ്ദമായ ഏകാന്തമായ കാത്തിരിപ്പിന്റെ പ്രതീകമാണ്. ഈ നിശ്ശബ്ദതയും ഏകാന്തതയും ഒരു മനുഷ്യസമൂഹത്തിലേക്ക് പടർന്നു കയറുന്നതിന്റെ കഥയാണ് ഈനുവിൽ നിറയുന്നത്. ”ജപ്പാനിൽ തെരുവുനായകൾ ഇല്ല. പത്തൻപതു വർഷം മുമ്പ് സകല നായകളെയും പിടിച്ചു കൊന്നു. അന്ന് ഒളിമ്പിക്സ് വന്നപ്പോ അതിനു മുന്നോടിയായി ഒരു ശുദ്ധീകരണം നടന്നിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. എല്ലായിടത്തും അങ്ങനെ ആകും. എന്തെങ്കിലും വലിയ സംഭവം അരങ്ങേറുന്നതിനു മുന്നോടിയായി നിരപരാധികളെ നശിപ്പിക്കും, അല്ലേ ? ഇതാ ജപ്പാനിൽ രണ്ടായിരത്തി ഇരുപതിൽ അടുത്ത ഒളിമ്പിക്സ് വരുന്നു. ഇത്തവണ ആരൊക്കെ അതിൽ അകപ്പെടുമോ എന്തോ?” – ഒരു കായിക മാമാങ്കം പോലും എങ്ങനെ നിരാലംബതയുടെ മേൽ പടരും എന്ന രാഷ്ട്രീയം പങ്കുവെക്കുകയാണ് ഇവിടെ.

Read Also  കൃഷി തിരിച്ചുപിടിക്കാനാകുമോ? വീട്ടിലടയ്ക്കപ്പെട്ട കാലത്തെ കൃഷി, സാഹിത്യ ചിന്തകൾ കെ. രാജേഷ് കുമാർ പങ്കു വയ്ക്കുന്നു.

മുകളിലത്തെ നിലയിൽ താമസിക്കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങൾ കുമിക്കോ തിരക്കിയറിയുന്നു. അയാൾ ഒരു അന്ധനാണ്. അതിക്രൂരതകൾ ചെയ്യുന്ന ജാപ്പനീസ് അധോലോകത്തിൽ മുമ്പ് ഉണ്ടായിരുന്ന ആളാണ് അയാൾ. ഒരു പഴയ യാക്കുസ നേതാവ്. അയാളുടെ കണ്ണുകൾ എതിർ അധോലോക – യാക്കുസ – നേതാവ് ചൂഴ്ന്നെടുത്തതാണ്. എങ്ങനെയെന്നോ? ആ സംഭവം വിവരിക്കുന്നിടത്താണ് മനുഷ്യനിൽ ക്രൗര്യം എത്രമാത്രമുണ്ടെന്ന് ബോധ്യമാകുന്നത്. ‘ഒരു നായയെക്കൊണ്ട് ! അവർ കൊടിൽ കൊണ്ട് കൺപോളകൾ വലിച്ചു വിടർത്തിയ ശേഷം രക്തത്തിൽ മുക്കിയ പോത്തിറച്ചി കുഞ്ഞുകുഞ്ഞ് കഷണങ്ങൾ ആക്കി നുറുക്കി അയാളുടെ കണ്ണിൽ വിതറി. ശേഷം നായയെ കൊണ്ട് കണ്ണുകൾ ഉൾപ്പടെ കടിച്ചു തീറ്റിച്ചു.”
‘അതേ നായ തന്നെയാണ് അയാൾക്ക് വഴികാട്ടിയായി ഇപ്പോൾ കൂടെയുള്ളത്. അതുണ്ടാക്കുന്ന ഒച്ചയാണ് നമ്മൾ എന്നും കേൾക്കുന്നത് ‘, കുമിക്കോ പറഞ്ഞു.
കണ്ണും നാവും അറുത്തെടുക്കപ്പെട്ട ഒരു ജനതയുടെ രാഷ്ട്രീയകഥയാണ് ഈനുവിലൂടെ അമൽ പറയുന്നത്. ഉണക്കിയ പശുവിൻ നാവു പോലെ എന്ന നേരത്തെ സൂചിപ്പിച്ച കഥയിലെ ഒരു സാദൃശ്യകല്പന ശ്രദ്ധിക്കുക. ജപ്പാൻകാരുടെ ഒരു ആഹാര സാധനമാണ് പശുവിന്റെ നാവ് വരട്ടിയത്. തീറ്റ എന്ന രൂപകത്തിലൂടെ ഹിംസാത്മകമായ ഒരു ദേശ അവസ്ഥയെ അനാവരണം ചെയ്യുന്ന അസാധാരണ മലയാള കഥയാണ് ഈനു .

മൗനം, അന്ധത ,ഏകാന്തത എന്നിവയിലൂടെ ക്രൗര്യത്തിലേക്കു വളരുന്ന ഈ കഥയിൽ ഇവയെ പ്രതിരോധിക്കാൻ വ്യക്തികൾ നടത്തുന്ന വിഫല ശ്രമങ്ങൾ കൂടിയുണ്ട്. മിയാസാവാ സാൻ തന്റെ അപ്പാത്തയിലേക്ക് വരാൻ ക്ഷണിച്ചപ്പോൾ കഥാനായകൻ അനുഭവിക്കുന്ന സന്തോഷം എത്രയാണ്. പാർക്കിലൂടെ അയാൾക്ക് ചൂളം വിളിച്ച് നൃത്തം ചെയ്യാൻ തോന്നി. നിശ്ശബ്ദതയുടെ മഞ്ഞുപാളിയെ കപ്പലിടിച്ച് തകർക്കണമെന്നു തോന്നി. മുകളിലേ മുറിയിലല്ലേ. എന്നുമെപ്പോഴും വരാൻ അയാൾ തയ്യാറാണ്. പക്ഷേ അതിനയാൾക്ക് കഴിയുന്നില്ല. മഞ്ഞു പോലെ പെയ്യുന്ന നിശ്ശബ്ദതയുടെ മരവിപ്പിലൂടെ നായകളുമായി അലയുവാനേ അവനും അവൾക്കും വിധിച്ചിട്ടുള്ളു.

കഥയിലും നോവലിലും സ്വന്തം വഴികളുള്ള ആളാണ് അമൽ . ‘ കൽഹണന്റെ ‘ രചയിതാവിന്റെ തൂലികയിൽ പിറന്ന ‘ഈ നു ‘ മലയാളകഥയുടെ ചരിത്രത്തിൽ അടയാളപ്പെടും

Spread the love

18 Comments

Leave a Reply