Monday, July 6

പാത്തുമ്മയുടെ ആട്; അമലിന്റെ കുറിപ്പ്

മലയാളത്തിലെ എക്കാലത്തേയും  ബല്യ എഴുത്തുകാരാനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമാണിന്ന്. എഴുത്തും യാത്രയും കൂട്ടും എല്ലാമായി തൻ്റെ സുൽത്താനറ്റിൽ   വാണരുളിയ  എഴുത്തിൻ്റെ ബാദുഷയ്ക് സമർപ്പിക്കുന്നു മലയാളത്തിൻ്റെ പുതു തലമുറയിലെ പ്രമുഖ എഴുത്തുകാരനായ അമൽ എഴുതിയ ഈ കുറിപ്പ്.

ആദ്യമായി സ്വാധീനിച്ച കൃതിയായ ബഷീറിന്റെ പാത്തുമ്മായുടെ ആടിനെക്കുറിച്ചു  അമൽ എഴുതുന്നു…

ഞാന്‍ എട്ടാം ക്ലാസില്‍ എത്തുംവരെ യാതൊരു സാഹിത്യപുസ്തകങ്ങളും കണ്ടിട്ടോ വായിച്ചിട്ടോ ഇല്ലായിരുന്നു. മലയാളം ഉപപാഠപുസ്തകമാണ് എന്‍റെ ഏറ്റവും ആദ്യത്തെ സാഹിത്യപുസ്തകം. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ആനപ്പൊക്കമുള്ള പേരാണ് എന്നെ ഗൌരവവായനയുടെ ആദ്യ കാലത്ത് തോട്ടിക്ക് കൊളുത്തി വലിച്ച എഴുത്തുകാരന്‍. ഇന്നും ആ സുഖത്തിന്‍റെ ചോര വായനയുടെ മസ്തകത്തില്‍ നിന്നും പൊടിയുന്നുണ്ട്. ഇത്രയും രസിപ്പിച്ച്‌, ചിരിപ്പിച്ച് കൊടുംഭീകരമായ പല ജീവിതസത്യങ്ങളും, തത്വശാസ്ത്രങ്ങളും ഒരു കൌമാരക്കാരനിലേക്ക് പകര്‍ന്ന് നല്‍കിയ ബഷീറിനെ ഒരു നോക്ക് കാണാന്‍ ഞാന്‍ പലപ്പോഴും കൊതിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.

എട്ടാം ക്ലാസില്‍ എത്തുമ്പോ അമ്മ വീടിനടുത്തുള്ള ഒന്‍പതിലേക്ക് കയറിയ ഒരു സീനിയര്‍ ചങ്ങാതിയുമായി പുസ്തകങ്ങള്‍ എനിക്ക് കുറഞ്ഞ വിലക്ക് തരണം എന്നൊരു ഉടമ്പടി ഉണ്ടാക്കി. അങ്ങനെ കൈവന്ന പുസ്തകങ്ങള്‍ ഞാന്‍ നോക്കവേ സിലബസില്‍ ഇല്ലാത്ത ഒരു പഴഞ്ചന്‍ പുസ്തകം കണ്ണില്‍പ്പെട്ടു. പഴയ പ്രീഡിഗ്രീ ഉപപാഠമാണ്; ബാല്യകാലസഖി. പുസ്തകത്തിന്‍റെ വക്കുകള്‍ കീറിയിരുന്നു. പുറം ചട്ട കീറിയിരുന്നു. ചോറ് ഉപയോഗിച്ച് കടലാസുകള്‍ കീറി പരുക്കുകള്‍ ഒട്ടിച്ച് ഞാനത് വായിച്ചു നോക്കി. സുഹ്റയും മജീദും തമ്മിലുള്ള പ്രണയവും ചുംബനവുമൊക്കെ നന്നായി ആസ്വദിച്ചു. നിരാശയും വേദനയും നിറഞ്ഞ, ഏടുകളില്‍ ചോര പൊടിഞ്ഞിരുന്ന ആ പുസ്തകം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ആരുടെ പ്രീഡിഗ്രീ പുസ്തകം എന്നറിയില്ല, ഒന്നില്‍ ഐഷുക്കുട്ടി എന്നൊരു രസികന്‍ കഥയും അക്കാലത്ത് കണ്ടിരുന്നു. അങ്ങനെ ബഷീര്‍ എന്ന പേര്, വലിയൊരു സാഹിത്യകാരന്‍ അദ്ദേഹമാണ് എന്നൊക്കെ അന്ന് തോന്നിയിരുന്നു. ഉടമ്പടി പ്രകാരം അടുത്ത വര്‍ഷവും എനിക്ക് പഴയ പാഠപുസ്തകങ്ങള്‍ കിട്ടി. നോക്കുമ്പോ കേശവദേവിന്‍റെ ദീനാമ്മ, പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ, ടി പത്മനാഭന്‍റെ ഗൌരി, എംടിയുടെ നിന്‍റെ  ഓർമ്മയ്ക്ക്   ഒക്കെ ഉണ്ട്. കൂട്ടത്തിലതാ സ്റ്റൈല്‍ ആയി ക്രൂരന്മാരുടെ, പത്താന്‍കാരുടെ നഗരത്തില്‍ പോക്കറ്റടിച്ച പണവുമായി ഒരു മനുഷ്യന്‍. അത് തന്നെ ആദ്യം വായിച്ചു. പോക്കറ്റടിക്കാരനോട്‌ വല്ലാത്ത ഇഷ്ടം തോന്നിപ്പിക്കുന്ന ആ കഥ  പലവട്ടം വായിച്ചു പഠിച്ചു. ബഷീറിന്റെ ചിത്രം ബുക്കുകളില്‍ വരച്ചു വച്ചു.

അടുത്ത വര്‍ഷമാണ്‌ ശരിക്കും ഞെട്ടിയത്. ഉപപാഠം മുഴുവന്‍ സാക്ഷാല്‍ ബഷീര്‍. പാത്തുമ്മയുടെ ആട്. കിട്ടിയ ഉടനേ വായിച്ചു. പിന്നെയും എത്രയോ വട്ടം അത് വായിച്ചു. വായിക്കുംതോറും ഇഷ്ടം കൂടി വന്നു. പല പേജിലും ബഷീറിനെയും ആടിനെയും ചാമ്പങ്ങ പെറുക്കാന്‍ വരുന്ന പെണ്ണുങ്ങളെയും വരയ്ക്കാന്‍ നോക്കി. പെണ്ണുങ്ങളുടെ ബുദ്ധി കാണാപ്പാഠം പഠിച്ചു. ഓരോ പുത്തന്‍ പദങ്ങള്‍ ബഷീര്‍ രൂപപ്പെടുത്തിയിരിക്കുന്നത് കണ്ട് അന്തംവിട്ടു.

Read Also  പാത്തുമ്മയുടെ ആട്; അമലിന്റെ കുറിപ്പ്

ബഷീറിനു ചുറ്റും ഉപഗ്രഹങ്ങള്‍ കണക്കെ കറങ്ങി കള്ളക്കരച്ചില്‍ നടത്തി ഓരോരുത്തരും ഓരോന്ന് കൊണ്ട് പോകുന്നത്, സഹോദരന്മാര്‍ പഞ്ചസാര കുഴച്ചു വെണ്ണ കട്ട് തിന്നുന്നത്, ചട്ടുകാലന്‍ അബ്ദുള്‍ഖാദര്‍ കാലിന്‍റെ വെള്ള മണപ്പിപ്പിക്കുന്നത് ഒക്കെ വായിച്ച് ഊറിയൂറി ചിരിച്ചു. പാത്തുമ്മയും, ഖദീജയും, കൊച്ചുണ്ണിയും, ഉമ്മയും, അബ്ദുള്‍ഖാദറും, ഹനീഫയുമൊക്കെ പൊട്ടിക്കുന്ന തമാശകള്‍ സത്യത്തില്‍ ഇല്ലായ്മയുടെയും വറുതിയുടെയും ആണല്ലോയെന്നു പതിയെപ്പതിയെ മനസിലായി. ചുറ്റുമുള്ള സ്ത്രീകള്‍ ജീവിക്കുന്നത് ഇത് പോലെയൊക്കെത്തന്നെയാണല്ലോ എന്ന് തോന്നിപ്പിച്ചത് പാത്തുമ്മയുടെ ആട് വായിച്ചത് മുതല്‍ക്കാണ്. എല്ലായിടത്തും ഇതൊക്കെ നടക്കുന്നു. കഥ ജീവിതം പറയല്‍ തന്നെയാണെന്ന് തോന്നി. മുന്‍പോട്ടുള്ള വായനയെയും പാത്തുമ്മയുടെ ആട് സഹായിച്ചിട്ടുണ്ട്. ശബ്ദങ്ങള്‍ എന്ന പുസ്തകം ആട് വന്ന് കടിച്ചു തിന്നുന്ന രംഗം വായിച്ചത് മുതല്‍ അത് കണ്ടെത്തി വായിക്കണം എന്ന് തോന്നി.

തിരുവനന്തപുരം പോയി പുസ്തകക്കടകളില്‍ ബഷീറിനെ തിരഞ്ഞു. തീരെ വിലക്കുറവുണ്ടായിരുന്ന പുസ്തകങ്ങള്‍ ബഷീറിന്റെത് മാത്രമായിരുന്നു. വായനശാലയില്‍ അംഗത്വം എടുക്കുന്നത് ആ പത്താം ക്ലാസ് കാലത്തിലാണ്. അവിടെയുണ്ടായിരുന്ന ബഷീര്‍ പുസ്തകങ്ങള്‍ മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വായിച്ചു തീര്‍ത്തു. ശങ്കരന്‍കുട്ടി ചെയ്ത കവറുകളില്‍ കണ്ട ബഷീറിനെ ഒത്തിരി പകര്‍ത്തി വരച്ചിട്ടുണ്ട്. ചാമ്പമരങ്ങളും മാങ്കോസ്റ്റിനും തലയോലപ്പറമ്പും കോഴിക്കോടുമൊക്കെ  സ്വപ്നങ്ങളായിരുന്നതുപോലെ അക്കാലത്ത് എഴുത്തും ഒരു സ്വപ്നമായി ഉള്ളിലേക്ക് വരുകയായിരുന്നു. ബുക്കുകളില്‍ കഥപോലെ പലതും എഴുതാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ ഭാഷ ഒപ്പം കൂടി. ‘ഉമ്മാ ഞമ്മള് കാന്തീന തൊട്ട്’ എന്നതിന് സമാനമായ പേരിട്ട് ഒരു കഥപോലും അന്ന് എഴുതിയിട്ടുണ്ട്. എന്‍റെ ഇഷ്ടപുസ്തകങ്ങളില്‍ ഒന്നാമത് പാത്തുമ്മയുടെ ആട് തന്നെയാണ് എന്നും ജ്വലിച്ചുനില്‍ക്കുക.

Spread the love