Saturday, January 29

ദളിത് സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്ത ജഡ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ “പ്രതിഫലം”: പ്രതിഷേധം ശക്തം

ദേശീയ ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷനായി സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി എ കെ ഗോയലിനെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ദളിത് സംഘടനകള്‍ക്ക് പ്രതിഷേധം, എസ് എസി/എസ് ടി ചട്ടത്തില്‍ വെള്ളം ചേര്‍ക്കുന്നതരത്തില്‍ സുപ്രീം കോടതിയില്‍ ഉത്തരവ് പുറപ്പെടുവിച്ച ആളാണ് ജസ്റ്റിസ് ഗോയല്‍. ജസ്റ്റിസ് ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ദളിത് സംഘടനകളുടെ സഖ്യമായ അഖിലേന്ത്യ അംബേദ്കര്‍ മഹാസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോയലിന്റെ നിയമനത്തിനെതിരെ സിപിഎം എംപി എം ബി രാജേഷ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ ദളിത് എംപിമാര്‍ക്കിടയിലെ പ്രതിഷേധം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍ ആഭ്്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം സംരക്ഷിക്കുന്നതിന് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരണമെന്നും പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അംബേദ്കര്‍ മഹാസഭ ആവശ്യപ്പെട്ടതായും പസ്വാന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പസ്വാന്റെ പുത്രനും പാര്‍ലമെന്റ് അംഗമായ ചിരാഗ് പസ്വാന്‍ ഇതേ ആവശ്യങ്ങള്‍ തന്നെ മറ്റൊരു കത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ രണ്ടില്‍ ദളിതര്‍ അഖിലേന്ത്യതലത്തില്‍ നടത്തിയത് പോലുള്ള പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജസ്റ്റിസ് ഗോയലിനെ ഉടനടി ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ചിരാഗ് കത്തില്‍ ആവശ്യപ്പെടുന്നു.

ഗോയലിന്റെ നിയമനത്തിനെതിരെ ഓഗസ്റ്റ് ഒമ്പതിന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷനായി ജസ്റ്റിസ് ഗോയലിനെ നിയമിച്ചതിലൂടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമത്തിന് എതിരായി വിധി പ്രഖ്യാപിച്ചതിന് അര്‍ഹമായ പ്രതിഫലം അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കി എന്ന വികാരമാണ് ദളിതര്‍ക്കുള്ളതെന്നും ചിരാഗ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ നിയമപ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നും ഉള്‍പ്പെടെ ചട്ടം നടപ്പിലാക്കുന്നതിന് കര്‍ക്കശമായ നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 20ന് പുറപ്പെടുവിച്ച സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ചില്‍ ജസ്റ്റിസ് ഗോയലും ഉള്‍പ്പെട്ടിരുന്നു. ജസ്റ്റിസ് യു യു ലളിതായിരുന്നു മറ്റൊരംഗം.

രാഷ്ട്രീയവും വ്യക്തപരവുമായ താല്‍പര്യങ്ങളുടെ പുറത്ത് നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നായിരുന്നു ബഞ്ചിന്റെ കണ്ടെത്തല്‍. ദളിത് വിഭാഗങ്ങളുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തരവെന്ന് അന്ന് തന്നെ ദളിത് സംഘടനകള്‍ ആരോപിച്ചിരുന്നു. ജൂലൈ ആറിന് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ഗോയലിനെ അന്നുതന്നെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അദ്ധ്യക്ഷനായി നിയമിച്ചിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ഗോയലിന്റെ നിയമനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും ഭാവി നടപടികള്‍ തീരുമാനിക്കുന്നതിനുമായി അഖിലേന്ത്യ അംബേദ്കര്‍ മഹാസഭയുടെ യോഗം കഴിഞ്ഞ ശനിയാഴ്ച പസ്വാന്റെ ഔദ്ധ്യോഗിക വസതിയില്‍ ചേര്‍ന്നിരുന്നു. ഉന്നത നിതിപീഠങ്ങളില്‍ പ്രത്യേകിച്ചും സുപ്രീം കോടതിയില്‍ ദളിത് ജഡ്ജിമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും മഹാസഭ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സുപ്രീം കോടതിയില്‍ ഒരു ദളിത് ജഡ്ജി പോലുമില്ല. ഹൈക്കോടതികളിലും സുപ്രീം കോടതികളിലും എസ് സി, എസ് ടി, ഒ ബി സി, വനിത ജഡ്ജിമാര്‍ക്ക് സംവരണം ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കണമെന്ന് മഹാസഭ ആവശ്യപ്പെടുന്നതായും പസ്വാന്‍ തന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ സംവരണം ഉറപ്പാക്കണമെന്നും യു പി എസ് സിയെ മറികടന്ന് കേന്ദ്ര ഉദ്യോഗസ്ഥ തലത്തില്‍ നിയമനങ്ങള്‍ നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മഹാസഭ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുള്ള ഭീം സേന തലവന്‍ ചന്ദ്രശേഖറിനെയും മറ്റുള്ളവരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും മഹാസഭ ആഭ്യന്ത്രമന്ത്രിയോട് ആവശ്യപ്പെട്ടു.

Read Also  ഫോക്സ് വാഗണിന് 171 കോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍

ദളിതര്‍ക്കിടയില്‍ അസംതൃപ്തിക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് ദളിത് നേതാവും ബിജെപി എംപിയുമായ ഉദിത് രാജ് ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ നിയമനങ്ങള്‍ മരവിച്ചതോടെ ദളിതര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. യുജിസിയുടെ പുതിയ മാര്‍ഗ്ഗരേഖകള്‍ നിലവില്‍ വന്നതോടെ അദ്ധ്യോപകവൃദ്ധി ദളിതര്‍ക്ക് കിട്ടാക്കനിയായി മാറുകയാണ്. സ്വകാര്യമേഖലയില്‍ സംവരണം നടപ്പിലാക്കിയിട്ടുമില്ല. ഏപ്രില്‍ രണ്ടിന് ദളിതര്‍ നടത്തിയ അഖിലേന്ത്യ ബന്തില്‍ യുവജനങ്ങളാണ് കുടുതല്‍ പങ്കെടുത്തത് എന്നത് തന്നെ ഈ വസ്തുതയുടെ തെളിവാണെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടുന്നു. എസ് എസി, എസ് ടി ചട്ടം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ബില്ലോ ഓര്‍ഡിനന്‍സോ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാരായില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഉദിത് രാജ് തുറന്നടിച്ചു.

Spread the love

Leave a Reply