Sunday, January 16

അമ്പോറ്റി ; ഫ്രാന്‍സിസ് നൊറോണയുടെ കഥ

 

കഥ: അമ്പോറ്റി 

അശാന്തമായ രാത്രിയുടെ ഞരക്കങ്ങളിലും എന്‍റെ മകള്‍ ശാന്തതയോടെ ഉറങ്ങുന്നു…
.
കടല്‍ താണ്ടി കര കണ്ടവനെപ്പോലെ ഞാന്‍ പാതിമയക്ക ത്തിലാണ്ട്പോകുമ്പോള്‍,സ്നേഹം നിറയുന്ന കുഞ്ഞിക്കൈകളാല്‍ അവള്‍ ആ ചിത്രത്തെ അണച്ചുപിടിച്ചിരുന്നു..

ആത്മാവിനോട് ചേര്‍ത്തപോലെ അത്രമേല്‍ ആര്‍ദ്രമായ്…..

ഇടയ്ക്ക് ഒന്നുരണ്ടു തവണ ഞാന്‍ അത് അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഉറക്കത്തിന്‍റെ ആഴങ്ങളിലും അവളെന്‍റെ ശ്രമങ്ങളെ തടഞ്ഞുകൊണ്ടിരുന്നു…

ആശുപത്രിയില്‍ നിന്നുള്ള മടക്കയാത്രയിലാണ് ചിത്രത്തില്‍ വിരലോടിച്ച് അവള്‍ എന്നോട് ചോദിച്ചത്
.
“അപ്പേ ഇതാരാണ്”

ഒന്നു പതറി,എന്താണ് പറയുക. അവളുടെ കുഞ്ഞുചോദ്യങ്ങളുടെ അറ്റത്ത് മുളപൊട്ടുന്ന തുടര്‍ചോദ്യങ്ങളെ ഭയന്നു..

“മകളേ അത് ഡോക്ടറുടെ ദൈവമാണ്”

എന്‍റെ മകള്‍ അത് വിശ്വസിച്ചുവോ, എനിക്കറിയില്ല,എങ്കിലും ദൈവമെന്ന് പറയുന്നതിന് പകരം ഡോക്ടറുടെ ദൈവം എന്ന കൂട്ടിച്ചേര്‍ക്കല്‍ എന്നെ വല്ലാണ്ട് തകര്‍ത്തു..മലമുകളീന്ന് മോസസ് എറിഞ്ഞുടച്ച കല്ലുപോലെയത് താഴേക്ക് വീണുകൊണ്ടിരുന്നു.

“അപ്പേ ഇത് അമ്പോറ്റിയാണ്…ഈ അപ്പയ്ക്ക് ഒന്നുമറിയില്ല.”

അവളെന്നെ തിരുത്തി..ഞാനാകട്ടെ പണ്ട് വേദപാഠക്ലാസ്സില്‍ പഠിപ്പിച്ച പത്ത് കല്പ്പനയില്‍ കൊളുത്തിയ മനസ്സിനെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലും……
ശ്വാസം എടുക്കാന്‍ കുഞ്ഞ് വിഷമിക്കുന്നതു കണ്ടപ്പോഴാണ് ഡോക്ടര്‍ ആ ചിത്രം മേശപ്പുറത്ത് നിന്നെടുത്തത്…
.
“എന്‍റെ കുഞ്ഞുമാലാഖയ്ക്ക് ഞാൻ ഒരു അമ്പോറ്റിയെ തരട്ടെ”

ഡോക്ടറുടെ ശാന്തമായ ചോദ്യം കേട്ടപ്പോള്‍, മരുന്നിന്‍റെ സെഡേഷനിലും എന്‍റെ മകളുടെ കണ്ണല്‍ മഴവില്ല് നിറഞ്ഞ കാഴ്ച ..
ഞാനോര്‍ത്തുപോയി……
ലോകത്തിലെ എല്ലാ സ്നേഹവും ഒരു കുഞ്ഞ് ചിത്രത്തിലേക്ക് ചേര്‍ത്ത് വെയ്ക്കാന്‍ കഴിയുക..
എന്‍റെ മുന്നിലിരിക്കുന്ന തിരുഹൃദയത്തില്‍ നിന്ന് ഒരു പുഞ്ചിരിയൊഴുകി.

“അപ്പേ..അപ്പയെന്നെ ആ ജനലിന്‍റടുത്ത് കോണ്ടുപോ….”

ഞാനവളെ എടുക്കുമ്പോള്‍ അവളുടെ കൊഞ്ചല്‍ ..

“അപ്പ കണ്ടോ എന്‍റെ അമ്പോറ്റിയെ …”

എന്‍റെ മകള്‍ക്ക് എന്തൊരു ഉത്സാഹം .

“അപ്പേ ഈ അമ്പോറ്റിക്ക് നാല് കൈകള്‍ ഉണ്ടല്ലോ…നമ്മുടെ അമ്പയ്ക്ക് രണ്ടണ്ണമല്ലേയുള്ളൂ…”

ഇടിമുഴക്കംപോലെയാണ് അവളുടെ ചോദ്യങ്ങള്‍.

“അപ്പ വിഷമിക്കണ്ട രണ്ട് മതി, നാലായാ… നാലിലും ജൂതന്‍മാര് ആണിയടിച്ച് കേറ്റൂല്ലേ…..”

ഇനിയും അവളൊന്നും പറയാതിരിക്കാന്‍ പാടം മുറിച്ചു വരുന്ന കൊക്കുകളെ കാട്ടി ഞാന്‍ പറഞ്ഞു

“മകളെ …ദാ നോക്കു..മാലാഖകൊക്കുകള്‍…”

അവളത് ശ്രദ്ധിക്കാതെ വീണ്ടും അമ്പോറ്റിയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു…

“ഡോക്ടറുടേ ദൈവമാണെന്ന് പറഞ്ഞത് കേട്ടില്ലേ..നീയൊന്ന് മിണ്ടാതിരിക്കു..അണയ്ക്കുന്നത് കണ്ടാ..”

ഭാര്യയുടെ വഴക്ക്.. കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മകളുടെ കാതില്‍ പറഞ്ഞു.

“ഇത് അമ്പോറ്റിയാണ്, എന്‍റെ മോടെ അമ്പോറ്റി”

സമാധാനത്തോടെ ഉറങ്ങുന്ന അവളുടെ
കൈകളില്‍നിന്ന് ഞാന്‍ ആ ചിത്രം കവര്‍ന്നെടുത്തു…

“അവള് കാണാത്തിടത്ത് വെയ്ക്ക്, അല്ലെങ്കിലാ പാല്‍ക്കാരന്‍ ശശിക്ക് കൊടുക്ക്…അവള്‍ തിരക്കുമ്പോള്‍ ഞാനെന്തെങ്കിലും നുണ പറഞ്ഞോളാം..”

ചിത്രം ചേര്‍ത്തുപിടിച്ച് ഉറങ്ങുന്ന മുഖത്തേക്ക് നോക്കുംതോറും നെഞ്ച് നുറുങ്ങുന്നതുപോലെ..
മെഴുതിരിക്കാലുകള്‍ക്ക് മധ്യേയുള്ള തിരുഹൃദയരൂപത്തോട് ചിത്രം ചേര്‍ത്തുവെച്ചു.. ഉറക്കത്തിലും ഒരു ചിരിയവളുടെ മുഖത്ത്..അപ്പോള്‍ കല്പ്പനകളും മാമൂലുകളും ആരാധനാ ശാഠ്യങ്ങളും ഉപേക്ഷിച്ച് ആകാശത്ത് നിന്ന് ഒരു പുഞ്ചിരി നിലാവ് പോലെ ഭൂമിയിലേയ്ക്കൊഴുകി..

Read Also  ജോണി ജെ പ്ലാത്തോട്ടത്തിൻ്റെ കഥ

ചിത്രം : മത്തിയാസിന്റെ ഒരു  വിഖ്യാതരചന

 

Spread the love