മെഡിക്കൽ എമർജൻസി സർവ്വീസ് കോഴ്സ് ബിരുദദാരിയായ അബ്ദുൽ അസീസിൻ്റെ നന്മയെക്കുറിച്ചാണു. രോഗികളുടെ സാന്ത്വനത്തിനായി പ്രവർത്തിക്കാനായി ആംബുലൻസ് ഡ്രൈവറുടെ ജോലി സ്വീകരിച്ച് ഒപ്പം രോഗിയെ ആനന്ദിപ്പിക്കുന്ന സാമൂഹ്യസേവനം കൂടി തുടരുന്ന അബ്ദുൽ അസീസ് ഒരു മാതൃകയാണു.

സോഷ്യൽ മീഡിയയിൽ അസീസിനെക്കുറിച്ച് നജീം കൊച്ചുകലുങ്ക് എഴുതിയ കുറിപ്പ് വൈറലാകുന്നു

നജീം കൊച്ചുകലുങ്ക്

‘ബി.പി കൂടി കുഴഞ്ഞുവീണ് ഒമ്പത് മാസം പ്രജ്ഞയറ്റ് കിടന്ന അമാനുല്ല എന്ന യു.പിക്കാരന്‍ യുവാവിനെ വിമാനം കയറ്റിവിടാന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനോടൊപ്പം ഇന്നലെ റിയാദിലെ എയര്‍പ്പോര്‍ട്ടില്‍ ചെന്നതാണ്. അപ്പോള്‍ കണ്ട കാഴ്ചയാണിത്. നിറകണ്‍ചിരിയോടെയാണ് കണ്ടുനിന്നത്. മൊബൈലില്‍ പകര്‍ത്തിയില്ളെങ്കില്‍ പോലും കണ്ണിലും മനസിലും ഒരിക്കലും മാഞ്ഞുപോകാത്ത വിധം പതിഞ്ഞുപോയ ചിത്രം.

ഇത്രമേല്‍ സ്നേഹം തോന്നിയൊരു കാഴ്ചയും അടുത്തൊന്നും കണ്ണില്‍ പെട്ടിട്ടില്ല. രോഗശയ്യയ്യില്‍ കിടന്ന് കൈക്കുഞ്ഞെന്ന പോലെ മൊബൈല്‍ ഫോണിലേക്ക് കണ്ണുറപ്പിച്ച് രസിക്കുകയാണ് അമാനുല്ല. അവനെ എന്തോ കാട്ടി സ്വന്തം കുഞ്ഞിനെയെന്ന പോലെ സന്തോഷിപ്പിക്കുന്നത് വേറെയാരുമല്ല, അവനെ എയര്‍പ്പോര്‍ട്ടിലേക്ക് കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവര്‍. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ജമ്മാസ് എന്ന സൗദി യുവാവ്.

ഹൗസ്ഡ്രൈവറായിരുന്ന അമാനുല്ല പള്ളിയില്‍ നമസ്കരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണാണ് ആശുപത്രിയിലായത്. അമിതരക്തസ്രാവത്തിൻ്റെ കടലെടുത്ത് തലച്ചോര്‍ മൃതപ്രായമായപ്പോള്‍ അവന്ൻ്റെ പ്രജ്ഞയറ്റു. മാസങ്ങളോളം ഒന്നുമറിയാതെ, ഭൂലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആശുപത്രിയില്‍ കിടന്നു. രണ്ടുമാസമേ ആയിട്ടുള്ളൂ, ഭാഗികമായെങ്കിലും ശരീരത്തിന് ചലനശേഷി വീണ്ടുകിട്ടിയിട്ട്. ബോധം തിരിച്ചുകിട്ടിയെങ്കിലും അവന്‍െറ ഓര്‍മ മണ്ഡലങ്ങളെല്ലാം ശൂന്യമാണ്. ഇന്നലെകളില്ല. സന്തോഷവും ചിരിയുമൊന്നും അവനറിയില്ല. ഇന്നലെ പിറന്നുവീണ കുഞ്ഞിനെ പോലെ എല്ലാം ആദ്യമായി കാണുന്നതുപോലെ.

അപ്പോള്‍ അവനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍, സന്തോഷം നല്‍കാന്‍, ചിരിപ്പിക്കാന്‍ അബ്ദുല്‍ അസീസ് കണ്ടത്തെിയ മാര്‍ഗമാണ് ഷാറൂഖ് ഖാന്‍െറ സിനിമയിലെ പാട്ടുരംഗങ്ങള്‍ യൂടൂബില്‍ നിന്നെടുത്ത് കാണിക്കുക. അമാനുല്ല കിടന്ന സനദ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് അബ്ദുല്‍ അസീസ്. സമയം കിട്ടുമ്പോഴെല്ലാം ഇതേപോലെ പാതി പ്രജ്ഞയുമായി കിടക്കുന്ന രോഗികളുടെ അടുത്തുപോയി അവരെ പരിചരിക്കുക അബ്ദുല്‍ അസീസിന്‍െറ പതിവാണ്. അമാനുല്ല ‘ഹിന്ദി’യാണെന്ന് അറിഞ്ഞപ്പോള്‍ ഷാറൂഖ് ഖാന്‍െറ പാട്ട് രംഗങ്ങള്‍ അവനിഷ്ടപ്പെടുമെന്ന് കരുതിയാണ് കാണിച്ച് കൊടുക്കാന്‍ തുടങ്ങിയത്. അത് ഫലവത്തായി. അബ്ദുല്‍ അസീസ് അടുത്ത് ചെല്ലുമ്പോള്‍ അവന്‍െറ കണ്ണുകള്‍ തിളങ്ങും. മൊബൈല്‍ ഫോണ്‍ സ്ക്രീനിലേക്ക് അവന്‍ കണ്ണെടുക്കാതെ നോക്കിക്കിടക്കും. ഹിന്ദി സിനിമയെന്നാല്‍ ആ സൗദി യുവാവിന് ഷാറൂഖ് ഖാന്‍െറ സിനിമകളാണ്. ഇങ്ങനെയൊരു ‘സിനിമാ തെറാപ്പി’ കണ്ടത്തെുകയും രോഗികളോട് ഇത്രയും സ്നേഹവാത്സല്യങ്ങളോടെ പെരുമാറുകയും ചെയ്യുന്ന അബ്ദുല്‍ അസീസിനെ കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യം തോന്നി. അറിഞ്ഞപ്പോള്‍ അതിലേറെ അത്ഭുതമായി.

റിയാദിലെ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസില്‍ അഞ്ചുവര്‍ഷത്തെ സ്പെഷ്യലിസ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കിയയാളാണ്. സന്നദ്ധപ്രവര്‍ത്തനത്തില്‍ തല്‍പരനായതിനാല്‍ ഒരു റിയാല്‍ പ്രതിഫലമില്ലാതെ ഏഴ് വര്‍ഷം സൗദി റെഡ് ക്രസന്‍റ് സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചു. അപകടത്തില്‍ പെടുന്നവരുടെയും രോഗികളുടെയും ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ഓടിനടന്നു. രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിച്ചു.

Read Also  മുന്നറിയിപ്പില്ലാതെ സൗദിയില്‍ ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് വർദ്ധന; പ്രതിഷേധം ശക്തമാകുന്നു

ജീവിത ചെലവുകൾ വർദ്ധിച്ചു. ജീവിക്കാന്‍ പണം വേണമെന്നായി. ജോലിയന്വേഷിച്ചപ്പോള്‍ സനദ് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറുടെ ജോലിയുണ്ടെന്ന് അറിഞ്ഞു. അഞ്ചുവര്‍ഷത്തെ മെഡിക്കല്‍ കോഴ്സും ഏഴുവര്‍ഷത്തെ എക്സ്പീര്യന്‍സുമെല്ലാം മറന്നു. കിട്ടിയ ജോലിയില്‍ ചേര്‍ന്നു. ഡ്രൈവറായി. അപ്പോഴും രോഗികളെ പരിചരിക്കാനുള്ള താല്‍പര്യം കൊണ്ട് ജോലിക്കിടയില്‍ സമയം കിട്ടുമ്പോഴെല്ലാം വാര്‍ഡുകളിലേക്ക് കയറിചെല്ലും. എല്ലാ രോഗികളുമായിട്ടും ചങ്ങാത്തം കൂടും. അവരെ സന്തോപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. അവരുടെ മുഖത്ത് വിടരുന്ന ചിരി അയാളുടെ മനസ് നിറയ്ക്കും. ഇന്നലെ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്കൊരു ദുഃഖമേയുണ്ടായിരുന്നുള്ളൂ. അമാനുല്ലയെ യാത്രയാക്കാന്‍ ഒരു പനിനീര്‍ പൂവ് കിട്ടിയില്ല. എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ പെട്ടെന്നാണ് നിര്‍ദേശം കിട്ടിയത്. ഫ്ളവര്‍ ഷോപ്പുകളിലൊന്നും കയറാന്‍ സമയം കിട്ടിയില്ല. എന്തിന് വേറെ പൂവ്. അയാളുടെ ഹൃദയം തന്നെ ഒരു പുഷ്പവാടിയല്ലേ. അയാളുടെ മുഖത്ത് വിടരുന്നതിനെക്കാള്‍ ഭംഗിയും സൗരഭ്യവുമുള്ള പനിനീര്‍ പൂവ് വേറെയുണ്ടോ!’

LEAVE A REPLY

Please enter your comment!
Please enter your name here