Monday, January 17

ആമിര്‍ ഖാന്‍ ആമിര്‍ ഖാന്‍ മാത്രമല്ലെന്ന് അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന തഗ്സ് ഓഫ് ഹിന്തൊസ്ഥാന്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വിടുന്ന ചടങ്ങില്‍ ഇരുവരും സന്നിഹിതരായിരുന്നു.  അവിടെ ഇരുവരും ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കു വെക്കുകയുണ്ടായി.

താനും ബിഗ് ബിയും 1994ല്‍ ഇന്ദെര്‍ കുമാറിന്‍റെ രിസ്തയില്‍ ഒന്നിക്കേണ്ടതായിരുന്നു. പക്ഷെ അത് നടന്നില്ല. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക എന്‍റെ സ്വപ്നമായിരുന്നു. മുപ്പത് വര്‍ഷമായി ഞാന്‍ അഭിനയിക്കുന്നു. പക്ഷെ ഇതുവരെ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഈ അനുഭവം എനിക്ക് മഹത്താണ്. ഞാനാകെ മിഠായിക്കടയിലെത്തിയ കുട്ടിയെപ്പോലെയായിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത് ഇരിക്കുമ്പോള്‍ പോലും എനിക്ക് സന്തോഷം തോന്നുമായിരുന്നു. എന്നെ പ്രചോദിപ്പിച്ച ആളില്‍ നിന്നും കൂടുതല്‍ പഠിക്കുന്നതിന്‍റെ സന്തോഷമായിരുന്നു. എന്നിങ്ങനെയായിരുന്നു ആമിര്‍ ഖാന്‍ സംസാരിച്ചത്.

തമാശ നിറഞ്ഞതായിരുന്നു അമിതാഭ് ബച്ചന്‍റെ സംസാരം. ആമിര്‍ ഖാനൊപ്പം അഭിനയിച്ചത് തനിക്ക് വലിയ ബഹുമതിയായെന്നായിരുന്നു അമിതാഭിന്‍റെ പ്രതികരണം. ആമിര്‍ ഖാന്‍ ആമിര്‍ ഖാന്‍ മാത്രമല്ല, നിര്‍മ്മാതാവാണ്, സംവിധായകനാണ്, എഴുത്തുകാരനാണ്, സംഗീതസംവിധായകനാണ്, വിതരണക്കാരനാണ്, കച്ചവട വിദഗ്ധനാണ്, തിരക്കഥാകൃത്താണ്. എല്ലാത്തിനും പുറമെ സമര്‍ത്ഥനായ നടനുമാണ്. അദ്ദേഹത്തോടൊപ്പം മത്സരിക്കുക ഏറെ ശ്രമകരമാണ്. എന്നിങ്ങനെയാണ് അമിതാഭ് ബച്ചന്‍ തമാശ കലര്‍ത്തിയത്.

തഗ്സ് ഓഫ് ഹിന്തൊസ്ഥാനിലെ സംഘട്ടനരംഗങ്ങളെപ്പറ്റിയും അമിതാഭ് അഭിപ്രായം പറഞ്ഞു. ആമിര്‍ ഖാന്‍റെ പ്രായം സംഘട്ടനത്തിന് പറ്റിയതല്ലെന്ന് പറഞ്ഞ അമിതാഭ് തന്‍റെ അവസ്ഥയെയും വ്യക്തമാക്കി. മുഴുനീളസംഘട്ടനം നിറഞ്ഞ ഒരു സിനിമ ചെയ്യാന്‍ പറ്റിയതല്ല തന്‍റെ പ്രായം. എന്നാല്‍ വിക്ടര്‍ സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യുകയായിരുന്നു. ഞാനിപ്പോഴും ഡോക്ടര്‍മാരെ കാണുന്നുണ്ട്. അദ്ദേഹം എന്നെ ലളിതമായ വസ്ത്രങ്ങളാണ് ധരിപ്പിച്ചിരുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ അദ്ദേഹം എന്നെ പടച്ചട്ടകളാണ് ധരിപ്പിച്ചത്. അത് ഇരുമ്പ് കൊണ്ടുള്ളതായിരുന്നില്ല എന്നതാണ് ഏക ആശ്വാസം. അത് തുകലായിരുന്നു. മേക്കപ്പ് ചെയ്യാന്‍ കുറെ സമയമെടുത്തിരുന്നു. സംഘട്ടനരംഗങ്ങള്‍ മഴയിലായിരുന്നു ചിത്രീകരിച്ചത് എന്നതിനാല്‍ തുകല്‍ നനഞ്ഞ് ഭാരം കൂടുമായിരുന്നു. അതൊരു നിസ്സാര അവസ്ഥയായിരുന്നില്ല എന്നും അമിതാഭ് ബച്ചന്‍ ചിത്രീകരണത്തെക്കുറിച്ച് സംസാരിച്ചു.

സാങ്കേതികത സംഘട്ടനം ചിത്രീകരിക്കുന്നതില്‍ പ്രയാസം കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അമിതാഭ് ഇപ്രകാരം മറുപടി പറയുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതില്‍ ഇപ്പോഴും പ്രയാസം കുറഞ്ഞിട്ടില്ല. മുമ്പ് (അജൂബ ചെയ്യുന്ന കാലത്ത്) സാങ്കേതികത ഇല്ലാത്തതിനാല്‍ അവര്‍ ഒരിക്കലും പ്രയാസകരമായ കാര്യങ്ങള്‍ ചെയ്യിക്കില്ലായിരുന്നു. ഇപ്പോള്‍ ഇവര്‍ മുകളില്‍ നിന്നൊക്കെ ചാടിക്കും. സാങ്കേതികതയ്ക്ക് അതിനെ ദൃശ്യപരമായി മെച്ചപ്പെടുത്താന്‍ കഴിയും. എന്നാല്‍ സംഘട്ടനത്തിന്‍റെ ചിത്രീകരണത്തെ സാങ്കേതികത ലഘൂകരിക്കുന്നില്ല എന്നാണ് ബിഗ് ബിയുടെ അഭിപ്രായം.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്സ് ഓഫ് ഹിന്തൊസ്ഥാന്‍ നവംബര്‍ എട്ടിന് തിയേറ്ററിലെത്തും.

 

Spread the love
Read Also  മഹത്വപ്പെടാത്ത വരത്തന്‍: അമല്‍ നീരദിന്‍റെ ഗ്രാഫ് താഴേയ്ക്ക്

Leave a Reply