Thursday, January 20

താരസംഘടന വിവാദം; ഫിലിം സൊസൈറ്റി ഫെഡറേഷന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു: പിടി രാമകൃഷ്ണന്‍

പിടി രാമകൃഷ്ണന്‍

ആര്‍ക്കും ഏതാവശ്യത്തിനായാലും ഒരു സംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കും താല്പര്യങ്ങള്‍ക്കും വിധേയമായിരിക്കണം പ്രവര്‍ത്തനം എന്നേയുള്ളൂ. ഒന്നിലധികം പേര്‍ ചേരുന്ന പ്രവര്‍ത്തനമാകയാല്‍ മുന്‍കൂട്ടിയുള്ള ചില ധാരണ പ്രകാരമായിരിക്കും സംഘത്തിന്റെ നടത്തിപ്പ് . അത് അലിഖിതമോ, ലിഖിതമായ ഒരു നിയമാവലിയുടെ രൂപത്തിലോ ആവാം.സംഘം രൂപീകരിക്കുന്നവരും പിന്നീട് അതില്‍ അംഗങ്ങളായി ചേരുന്നവരും ഈ നിയമാവലി അംഗീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. അതിനനുസൃതമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും, പില്‍ക്കാലത്ത് നിയമാവലിയില്‍ ആവശ്യമായ ഭേദഗതികളും പരിഷ്‌ക്കരണങ്ങളും വരുത്താനും എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന പൊതുസഭക്കായിരിക്കും അധികാരം . |

പൊതുസഭയില്‍ അഭിപ്രായൈക്യം ഇല്ലെങ്കില്‍ ഭൂരിപക്ഷ തീരുമാനത്തിനായിരിക്കും സാധുത.തീരുമാനം തെറ്റാണെങ്കില്‍ പോലും ,വിരുദ്ധാഭിപ്രായമുള്ള ന്യൂനപക്ഷത്തിന് കൂടി ബാധകമായിരിക്കും തീരുമാനങ്ങള്‍ എന്നതാണ് ജനാധിപത്യത്തിന്റെ വൈചിത്ര്യം .ഭൂരിപക്ഷ തീരുമാനം തെറ്റാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തി തിരുത്തിക്കാന്‍ ശ്രമിക്കുക അല്ലെങ്കില്‍ അവ തങ്ങള്‍ക്ക് ബാധകമാകാതിരിക്കാന്‍ സംഘത്തില്‍ നിന്ന് പുറത്ത് പോകുക. ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗമാണ് വിമത വിഭാഗത്തിന് സ്വീകാര്യമായിട്ടുള്ളത്. നിയമവിരുദ്ധമായാണ് തീരുമാനമെങ്കില്‍ മാത്രമേ കോടതിയുടെ സഹായം അഭ്യര്‍ത്ഥിക്കാന്‍ സാദ്ധ്യതയുണ്ടാകൂ. തങ്ങളാണ് ശരി എന്ന് ശഠിക്കുന്ന ഭൂരിപക്ഷത്തെ തിരുത്തുന്നത് ദുഷ്‌ക്കരമായ ദൗത്യമാ യിരിക്കും. അകത്ത് നിന്നുള്ള പോരാട്ടമോ ശക്തമായ ബാഹ്യ സമ്മര്‍ദ്ദമോ ചിലപ്പോള്‍ രണ്ടും ചേര്‍ന്നുള്ള ശ്രമങ്ങള്‍ കൊണ്ടോ മാത്രമേ അത് വിജയിക്കാന്‍ സാദ്ധ്യതയുള്ളൂ. മലയാളസിനിമയിലെ നടീനടന്മാരുടെ സംഘത്തിന്റെ ഒരു തീരുമാനം തെറ്റാണെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അതില്‍ തന്നെ അംഗങ്ങളായിരുന്ന നാല് നടികള്‍ സം ഘത്തിനെതിരെ ഒരു കലാപം അഴിച്ച് വിട്ടിരിക്കുകയാണല്ലോ. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടവരും നിര്‍വ്യാജമായി പിന്തുണക്കുന്നവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ക്കൊപ്പവും നീതിക്കൊപ്പവുമെന്ന് പ്രഖ്യാപിച്ച് എത്തിയ എഫ് എഫ് എസ് ഐ കേരളത്തിന്റെ അത്തരത്തിലുള്ള പത്രക്കുറിപ്പാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. നടിമാരുടെ കലാപത്തിനോട് ഐക്യപ്പെട്ടു കൊണ്ട് തന്നെ ചില കാപട്യങ്ങള്‍ തുറന്ന് കാട്ടുകയാണ് കുറിപ്പിന്റെ ലക്ഷ്യം. സ്വന്തം സംഘടനയില്‍ ജനാധിപത്യവും നീതിയുമെല്ലാം ചവുട്ടി മെതിച്ചവര്‍ തന്നെ ജനാധിപത്യമൂല്യങ്ങളെ കുറിച്ചും അനീതിയെ കുറിച്ചുമെല്ലാം വിലപിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നിയ പരിഹാസത്തില്‍ നിന്ന് കൂടിയാണ് ഈ കുറിപ്പ്.

ഇടതെന്ന് പറയുന്ന പക്ഷം സ്ഥാനമാനങ്ങള്‍ നല്‍കി എഴുന്നള്ളിക്കുന്നവരു ( ഇടത്പക്ഷ ബോധമുള്ളവരാണെന്ന മൗഢ്യമൊന്നും സാംസ്‌ക്കാരിക കേരളത്തിനുണ്ടാവാന്‍ വഴിയില്ല.) ടെ ആര്‍ജ്ജവമില്ലാത്ത നടപടികളെ അപലപിക്കാനുള്ള ചുണ പോലുമില്ല ആ പത്രക്കുറിപ്പിന്. അതിന്റെ ഉത്തരവാദിത്തം സാംസ്‌ക്കാരിക കേരളത്തിന്റെ തോളില്‍ വെക്കുകയാണ് ചെയ്തിട്ടുള്ളത്. അധികാരത്തിന്റെ അധിനിവേശത്തിനും ധിക്കാരത്തിനും എതിരായ പോരാട്ടത്തിനൊപ്പമെന്ന് നടിച്ച് മറ്റ് ചിലതിനോടുള്ള കൂറും വിധേയത്വവും പ്രകടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട താനും .ഇത്തരം ഗൂഢലക്ഷ്യങ്ങള്‍ക്ക് അര നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കൂട്ട് പിടിക്കാന്‍ അതിന്റെ അട്ടിപ്പേറ് എഫ് എഫ് എസ് ഐ കേരളത്തിന് പതിച്ച് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നുമില്ല.
വര്‍ഷങ്ങളായി ഏതാനും ചിലരുടെ അധീശത്വത്തില്‍ സ്വേച്ഛാപരമായി പ്രവര്‍ത്തിക്കുന്ന എഫ് എഫ് എസ് ഐക്ക് മറ്റൊരു സംഘടനയുടെ നടപടികളെ അപലപിക്കാനും അതിനെ ‘അധോലോക സ്വഭാവമുള്ള’ത് എന്ന് ആക്ഷേപിക്കാനും അതിന്റെ പുരുഷാധിപത്യത്തെ വിമര്‍ശിക്കാനുമൊന്നും ധാര്‍മ്മികമായ ഒരവകാശവുമില്ല. എഫ് എഫ് എസ് ഐ കേരളത്തിന്റെ ഭാരവാഹിയായി ഇന്ന് വരെ ഒരു സ്ത്രീയെ തെരഞ്ഞെടുത്തിട്ടില്ല. അത് പോകട്ടെ, കേരളത്തിലെ എത്ര ഫിലിം സൊസൈറ്റികളില്‍ സ്ത്രീകള്‍ ഭാരവാഹികളായുണ്ട്? അതും പോകട്ടെ,നൂറിലധികം ഫിലിം സൊസൈറ്റികള്‍ ഫെഡറേഷനില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുമ്പോള്‍ അവയില്‍ എത്ര സ്ത്രീകള്‍ അംഗങ്ങളായുണ്ട് എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഫീമെയ്ല്‍ ഫിലിം സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഫീമെയ്ല്‍ ചലച്ചിത്രമേള നടത്തിയിട്ടുണ്ടെന്നും 2012’14 കാലയളവില്‍ ഒരു സ്ത്രീയെ സബ് റീജ്യണല്‍ കൗണ്‍സില്‍ അംഗമാക്കിയിട്ടുണ്ട് ( അത് എങ്ങിനെ സംഭവിച്ചുവെന്ന് അംഗമായവര്‍ പറയട്ടെ .) എന്നൊക്കെയുള്ള ന്യായീകരണമൊന്നും വിലപ്പോകുന്നതല്ല .

Read Also  എഎംഎംഎ പ്രതിക്കൂട്ടില്‍: താന്‍ അറിയാത്ത കാര്യങ്ങള്‍ ഹര്‍ജിയില്‍ എഴുതിച്ചേര്‍ത്തെന്ന് ഹണിറോസ്

ഫെഡറേഷന്‍ ഓഫീസില്‍ എങ്ങിനെയാണ് ഒരു അസിസ്റ്റന്റിനെ നിയമിച്ചതെന്നും അവര്‍ അവിടം വിട്ടുപോയത് എന്ത് കൊണ്ടാണെന്നും, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കെ എസ് എഫ് ഡി സി, എഫ് എഫ് എസ് ഐക്ക് ഓഫീസ് അനുവദിച്ചിട്ടും അത് ഉപയോഗിക്കാതെ നഗരത്തില്‍ ഒരു ഫ്‌ളാറ്റ് വാടകക്കെടുത്തത് എന്തിനാണെന്നും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഗ്രാന്റ് ചിലരുടെ പ്രമാണിത്തം പ്രകടിപ്പി ക്കാനായി ധൂര്‍ത്തടിക്കുന്നതും മറ്റും മൂടിവെക്കുന്നതില്‍ ഇത് വരെ വിജയിച്ചുവെങ്കിലും വര്‍ഷങ്ങളായി തുടരുന്ന അതിന്റെ ഭാരവാഹികളുടെ ജനാധിപത്യവിരുദ്ധത ദീര്‍ഘകാലം മറച്ചുവെക്കാന്‍ കഴിയില്ല എന്നാണ് ഇപ്പോഴത്തെ കലാപവും പറയാതെ പറയുന്നത്. ‘എല്ലാ അധികാരങ്ങളും ലോകാവസാനം വരെ നില നില്‍ക്കില്ല ‘ എന്ന 286’18ലെ എഫ് എഫ് എസ് ഐയുടെ പത്രക്കുറിപ്പിലെ തന്നെ വാചകം സത്യമാകുമെന്ന കാര്യത്തില്‍ സംശയവും വേണ്ട.
മുപ്പതോളം വര്‍ഷമായി ഭാരവാഹി തെരഞ്ഞെടുപ്പ് പോലും നടക്കാത്ത സംഘമാണ് ജനാധിപത്യത്തെ കുറിച്ച് വാചാലമാകുന്നത്. നിയമപ്രകാരം,തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേരും അവര്‍ തെരഞ്ഞെടുക്കുന്ന രണ്ട് പേരും ചേര്‍ന്ന സബ് റീജ്യണല്‍ കൗണ്‍സിലിനാണ് എഫ് എഫ് എസ് ഐ കേരളത്തിന്റെ ഭരണ ചുമതല . ഇതില്‍ നിന്ന് വൈസ് പ്രസിഡണ്ട് ,സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നു.തെരഞ്ഞെടുക്കപ്പെടാന്‍ ഏഴ് സ്ഥാനങ്ങള്‍ മാത്രമായതിനാല്‍ ഏഴില്‍ കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ഉണ്ടായാല്‍ മത്സരം വേണ്ടി വരും.അതൊഴിവാക്കാന്‍ സ്ഥിരം കക്ഷികളൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം കൗണ്‍സില്‍ അംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പിന്‍വലിപ്പിക്കുകയും ഏഴ് പേര്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിശ്വസ്തരായ രണ്ട് പേരെ നിയമപ്രകാരം കോ ഓപ്റ്റ് ചെയ്തതിനും ശേഷം ബാക്കിയുള്ളവരെയെല്ലാം നാമനിര്‍ദ്ദേശം ചെയ്യുന്നതാണ് അവിടെ ജനാധിപത്യം. ‘കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പരമാവധി പ്രാതിനിധ്യം ഉറപ്പാക്കിപലപ്പോഴും 18 മുതല്‍ 21 വരെ അംഗങ്ങളുണ്ടാകും സ്വതന്ത്രവും സുതാര്യവും നിയമത്തെ പോലും അപ്രസക്തമാക്കുന്ന ജനാധിപത്യവത്ക്കരണമാണ്’ ഈ നടപടി എന്ന സമര്‍ത്ഥമായ വ്യാഖ്യാനം കേരളം അത് പോലെ വിഴുങ്ങില്ല. ഫെഡറേഷന്റെ നിയമാവലി പ്രകാരം തുടര്‍ച്ചയായി രണ്ടിലധികം തവണ(അതായത് നാല് വര്‍ഷം ) ഒരേ ഭാരവാഹി സ്ഥാനത്ത് ഒരാള്‍ തുടരാന്‍ പാടില്ലാത്തത് കൊണ്ട് വൈസ് പ്രസിഡണ്ട് സെക്രട്ടറിയായും സെക്രട്ടറി ട്രഷററായും ട്രഷറര്‍ വൈസ്പ്രസിഡണ്ടുമൊക്കെയായി കസേര കളിച്ച്, തെരഞ്ഞെടുക്കപ്പെടുന്ന ഒന്‍പത് പേരും ഭാരവാഹികളുമൊക്കെയാകാനുള്ള ‘അവകാശം’കുത്തകവല്‍ക്കരിക്കുന്നതും ജനാധിപത്യം! പുതു തലമുറയില്‍ പെട്ടവരൊന്നും പൊതുപ്രവര്‍ത്തനത്തിന് സമയം മാറ്റി വെക്കാന്‍ സന്നദ്ധമല്ല എന്ന മുട്ടാപ്പോക്ക് അതിന് ന്യായീകരണവും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കില്ലെന്ന് ഉറപ്പും വിമതരെന്ന് സംശയവും തോന്നിയവരുടെ പത്രിക നശിപ്പിച്ചതിനുശേഷവും 2014ല്‍ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായപ്പോള്‍ കടലാസ് സംഘങ്ങളെക്കൊണ്ടും തെരഞ്ഞെടുപ്പ് യോഗത്തില്‍ ഹാജരാകാത്ത സൊസൈറ്റികളുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയും വോട്ടു ചെയ്യിച്ച് വിജയം ഉണ്ടാക്കിയതും ജനാധിപത്യം! സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ലക്ഷങ്ങളുടെ ധനസഹായം തോന്നും പോലെ ചെലവഴിക്കുന്നത് ചോദ്യം ചെയ്യുന്നവരേയും, രണ്ട് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചെയ്യാന്‍ മാത്രമായി അംഗത്വം നിലനിര്‍ത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും സൈന്‍സ് മേളയുടെ കണക്ക് പ്രത്യേകം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കണമെന്നും കാലങ്ങളായി ഒരേ ഓഡിറ്റര്‍ തന്നെ കണക്കുകള്‍ പരിശോധിക്കുന്നത് അഴിമതി മറച്ച് വെക്കാനാണെന്നും മറ്റുമുള്ള ആരോപണങ്ങളേയും സംഘബലം കൊണ്ട് നിശബ്ദമാക്കുന്നതുമെല്ലാം ജനത്തിന്റെ ആധിപത്യം തന്നെ!(എഫ് എഫ് എസ് ഐ കേരളത്തിന്റെ ജനാധ്യപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിക്കും ധൂര്‍ത്തിനുമെതിരെ കേന്ദ്രസമിതിക്ക് നിയമപ്രകാരം നല്‍കിയ പരാതി സഹപ്രവര്‍ത്തകനെ ഉപയോഗിച്ച് അട്ടിമറിച്ച കഥ മറ്റൊരു ദീര്‍ഘമായ കുറിപ്പിന് വകയുള്ളതാകയാല്‍ ഇവിടെ വിസ്തരിക്കുന്നില്ല.)’നല്ല സിനിമക്ക് വേണ്ടി പോരാടുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനം’ എന്നൊക്കെ പുലമ്പി പോരാട്ടം എന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തി കൂടി ചുരുക്കി കളയരുത് എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.

Read Also  ദിലീപിനെ തിരിച്ചെടുത്തവര്‍ മറന്നുപോയ തിലകന്‍ അമ്മയ്‌ക്കെഴുതിയ കത്ത്

പിടി രാമകൃഷ്ണന്‍: കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ 1975 മുതല്‍ സജീവം. പയ്യന്നൂര്‍ സര്‍ഗ്ഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി. ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ സതേണ്‍ റീജണല്‍ കൗണ്‍സില്‍ അംഗമായും കേരള സബ് റീജണല്‍ കൗണ്‍സില്‍ അംഗമായും ്പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്.

Spread the love

Leave a Reply