Wednesday, June 23

ആഘാതത്തിൽനിന്നും കോൺഗ്രസ്സ് പഠിക്കേണ്ട പാഠങ്ങൾ

കെ മനോജ് കുമാർ


“ഇടതുപക്ഷം ഇങ്ങനെ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള ഒരു സാഹചര്യം കേരളത്തിൽ നിലനില്ക്കുന്നുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല” എന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവന തന്നെയാണ് അവർ ജനങ്ങളിൽ നിന്ന് എത്ര അകലെയാണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തുന്നത്. കൊച്ച്കൊച്ച് ടിപ്പണികൾ കൊണ്ടും മുഖ്യധാരാ മാധ്യമങ്ങളുടെ പിൻതുണകൊണ്ടും മറുപക്ഷത്തിന്റെ ചെറുവിഴ്ചകളെ പർവതീകരിച്ചും ജയിച്ചു കയറാം എന്ന പരമ്പരാഗത വിശ്വസത്തിനാണ് ജനങ്ങൾ ഫുൾസ്റ്റോപ്പിട്ടത്. ഇതിന് പ്രധാന കാരണം ഒരു ജനാധിപത്യ സംവിധാനം യു.ഡി.എഫ്.ന് നേതൃത്വം നൽകുന്ന കോൺഗ്രസിനകത്ത് ഇല്ല എന്നതാണ്.രണ്ടു പതിറ്റാണ്ടായി അതിനുള്ളിൽ താഴേതട്ട് മുതൽ മേലേ തട്ടുവരെ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മേൽക്കൈ കിട്ടുന്നവരെ സ്ഥാനങ്ങളിൽ ഇരുത്തുന്ന രീതിയാണ് പിൻതുടരുന്നത്. മുകളിൽ പിടിയുള്ളയാൾ നേതാവ് എന്ന രീതി താഴെ തട്ടുമുതൽ നിലനിൽക്കുന്നു. നൂലേക്കെട്ടി ഇറക്കിയവരെ ജനം തിരസ്കരിച്ചു.എന്നാൽ താഴേത്തട്ടിൽ നിന്ന് കയറി വളർന്നുവന്നവരെ ജനം സ്വീകരിച്ചു. സി .ആർ.മഹേഷ് മാത്രം മതി ഉദാഹരണത്തിന്.

മാധ്യമങ്ങളിലൂടെ അല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. ജനങ്ങളോടൊപ്പം അവരുടെ പ്രശ്നങ്ങളിൽ ചേർന്ന് നിൽക്കുമ്പോഴാണ് നല്ല രാഷ്ട്രീയ പ്രവർത്തകനുണ്ടാവുന്നതു.
ജാതി-മത സമവാക്യങ്ങൾ മതി തങ്ങൾക്ക് ജയിച്ചു വരാൻ എന്നു വിചാരിച്ചത് ഇന്ന് അപ്പാടെ തിരസ്കരിച്ചു. പാറശാലയും ആലപ്പുഴയുമൊക്കെ കൃത്യമായ സൂചന നൽകുന്നു. ജാതി സംഘടനകൾ പിൻതുണ പരസ്യമായി പ്രഖ്യാപിച്ചവർ വലിയ വോട്ടിന് പരാജയപ്പെടുന്നു.

ഏത് സഭയുടെ പിൻതുണയുണ്ടെങ്കിലും മാണി സി.കാപ്പനെ പോലുള്ളവരോട് ഒരു അനീതി കാട്ടി എന്ന് ജനം പറയുകയും ചെയ്തു.
വോട്ടുകൾ മറിച്ച് നല്ല സ്ഥാനാർത്ഥികളെ തോല്പിക്കാൻ നടത്തിയ ശ്രമങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രം ലക്ഷ്യം കാണുന്നു. മറ്റെല്ലായിടങ്ങളിലും ജനം ഇത് നേരത്തേകണ്ട് ഉന്നം വെച്ച സ്ഥാനാർഥിക്കു വലിയ ഭൂരിപക്ഷം നൽകുന്നു.

നെഹ്റു പറഞ്ഞപോലെ സമുദായ സംഘടനകളും മത മേലാളന്മാരും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുത് എന്ന സന്ദേശം ഈ തെരഞ്ഞെടുപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. സമുദായ സമവാക്യങ്ങൾ എന്നു പറഞ്ഞ് മാധ്യമങ്ങൾ എഴുന്നള്ളിച്ചിരുന്ന എല്ലാ കാര്യങ്ങളും തെറ്റായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പ് വെളിവാക്കുന്നു.

എൽ.ഡി.എഫ്. പ്രചാരണത്തിൽ താഴെപ്പറയുന്ന കാര്യങ്ങളാണ് പ്രധാനമായും ചെയ്തത് :

തങ്ങളുടെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സമാന്തരമായ വാർത്ത വിനിമയ സംവിധാനം ഉണ്ടാക്കി. സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യധാരാ മാധ്യമങ്ങൾ ഉയർത്തുന്ന വിഷയങ്ങളോട് പ്രതികരിച്ചു തിരുത്തിക്കാൻ ശ്രമം നടത്തി . വ്യക്തി ഹത്യ അരുതെന്നു വിലക്കി.

തുടർച്ചയായി തങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. വികസനം,സാമൂഹിക ക്ഷേമപദ്ധതികൾ, ദുരന്തങ്ങളിൽ ഒപ്പം നിന്നു എന്നീ കാര്യങ്ങൾ.

ദേശീയതലത്തിൽ പൗരത്വ നിയമം,കാർഷിക നിയമം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ നിലപാടിലൂന്നി പോരാട്ടം നടത്തി.

ദുരന്തങ്ങളിൽ എല്ലാവരേയും ചേർത്തു നിർത്തുന്ന സമീപനം എടുത്തു.

യു.ഡി.എഫ്. മുന്നോട്ടുവച്ച കാമ്പൈൻ പരാജയങ്ങൾ ഇവയാണ്:

Read Also  ഐസക്കും ബാലനും സുധാകരനുമടക്കം 5 മന്ത്രിമാർ മത്സരിക്കില്ല

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തങ്ങൾ ജയിച്ചില്ലെങ്കിൽ ഒപ്പമുള്ളവർ ബി.ജെ.പി ആയി മാറും എന്ന ആത്മഹത്യാപരമായ നിലപാട് എടുത്തു. ഒരു കാമ്പൈൻ മാനേജർമാരും ഏറ്റുപിടിക്കാത്ത സ്വയം നാശത്തിലേയ്ക്ക് വഴി ചൂണ്ടുന്ന ഒരു നടപടിയായിരുന്നു അത്.

എൽ.ഡി.എഫ്.ന്റെ നയങ്ങളെ എതിർക്കുമ്പോൾ തന്നെ ബദൽ നയപരിപാടികൾ അവരുടെ പക്കൽ ഇല്ല എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടായി.

വലിയ മഹാമാരിക്കിടയിൽ ശബരിമല സ്ത്രീ പ്രവേശനമാണ് കേരളം നേരിടുന്ന മുഖ്യപ്രശ്നം എന്ന തരത്തിൽ ചർച്ചകളെ വഴിതിരിച്ചുവിടാൻ നടത്തിയ ശ്രമം ജനം ശ്രദ്ധിച്ചതേയില്ല.

മത-ജാതി സംഘടനകളുടെ ഏറാൻമൂളികളാവുന്നതിനെ ജനങ്ങൾ വെറുക്കുന്നു എന്ന് തിരിച്ചറിഞ്ഞില്ല.

ഇവയേക്കാളെല്ലാം പ്രാധാന്യമുള്ളത് അഞ്ചുവർഷം പുറത്തിരുന്ന ഒരു മുന്നണി തങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പാക്കേണ്ട നയപരിപാടികളെക്കുറിച്ചും വിഷനെക്കുറിച്ചും യാതൊരു കാര്യവും മുന്നോട്ടു വയ്ക്കാനില്ലായിരുന്നു എന്നതാണ്.

ലൈഫ്, സ്പ്രിംഗ്ളർ, സ്വർണക്കടത്ത്, ഇ .എം.സി.സി. തുടങ്ങി ഇപ്പോഴും അതുന്നയിക്കുന്നവർക്കുപോലും വ്യക്തതയില്ലാത്ത വിഷയങ്ങൾ ഉൾക്കൊള്ളാൻ സാധാരണക്കാരായ ജനങ്ങൾക്ക് കഴിഞ്ഞില്ല. മാത്രമല്ല അത് ഉന്നയിച്ചവർക്ക് ജനങ്ങൾ മറുപടിയും കൊടുത്തു.

ഇക്കാര്യങ്ങൾ പരാജയപെട്ടവർ ചർച്ച ചെയ്യണം.

ഒരു തെരഞ്ഞെടുപ്പ് ഒരു മുന്നണിയെ അങ്ങനെ പെട്ടെന്ന് നിർമാർജനം ചെയ്യുകയൊന്നുമില്ല. നല്ല തല്ലുകൊണ്ട് നല്ലാവണം എന്നു മാത്രമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് എൽ ഡി എഫിനോടും ജനം ചെയ്തിട്ടുണ്ട്.
യു.ഡി.എഫ്.ശക്തിപ്രാപിക്കണം. ഷാഫി പറമ്പിലിന്റെ വിജയത്തിനായി മോഹിച്ച കേരളത്തിന്റെ പൊതു മനസ് അതാണ് കാണിക്കുന്നത്. അതിനനുസരിച്ച് ഉയരാനുള്ള ആർജവത്തിന് കോൺഗ്രസാണ് മുൻകൈ എടുക്കേണ്ടത്. തല്ക്കാല ലാഭത്തിന് തീവ്ര വലത് കക്ഷികളുമായി ചെറു നീക്കുപോക്കുകൾ പോലും ആപത്ക്കരമാകും. ഇവയൊക്കെ യു.ഡി.എഫ്. ചർച്ച ചെയ്യണം. നല്ല പ്രതിപക്ഷമായി, നല്ല തിരുത്തൽ ശക്തിയായി കോൺഗ്രസും യു.ഡി.എഫും ഉണ്ടാവണമെന്ന് പ്രത്യാശിക്കുന്നു. ഇത് അർദ്ധവിരാമം ആണെന്നും ഉള്ള ആത്മ വിശ്വസം ഉണ്ടാവണം.

Spread the love