Saturday, January 29

കാക്കകളും കുരങ്ങന്മാരും കുറുക്കന്മാരും ഒത്തുചേര്‍ന്നിരിക്കുന്നു: പ്രതിപക്ഷ ഐക്യത്തെ കുറിച്ച് അനന്തകുമാര്‍ ഹെഗ്‌ഡെ

പ്രതിപക്ഷ കക്ഷികളെ മൃഗങ്ങളോട് ഉപമിച്ചുകൊണ്ടുള്ള കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന വിവാദമാകുന്നു. ഭരണഘടന തിരുത്തിയെഴുതണമെന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞയാളാണ് ഹെഗ്‌ഡെ. കാക്കളും കുരങ്ങന്മാരും കുറുക്കന്മാരും കടുവയ്‌ക്കെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് കാര്‍വാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഹെഗ്‌ഡെ പറഞ്ഞു.
2019ലെ തിരഞ്ഞെടുപ്പില്‍ കടുവയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ 70 വര്‍ഷം ബിജെപിയാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ശ്രോതാക്കള്‍ പ്ലാസ്റ്റിക് കസേരയ്ക്ക് പകരം വെള്ളിക്കസേരയില്‍ ഇരുന്നേനെ എന്നും ഹെഗ്‌ഡെ പറയുന്നു. 2018 ജനുവരിയില്‍ ദളിതരെ പട്ടികളോട് ഉപമിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചയാളാണ് ഈ കേന്ദ്രമന്ത്രി. സവര്‍ണര്‍ ധീരന്മാരാണെന്നും തെരുവില്‍ പട്ടികള്‍ കുരയ്ക്കുമ്പോള്‍ തങ്ങള്‍ ഗൗനിക്കാറില്ലെന്നുമായിരുന്നു അന്ന് ഇദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകളെ വിമര്‍ശിക്കുന്ന ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരാണ് പരാമര്‍ശം എന്ന് പറഞ്ഞ് അന്ന് ഹെഗ്‌ഡെ തടിതപ്പി.
ദക്ഷിണ കന്നട, ഉത്തര കന്നട, ശിവമോഗ പ്രദേശത്ത് നിന്നുള്ളവര്‍ക്ക് മാത്രമേ ശുദ്ധമായ കന്നട സംസാരിക്കാന്‍ സാധിക്കൂവെന്നും ബംഗളൂരുവിലും മൈസൂരുവിലുമുള്ളവര്‍ക്ക് മര്യാദയ്ക്ക് കന്നട സംസാരിക്കാന്‍ പോലും അറിയാത്തവരാണെന്നും 2018 ഫെബ്രുവരിയില്‍ ഇദ്ദേഹം നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. 2017 ഡിസംബറിലാണ് ഭരണഘടന തിരുത്തുമെന്ന ഏറ്റവും വിവാദപരമായ പ്രസ്താവന അനന്തകുമാര്‍ ഹെഗ്‌ഡെ നടത്തിയത്. സെക്യുലറിസ്റ്റുകളും ബുദ്ധിജീവികളുമെന്ന് സ്വയം നടിക്കുന്നവര്‍ക്ക് സ്വന്തം സ്വത്വത്തെ കുറിച്ച് അറിയില്ലെന്നും പിതൃത്വത്തെ കുറിച്ച് അവര്‍ അജ്ഞരാണെന്നുമായിരുന്നു അന്നത്തെ പ്രസ്താവനയുടെ കാതല്‍. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന മാപ്പ് പറയാന്‍ ഹെഗ്‌ഡെ അന്ന് നിര്‍ബന്ധിതനായിരുന്നു.

 

Spread the love
Read Also  മോദിക്ക് ബിരുദമല്ല ബിരുദാനന്തര ബിരുദം ഉണ്ടെന്ന് സത്യവാങ്മൂലം; ആസ്തി 2.51 കോടി