Tuesday, August 4

അതെ മാവോയുടെ പിന്മുറക്കാരുടെ തെറ്റുകൾ ചെ യുടെ തലമുറ തിരുത്തുകയാണ്

ലോകത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറും അഞ്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ മാത്രമാണ് ചൈന, ഉത്തര കൊറിയ, വിയറ്റ്നാം, ലാവോസ്, ക്യൂബ. ബെർലിൻ മതിലിന്റെ പതനത്തെയും സോവിയറ്റ് യൂണിയന്റെ തകർച്ചയെയും അതിജീവിച്ചു വന്ന ഈ രാജ്യങ്ങൾ – ഫലത്തിൽ, ലോകത്തിൽ ആധിപത്യം സ്ഥാപിക്കുമെന്ന് ഒരിക്കൽ ഭീഷണിപ്പെടുത്തിയ പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങളായാണ് യു എസിനെപ്പോലുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നത് 1949 ലും ക്യൂബക്കാർ 1959 ലും ആയിരുന്നു. ചൈനയിലെ മാവോ സെദോംഗ്, ക്യൂബയിലെ ഫിഡൽ കാസ്ട്രോ – ഇരുവരും ഒരേ പാത പിന്തുടർന്ന് അധികാരത്തിലേറിയവർ കരിസ്മാറ്റിക് നേതാക്കളാണ്. വർഷങ്ങളോളം ഗറില്ലാ യുദ്ധം നടത്തിയവർ.
ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയുടെ മരണം പ്രഖ്യാപിച്ചപ്പോൾ, ചൈനയുടെ പ്രസിഡന്റ് സിൻ ജിൻപിംഗ് അദ്ദേഹത്തെ അനുസ്മരിച്ചത് “ഈ കാലഘട്ടത്തിലെ മികച്ച വ്യക്തി കടന്നുപോയെന്നാണ് “.

ഇതിനനുബന്ധമായി ചൈനീസ് സ്റ്റേറ്റ്-ടിവിയിലെ ഒരു അവതാരകൻ കമ്മ്യൂണിസ്റ്റ് ക്യൂബയുടെ സ്ഥാപകനെ ലോക സോഷ്യലിസത്തിന്റെ വികാസത്തിനായി അനശ്വരമായ ചരിത്രനേട്ടങ്ങൾ നടത്തിയ നേതാവ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂബൻ നേതാവിന് കമ്മ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനെക്കുറിച്ച് അത്തരം പ്രശംസ ഉണ്ടായിരുന്നില്ല.

“മാവോ  വർഷങ്ങളോളം തലകൊണ്ട് ചെയ്ത കാര്യങ്ങൾ കാലുകൊണ്ട് നശിപ്പിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത് ബോധ്യമുണ്ട്. ചില ദിവസം ചൈനീസ് ജനത, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അത് തിരിച്ചറിയേണ്ടിവരും,” കാസ്ട്രോ അമേരിക്കൻ പത്രപ്രവർത്തകനു 1977 മെയ് മാസത്തിൽ നൽകിയ ഒരഭിമുഖത്തിൽ സൂചിപ്പിച്ചതിപ്രകാരമാണ്.

മാവോയുടെ ഗുരുതരമായ തെറ്റുകൾ അദ്ദേഹം അക്കമിട്ടു പറഞ്ഞു.:
അതിലൊന്ന് ഒരു ആരാധനാ വ്യക്തിത്വമായി അദ്ദേഹം മാറി എന്നതാണ് അതിലൂടെ വലിയ തോതിലുള്ള അധികാര ദുർവിനിയോഗവും.

“ഞാനും ആ അധികാരം സ്വന്തമാക്കി, പക്ഷേ ഞാനൊരിക്കലും അത് ദുരുപയോഗം ചെയ്തിട്ടില്ല, എന്റെ കൈയിൽ അത് നിലനിർത്തിയിട്ടില്ല,” കാസ്ട്രോ സ്വയം ബോധ്യപ്പെടുത്തിയതങ്ങനെയാണ്. ഇവിടെ ചില ചിത്രങ്ങൾ അദ്ദേഹത്തിനെതിരെ നിരത്തുന്നവരുണ്ട് അമേരിക്കൻ ഐക്യനാടുകളിലേക്കു ചായ്‌വ് പ്രകടിപ്പിച്ച സ്വന്തം സഖാക്കളെപ്പോലും ഭരണാധിപതിയായപ്പോൾ ജയിലടയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്ത കാസ്ട്രോയുടെ ചിത്രം, അതിനുള്ള മറുപടിയായിരുന്നു പിന്നീട് അമേരിക്കയുടെ കണ്ണിൽ കരടായി തലയുയർത്തിനിന്ന ക്യൂബ എന്ന ചെറിയ രാജ്യത്തിന്റെ വളർച്ച.

ക്യൂബയുടെ കടുത്ത ശത്രുവായിരുന്ന യുഎസിന്റെ നല്ല സഖ്യകക്ഷിയായാണ് ചൈനയെ താൻ കാണുന്നതെന്ന് ആയിരത്തി തൊള്ളായിരത്തി എഴുപത്തിയേഴിൽ തന്നെ കാസ്ട്രോ വാൾട്ടേഴ്‌ സ് എന്ന അമേരിക്കാൻ പത്രപ്രവർത്തകനുമായുള്ള ഒരഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

അന്ന് ശീതയുദ്ധത്തിന്റെ കാലത്ത് സോവിയറ്റ് യൂണിയന്റെ ശക്തമായ സഖ്യകക്ഷിയായിരുന്നു ക്യൂബ, മാർക്സിസം-ലെനിനിസത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളിൽ ചൈന സോവിയറ്റുമായി പിരിഞ്ഞു. ചൈനയും പതുക്കെ യുഎസുമായി ബന്ധം സ്ഥാപിക്കുകയും വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റെ പതനത്തിൽ ചൈന യുഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്നുള്ളതും പിന്നീട് തെളിഞ്ഞിട്ടുണ്ട്. മുൻ ചൈനീസ് പ്രസിഡന്റ് ഡെങ് സിയാവോപിംഗിന്റെ വക്താവായി പ്രവർത്തിച്ചിരുന്ന ചൈന എനർജി സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ വിക്ടർ ഗാവോ ഇതേക്കുറിച്ചുള്ള സൂചനകൾ പിന്നീട് നല്കിയിരുന്നതും ശ്രദ്ധേയമാണ്. അതായത്

Read Also  'കമ്യൂണിസ്റ്റാണെങ്കിൽ ശ്വാസം മുട്ടി മരിക്കട്ടെ'!!! കോവിഡ് 19 സമൂഹവ്യാപനത്തിൽ വിറങ്ങലിച്ചു ഇറ്റലിയും ഇറാനും

“ചൈന സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെടുന്നതും യുഎസുമായി അടുത്ത ബന്ധം പുലർത്തുന്നതും ഫിഡൽ കാസ്ട്രോയ്ക്ക് അൽപ്പം അസ്വസ്ഥതയുണ്ടെന്ന് കരുതുന്നതായുള്ള അദ്ദേഹത്തിന്റെ പിന്നീടുള്ള വെളിപ്പെടുത്തൽ. യുഎസുമായുള്ള ഇടപെടലിനെ അദ്ദേഹം വളരെ അടുത്ത കാലം വരെ എതിർത്തുകൊണ്ടേയിരുന്നു. ക്യൂബൻ ബെഞ്ച്മാർക്ക് നിലനിൽക്കെ – ചൈന കമ്യൂണിസ്ററ് പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് കാസ്ട്രോ ശക്തമായി വിശ്വസിച്ചിരുന്നു.

1995 ലാണ് കാസ്ട്രോ തന്റെ ആദ്യത്തെ (ഏക) ചൈന സന്ദർശനം നടത്തിയത്.
അപ്പോഴേക്കും സോവിയറ്റ് യൂണിയൻ നിലംപതിച്ചിരുന്നു, നിലവിലുള്ള യുഎസ് സാമ്പത്തിക ഉപരോധത്തിൻ കീഴിലുള്ള ക്യൂബയ്ക്ക് മറ്റ് കമ്മ്യൂണിസ്റ്റ് സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. മാത്രമല്ല യു എസും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തുകൊണ്ടിരുന്നു. ചൈന അതിവേഗം ക്യൂബയുടെ മികച്ച വ്യാപാര പങ്കാളികളിൽ ഒരാളായി മാറി, കാസ്ട്രോയുടെ ചൈന സന്ദർശനത്തിന്റെ പ്രധാന ആകർഷണം സാമ്പത്തികമായിരുന്നു. സാമ്പത്തിക പരിഷ്കരണത്തിന്റെ വിജയങ്ങളും ബലഹീനതകളും കണക്കിലെടുത്ത് അദ്ദേഹം ചൈനയിലെ സാമ്പത്തിക മാറ്റങ്ങൾ നിരീക്ഷിച്ച് തലസ്ഥാനത്തിന് പുറത്ത് രണ്ട് ദിവസം ചെലവഴിച്ചിരുന്നു.

ഈ രണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ വേർതിരിക്കുന്നത് സാമ്പത്തിക വികസനമാണ്.
സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസന മാതൃക, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വളരെ വഴിതെറ്റിയ ഒരു പ്രത്യയശാസ്ത്രമാണെന്ന തോന്നലിൽ  ചൈന പുതിയ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ചേരിയിലേക്കു കടക്കുകയുണ്ടായി.ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ചൈന മാറി. ക്യൂബ ഈ വർഷങ്ങളിലുടനീളം കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ചൈനീസ് കമ്മ്യൂണിസം കൃത്യമായ നിയന്ത്രണങ്ങളിലൂടെ ലോക വിപണിയിലേക്ക്‌ കടക്കുകയും ഒരു മുതലാളിത്വ സ്വഭാവം നേടിയെടുക്കുകയുമായിരുന്നു. മാത്രമല്ല മുൻപേതന്നെ ശക്തമായിരുന്നു സൈനിക വിഭാഗത്തെ കൂടുതൽ പരിഷ്കരിക്കുകയുമുണ്ടായതായാണ് മനസിലാക്കേണ്ടത്. എന്നാൽ
ഫിഡൽ കാസ്ട്രോ ഒരു മികച്ച രാഷ്ട്രീയ നേതാവായിരുന്നുവെങ്കിലും അദ്ദേഹം ഒരു മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നില്ല.

ക്യൂബ ഇപ്പോഴും ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. സൗജന്യ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സംവിധാനങ്ങളിൽ നന്നായി വികസിപ്പിച്ചെടുക്കാൻ അവർക്കു കഴിഞ്ഞു.അതിൽ അവർ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ചൈനയ്ക്ക് സൗജന്യ പൊതു സേവനങ്ങൾ ഉണ്ടായിരുന്നു – എന്നാൽ പുതിയ കമ്പോള നയങ്ങൾക്കനുബന്ധമായ പരിഷ്കാരങ്ങൾ അവതരിപ്പിക്കുമ്പോൾ അവ ഉപേക്ഷിക്കുകയും സോഷ്യലിസത്തിന്റെ ചിന്തയിൽ വെള്ളം ചേർക്കുകയുമായിരുന്നു . ചൈനയിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷയില്ല എന്നതാണ് സത്യം.

ഈ ഘട്ടത്തിൽ നിന്നായിരിക്കണം കമ്യൂണിസ്ററ് പിന്തുടർച്ച അവകാശപ്പെടുന്ന ഈ രണ്ടു രാജ്യങ്ങളുടെയും ഐഡിയോളജിക്കൽ റസഡ്യൂ എത്രമാത്രമെന്നു കണ്ടെത്താൻ.
പുതിയ കൊറോണ കാലത്ത് ചൈന പ്രതിപട്ടികയിൽ നിൽക്കുകയും ക്യൂബ നായക പരിവേഷത്തിലേക്കു ഉയരുകയും ചെയ്യുന്നു. നിലവിലുള്ള സമ്പദ് വ്യവസ്ഥയെ ആയുധ നിക്ഷേപത്തിന് പങ്കുവയ്ക്കാതെ വികസിപ്പിച്ചെടുത്ത ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമാണ് ക്യൂബയെ പുതിയ ഇമേജിലേക്കു കൊണ്ടുപോകുന്നതെങ്കിൽ. കച്ചവടത്തിലും അയൽരാജ്യങ്ങളുമായി പോലും ഉണ്ടാകുന്ന സ്പർദ്ധയുമാണ് ചൈനയെ ഇപ്പോൾ മാറ്റിനിർത്തപ്പെടുന്നത്.

Read Also  'കൊറോണ വിവരങ്ങൾ മറച്ചുവെച്ചു ചൈന ലോകജനതയെ ചതിച്ചു' ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്തായി

കോവിഡിന്റെ പ്രഭവകേന്ദ്രത്തെപ്പറ്റി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുവെങ്കിലും ആരെയും സഹായിക്കാനാവാത്ത ഒരവസ്ഥയിൽ കമ്പോള വ്യവസ്ഥയ്ക്ക് ഊന്നൽ നൽകിയ വലിയ കമ്യുണിസ്റ്റ് രാജ്യം പിൻവാങ്ങി നിൽക്കുമ്പോഴാണ് പ്രതിരോധത്തിന്റെയോ സഹാനുഭൂതിയുടെയോ മനസും ശരീരവുമായി ഒരു കുഞ്ഞു കമ്യുണിസ്റ്റ് രാജ്യം മുതാളിത്വ ത്തിന്റെ എല്ലാ സ്വഭാവങ്ങളുമുള്ള ഇറ്റലിയിലേക്ക് കടന്നു ചെല്ലുന്നത്

അതെ മാവോയുടെ പിന്മുറക്കാരുടെ തെറ്റുകൾ ചെ യുടെ തലമുറ തിരുത്തുകയാണ്

Spread the love

Leave a Reply