റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് തീരുമാനിച്ചു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ പരിഗണനയിലുള്ള കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വാദിഭാഗം അഭിഭാഷകന്‍ രാകേഷ് പരീഖ് പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയ്‌റോസ്‌ട്രെക്ചര്‍ എന്നിവയാണ് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, രണ്‍ദീപ് സിങ് സുര്‍ജേവാല, ഉമ്മന്‍ചാണ്ടി, അശോക് ചവാന്‍, സഞ്ജയ് നിരുപം, സുനില്‍ ഝാക്കര്‍ തുടങ്ങിയവര്‍ക്ക് എതിരെയും നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍, റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിശ്വദീപക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കെതിരെയും മാനനഷ്ട കേസ് ഫയൽ ചെയ്തത്.

റാഫേൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ അപകീര്‍ത്തികരവും മാനനഷ്ടമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് എതിരായ കേസ്.

റാഫേൽ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തിയതിന് പത്ത് ദിവസം മുമ്പാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിക്ക് അനില്‍ അംബാനി രൂപംനല്‍കിയതെന്ന വാര്‍ത്ത നല്‍കിയതിനാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. കമ്പനിക്ക് സര്‍ക്കാര്‍ അനര്‍ഹമായ സഹായങ്ങള്‍ നല്‍കിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വാര്‍ത്ത എന്നായിരുന്നു റിലയന്‍സ് ഗ്രൂപ്പിന്റെ ആരോപണം.

റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ മോശമായ പ്രതിച്ഛായ സൃഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഇടയാക്കിയെന്നും റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാനും മാനഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ 5000 കോടിരൂപ നഷ്ടപരിഹാരം നല്കണമെന്നുമായിരുന്നു റിലയൻസിന്റെ ആവശ്യം.

വേനല്‍ അവധിക്കുശേഷമാവും കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ കോടതി തുടങ്ങുക. നാഷണല്‍ ഹെറാള്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോക്സഭാ ഫലങ്ങൾ പുറത്ത് വരാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ പുറത്ത് വന്ന വാർത്ത രാഷ്ട്രീയ നിരീക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്. തുടർച്ചയായി രാഹുൽ അനിൽ അംബാനിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Read Also  കർഷകർ, യുവാക്കൾ എന്നിവർക്ക് മുൻഗണന, 'ഞങ്ങള്‍ നടപ്പിലാക്കും' ടാഗ് ലൈനോട് കൂടി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here