Saturday, January 29

അന്നപൂർണ്ണദേവിയുടെ സംഗീതമായിരുന്നു പുരുഷാധിപത്യത്തെ ചൊടിപ്പിച്ചത്

 പോളി വർഗ്ഗിസ് -ഹിന്ദുസ്ഥാനി സംഗീതരംഗത്തെ മലയാളിസാന്നിധ്യം. 
 അലാവുദ്ദിൻ ഖാൻ, അന്നപൂർണ്ണദേവി,അംജത് അലിഖാൻ,നിഖിൽ ബാനർജി രവിശങ്കർ 
എന്നിവരുൾക്കൊള്ളുന്ന മൈഹർ ഖരാനയുടെ ഏക ദക്ഷിണേന്ത്യൻ പിന്തുടർച്ച. .
മോഹനവീണയെന്നെ സംഗീതോപകരണത്തിൻ്റെ വിരലിലെണ്ണാവുന്ന ഉപാസകരിൽ ഒരാൾ.
അന്നപൂർണ്ണദേവിയെ ഓർമ്മിക്കുന്നു.

 

അലാവുദീൻ ഖാൻ. മധ്യപ്രദേശിലെ മൈഹറിൽ ജീവിച്ച മൈഹർ ഖരാനയുടെ അമരക്കാരനായ മനുഷ്യൻ. തനി മതേതര ജീവിതം നയിച്ച- അല്ലെങ്കിൽ ഒരേസമയം ഹിന്ദു ദൈവങ്ങളെ പൂജിക്കുകയും മുസ്ലീം അരാധനയെ ഉൾക്കൊള്ളാൻ സാധിക്കുകയും ചെയ്ത- വളരെ ഉൽകൃഷ്ടമായ ജീവിതം നയിച്ച അലാവുദീൻ ഖാൻ എന്ന ബാബ. ആടുകളെ മേയ്ച്ചും മൃഗങ്ങളെവളർത്തിയും സാധാരണജീവിതം നയിച്ച മനുഷ്യൻ. അദ്ദേഹത്തിൻ്റെ ഇളയ മകളായിരുന്നു റോഷൻ മെഹ്റാന. ഒരിക്കൽപ്പോലും സംഗീതം അതിൻ്റെ തനത് അഭ്യസനരീതിയിൽ പഠിച്ചിട്ടില്ലാത്ത മകൾ. പിൽക്കാലത്ത് അന്നപൂർണ്ണദേവിയെന്നവർ അറിയപ്പെട്ടു. അന്നപൂർണ്ണദേവി. കേഴ്വി ജ്ഞാനമായിരുന്നു അവർക്ക്. മഹാനായ പിതാവിനെ പ്പോലും അതിശയപ്പെടുത്തിയവള്‍. അതേ, സ്വന്തം അനുജനായ അലി അക്ബർ ഖാനു സംഗീതത്തിൻ്റെ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതു കണ്ട് അലാവുവുദീൻ ഖാൻ ഖിന്നനായെങ്കിൽ അതിനു പിന്നിൽ കടുത്ത ജീവിത യാഥാർത്ഥ്യവും പിതൃസ്നേഹവും നിറഞ്ഞ ഒരനുഭവമുണ്ടായിരുന്നു. മൂത്ത മകൾക്ക് അവളുടെ ജീവിതം നഷ്ടമായതു തന്നെ സംഗീതം മൂലമായിരുന്നെന്ന തിരിച്ചറിവാണ് റോഷൻ മെഹ് റാനയെന്ന ഇളയമകളെ സംഗീതത്തിൽ നിന്നും അകറ്റി നിർത്താൻ അലാവുദീൻ ഖാൻ എന്ന പിതാവിനെ  പ്രേരിപ്പിച്ചത്. സിത്താറിൽ അതീവ പ്രാവീണ്യമുണ്ടായിരുന്ന മൂത്തമകൾ വിവാഹാനന്തരം ന്തരം അവളുടെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും സിത്താറിലുള്ള അവളൂടെ അഭിനിവേശം മൂലം നിരന്തര പീഡനങ്ങൾക്ക് വിധേയമാകുകയും ഒടുവിൽ ഭർത്താവിൻ്റെ അമ്മ അവളുടെ സിത്താർ തകർത്തു കളയുകയും ചെയ്തു.  ഇതിൽ മനം നൊന്ത് അവൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ശരിക്കും ഈ സംഭവം അലാവുദീൻ ഖാനിൽ ഉണ്ടാക്കിയ ദു:ഖമോ സ്നേഹമോ ആയിരുന്നു ഇളയ പുത്രിയായ റോഷൻ മെഹ്റാനയെ സംഗീതത്തിൽ നിന്നും അകറ്റി നിർത്താനുള്ള തീരുമാനത്തിലേക്ക് കൊണ്ടുചെന്നത്തിച്ചത്.

ഉസ്താദ് അലാവുദീൻ ഖാൻ 

തൻ്റെ കുഞ്ഞനുജനെ സംഗീതം പഠിപ്പിക്കുന്ന വളരെ കുഞ്ഞായ അന്നപൂർണ്ണദേവിയെന്ന മെഹ്റാനയെ എന്തിനു സംഗീതത്തിൽ നിന്നും അകറ്റി നിർത്തണം എന്ന ചിന്ത പിതാവിലുണ്ടാകുകയും അവൾക്ക് തന്നിലുള്ള സംഗീതം പറഞ്ഞു കൊടുക്കാൻ അലിഖാൻ ഒടുവിൽ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അലാവുദീൻ ഖാൻ്റെ സംഗീതത്തിൻ്റെ എൺപതുശതമാനവും നമുക്ക് കേൾക്കാൻ കഴിഞ്ഞത് അന്നപൂർണ്ണദേവിയിലൂടെയായിരുന്നു. അത്ര മഹത്തരവും പ്രയോഗികഭാവവും അവരിലുണ്ടായിരുന്നു.

അലാവുദീൻ ഖാൻ ആ സമയങ്ങളിൽ രവിശങ്കറിൻ്റെ സഹോദരനും നർത്തകനുമായിരുന്ന ഉദയശങ്കറുമായി ഒരു പാടു പരിപാടികളിൽ പങ്കെടുത്തിരുന്നു.ഈ സമയത്താണ് മറ്റോരു നിയോഗം മെഹ്റാനയിൽ വന്നു ചേരുന്നത്. ഉദയശങ്കറിനു അനുജനായ രവിശങ്കറിനെ സിത്താർ പഠിപ്പിക്കണമെന്ന നിയോഗം.

അന്നപൂർണ്ണദേവിയും രവിശങ്കറും 

ഇവിടെ മഹ്റാനയുടെ  ജീവിതം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. പലപ്പോഴും പിതാവിൻ്റെ അസാന്നിധ്യത്തിൽ സിത്താറിൻ്റെ സ്വരതന്ത്രികളുടെ വ്യവഹാരങ്ങൾ രവിശങ്കർ മനസിലാക്കിയത് മഹാനായ പിതാവിൻ്റെ പാരമ്പര്യമതേപടി കിട്ടിയിട്ടുള്ള മകളിൽ നിന്നുമായിരുന്നു.
കൂടെ അനുജനായ അലി അക്ബർ ഖാനുമുണ്ടായിരുന്നു. ഇതൊരു പ്രണയത്തിൻ്റെ തുടക്കവുമായിരുന്നു. അതൊടുവിൽ വിവാഹത്തിൽ അവസാനിക്കുകയും ചെയ്തു.

Read Also  അന്നപൂർണാദേവി; 'രവിശങ്കറെന്ന സ്ത്രീവിരുദ്ധനുവേണ്ടി സംഗീതം ഹോമിച്ച മഹാപ്രതിഭ' : സഫിയ പ്രകാശ് എഴുതുന്നു

വളരെ പ്രാചീനമായ ഹിന്ദുസ്ഥാനി സംഗീതത്തിൽ അധിഷ്ഠിതമായതായിരുന്നു അന്നപൂർണ്ണയുടെ സംഗീതം. ശരിക്കും ഈ സംഗീതത്തെ മറ്റൊരു ജനകീയമായ തലത്തിലേക്ക് കൊണ്ടുവരികയായിരുന്നു രവിശങ്കർ. ഒരു വിധത്തിൽ ചില മായം ചേർക്കൽ. വിവാഹനന്തരം സംഗീതത്തിലെപോലെ തന്നെ ചില പൊരുത്തമില്ലായ്മ അവരുടെ ജീവിതത്തിലും ഉണ്ടായെന്നു വേണം മനസിലാക്കാൻ. ഒരുമിച്ചു നടത്തിയ ചില പരിപാടികളിൽ അന്നപൂർണ്ണ നേടിയെ മേൽക്കൊയ്മ രവിശങ്കറിനെ അസ്വസ്ഥനാക്കിയിരുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ ഒരു സ്ത്രീയെന്ന അവസ്ഥയിൽ, ഭാര്യയെന്ന പദവിയിൽ, അവർ വലിയ വിട്ടുവീഴ്ചയ്ക്ക് വിധേയമായതു പിന്നീടുവന്ന ചരിത്രമായിരുന്നു.
ഇനി കച്ചേരി നടത്തരുതെന്ന ഭർത്താവായ രവിശങ്കർ നൽകിയ ശാസന അവർ അക്ഷരംപ്രതി പാലിച്ചു. ലോകം മുഴുവൻ ആരാധനയോടെ കണ്ട സംഗീതം തന്നിലേക്ക് ഒളിപ്പിച്ചു. എന്നിട്ടും രവിശങ്കർ അവരെ ഉപേക്ഷിക്കുകയാണുണ്ടായത്.

പാരമ്പര്യമായി ആവാഹിച്ചെടുത്ത സംഗീതത്തിൻ്റെ സാന്നിധ്യമൊന്നും വിട്ടൊഴിയാൻ പക്ഷേ അന്നപൂർണ്ണയ്ക്ക് കഴിയുമായിരുന്നില്ല. സ്വകാര്യതയിലേക്ക് ഒളിപ്പിച്ച സംഗീതത്തെ ദിവസവും സാധനചെയ്ത് കൂടുതൽ തന്നിലേക്ക് ഉറപ്പിക്കുന്നതിൽ അവർ ജീവിതം കണ്ടെത്തി.
വീട്ടിൽ നിന്നും പുറത്തിറങ്ങാതെയായി.
പക്ഷേ ഈ കാലയളവിൽ ഹരിപ്രസാദ് ചൗരസ്യ, നിഖിൽ ബാനർജി തുടങ്ങിയ അതി പ്രശസ്തരായ കലാകാരന്മാരുടെ അധ്യാപികയായും മാറി.
പ്രാചീനമായ ദ്രുപദ് സംഗീതത്തെ വഹിക്കുന്ന മൈഹർ ഖരാനയുടെ എല്ലാ ഭാവങ്ങളും അവർ ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകി. അലാവുദീൻ ഖാൻ്റെ സംഗീത വഴികൾ പുതിയ കാലത്തിലേക്ക് തുറന്നു വിട്ടു. ശരിക്കും നമ്മൾ രവിശങ്കറിലൂടെ കേൾക്കുന്നതിനപ്പുറമുള്ള ശുദ്ധതയാണ് മൈഹർ ഖരാനയ്ക്കുള്ളത്. രവിശങ്കർ ആസ്വാദകാനഭൂതിയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സംഗീത സരണിയെ സ്വായത്തമാക്കി എന്നതാണ് ശരി.

നിഖിൽ ബാനർജി

വിദേശത്തുനിന്നും അന്നപൂർണ്ണയുടെ മഹത്തായ സംഗീതത്തെ കേട്ടറിഞ്ഞെത്തിയ യഹൂദി മെനൂൻ. പക്ഷേ, അന്നപൂർണ്ണ അദ്ദേഹത്തെ കാണാൻ പോലും കൂട്ടാക്കിയില്ല. ഒടുവിൽ  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്വാധീനം ഉപയോഗിച്ചതും. തൻ്റെ സംഗീതം കേൾക്കണമെങ്കിൽ കാലത്ത് സാധകം ചെയ്യുമ്പോൾ ജാലകങ്ങൾക്കരുകിൽ വന്നു നിന്നു കൊള്ളാൻ പറയുകയും ചെയ്തതും ചരിത്രമായി നിലനിലക്കുന്നു.
കലാലോകത്തിലെ പുരുഷാധിപത്യത്തിൻ്റെ ഇരയായിരുന്നു അന്നപൂർണ്ണയെന്നതിനുപരി, അവരുടെ സംഗീതം എന്നതായിരുന്നു ശരി.
മൈഹർ ഖരാനയിലെ ഏക സ്ത്രീ സാനിധ്യം തന്നെയായിരുന്നു അന്നപൂർണ്ണ. അതിനു ശേഷം ചിലരൊക്കെ യുണ്ടായിരുന്നെങ്കിലും ഈ സംഗീതത്തിനു പകരം വയ്ക്കാൻ മറ്റൊരാളും ഉണ്ടായില്ല.

യഹൂദി മെനൂൻ

സംഗീതത്തിൻ്റെ കച്ചവട സാധ്യതകളെ തികച്ചും ജീവിതം കൊണ്ട് നിരാകരിച്ച വനിതയായിരുന്നു അന്നപൂർണ്ണദേവി. അലാവുദീൻ ഖാൻ പറഞ്ഞിട്ടുണ്ട് നമ്മുടെ സംഗീതം വിലപനയ്ക്കുള്ളതല്ല അതു ആത്മീയമായ യാത്രയ്കുള്ളതാണെന്ന്.

ഒരു തവണ പൂനയിലുള്ളപ്പോൽ അന്നപൂണ്ണദേവിയെ കാണാനൊന്നു ശ്രമിച്ചു.
അതൊരു അസുലഭമായ അവസരമായിരുന്നു. എന്നോടു ചോദിച്ചു എവിടെനിന്നാണ് വരുന്നതെന്ന്. സൗത്തിന്ത്യയിൽ നിന്നാണെന്നു ഞാൻ പറഞ്ഞു. പക്ഷേ എന്നെ അൽഭുതപ്പെടുത്തിയ ഒരു മറുപടിയായിരുന്നു ഉണ്ടായത്, സൗത്തിന്ത്യയിൽ നല്ല സംഗീതമുള്ളപ്പോൾ എന്തിനാണ് ഹിന്ദുസ്ഥാനി പഠിക്കാൻ പോയത്. എന്തു ആതിഥ്യ മര്യാദയായിരുന്നു. ചെമ്പിൻ്റെ നിറമുള്ള ഗ്ലാസിൽ ചായതന്നിട്ട് എന്നും സാധകം ചെയ്യണമെന്നുള്ള ഉപദേശവും അവർ നൽകിയത് ഇന്നും ഓർമ്മിക്കുന്നു. പക്ഷേ വിറയൽ കാരണമതു കുടിക്കാനെനിക്കു കഴിഞ്ഞില്ല. ഞാൻ എൻ്റെ പിതാമഹനെ അല്ലെങ്കിൽ എൻ്റെ സംഗീതത്തിൻ്റെ ഉപാസനാമൂർത്തിയെ കണ്ടെത്തിയ പോലെ..! കാരണം ഈ മൈഹർ ഖരാനയുടെ അവസാനകണ്ണികളിൽ ഞാനുമുണ്ടല്ലോ.
സമകാലിക ലോകത്തോടുള്ള വലിയ ഒരു ചോദ്യമായിരുന്നു അന്നപൂർണ്ണദേവിയുടെ മരണം, വല്ലാതെ മടുപ്പിക്കുന്ന മരണം.

അന്നപൂർണ്ണദേവിയുടെ സംഗീതം ....

Spread the love

Leave a Reply