Thursday, January 20

ആന്റോ ആന്റണി മൂന്നാം അങ്കത്തിന്; എംപിയെ കാണാനില്ലെന്ന് പത്തനംതിട്ടക്കാർ

മൂന്നാം അങ്കത്തിന് ഇറങ്ങാൻ പത്തനംതിട്ടയിൽ ആന്റോ ആന്റണി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഡിസിസിയുടെ എതിർപ്പുകൾക്ക് പതിവ് പോലെ ശക്തി കുറവായതിനാലും പി.ജെ.കുര്യന്റെ സാമീപ്യം ആന്റോയ്ക്ക് തുണയാകുന്നതും ഇത്തവണയും ആന്റോ ആന്റണിക്ക് അനുഗ്രഹമാകും. ആറന്മുള വിമാനത്താവ ളത്തിന്റെ പേര് പറഞ്ഞു വിജയിച്ചു കയറിയ ആന്റോ ആന്റണി ഇക്കുറിയും ഇത് തന്നെയാകും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം ആക്കുക. ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ 2009-ൽ തിരഞ്ഞെടുക്ക പ്പെട്ട ആന്റോ ആന്റണിയ്ക്ക് പക്ഷെ 2014-ൽ ഭൂരിപക്ഷം നേർ പകുതിയായി കുറയുന്ന കാഴ്ചയാണ് കണ്ടത്. 56,191 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രണ്ടാം അങ്കത്തിലെ ആന്റോയുടെ വിജയം.

ആറന്മുള വിമാനത്താവളം നടപ്പിലാക്കും എന്ന ഉറച്ച തീരുമാനം എടുത്ത ആന്റോ ആന്റണിക്ക് പക്ഷെ ആ തീരുമാനം രണ്ട് വട്ടം കാലാവധി പൂർത്തിയാക്കിയിട്ടും നടപ്പിലാക്കാൻ കഴിയാത്തത് വലിയ പോരായ്മയായി ഇത്തവണ അവശേഷിക്കും. മാത്രമല്ല എംപിയെ കാണാനില്ലെന്ന് സമൂഹ മാധ്യമങ്ങളിലടക്കം ജനങ്ങൾ പരാതികൾ നിരവധി തവണ ഉന്നയിച്ചും കഴിഞ്ഞു. അടൂർ ടൗണിൽ ഉൾപ്പടെ എംപിയെ കളിയാക്കികൊണ്ടുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയരുകയുണ്ടായി.

എന്നാൽ മണ്ഡലത്തിൽ താൻ പലതരത്തിലുമുള്ള വികസന പ്രവർത്തനങ്ങൾ ചെയ്തുവെന്ന അവകാശവാദമാണ് എംപിക്കുള്ളത്‌. ഗ്രാമീണ റോഡുകൾക്കായി 40 കോടി രൂപയിലധികം ചിലവഴിച്ചുവെന്നും കേരളത്തിൽ ഏറ്റവും കൂടൂതൽ ഗ്രാമീണ റോഡുകൾ ഉള്ള മണ്ഡലം പത്തനംതിട്ട ആണെന്നുമാണ് മന്ത്രിയുടെ വാദങ്ങൾ.

കഴിഞ്ഞ തവണ പീലിപ്പോസ് തോമസിന്റെയും കുമ്മനം രാജശേഖരന്റേയും കളികൾ ആന്റോ ആന്റണിയ്ക്ക് ചെറിയ ക്ഷീണം വരുത്തിയെങ്കിലും ഇക്കുറി ഇത്തരം തടസ്സങ്ങൾ ഇല്ല എന്നത് എംപിയ്ക്ക് ആശ്വാസം പകരുന്നുണ്ട്. പൊതുവെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായി കരുതുന്ന പത്തനംതിട്ടയിൽ കഴിഞ്ഞ വർഷം ബിജെപിയുടെ എം.ടി. രമേശ് 1,38,954 വോട്ടുകളാണ് നേടിയത്. പൂർണ്ണമായും വിമാനത്താവള വിരുദ്ധരുടെ വോട്ടുകളാണ് എംടി രമേശിന് അനുകൂലമായി വീണത്. കഴിഞ്ഞ തവണ വിമാനത്താവളമായിരുന്നെങ്കിൽ ഇത്തവണയത് ശബരിമല വിഷയമാണ്. ശബരിമല വിഷയത്തിൽ റോഡിൽ ഇറങ്ങിയ നാമജപക്കാരിൽ എത്രപേരെ വോട്ടാക്കി ബിജെപി പാളയത്തിൽ വീഴിക്കുമെന്നത് കാത്തിരുന്ന കാണേണ്ടതാണ്.

യുഡിഎഫിലും ബിജെപിയിലും എല്ഡിഎഫിലും ഇല്ലാത്തത് ജനപക്ഷം നേതാവ് പിസി ജോർജ്ജിന് സ്വാധീനമുള്ള പൂഞ്ഞാർ കൂടി ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തി കെട്ടിവെച്ച കാശ് നഷ്ടപെടുത്തു വാനുള്ള നീക്കങ്ങൾ പിസി ജോർജ്ജ് കാണിക്കില്ല. യുഡിഎഫ് മുന്നണി പ്രവേശന ത്തിന് അപേക്ഷ നൽകിയെങ്കിലും ആർക്കും പിസിയെ അത്ര താല്പര്യമില്ലാത്തതും കാര്യങ്ങളെ നീട്ടികൊണ്ട് പോവുകയാണ്. ആന്റോ ആന്റണിയ്ക്ക് അനുകൂലമായി നിലപാട് എടുക്കാൻ ആണ് പിസിയുടെ സാധ്യത.

Read Also  കോന്നി എംഎൽഎ അടൂർ പ്രകാശ് രാജി വെച്ചു

സിപിഐഎം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പൊതുവെ വിജയ സാധ്യതയില്ലാത്ത സ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്ന ആക്ഷേപവും മണ്ഡലത്തിലുള്ളവർക്കുണ്ട്. പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി നിർത്തി മത്സരിപ്പിച്ച സിപിഐഎം ഇത്തവണ ആരെ ഇറക്കും എന്ന കാര്യത്തിൽ ഇപ്പോഴും ആലോചനകൾ തുടരുകയാണ്. ദേശാഭിമാനി എഡിറ്ററും സംസ്ഥാന കമ്മറ്റി അംഗവുമായ കെ. ജെ ജോസഫ് ആണ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന സിപിഐഎം സ്ഥാനാർഥി. ആന്റോ ആന്റണിയ്ക്ക് ലഭിക്കുന്ന സഭാ പിന്തുണയും മറ്റും ജോസഫിലൂടെ ഒരു പരിധിവരെ പാർട്ടിയ്ക്ക് നേടിയെടുക്കാമെന്ന കണക്ക് കൂട്ടൽ സിപിഐഎമ്മിനുണ്ട്. അതേസമയം ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ നിർത്തിയാൽ ശബരിമല വിഷയം ഉന്നയിച്ച് ബിജെപി, സിപിഐഎമ്മിന്റെ ഹിന്ദു വോട്ടുകൾ കൊണ്ട് പോകുമോ എന്ന പേടിയും പാർട്ടിക്കകത്തുണ്ട്. അങ്ങനെ എങ്കിൽ കോന്നിയിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട സനൽകുമാറിനെ പരിഗണിക്കാനാണ് സാധ്യത. പിഎസ്‌സി അംഗവും സിപിഐഎം നേതാവുമായ റോഷൻ റോയി മാത്യുവിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും കെ. ജെ ജോസഫ് തന്നെ സിപിഐഎം സ്ഥാനാർഥി ആകുവാനാണ് സാധ്യത.

മണ്ഡലത്തിലെ മലയോര മേഖലകളിൽ ഉൾപ്പടെയുള്ള കുടിവെള്ള പ്രശ്നങ്ങളും വികസനവും ആയിരിക്കും പ്രധാന ചർച്ചാ വിഷയമാവുക.

Spread the love

Leave a Reply