Thursday, January 20

എല്ലാം നല്ല കര്‍മ്മം: മഹാനായ പിതാവിനെ അതിമഹാനായ മകന്‍ ഓര്‍മ്മിക്കുന്നു

ഒരു സ്വപ്നത്തിന്‍റെ കുറിപ്പുകള്‍ എന്ന പേരില്‍ കൃഷ്ണ ത്രിലോക് എഴുതിയ എ ആര്‍ റഹ്മാന്‍റെ അംഗീകൃത ജീവചരിത്രത്തിലാണ്, എ ആര്‍ റഹ്മാന്‍റെ പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍. സ്കോള്‍.ഇന്നില്‍ കൃഷ്ണ ത്രിലോക് പങ്ക് വെച്ച കുറിപ്പിന്‍റെ സംഗ്രഹം വായിക്കാം.

ഇന്ത്യന്‍ സംഗീതത്തിന്‍റെയും സംഗീതസാങ്കേതികവിദ്യയുടെയും ഉസ്താദായി എ ആര്‍ റഹ്മാനെ കാണുന്ന സമകാല തലമുറ മറ്റൊരാളെ കൂടി അറിയേണ്ടിയിരിക്കുന്നു. എ ആര്‍ റഹ്മാന്‍റെ പിതാവായ ആര്‍ കെ ശേഖറാണ് സംഗീതലോകം അനുസ്മരിക്കേണ്ട മറ്റൊരു മഹനീയ സംഗീതപ്രതിഭ.

ആര്‍ കെ ശേഖര്‍

ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന 1933 നവംബര്‍ ഏഴിനാണ് ആര്‍ കെ ശേഖര്‍ എന്ന രാജഗോപാല കുലശേഖര ശേഖര്‍ ജനിച്ചത്. ശേഖറുടെ അച്ഛന്‍ പഠനമുപേക്ഷിച്ച്, ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ആളായിരുന്നു. ഭാഗികമായി അദ്ദേഹം ഹൈന്ദവ ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്യുന്ന ഒരു ഭാഗവതര്‍ കൂടിയായിരുന്നു. അതിനാല്‍ ശേഖറിന് ഒരു സംഗീത പാരമ്പര്യമുണ്ടായിരുന്നു.

അച്ഛന്‍ വഴിയുള്ള ഒരമ്മാവനില്‍ നിന്നും ഹാര്‍മ്മോണിയം പഠിച്ച ശേഖര്‍ അതില്‍ വിദഗ്ധനാവുകയായിരുന്നു. കഴിവിലും പ്രവര്‍ത്തനത്തിലും വിദഗ്ധനായ ശേഖര്‍ സമീപ പ്രദേശത്തെ പല കുട്ടികളെയും ഹാര്‍മ്മോണിയം പഠിപ്പിച്ചു. ക്രമേണ അദ്ദേഹം മദ്രാസ്സിനടുത്ത് മൈലാപ്പൂരിലെ കര്‍ണ്ണാടക സംഗീത സദസ്സുകളില്‍ ഹാര്‍മ്മോണിയം വായിക്കാന്‍ തുടങ്ങി. അവിടെ നിന്നും അദ്ദേഹം ആര്‍ എസ് മനോഹറുടെ നാടകസമിതിയില്‍ എത്തിച്ചേര്‍ന്നു.

1959ല്‍ ആര്‍ കെ ശേഖര്‍, മലയാള സിനിമാസംഗീതരംഗത്ത് പ്രശസ്തനായിരുന്ന വി ദക്ഷിണാമൂര്‍ത്തിയുടെ സഹായിയായി. അക്കാലത്ത് സിനിമാസംഗീതം പ്രധാനമായും ഹാര്‍മ്മോണിയത്തിന്‍റെ സൃഷ്ടിയായിരുന്നു. പതിയെ സംഗീതസംഘാടകനും നിയന്ത്രകനും ചിട്ടപ്പെടുത്തല്‍കാരനുമൊക്കെയായി ശേഖര്‍ മലയാള സിനിമാസംഗീതത്തില്‍ ചുവടുറപ്പിക്കുകയായിരുന്നു. വ്യവസായത്തിന് മുല്‍ക്കൂട്ടായിരുന്ന ശേഖറിന്‍റെ സംഗീത സംഭാവനകള്‍ ഏറെയും മലയാളത്തിനായിരുന്നു.

1964ല്‍ സംഗീതരംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം 12 വര്‍ഷമേ ആ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ. 1976ല്‍ 43ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. പന്ത്രണ്ട് വര്‍ഷത്തില്‍ അദ്ദേഹം 24 സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ മലയാള സിനിമാസംഗീതത്തിന് ലഭിക്കുമായിരുന്നു എന്നു വേണം കരുതാന്‍.

24 സിനിമകള്‍ക്കെ സ്വന്തമായി സംഗീതസംവിധാനം ചെയ്തുള്ളു എങ്കിലും അക്കാലത്തെ നൂറില്‍ പരം സിനിമകളില്‍ അദ്ദേഹത്തിന്‍റെ സംഗീത സാന്നിദ്ധ്യമുണ്ട്. മലയാളത്തിലെ അക്കാലത്തെ പ്രമുഖരായ പല സംഗീതസംവിധായകരുടെയും സഹായിയായി നിരവധി സിനിമകളില്‍ അദ്ദേഹം പങ്കെടുത്തു. ഹാര്‍മ്മോണിയവും പിയാനോയും അദ്ദേഹം വിദഗ്ധമായി കൈകാര്യം ചെയ്യുമായിരുന്നു. ഒരു ദിവസം ഏഴും എട്ടും റെക്കോര്‍ഡിങ്ങുകള്‍ ചെയ്യേണ്ടത്ര തിരക്കുള്ള വ്യക്തിയായിരുന്നു തന്‍റെ പിതാവെന്നാണ് എ ആര്‍ റഹ്മാന്‍ ഓര്‍ക്കുന്നത്. അക്കാലത്തെ പ്രമുഖ മലയാള സിനിമാ സംഗീതസംവിധാകരായിരുന്ന ദേവരാജന്‍, അര്‍ജ്ജുനന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍ മുതലായവരുടെ പേരുകള്‍ക്കൊപ്പം നാം എടുത്തു വെക്കേണ്ട പേരാണ് ആര്‍ കെ ശേഖറിന്‍റേത്.

എ ആര്‍ റഹ്മാന്‍റെ ജീവചരിത്രം

വിദേശത്തുനിന്നും, കൂടുതലും സിങ്കപ്പൂരില്‍ നിന്ന് വാങ്ങിയ ഇലക്ട്രോണിക് സംഗീതോപകരണങ്ങളെ ആദ്യമായി ദക്ഷിണേന്ത്യന്‍ സംഗീതത്തിന് പരിചയപ്പെടുത്തിയത് ആര്‍ കെ ശേഖറാണ്. അത്തരം ഉപകരണങ്ങളിലൂടെ പലതരം ശബ്ദങ്ങളുണ്ടാക്കുന്നത് കേട്ടിരുന്ന് അതിശയിക്കാറുണ്ടായിരുന്നെന്നാണ് അതേപ്പറ്റി റഹ്മാന്‍റെ ഓര്‍മ്മ. പുതിയ ഉപകരണങ്ങള്‍ക്കുവേണ്ടി അദ്ദേഹം ധാരാളം പൈസ മുടക്കുമായിരുന്നുവെന്നാണ് റഹ്മാന്‍ പറയുന്നത്.

കഠിനപ്രയത്നമായിരുന്നു ശേഖറിന്‍റെ ജീവിതം. ജോലി ചെയ്യുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന് ജീവിതം. കുടുംബത്തോടൊപ്പം ചിലവിടാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ സംഗീതസംവിധായകരോടും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തി. സ്വന്തം ഹാര്‍മ്മോണിയത്തില്‍ ഈണവുമായി വരുന്ന സംഗീതസംവിധായകരെ അങ്ങേയറ്റം സഹായിച്ച് ചില തിരുത്തലുകളുമൊക്കെയായി റിക്കോര്‍ഡ് പുറത്തെത്തിക്കാന്‍ അദ്ദേഹം അങ്ങേയറ്റം സഹായിയായിരുന്നു. വളര്‍ച്ചയ്ക്കായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക അദ്ദേഹത്തിന്‍റെ രീതീയായിരുന്നു.

പിതാവിനെയും റഹ്മാനെയും വേര്‍തിക്കുന്ന പ്രധാന ഘടകം ക്ഷമയുമായി ബന്ധപ്പെട്ടതാണ്. ശേഖര്‍ പിഴവുകളെ സഹിക്കുമായിരുന്നില്ല. ഒരു സമയം നാല് സംഗീതസംവിധായകര്‍ക്കൊപ്പമൊക്കെ ജോലി ചെയ്യേണ്ടി വരുന്ന തിരക്കുണ്ടായിരുന്നതിനാല്‍, പിഴവു വരുത്തുന്നവരോട് ദേഷ്യപ്പെടുമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തമാശയും ജോലിയും ഒന്നിച്ച് കൊണ്ടുപോകാനാവുമായിരുന്നില്ല. എന്നാല്‍ റഹ്മാന്‍ ദേഷ്യം വരുമെങ്കിലും പ്രകടിപ്പിക്കാറില്ലെന്നാണ് പുസ്തകം പറയുന്നത്.

തന്‍റെ പിതാവിന്‍റെ കഴിവുകളെപ്പറ്റി എല്ലായ്പോഴും പറയാറുണ്ട്. കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഏറെ ഉന്നതിയിലെത്തുമായിരുന്നു എന്നാണ് റഹ്മാന്‍ പറയുന്നത്. നിരവധി പേര്‍ക്ക് അദ്ദേഹത്തെക്കൊണ്ട് ഉപകാരം ഉണ്ടായിട്ടുണ്ട്. ഒരു നല്ല മനുഷ്യനായിരുന്നു എന്നതിനാലാണ് അദ്ദേഹം ബഹുമാനിക്കപ്പെടുന്നത് എന്നാണ് റഹ്മാന്‍റെ സഹോദരി റയ്ഹാന പറയുന്നത്.

ഞാന്‍ ഇപ്പോള്‍ ആസ്വദിക്കുന്ന എല്ലാ സന്തോഷവും കഠിനപ്രയത്നത്തിലൂടെ എന്‍റെ പിതാവ് ചെയ്തതിന്‍റെ ഫലമാണ്. എല്ലാം നല്ല കര്‍മ്മം. എന്നാണ് റഹ്മാന്‍ ആദരവോടെ ഉരുവിടുന്നത്.

 

Spread the love
Read Also  ഈണങ്ങളുടെ മാത്രമല്ല, നിലപാടുകളുടെയും രാജാവാണ് റഹ്മാന്‍: രവി ശങ്കര്‍ എന്‍ എഴുതുന്നു

Leave a Reply