ആറന്മുളയമ്പലത്തിലെ ഈ വർഷത്തെ ഉത്സവം സമാപിച്ചു. പത്തുനാൾ നീണ്ടു നിന്ന ഉത്സവം പ്രളയ ദുരിതത്തിന്റെ മുറിവുകളിൽ നിന്ന് എത്രമാത്രം പ്രദേശവാസികളെ ഉണർത്തി എന്നു പറയാനാകില്ല. ആറാട്ടുനാളിൽ സന്ധ്യ കഴിഞ്ഞ് കുറേ നേരം നാദസ്വരക്കച്ചേരി കേട്ടിരുന്നു. പ്രശസ്ത നാദസ്വര വിദ്വാൻമാരായ റ്റി.പി.എൻ. രാമനാഥനും പണ്ഡമംഗലം പി.ജി.യുവരാജും കൂടി അഭൗമമായ തലത്തിലേക്ക് ആസ്വാദകരെ ഉയർത്തിക്കൊണ്ടുപോയ മനോഹര നിമിഷങ്ങൾ. തോടിയിൽ ‘ തായേ യശോദ …. വായിച്ചപ്പോൾ ശ്രീകൃഷ്ണൻ വന്നു നൃത്തം ചെയ്യുന്നതു പോലെ തോന്നി. തവിലിൽ മാന്ത്രിക നാദം തീർത്ത കോവില്ലൂർ കെ.ജി. കല്യാണസുന്ദരം ചില മുഹൂർത്തങ്ങളിൽ കൈകൾ കൂപ്പി തിരുനടയിലേക്കു നോക്കി തൊഴുകയും എന്തോ പറയുകയും ചെയ്യുന്നു. എന്റെ അടുത്തിരുന്ന ഒരു സംഗീത പ്രണയി ആനന്ദക്കണ്ണീർ തുടയ്ക്കുന്നു . കുറേ വർഷങ്ങൾക്കു മുമ്പ് തിരുവിഴ ജയശങ്കറും വളയപ്പെട്ടിയും കൂടി ആറന്മുളയുത്സവത്തിലെ സേവയ്ക്ക് നാദസ്വരത്തിലും തകിലിലും രാഗതാള വിസ്മയം തീർക്കുന്നത് ഓർത്തു പോയി.

കച്ചേരി കേൾക്കുന്നതിനിടയിൽ ടി. പത്മനാഭന്റെ കഥകൾ മനസ്സിലൂടെ മാറി മാറി എത്തും എന്നതാണ് എന്റെ ഒരു സ്വകാര്യ അനുഭവം. കഥയിൽ സംഗീതം അലിയിച്ച, നളിനകാന്തിയാർന്ന കഥകളുടെ ശില്പിയായ ടി. പത്മനാഭൻ മലയാള കഥയിൽ മറ്റാർക്കും സൃഷ്ടിക്കാനാകാത്ത രാഗമാലികകൾ ചാർത്തിയ കാലഭൈരവനാണ്. തിരിച്ച് വീട്ടിലേക്കു യാത്ര ചെയ്യുമ്പോഴും ഉറക്കം വരാതെ കിടക്കുമ്പോഴും ആറന്മുളയിലെ സംഗീത പാരമ്പര്യത്തെപ്പറ്റി ചിന്തിച്ചു. നാദസ്വരത്തിലെ സകല പ്രമാണിമാരും ആറൻമുള ഉത്സവത്തിൽ പങ്കെടുത്തിട്ടുണ്ടത്രേ. നല്ല ഒരു ആസ്വാദക വൃന്ദവും ആറന്മുളയിലുണ്ട്. ആറൻമുളയിൽ നാദസ്വര കച്ചേരികൾക്ക് ഇത്ര പ്രാധാന്യം വന്നതെന്തുകൊണ്ടായിരിക്കും. ഇവിടെ പ്രശസ്തരായ നാദസ്വര വിദ്വാൻമാർ പണ്ടുണ്ടായിരുന്നോ?

ആറന്മുള ഐതിഹ്യവും ചരിത്ര സത്യങ്ങളും എന്ന ശ്രീരംഗനാഥൻ കെ.പി.യുടെ പുസ്തകം എടുത്തു നോക്കി. ആറന്മുളയമ്പലത്തിലെ നാദസ്വര സദിരുകളെക്കുറിച്ച് ഗ്രന്ഥത്തിലുണ്ട്. ഒപ്പം ഈ വിവരങ്ങളും. ‘പണ്ട് തമിഴ്നാട്ടിൽ നിന്നുള്ള വിദ്വാൻമാർ ആറന്മുളയെത്തിയാൽ ആദ്യം ആറന്മുളക്കാരനായ ഒരാളെ വന്നു കണ്ട് ഗുരു വന്ദനം നടത്തുമായിരുന്നു…. ഇദ്ദേഹം തമിഴ് നാട്ടിൽ നാദസ്വരവാദന രംഗത്ത് ഗുരു തുല്യ നായിരുന്നു. ആറന്മുള ക്ഷേത്രത്തിനു തൊട്ടു കിഴക്കുഭാഗത്ത് നടമംഗലത്ത് എന്ന വീട്ടിലെ കുഞ്ചുപ്പണിക്കർ ആയിരുന്നു ഈ ആൾ.’ കുഞ്ചുപ്പണിക്കർ 85-ാം വയസ്സിൽ 1972 ൽ നിര്യാതനായി എന്ന കാര്യം അനുബന്ധമായും കൊടുത്തിരിക്കുന്നു.

ഇങ്ങനെ ആറന്മുള ക്ഷേത്രവുമായും ആറന്മുളയുമായും ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാനുള്ള ഒരു റഫറൻസ് ഗ്രന്ഥമായി ഈ പ്രാദേശിക ചരിത്ര ഗ്രന്ഥം ഉപകരിക്കപ്പെടും.

ആറന്മുള ക്ഷേത്രത്തെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ ഉള്ള ഒരു കാവ്യം നമ്മാഴ്വാ രുടെ തിരുവായ് മൊഴിയാണ്. ആറന്മുള ദേവന്റെ ഭാവം ‘ആനന്ദവൃദ്ധി’ ആണെന്ന് നമ്മാഴ്വാർ എഴുതുന്നു. ഈ അറിവ് വെച്ച് ആറന്മുള ക്ഷേത്രത്തെക്കുറിച്ചുള്ള പഞ്ച പാണ്ഡവ ഐതിഹ്യത്തിന്റെ പൊരുൾ തേടിപ്പോകുന്നു ഗ്രന്ഥകർത്താവ്. ഇങ്ങനെ നാനാവിധ ആറന്മുള ബന്ധിയായ ഐതിഹ്യങ്ങളുടെ സത്യം ഉരുക്കഴിക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിൽ നടക്കുന്നത്. അതിനായി ദീർഘകാലത്തെ അന്വേഷ ണങ്ങളും ഗവേഷണങ്ങളും ശ്രീരംഗനാഥൻ നടത്തിയിട്ടുണ്ട്. അറുനൂറ് പേജുകളിലായി താൻ എത്തിച്ചേർന്ന നിഗമനങ്ങൾ അദ്ദേഹം എഴുതി വെച്ചിരിക്കുന്നു.

Read Also  വിജയൻ എന്ന നടനെ അറിയേണ്ടതുണ്ട്

പ്രാദേശിക ചരിത്ര രചനയുടെ അക്കാദമിക് രീതിശാസ്ത്രങ്ങളൊന്നും ഇദ്ദേഹം പിന്തു ടരുന്നില്ല. അദ്ദേഹം ചരിത്രം പഠിച്ച ആളല്ല. ചരിത്രസത്യങ്ങൾ കണ്ടെത്താനുള്ള അ ദമ്യമായ ആവേശമാണ് പുസ്തക രചനയ്ക്ക് നിമിത്തമായത്. നമ്മാഴ്വാർ പറയുന്ന ആനന്ദവൃദ്ധി സംഗീതക്കച്ചേരിയുടെ അനുപമ നിമിഷങ്ങളിൽ കലാകാരൻമാരും ആസ്വാദകൻമാരും അനുഭവിക്കുന്നു. ക്ഷേത്രം ഇത്തരം വിശുദ്ധമായ ആനന്ദ അനുഭൂതികൾ പകർന്നു തരുന്ന സ്ഥലമാണെന്നും ആയതിനാലാണ് കലാ സങ്കേതവും സാംസ്കാരിക കേന്ദ്രവുമായിക്കൂടി അത് മാറിയതെന്നും ഈ ഗ്രന്ഥം പറയാതെ പറയുന്നുണ്ട്.

ഇതേ ആനന്ദവർദ്ധകങ്ങളായ ക്ഷേത്രസങ്കേതങ്ങൾ കാലപ്രവാഹത്തിൽ പല പല മാറ്റങ്ങൾക്കു വിധേയമായി കച്ചവട താൽപ്പര്യങ്ങളുടെ താവളങ്ങളായി മാറുന്നതെ ങ്ങനെയെന്ന് ഈ പുസ്തകത്തിൽ നിരവധി ഉദാഹരണങ്ങൾ വിവരിച്ച് കാട്ടിത്തരുന്നു. കൂർത്തു മൂർത്ത പരിഹാസം കൊണ്ട് തന്റെ ആത്മരോഷം മുഴുവൻ ഇത്തരം സന്ദർഭ ങ്ങളിൽ ഗ്രന്ഥകർത്താവ് പ്രകടിപ്പിക്കുന്നു. ആറന്മുള വള്ളംകളിയുടേതുൾപ്പടെ പഴയ കാലത്തെ നിരവധി ചിത്രങ്ങൾ ഈ പുസ്തകത്തിലുണ്ട്. നിരവധി അംഗീകാരങ്ങൾ നേടിയ ഫോട്ടോഗ്രാഫർ കൂടിയായ ഗ്രന്ഥകാരൻ സ്വയം പകർത്തിയ ഈ ചിത്രങ്ങളിൽ പഴയകാലത്തിന്റെ മിടിപ്പുകൾ വായിച്ചെടുക്കാം.

ആറന്മുളയെക്കുറിച്ചുള്ള ഏതു പുതിയ അന്വേഷണങ്ങൾക്കും ഈ ഗ്രന്ഥം ആധാരമാക്കാം. ആറന്മുള ക്ഷേത്രത്തിനു വെളിയിലുള്ള ചില അന്വേഷണ ങ്ങളിലേക്ക് ഗ്രന്ഥകാരൻ പോയിട്ടില്ല. അത് അദ്ദേഹത്തിന്റെ വിഷയ പരിധിയിൽ വരുന്നതുമല്ല. അത്തരം ഇടങ്ങളിലേക്കു കൂടി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ പുസ്തകം. ഉദാഹരണത്തിന് നളചരിതം കഥകളി തിരുവനന്തപുരത്ത് ആദ്യമായി അവതരിപ്പിച്ചത് ആറന്മുളയിൽ നിന്നുള്ള ഒരു കഥകളി സംഘമാണെന്നും അതിന്റെ തലവൻ ആറന്മുള ഇട്ടിരവിപ്പണിക്കർ എന്നൊരാളാണെന്നും കൊട്ടാരം രേഖകളിലു ണ്ട്. കാവുങ്കോട് എന്നാണ് അദ്ദേഹത്തിന്റെ വീട്ടു പേരെന്ന് കെ.പി.എസ്. മേനോൻ എഴുതിയിട്ടുണ്ട്. പക്ഷേ ആറന്മുളയിലാർക്കും അങ്ങനെയൊരു കഥകളി സംഘ ത്തെപ്പറ്റി ഇന്നൊരു വിവരവുമില്ല. അന്വേഷണം ആവശ്യപ്പെടുന്ന ഒരു വിഷയമാണിത്.

ആറന്മുളയ്ക്കു ചുറ്റുമുള്ള പടേനിക്കാവുകളെപ്പറ്റിയും പടേനി എന്ന അനുഷ്ഠാന കലാരൂപത്തിലെ പലവിധ ചടങ്ങുകളെക്കുറിച്ചും ശൈലീ ഭേദങ്ങളെക്കുറിച്ചും തുടരന്വേഷണം നടക്കേണ്ടതുണ്ട്. കടമ്മനിട്ട വാസുദേവൻ പിള്ള തുടങ്ങി വെച്ച പടേനി ചിന്തകൾ അവിടെ അവസാനിക്കേണ്ടതല്ല. പല പള്ളിയോടക്കരകളും പടേനിക്കരകൾ കൂടിയാണ്. ഇവ തമ്മിലുള്ള സൂക്ഷ്മ ബന്ധങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ആറന്മുളയിൽ ധനുമാസത്തിൽ നടക്കുന്ന കമ്പം എന്ന ചടങ്ങിനെയും ഉത്സവകാലത്തെ വേലകളിയെയും പടേനി ചടങ്ങുകളുമായി ബന്ധിപ്പിച്ച് ചിന്തിച്ചാൽ പുതിയ ചില കണ്ടെത്തലുകൾ നടത്താനൊക്കുമെന്നു തോന്നുന്നു.

ആറന്മുള എന്ന ചരിത്രമുറങ്ങുന്ന നാടിനെപ്പറ്റി അനവധി അമൂല്യ വിവരങ്ങൾ അടങ്ങുന്ന ഈ ഗ്രന്ഥത്തിന്റെ രചയിതാവിന് അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here