Sunday, January 16

മന്ത്രി കെ രാജു ആര്‍ക്കൊപ്പം? ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്

അരിപ്പയിലെ ഭൂസമരം ആരംഭിക്കുന്നത് ആറുവർഷങ്ങൾക്കു മുൻപാണ്. കേരളത്തിൻ്റെ സമരചരിത്രങ്ങളിൽ ഇടം പിടിച്ച ചെങ്ങറയ്ക്ക് ശേഷം മറ്റൊരു ഭൂസമരം.എന്നാൽ  ഇന്നത് എതാണ്ട് മുഖ്യധാരാ മാധ്യമങ്ങൾ മറന്നമട്ടാണ്. കൊല്ലം ജില്ലയിലെ ചെന്തുരുണി വനമേഖലയുടെ ഭാഗമായ അരിപ്പയിലെ സമരഭൂമിയിലേക്ക് പ്രതിപക്ഷം.ഇൻ ചെല്ലുമ്പോൾ ഏതാണ്ട് നിശബ്ദതതന്നെയായിരുന്നു ഞങ്ങളെ നേരിട്ടത്. നിരവധി വേട്ടയാടലുകൾക്കു ശേഷം അർഹതപ്പെട്ട ഭൂമി ലഭിക്കുന്നത് പ്രതീക്ഷിച്ച് ഏതാണ്ട് എഴുനൂറോളം കുടുംബങ്ങൾ അവിടെ കഴിയുന്നു.

പോളിത്തീൻ ഷീറ്റുകൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളിലാണ് പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട ഈ മനുഷ്യർ ഭൂമികാത്തു കഴിയുന്നത്. അവരിൽ പൊതുവായൊരു സ്വപ്നമുണ്ട് കോളനിയല്ല കൃഷിഭൂമിയാണാവശ്യം എന്ന സ്വപ്നം കാർഷികവൃത്തിയും ആത്മാഭിമാനവും ഒരു കിനാവായിപ്പോഴും അവരിലുണ്ട്.

നോക്കൂ ഇതിലാണവരുടെ കിനാവും കണ്ണീരുമുറങ്ങുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീട്. സ്ക്വയർ ഫീറ്റും ബഡ് റൂമിൻ്റെ എണ്ണവും അടുക്കളയുടെ ആഡംബരവുമില്ലാത്ത വീടുകൾ.

ചതിക്കപ്പെടുന്നതിൻ്റെ ചരിത്രമാണ് എവിടെയും ആദിവാസികൾക്കും ദലിതർക്കും പറയുവാനുള്ളത്. ആദിവാസിസമൂഹത്തെയും പട്ടികജാതി വിഭാഗത്തേയും ഒട്ടും വാസയോഗ്യമല്ലാത്തിടങ്ങളിലേക്ക് തള്ളിവിടാനാാണ് അധികാരികൾക്കിഷ്ടം. അതിനാൽ പട്ടയം കിട്ടിയിട്ടുപോലും ആ ഭൂമിയിൽ പലതിലും താമസിക്കാൻ പറ്റാത്താവസ്ഥയാണുള്ളത്.

ചിലേടത്ത് ഭൂമിയുടെ പട്ടയരേഖ കയ്യിലുണ്ട് എന്നാൽ ഭൂമി ആൾബലവും പാർട്ടി പിന്തുണയും ഭരണസ്വാധീനതയുമുള്ളവരുടെ കൈവശമാണുള്ളത്.

അരിപ്പയിൽ തന്നെ സമരം ചെയ്യുന്നവരിൽ നാൽപ്പതുപേരോളം ചെങ്ങറസമരത്തിൽ ഇങ്ങനെ പട്ടയം കിട്ടിയവരാണ്. വാസയോഗ്യവും കർഷകവൃത്തിക്കുയോഗ്യവുമല്ലാത്ത ഭൂമിയായിരുന്നു അതെല്ലാം അതിനാൽ ഇനി വഞ്ചിക്കപ്പെടാനാവില്ലയെന്നാണ് അവർ പറയുന്നത്. അഞ്ചു ജില്ലകളിലുള്ള ആൾക്കാർ ഇതിലുണ്ട്. ഇപ്പോൾ ഭൂമി അതാതു ജില്ലയിൽ കണ്ടെത്തിതരാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് അതിൽ വിശ്വസിച്ചാണവർ കഴിയുന്നത്. വനംവകുപ്പ് റവന്യൂ വകുപ്പ് ഇവയുമായൊക്കെ ചർച്ചനടത്തിയെങ്കിലും അതെത്രമാത്രം പ്രായോഗികമായെന്നു പറയാൻ കഴിയില്ല. കള്ളക്കേസുകൾ, ജയിൽ വാസം, പുറത്തുനിന്നുള്ള പലതരത്തിലുള്ള ഉപദ്രവങ്ങൾ ഇവയേൽക്കേണ്ടിവന്നിട്ടുണ്ട്  ഇവിടെക്കഴിയുന്നവർക്ക്

ആദിവാസികളുടെ കാര്യമെടുക്കാം കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975 മാത്രമാണ്. എന്നാൽ ആദിവാസികൾ ഉൾപ്പെടെയുള്ള പാർശ്വവൽകൃതരൂടെ എക്കാലത്തേയും വലിയ സ്വപ്നം തന്നെയാണ്  ഇപ്പോഴും ഭൂമിയെന്നത്. ആദിവാസികളുടെ ഭൂമി ആരാണ് കയ്യടക്കി വച്ചിരിക്കുന്നതെന്നു ചോദിച്ചാൽ അതു സമൂഹത്തിലെ ചില ന്യൂനപക്ഷങ്ങളാണെന്നു പറയാം. ഒരു ശതമാനത്തിൽ താഴെയുള്ള ജൈനൻമാർ വയനാടും കോഴിക്കോടുമുൾപ്പടെയുള്ള ജില്ലകളിൽ കൈയടക്കിവച്ചിട്ടുള്ള ഭൂമിയുടെ അളവുതന്നെ ഇതിനുദാഹരണമാണ്. രാഷ്ട്രീയ സ്വാധീനവും സാമുദായിക വിലപേശലുകളും നൽകിയ പിൻബലമാണ് ഇത്തരം കൈയേറ്റങ്ങൾക്കു പിന്നിൽ.

ഒരു തമാശയ്ക്കു വേണ്ടി ഇതുകൂടി വായിച്ചു പോകാം പുതിയ ട്രൈബൽ മന്ത്രി എ കെ ബാലൻ്റെ പത്രക്കുറിപ്പ്.

 

അരിപ്പയിലേക്കുതന്നെ പോകാം. നമ്മളെ സ്വീകരിക്കാൻ അവിടെയുള്ള റിസപ്ഷൻ കൗണ്ടറും റജിസ്റ്ററും അതിനുശേഷം സംവദിക്കാൻ അവർ നടത്തുന്ന ക്രമങ്ങൾ  ഇവ തന്നെ ഒരു സംഘശക്തിയെയാണു നമുക്കു കാണിച്ചു തരുന്നത്.

ഇനിയും വിട്ടൊഴിയാത്ത അംബേദ്ക്കർ എന്ന വലിയ നവോത്ഥാന നേതാവിനെ അവർ ദൈവത്തെ പ്പോലെ ആരാധിക്കുന്നു.

 

ആറു വർഷം കൊണ്ട് അവർ നേടിയെടുത്ത സമരത്തിലെ അച്ചടക്കംതന്നെയാണ്. ഒരു രാഷ്ട്രീയ കക്ഷിയേയും അവർക്കു വിശ്വാസമില്ല എങ്ങനെയാണ് നമ്മുടെ ഇടതു വലതു കക്ഷികൾ സമൂഹത്തിലെ ഈ പാർശ്വവൽകൃതർക്കുവേണ്ടിയിടപെട്ടത് എന്നതിൻ്റെ ഒരു തെളിവുകൂടി ഇവിടെ വയ്ക്കാം

1999ലെ നായനാര്‍ സര്‍ക്കാര്‍ ഒരു  ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചു പിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, നമ്മൾ തുടക്കത്തിൽ വായിച്ച 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു.

ഇടതുവലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിയമം പാസാക്കിയപ്പോള്‍ ഗൗരിയമ്മ മാത്രമാണ് സഭയിൽ ഇതിനെ  എതിര്‍ത്തത്. 1999 ലെ നിയമഭേദഗതി ഡോ: നല്ലതമ്പി തേറയും, പി.യു.സി.എല്‍ തുടങ്ങിയ സംഘടനകളും, ആദിവാസികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചു. ഇതാണ് നമ്മുടെ ജനകീയ സർക്കാരുകൾ ആദിവാസികൾക്കായി  പാർശ്വവൽകൃതർക്കായി ഒരുക്കിവച്ച സമ്മാനങ്ങൾ. ഇതിൻ്റെ പ്രതിഫലനങ്ങളാണ് കേരളമെങ്ങും അലയടിച്ചുയരുന്ന ഭൂസമരങ്ങൾ .

പല ന്യായമുഖങ്ങൾ ഭരണവർഗ്ഗം നിരത്താറുണ്ട്. അതിലൊന്ന് മദ്യപാനമാണ്. ഒരു കുപ്പി മദ്യത്തിനു മുൻപിൽ എല്ലാം തകർന്നു പോകുന്നവരാണ് ഈ വിഭാഗമെന്നതാണ്. അരിപ്പയിൽ ഒരു ബോർഡ് കാണാം മദ്യനിരോധിതമേഖലയെന്നുള്ളത്. ശരിക്കും അച്ചടക്കം ശിലിച്ച- ശീലിക്കുന്ന ഒരു സംഘം മനുഷ്യരാണവിടുള്ളത്. എന്നാൽ പുറംലോകം അവരെ പലവിധത്തിൽ ചിതറിക്കാൻ ശ്രമിച്ചപ്പോൾ, അരിപ്പ സമരഭൂമിയ്ക്കു സമീപമായി ഒരു ബിവറേജസ് ഔട്ട് ലറ്റ് കൂടി സ്ഥാപിക്കാൻ നമ്മുടെ ഭരണയന്ത്രം മറന്നില്ല. ആദിവാസികളോടും ദളിതരോടും ഉള്ള പരിഗണന എത്രമാത്രമെന്ന് ഇവിടെനിന്നും മനസിലാക്കാവുന്നതാണ്.

ഇനി മറ്റൊരു ന്യായമവരുയർത്തുന്നത് മോഷണമാണ് . ഇങ്ങനെ താമസിക്കുന്നവരെല്ലാം മോഷ്ടാക്കളാണെന്ന വാദം. ചെങ്ങറയിൽ ഹാരിസൻ മലയാളം പ്ലാൻ്റേഷൻ്റെ റബർ മരങ്ങൾ അവർ ടാപ്പ് ചെയ്ത് വരുമാനം കണ്ടെത്തിയെന്നതാണ് ഇതിനു തെളിവായവർ ഉയർത്തിക്കൊണ്ടുവരുന്നത്. ഇവിടെ നിത്യപട്ടിണിയിലായിട്ട് പോലും തങ്ങൾകുഞ്ഞു മുസലിയാർ നട്ടു വളർത്തിയ റബർ മരങ്ങളിൽ നിന്നുള്ള ആദായമൊന്നുമെടുക്കാൻ ഈ മനുഷ്യർ തുനിയുന്നില്ല.

Read Also  കറുത്ത പെണ്ണുടലും കാമവും #Me Too ഒരു ദലിത് വായന

2012ൽ ഡിസംബർ 31നു ഇവിടെ കുടിൽകെട്ടി സമരം ആരംഭിക്കുമ്പോൾ തൊട്ടടുത്തദിവസം തന്നെ സി പി എം നേതൃത്വത്തിൽ ഭൂമികാണിക്കൽ പ്രവർത്തനം ശക്തിപ്പെടുകയും ചെയ്തു, മുൻപ് ഭരണത്തിലിരിക്കുമ്പോൾ ഒന്നും ചെയ്യാതിരുന്ന സി പി എം എന്ന രാഷ്ട്രീയ കക്ഷിയുടെ പൊള്ളത്തരമാണിവിടെ വെളിവാകുന്നതെന്നു അരിപ്പ സമര സമതി സെക്രട്ടറിയായ രമേശനും പ്രവർത്തകനായ ഉദയനും ഓർമ്മിക്കുന്നു. ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി ഇവയൊക്കെ എന്തിനുവേണ്ടിയാണ്   നിലകൊള്ളുന്നതെന്നും അവർ സംശയിക്കുന്നു .ദളിതൻ്റെയും പാർശ്വവൽകൃതരുടെയും സാന്നിധ്യമിപ്പോഴും കൊടിപിടിക്കാൻ മാത്രമായിക്കാണുന്ന രാഷ്ട്രീയ പാപ്പരത്തം തന്നെയാണ് ഇതിനെല്ലാം പിന്നിൽ.

നെൽകൃഷി തടഞ്ഞ നെല് വയൽ രാഷ്ട്രീയക്കാർ.

ഇതു നമ്മുടെ ഇപ്പോഴത്തെ കൃഷിമന്ത്രി ആറന്മുളയിലെ നെൽവയലുകളിൽ നിന്നും വിളവെടുത്തപ്പോൾ നടത്തിയ പ്രസംഗത്തിൻ്റെ ഭാഗങ്ങളാണ്. വെറുതേ ഒന്നു വായിച്ചു പോകാം.

നെല്‍വയലുകള്‍ നികത്തുന്നവരെ നാട്ടുകാര്‍ തടയണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രിവി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആറന്മുള നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മല്ലപ്പുഴശേരി പുന്നയ്ക്കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആറന്‍മുള എം. എല്‍. എ വീണാ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പാളത്തൊപ്പി ധരിച്ച് പാടത്തിറങ്ങി മന്ത്രി വി. എസ്. സുനില്‍കുമാര്‍ വിളഞ്ഞു പാകമായ നെല്ല് കൊയ്തു. കര്‍ഷകരും നാട്ടുകാരും നെല്ലു കൊയ്യാന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പാടത്ത് ഉത്സവപ്രതീതിയായി. നെല്‍വയലുകള്‍ നികത്തുന്നതിലൂടെ സ്വന്തം ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനു തടയിടുകയാണ് സര്‍ക്കാരിന്റെ .ലക്ഷ്യം. മഴവെള്ളം സംഭരിച്ച്, സംരക്ഷിച്ച് ഭൂഗര്‍ഭജലസമ്പത്ത് ഉണ്ടാക്കാന്‍ നെല്‍പാടങ്ങള്‍ ആവശ്യമാണെന്ന് മലയാളി മറന്നു പോയി. ഇതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വേനല്‍ കടുത്തതോടെ വെള്ളത്തിനായി പരക്കംപാച്ചിലാണ്. വിമാനത്താവള പദ്ധതി പ്രദേശങ്ങള്‍ കണ്ടാല്‍ വിത്തെറിയാന്‍ മന്ത്രിമാര്‍ക്ക് തോന്നുന്നത് മാനസിക പ്രശ്‌നമാണെന്ന് ചിലര്‍ വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് വിത്തെറിയാനുള്ള മാനസിക രോഗമില്ല, മറിച്ച് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. മിച്ചഭൂമി പൂര്‍ണമായി തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കും. നിലവിലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ സ്ഥലം തിരിച്ചുപിടിക്കും. 

എന്തു തോന്നുന്നു രാഷ്ട്രീയ ഇച്ഛാശക്തിയെന്നൊക്കെ പറയാൻ വരട്ടേ..നമുക്കീ നെൽവയൽ സംരക്ഷണനിയമത്തിലൂടെയൊന്നു പോകാം .

1970ൽ കേരളത്തിൽ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും കഴിഞ്ഞ 45 വർഷംകൊണ്ട് നികത്തിക്കഴിഞ്ഞു വെന്നും അതുകൊണ്ടുതന്നെ നെൽ വയലുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന തരത്തിൽ നിലവിൽവന്ന നെൽവയൽ സംരക്ഷണ നിയമം.

ഈ നിയമം നിലവിൽ വന്നതുമുതൽ കേരളത്തിലെ നീർത്തടങ്ങൾ എങ്ങനെയാണോ നിലനിൽക്കുന്നത് അപ്രകാരം സംരക്ഷിക്കപ്പെടേണ്ടതും അവ നികത്തുന്നതും അവയിൽ നിന്നും മണൽ വാരുന്നുതും സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്നതുമാകുന്നു(വകുപ്പ് 11)വെന്നും വളരെ വ്യക്തമായ സൂചനകൾ തരുന്നു. ഭൂമി തരിശിട്ടാൽ തദ്ദേശസ്ഥാപനങ്ങളോ പാടശേഖര സമിതികളോ അവിടെ കൃഷിയിറക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. …

Read Also  ഭരണകൂട ദളിത്‌ വേട്ട തുടരുന്നു; ദളിത്‌ നേതാവ് സുശീൽ ഗൗതം ഉൾപ്പടെ 6 പേർ അറസ്റ്റിൽ

എന്നാൽ അരിപ്പയിലെ കൃഷിക്കാർക്ക് നേരെ ഈ നിയമം തിരിഞ്ഞു കുത്തുകയാണുണ്ടായത്. ഏക്കർ കണക്കിനുള്ള തണ്ണീർതടങ്ങൾ വളരെ പ്രയാസപ്പെട്ടവർ നെൽകൃഷിക്കനുയോജ്യമാക്കി. ഇതിനു പിന്നിൽ നല്ലോരു കർഷകൻ കൂടിയായ ശ്രീരാമൻ കൊയ്യോൻ്റെ ദീർഘവീക്ഷണവുമുണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞ് വിഹിതം പങ്കുവച്ച് പട്ടിണിയകറ്റി ജീവിക്കുമ്പോഴാണ് നെൽ വയലുകൾ തരിശിടരുതെന്നു പറഞ്ഞ നമ്മുടെ ഭരണസിരാകേന്ദ്രം ഇനി അരിപ്പയിൽ നെൽ കൃഷിചെയ്യരുതെന്ന ഓർഡർ ഇറക്കുന്നത്. ആ ഭൂമിയിപ്പോഴും തരിശായിക്കിടക്കുന്നു. വിശപ്പകറ്റാൻ സ്ത്രീകൾ സമീപത്തുള്ള പനകളിലെ ഓലകൾ ശേഖരിച്ചു ചൂലുകൾ ഉണ്ടാക്കി വിൽക്കുന്നു. ചിലർ എന്തൊക്കെയോ കുടിലിൻ്റെ മുറ്റത്തു കൃഷിചെയ്തു ഭക്ഷിക്കുന്നു തുച്ഛമായ വേദനവും ആരോഗ്യപ്രശ്നങ്ങളും പലരേയും അലട്ടുന്നുണ്ട്. എങ്കിലും അവർ പ്രതീക്ഷയിലാണ്. അവർക്കും കൃഷിചെയ്തു ജീവിക്കാൻ പത്തുസെൻ്റ് ഭൂമി എവിടെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ.

കൃഷിവിലക്കിയ പാടം

സമരത്തിൻ്റെ ആദ്യഘട്ടത്തിൽ സമീപവാസികളിൽ നിന്നും അതിഭീകരമായ എതിർപ്പുകളും ആക്രമണങ്ങളുമുണ്ടായെന്ന് അമ്മമാർ ഓർമ്മിക്കുന്നു.  നിവർന്നു നിൽക്കാൻ കുടിലിനു പുറത്തിറങ്ങണം ആ അമ്മമാർക്കുപോലും. അവരുടെ കണ്ണീരിനെ  അവഗണിച്ചാണ് നമ്മുടെ നാഗരികത വളരുന്നത്.

സമരം തുടങ്ങുമ്പോൾ എതാണ്ട് ആയിരത്തിനടുത്ത് കുടുംബങ്ങൾ ഇവിടെ യുണ്ടായിരുന്നു. എന്നാൽ ആറുവർഷത്തെ യാതനകൾ പലരേയും പലേടങ്ങളിലും കൊണ്ടെത്തിച്ചു. അരിപ്പ ആവശ്യപ്പെടുന്നത് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ മൂന്നു സെൻ്റല്ല, മറിച്ച് കൃഷിചെയ്തു ജീവിക്കാനാവശ്യമായ ഭൂമിയാണ്. അതിനാൽതന്നെ അതിജീവനത്തിൻ്റെയും തുടർജീവിതത്തിൻ്റെയും ഒരു തലം ഈ സമരത്തിനുണ്ട്. വൻസമ്പത്തുള്ള ഹാരിസൺ പോലുള്ള കമ്പനികൾക്കും വ്യക്തികൾക്കും കൃഷിചെയ്യുവാനും വ്യവസായങ്ങൾ നടത്തുവാനും ആവശ്യമായ ഭൂമി കാലഗണനകൂടാതെ പാട്ടത്തിനു കൊടുക്കുകയും കാലാവധി തീർന്നിട്ടും തിരിച്ചു പിടിക്കാതിരിക്കുകയും ചെയ്യുന്ന ഗവണ്മെൻ്റിൻ്റെ നിലപാടുകളാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഒരു സ്വതന്ത്ര രാജ്യമായി ഇന്ത്യ ഭൂഖണ്ഡം മാറിയിട്ടും പുതിയ ഭരണഘടനയും അവകാശങ്ങളും ജനകീയ സർക്കാരുകളും നിലവിൽ വന്നിട്ടുപോലും പാട്ടക്കരാർ പോലുള്ള ചില ഒത്തുതീർപ്പുകൾ ഇപ്പോഴും തുടരുന്നു. മുല്ലപ്പെരിയാറിലും ഇതുതന്നെയാണു നമ്മൾ കാണുന്നത്. ഇതിനു പിന്നിൽ ചില പ്രത്യേക താത്പര്യങ്ങൾ തന്നെയാണ്. തങ്ങൾ കുഞ്ഞു മുസലിയാർ എന്ന മുതലാളിക്ക് പാട്ടക്കരാറിൽ നൽകിയ ഭൂമിയാണ് അരിപ്പയിലേത്. ആ കരാർ വിട്ടൊഴിഞ്ഞപ്പോൾ അത് സർക്കാരിനവകാശപ്പെട്ടതായും മാറുന്നു. ഇപ്പോഴും അരിപ്പയിലെ സമരനേതാക്കൾ പറയുന്നത് അവർക്കീ ഭൂമിതന്നെ വേണമെന്നില്ല മറിച്ച് മറ്റെവിടെയെങ്കിലും ജീവിതത്തിനും കൃഷിക്കും അനുയോജ്യമായ സ്ഥലം, അതാണവരുടെ ആവശ്യം.

വനം മന്ത്രിയും സ്ഥലം എം എൽ എ യുമായ കെ രാജുവിൻ്റെ വ്യക്തിപരമായ ചില താത്പര്യങ്ങളെപ്പറ്റിയും ഈ സമരസമിതി  നേതാക്കൾ ചൂണ്ടിക്കണിക്കുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പുകളെപ്പോലും നിശബ്ദമാക്കിക്കൊണ്ടുള്ള ഇടപെടലാണിപ്പോൾ അദ്ദേഹം നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ പ്രശ്നം മുഖ്യമന്ത്രിയുടെ മുൻപിലെത്തിയിട്ടുണ്ടെന്നും മന്ത്രിയുടെ വാദഗതികൾ മുഖ്യമന്ത്രി തിരിച്ചറിയുമെന്ന  പ്രതീക്ഷയിലാണിപ്പോൾ അവർ ജീവിക്കുന്നതെന്നും സമരസമിതി അഭിപ്രായപ്പെടുന്നു.

മന്ത്രി രാജുവിൻ്റെ പേരിൽ ഉയർന്ന ആരോപണത്തെപ്പറ്റിയറിയാൻ പ്രതിപക്ഷം.ഇൻ അദ്ദേഹവുമായി ബന്ധപ്പെടുകയുണ്ടായി.

കഴിഞ്ഞയാഴ്ചയും അരിപ്പസമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തൊരു മീറ്റിംഗ് വിളിച്ചിരുന്നു. അവർ പറയുന്നത് ‘അതേ പടി എങ്ങനെ അംഗീകരിക്കും അരിപ്പയിലെ ഭൂമി ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. ഇവിടെനിന്നും സമരക്കാർ എപ്പോഴിറങ്ങുന്നുവോ അപ്പോൾ തന്നെ ഇത് ആദിവാസികൾക്ക് കൊടുക്കും. കഴിഞ്ഞയാഴ്ച വിളിച്ച കോൺഫ്രൻസുപോലും അംഗീകരിക്കാതെ പോയവരാണവർ.’ ഇതായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിൽ തെളിയുന്ന ഒരു വൈരുദ്ധ്യംകൂടി ചൂണ്ടിക്കണിക്കാം. അരിപ്പ സമരക്കാർ അവർക്കു അരിപ്പയിലെ ഭൂമിതന്നെ വേണമെന്ന പിടിവാശിയില്ലെന്നും ജീവിക്കാനും കൃഷിചെയ്യുവാനും ആവശ്യമായ സ്ഥലമാണുവേണ്ടതെന്നും പറയുമ്പോൾ വനം മന്ത്രിപറയുന്നു അരിപ്പയിൽനിന്നും ഒഴിഞ്ഞുപോയാൽ ആ ഭൂമി ആദിവാസി സമൂഹത്തിനുകൊടുക്കുമെന്ന്. സമവായത്തിൻ്റെ പ്രതീക്ഷകളിലും ഇതു സൂചിപ്പിക്കുന്നത് വ്യക്തമായ ആവശ്യങ്ങൾ മുന്നിർത്തിയുള്ള ചർച്ചകളല്ല നടക്കുന്നതെന്നോ അല്ലെങ്കിലും ഭരണപക്ഷത്തെ ചില പിടിവാശികളൊ ആണ് അരിപ്പയിലെ സമരം നീട്ടിക്കൊണ്ടു പോകുന്നതെന്നോ വേണം കരുതാൻ.

അരിപ്പയിലെ കാഴ്ചകൾ

 

 

 

സമരസമിതി സെക്രട്ടറി രമേശൻ

 

Spread the love

Leave a Reply