Thursday, January 20

ആർപ്പോ ആർത്തവം കുറിപ്പ് ; മാനസ എഴുതുന്നു

ആർത്തവത്തെക്കുറിച്ചുള്ള ഓർമ്മകൾ പലതാണ്

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്, 2006ൽ നവംബർ 25 ന് വൈകീട്ട് ബാലരമ വായിച്ച് കൊണ്ടിരുന്നപ്പോഴാണ് എനിക്ക് ആദ്യമായി ആർത്തവം ഉണ്ടായത്. കുളിക്കാൻ കയറിയപ്പോൾ ഷഡ്ഡിയിൽ ഒരു നനവ്. തൊട്ടുനോക്കിയപ്പോൾ ചോരയാണ്. ഉമ്മച്ചിയെ വിളിച്ച് മെൻസസായീന്ന് തോന്നുന്നു ന്ന് പറഞ്ഞു. കുളിച്ച് കയറ് ന്ന് ഉമ്മ. വളരെ സ്വാഭാവികമായി അതങ്ങ് വന്നു

എന്താണ് ആർത്തവമെന്ന് ആ പ്രായത്തിന് മുൻപേ പറഞ്ഞു തന്നിരുന്ന ഉമ്മച്ചിക്കറിയാമായിരുന്നു എങ്ങനെയാണതിനെ ഡീൽ ചെയ്യേണ്ടതെന്ന്. ലേഹ്യത്തിന്റേയോ കഷായത്തിന്റേയോ ഒന്നും മണം ആ ഓർമകളില്ല. നൂറു തേങ്ങ പൊട്ടിച്ച വെള്ളം തലയിലൊഴിച്ചിട്ടുമില്ല. ഇത്തരത്തിലുള്ള ‘ആചാരങ്ങൾ’ പിന്നീട് കേട്ടറിഞ്ഞതാണ്

അങ്ങനെ കേട്ടറിഞ്ഞ പല കഥകളും പിന്നീടൊരു ഞെട്ടലായിരുന്നു.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, മൂന്നാമത്തെ ബെഞ്ചിന്റെ മൂലയിൽ ഇരിക്കുന്ന ‘അവൾ’ തുടർച്ചയായി ക്ലാസിൽ വരാതെയായി. ഇട ദിവസങ്ങളിൽ വരുമ്പോൾ മുഖം കുനിച്ച് അങ്ങനെ ഇരിക്കും. മിസ്സായ നോട്റ്റ് പറഞ്ഞു കൊടുക്കാൻ ടീച്ചർ പറഞ്ഞതുകൊണ്ടാണ് പിന്നീടുള്ള ഉച്ച സമയങ്ങളിൽ അവൾക്കൊപ്പം ഇരുന്നത്.

വരാത്ത ദിവസങ്ങളെ കുറിച്ച് അവൾ പറഞ്ഞതിങ്ങനെയായിരുന്നു: ആ കഴിഞ്ഞ ദിവസങ്ങളിലാണ് ആദ്യമായി ‘ വന്നത്’. വന്നതിൽ പിന്നെ വീട്ടിൽ കയറ്റിയിട്ടില്ല. വീടിന് പുറത്ത് ഓല മറച്ചുകെട്ടി അവിടെയാണ് കിടക്കുന്നത്. മഞ്ഞും തണുപ്പും ഉണ്ടെങ്കിലും പുതപ്പിന്റെ സൗകര്യം ഇല്ലായിരുന്നു. ഇലയിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അമ്മയെ മാത്രമേ ആ ദിവസങ്ങളിൽ കണ്ടിരുന്നുള്ളൂ. അഞ്ചാമത്തെ ദിവസമായിരുന്നു ചടങ്ങ്. കുളിപ്പിച്ച് മഞ്ഞള് ചാർത്തി ഒരുക്കിയിരുത്തി. എല്ലാവരും കരയുകയായിരുന്നു. അന്നത്തോട് കൂടെ ആ വീട്ടിലെ സ്ഥാനം അവസാനിച്ചു എന്ന്- മരിച്ചതിന് തുല്യം. ഇനി അവൾക്കായി നല്ല വസ്ത്രങ്ങളോ ഭക്ഷണമോ മാറ്റി വെക്കില്ല!

കൗമാരക്കാരിയായ അവൾ അന്നനുഭവിച്ച ട്രോമ എത്ര മാത്രമായിരിക്കും എന്ന് ചിന്തിക്കാൻ പോലും നമുക്കിപ്പോൾ സാധ്യമല്ല. വളരെ വൈകാതെ അവൾ പഠനം നിർത്തി.

മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഞാൻ ആ ദിവസങ്ങളിൽ ഖുർആൻ തൊടാതെ , നിസ്കരിക്കാതെ, നോമ്പെടുക്കാതെ ‘ശുദ്ധി’യെ സംരക്ഷിച്ചിരുന്നു! അതിലും വിചിത്രമായ മറ്റൊരു കാര്യം- ആർത്തവ ദിവസങ്ങളിൽ പൊഴിയുന്ന ഓരോ മുടിയും വെട്ടുന്ന നഖ കഷ്ണങ്ങളും പെറുക്കി കൂട്ടി വെക്കും. എന്നിട്ട് അവയെല്ലാം കഴുകി ശുദ്ധിയാക്കി മണ്ണിൽ കുഴിച്ചിടും. അല്ലെങ്കിൽ കബറിൽ വൃത്തിയില്ലാത്ത അവയവങ്ങളായി അവ ഇഴഞ്ഞു വരുമത്രേ..! 

ഏതെങ്കിലും ഒരു സമുദായത്തിനകത്ത് നിലനിൽക്കുന്ന ഒന്നല്ല ആർത്തവത്തെ സംബന്ധിച്ച അയിത്തം. എന്താണ് ആർത്തവം എന്ന് സ്വന്തം കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാനുള്ള അമ്മമാരുടെ മടിയിൽ നിന്ന് ആരംഭിക്കുന്നതാണത്. വലുതാകുമ്പം മനസ്സിലാകും എന്ന് പറഞ്ഞ് മാറ്റി വെക്കുന്നതോട് കൂടെ അതെന്തോ വലിയ ‘സംഭവ’മായി കുഞ്ഞുങ്ങളിൽ കയറികൂടുന്നു. ആർത്തവം രഹസ്യമാക്കി വേക്കേണ്ട എന്തോ ഒന്നാണെന്നും ആണുങ്ങളറിയാൻ പാടില്ലാത്ത ‘നിഗൂഡത’ യാണെന്നും കുഞ്ഞുങ്ങൾ ചിന്തിച്ചു തുടങ്ങുന്നത് അപ്പോഴാണ്.

Read Also  ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

വിശ്വാസത്തിന്റെ ചങ്ങല കൂടെ ചാർത്തുന്നതോട് കൂടെ അത് പൂർണമാകുന്നു എന്ന് മാത്രം. ആർത്തവ ദിവസം ഭർത്താവിനെ തൊടാൻ പോലും മടിക്കുന്നവരും അടുക്കളയിൽ കയറാത്തതും ( ആർത്തവ സമയത്ത് ഉണ്ടാക്കിയ ഭക്ഷണം ആണുങ്ങൾ കഴിക്കരുത്) അതിന്റെ വകഭേദങ്ങൾ മാത്രം.

ഇക്കാര്യത്തിൽ മറ്റൊരു രസകരമായ കാര്യം ആർത്തവ സമയത്തെ ലൈംഗികതയാണ്. ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് മാത്രമല്ല, ആർത്തവ രക്തം പുരുഷന്മാർ കാണാൻ പോലും പാടില്ല. ഇനി എങ്ങാനും സംഭവിച്ചാൽ പുരുഷന്റെ ധീരതക്ക് കോട്ടം വരുമത്രേ. ഏഴാം ക്ലാസിലെ ഉസ്താദ് പലതവണ പറഞ്ഞ് പഠിപ്പിച്ചതാണ് ഈ അറിവ്!

ഇനിയും എത്രയെത്ര കാര്യങ്ങൾ…

അതുകൊണ്ട് നമ്മൾ ഉറച്ചുറച്ച് ആർത്തവം എന്ന് ആവർത്തിച്ചേ മതിയാവൂ.. പറഞ്ഞു പറഞ്ഞ് മാത്രമേ ആർത്തവ അയിത്തം ഇല്ലാതാക്കാൻ കഴിയുകയുള്ളൂ..

 

Spread the love

Leave a Reply