ഇന്ന് രഹസ്യകേന്ദ്രമന്വേഷിച്ച് ചിദംബരത്തെ തേടി ഓടുമ്പോൾ ഒരു മധുരപ്രതികാരം കൂടി ചെയ്യുകയാണു ആഭ്യന്തരമന്ത്രി അമിത് ഷാ.

സുപ്രീം കോടതിയും കൈവിട്ടപ്പോൾ ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ കുരുക്കു കൂടുതൽ മുറുകിയിരിക്കുകയാണു. ഏത് സമയവും അറസ്റ്റ് ചെയ്യാമെന്ന് ആഭ്യന്തരവകുപ്പ് പറയുന്നു. ഇതിനിടയിൽ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യുന്നത്‌ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസും അമിത് ഷായുടെ അറസ്റ്റുമാണ്. അറസ്റ്റ് തടയാനുള്ള എല്ലാ ശ്രമവും അന്ന് പരാജയപ്പെട്ടപ്പോൾ വഴങ്ങുകയായിരുന്നു അമിത് ഷാ. 2010ല്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്.

ഗുജറാത്തിലെ വിവാദമായ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് സംസ്ഥാന ആഭ്യന്തരസഹമന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയായിരുന്നു എന്നായിരുന്നു കേസ്. സൊഹ്‌റാബുദിന്‍ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കുറ്റപത്രം. എന്നാല്‍ ഇതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അമിത് ഷായെ വെറുതേവിട്ടു.

2010 ൽ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഇപ്പോഴത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്രയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ചിദംബരവുമായുള്ള ചില അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അദ്ദേഹത്തെ മാതൃ കേഡറിലേക്ക് മടക്കി അയച്ചിരുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെയാണ് 2005ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതിയായത്.

വ്യാജ ഏറ്റുമുട്ടലിനിരയായവർ ഭീകരപ്രവർത്തകരായിരുന്നു എന്നായിരുന്നു ആരോപണം. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബ അംഗമെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെയും ഭാര്യ കൗസര്‍ബിയെയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദില്‍ നിന്ന്, ഗുജറാത്ത് എടിഎസ് തട്ടിക്കൊണ്ടുപോയെന്നും, 2005 നവംബറില്‍ സൊഹ്‌റാബുദീനെ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും ഭാര്യ കൗസര്‍ബിയെ ചുട്ടെരിച്ചുവെന്നുമാണ് കേസ്.

പിന്നെ സാക്ഷിയുടെ ദുരൂഹമായ കൊലപാതകവും നടന്നു. ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയും സൊഹ്‌റാബുദീന്റെ കൂട്ടാളിയുമായ തുള്‍സിറാം 2006 ഡിസംബറില്‍ കൊല്ലപ്പെടുകയായിരുന്നു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത് ആസൂത്രണം ചെയ്‌തെന്നായിരുന്നു ആരോപണം. 2010 ജൂലൈയില്‍ ചിദംബരത്തിൻ്റെ കാലത്ത് സിബിഐ ഷായെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. ഗുജറാത്തില്‍ കടക്കരുതെന്ന നിബന്ധനയോടെയായിരുന്നു അത്.

അതേസമയം ‘നിഷ്പക്ഷ വിചാരണയ്ക്കായി’ 2012 സെപ്റ്റംബറില്‍ സൊഹ്‌റാബുദീന്‍ കേസ് സിബിഐയുടെ അപേക്ഷ പ്രകാരം തന്നെ മുംബൈയിലേക്കു മാറ്റുകയായിരുന്നു. ഷായ്‌ക്കെതിരെ കേസില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി 2014 ഡിസംബര്‍ 30ന് മുംബൈയിലെ സിബിഐ കോടതി കേസ് തള്ളിയിരുന്നു. ഈ വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും 2016ല്‍ തള്ളുകയായിരുന്നു. ഇന്ന് അമിത് ഷായെപ്പേടിച്ച് രഹസ്യകേന്ദ്രത്തിൽ കഴിയുന്ന ചിദംബരത്തെ അന്വേഷിച്ചാണു അമിത് ഷായുടെ നിർദ്ദേശപ്രകാരം പോലീസ് റോന്ത് ചുറ്റുന്നത്. പക്ഷെ ചിദംബരം എവിടെയാണെന്ന് ഒരു സൂചനയും കിട്ടുന്നില്ല

Read Also  ചിദംബരം കസ്റ്റഡിയിൽ തുടരും ; സുപ്രീം കോടതി ഹർജി തള്ളി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

അയ്യങ്കാളിയും ഫൂലെയും കെവിൻ്റെ കൊലപാതകവും ; ശിക്ഷ വർണവ്യവസ്ഥയ്ക്ക് ആഘാതമേല്പിക്കുമോ : പി കെ സി പവിത്രൻ എഴുതുന്നു

ചിദംബരത്തിനുള്ള മോചനത്തിനു എല്ലാ പഴുതുകളും അടച്ച് ആഭ്യന്തരവകുപ്പ്

 

LEAVE A REPLY

Please enter your comment!
Please enter your name here