Thursday, January 20

ഇനിയിപ്പോ തിന്നില്ലേലെന്ത്? പട്ടിണി ആഗോള പ്രത്യാഘാതമാണല്ലോ?

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനകളിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പരിഭ്രമിക്കേണ്ടതില്ലെന്ന്. നോട്ടുനിരോധനത്തില്‍ നട്ടെല്ലൊടിഞ്ഞ ഇന്ത്യന്‍ ജനതയോട് പറയുന്നത് മറ്റാരുമല്ല. അവരെ സംരക്ഷിക്കേണ്ട അധികാരികള്‍ തന്നെയാണ്. ഇവിടെ ഡാം തുറക്കുന്നതില്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ പോലെ ഇന്ത്യന്‍ ജനതയോടാകെ കേന്ദ്രം പറയുകയാണ്, പരിഭ്രമിക്കേണ്ടെന്ന്.

ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയിലേക്ക് കുതിക്കുന്ന നാം അവിചാരിത പ്രത്യാഘാതങ്ങളില്‍ പരിഭ്രമിക്കേണ്ടതില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞത്. അത് ആഗോളഘടകങ്ങളുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബുധനാഴ്ച ഡോളറിനെതിരായ രൂപയുടെ മൂല്യം 71.75 ആയിരുന്നു. ഇന്ന് അത് 71.94 രൂപയായിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ പെട്രോളിന് 82.60 രൂപയും ഡീസല്‍വില 76.26 രൂപയുമായിരുന്നു. ഇന്ന് അത് പെട്രോളിന് 82.82ഉം ഡീസലിന് 76.41ഉം ആയി മുന്നോട്ടു തന്നെയാണ്. എന്തായാലും പെട്രോള്‍, ഡീസല്‍ വിലകളും രൂപയുടെ മൂല്യവും ഏകീകരിച്ച് എത്രയും പെട്ടെന്ന് 100ല്‍ റൗണ്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനനുസരിച്ച് രാജ്യത്ത് രൂക്ഷമാകുന്ന ദാരിദ്ര്യം ഇപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയൊന്നും ചിന്താവിഷയമല്ലാതായിരിക്കുന്നു. ജനപ്രതിനിധികള്‍ കാലാകാലം പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും കൂട്ടി എടുക്കുകയും കൂടുതലും വിമാനങ്ങളിലേറി വിദേശവാസവും ചികിത്സയുമൊക്കെയായി ജനതയുടെ ചിലവില്‍ കാര്യങ്ങള്‍ സാധിക്കുന്നുണ്ടല്ലോ. നാടാകെ കക്കൂസുമായി. ഇനിയിപ്പോ തിന്നില്ലേലെന്ത്? പട്ടിണി ആഗോള പ്രത്യാഘാതമാണല്ലോ?

 

Spread the love