Sunday, May 31

മഹാമാരികള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ദൈവങ്ങളും വാതില്‍ മലര്‍ക്കെ തുറന്നിടുന്ന നരകമെന്ന സങ്കല്പവും ; അസീം താന്നിമൂട് എഴുതുന്നു

ഒരു മഹാമാരിക്കാലത്തെ ആധികളെ ഭ്രമാത്മകമായി നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്വന്തം സൃഷ്ടികളില്‍ ആവിഷ്കരിച്ചിട്ടുള്ള ചിത്രകാരന്‍ ഹിരോണിമസ് ബോഷ് ‘വയ്ക്കോല്‍ വണ്ടി’ എന്ന തന്‍റെ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചത്…

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് ബോഷ് ജീവിച്ചിരുന്നത്.ഉത്തരയൂറോപ്പിലെ ഫ്ളാന്‍ഡേഴ്സിലായിരുന്നു ജനനം. സംഭ്രമജടിലമായ വരകളാല്‍ ആസ്വാദകരെ അമ്പരപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത ചിത്രകാരന്‍. പ്രേക്ഷകരുടെ ആസ്വാദനവും ആനന്ദവുമായിരുന്നില്ല
ചിത്രരചനയില്‍ ബോഷിന്‍റെ ലക്ഷ്യം. അധികംപേരും ആ ചിത്രങ്ങളോട് അറപ്പ്,ഭയം എന്നീ വികാരങ്ങളാണ് അക്കാലത്ത് ഏറെയും പ്രകടിപ്പിച്ചിരുന്നതെന്നും
കാണാം.ബീഭത്സ ബിംബങ്ങളുടെ
ധാരാളിത്തമായിരുന്നു ചിത്രങ്ങളിലാകെയും.വികൃതമായ മുഖങ്ങള്‍, മനുഷ്യരോ, മൃഗങ്ങളോ എന്നു തിരിച്ചറിയാനാകാത്തതരം രൂപങ്ങള്‍…ഭാവങ്ങള്‍…


The Hay wain (വയ്ക്കോല്‍ വണ്ടി) എന്ന ചിത്രം ഒന്നുമാത്രംമതി ആ ശൈലിയുടെയും ഭാവനയുടേയും വ്യാപ്തി വ്യക്തമാകാന്‍.’നരകം’ എന്ന ചിത്രത്തേയും ഈ വിധം ചേര്‍ത്തു വായിക്കാനാകും.`വയ്ക്കോല്‍ വണ്ടി’യില്‍ ഒരുസംഘം മനുഷ്യരുടെ നരകത്തിലേയ്ക്കുള്ള പ്രയാണമാണ് ചിത്രീകരിച്ചിട്ടുള്ളത്. എത്രമേല്‍ ബീഭത്സമായാണു ബോഷതിനെ വരച്ചു പൊലിപ്പിച്ചതെന്നു തിരിച്ചറിയാന്‍ ആ ചിത്രത്തില്‍ ഒട്ടുനേരം ആഴത്തില്‍ നോക്കിയിരിക്കേണ്ടിവരും. നരകത്തിലേയ്ക്കുള്ള വാഹനം വയ്ക്കോല്‍ വണ്ടിയാണ്.ചിത്രത്തിന്‍റെ ഒത്ത നടുവിലായാണ് ഈ വണ്ടിയുടെ സ്ഥാനം.വയ്ക്കോല്‍ കൂനയ്ക്കു മുകളിലായി ഒരു യുവാവിരുന്നു വയലിന്‍ വായിക്കുന്നു. ശ്രുതിക്കൊത്തു പാടുന്ന ഒരു യുവതി.ഇവര്‍ക്കു പിന്നില്‍ ചുംബനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊരു യുവാവും യുവതിയും.സമീപത്തു മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മാലാഖ,
മാര്‍പ്പാപ്പയുടെ കിരീടം തലയില്‍ ധരിച്ച് എതിര്‍ വശത്തിരിക്കുന്ന ഒരു ജീവി, തന്‍റെ മൂക്കിനുമേല്‍ സംഗീതോപകരണത്തിലെന്നതുപോലെ എന്തോകൊണ്ടു മീട്ടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. കോണിയിലൂടെ വയ്ക്കോല്‍ക്കൂനയ്ക്കുമേല്‍ കയറാന്‍ ശ്രമിക്കുന്ന ചിലരെയും കാണാം. കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രീകളും അക്കൂട്ടത്തിലുണ്ട്. ചിലര്‍ വയ്ക്കോല്‍ വണ്ടിയെ ധൃതിയില്‍ പിന്തുടരുന്നു.അക്കൂട്ടത്തില്‍ ഒരു മാര്‍പ്പാപ്പയേയും കാണാം….ഇത്തരത്തില്‍ വിചിത്ര ഭാവനകളുടെ ദ്യശ്യവിരുന്നാണ് ഈ ചിത്രം ഒരുക്കുന്നത്….

എന്തായിരിക്കും ബോഷ് ഈ ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നറിയാന്‍ നോട്ടത്തെ തീര്‍ത്തും കൂര്‍പ്പിച്ചു
വയ്ക്കേണ്ടിവരും…ക്ളാവടരുകളൊക്കെ കുടഞ്ഞുകളഞ്ഞ് മനസ്സിനെ സ്ഫടികസമാനം അവയ്ക്കുമുന്നില്‍ പിടിക്കേണ്ടിവരും. അതുകൊണ്ടു മാത്രം ബോഷിനെ കൃത്യമായി വായിക്കാനാകില്ലെങ്കിലും അവ്യക്തതകള്‍ക്കിടയിലൂടെ അപാരമൊയൊരു ജീവിതാവസ്ഥ നമുക്കു തെളിഞ്ഞുകിട്ടും. ഓരോ രൂപവും അസംഖ്യം അലോസരങ്ങള്‍ വെളിപ്പെടുത്തും…അക്കാലത്തെ ജീവിതങ്ങളുടെ ദൈന്യപൂര്‍ണ്ണവും ദാരുണവുമായ അവസ്ഥയിലേയ്ക്കു മുന്നറിവില്ലാതെ തന്നെ നമ്മള്‍ എത്തിച്ചേരും…ഒരു കാലഘട്ടത്തിലെ ആധികളും ആശങ്കകളും
അപ്പടി ആ കാന്‍വാസില്‍ തെളിഞ്ഞു കാണാനാകും….ബോഷ് ജീവിച്ചിരുന്ന ആ കാലഘട്ടത്തെക്കുറിച്ച് അറിയാന്‍ നമ്മള്‍ ശ്രമിക്കും..`കറുത്തമരണം(പ്ളേഗ്)
യൂറോപ്പില്‍ അക്കാലത്തു സൃഷ്ടിച്ച ആഘാതമറിഞ്ഞ് നമ്മള്‍ മരവിച്ചു പോകും…!! ഒരു സൃഷ്ടിക്ക് എങ്ങനെയാണ്, അജ്ഞാതമായ അലോസരങ്ങളെ അര്‍ത്ഥപൂര്‍ണ്ണമാംവിധം ധ്വനിപ്പിക്കാനാവുകയെന്ന് ഈ ചിത്രം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

മതപരമായ ചില ചിത്രങ്ങളും ബോഷ് അക്കാലത്ത് രചിച്ചിട്ടുണ്ട്.അവയിലും വിസ്മയ ഭാവനകളുടെ ധാരാളിത്തം കാണാം.`കുരിശു വരയ്ക്കുന്ന ക്രിസ്തു’വാണ് അതില്‍ ഏറെ ശ്രദ്ധേയം.
ബീഭത്സങ്ങളായ മുഖഭാവങ്ങളോടെ ക്രിസ്തുവിനുചുറ്റും ഇരിക്കുന്നവരെ ആശ്ചര്യരഹിതമായ് നോക്കിക്കാണാനാകില്ല.യേശുവിന്‍റെ മുഖത്തിന് ആ ചിത്രത്തില്‍
ദിവ്യമായ പരിവേഷമൊന്നും ചാലിച്ചു നല്‍കിയിട്ടില്ലെന്നും കാണാനാകും…
മഹാമാരികളോ മഹാ സങ്കടങ്ങളോ വന്നാല്‍ ദൈവങ്ങളൊക്കെ അങ്ങനെയാണ്,വിളറി വെളുത്തുപോകും; നരകം എന്ന സങ്കല്പം മാത്രം വാതില്‍ തുറന്നിട്ട് ആവേശത്തോടെ കാത്തിരിക്കും…

Read Also  ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

Leave a Reply

Your email address will not be published.