Tuesday, May 26

നിരോധനങ്ങളിലൂടെ കേരളം കണ്ണിലെ കരടാകുന്നത് തിരിച്ചറിയേണ്ടതുണ്ട്

2016 ൽ പത്താൻ കോട്ട് ആക്രമണമുണ്ടായപ്പോൾ എൻ ഡി ടി വി യെ ഇരുപത്തിനാലു മണിക്കൂർ നിരോധിച്ചിരുന്നു. പ്രത്യക്ഷത്തിൽ പോസ്റ്റ് എമർജൻസി കാലത്ത് മാധ്യമങ്ങൾക്കു നേരെ ഉണ്ടായ ആദ്യ സർക്കാർ ഇടപെടൽ. അതിനുശേഷം ഇപ്പോൾ മലയാളത്തിൽ നിന്നുള്ള രണ്ടു ചാനലുകളാണ് ഈ ഇന്ത്യാമഹാരാജ്യത്ത് നിരോധിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ചു നാളുകളായി ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടം മറയില്ലാതെ പ്രേക്ഷകരിലെത്തിച്ച് എന്നതാണ് കണ്ടെത്തപ്പെട്ട കുറ്റം.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്ട്രിയുടെ കീഴിൽ ഉള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററാണ് ഏഷ്യാനെറ്റ് ന്യുസിനും മീഡിയ വണ്ണിനും നാല്പത്തിയെട്ടു മണിക്കൂർ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ഹിന്ദി ഭാഷയിൽ കണക്കനുസരിച്ച് മുപ്പത്തിയെട്ടു വാർത്താചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റിതര ഇന്ത്യൻ ഭാഷകളിൽ എല്ലാം കൂടി ഏതാണ്ട് നൂറ്റിയന്പതിനടുത്ത് വാര്ത്താചാനലുകൾ ഉള്ളപ്പോൾ എന്തുകൊണ്ട് മലയാളം സംസാരിക്കുന്ന രണ്ടു ചാനലുകൾ സർവിയലന്സിന്റെ പിടിയിലമർന്നു.

കേരളം കണ്ണിലെ കരടാകുന്നത് തിരിച്ചറിയേണ്ടതുണ്ട്. ദൽഹി പ്രക്ഷോഭത്തിനും എൻ ആർ സിയ്ക്ക് പൗരത്വ ബില്ലിനും എതിരെ ശക്തമായ രാഷ്ട്രീയ നിലപാടുകൾ എടുത്തിട്ടുള്ള സംസ്ഥാനമെന്ന നിലയിൽ കേന്ദ്ര മന്ത്രിസഭയുടെ അലട്ടലായി നിൽക്കുന്ന കേരളത്തിൽ നിന്നുള്ള ചാനലുകൾക്ക് അച്ചടക്കത്തിന് നോട്ടീസ് കൊടുക്കുമ്പോൾ നമ്മൾ കേരളീയർ ഭയപ്പെടേണ്ടതുണ്ട്. നോക്ക് കേരളത്തിൽനിന്നുള്ള എം പി മാരെ സസ്പെന്റ് ചെയ്യുന്നു, ഇതെല്ലാം കൂട്ടിവായിക്കാവുന്നതാണ്. ഇന്റർ നെറ്റ് സംവിധാനം വരെ നിരോധിച്ച സാദാ ഫോൺ കണക്ഷൻ പോലും കട്ടാക്കിയ തീരുമാനമെടുത്തുകൊണ്ടു കാശ്മീർ എന്ന നമ്മുടെ ഭൂവിഭാഗത്തെ കടന്നാക്രമിക്കുകയും സൈനികനടപടികളിലൂടെ ഭയപ്പെടുത്തിനിർത്തുകയും ചെയ്തിട്ടുള്ള സമീപകാല ചരിത്രമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ളത്.

ഒരു ഫാസിസ്റ്റു ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ് വാർത്താ മാധ്യമങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിൽ നടന്ന മനുഷ്യകുരുതിയുടെ നേർചിത്രങ്ങൾ ഇരകളുടെ ഭാഗത്ത് നിന്ന് പകർത്തിയെന്നതാണ് ഏഷ്യാനെറ്റിന് കൊടുത്ത ഷോ കാസ് നോട്ടിസിൽ പറഞ്ഞിരിക്കുന്ന കുറ്റം. മീഡിയ വണ്ണിനു ആർ എസ് എസിനും ദില്ലി പോലീസിനും എതിരെ പരാമർശം നടത്തി എന്ന കുറ്റാരോപണമാണ് നേരിടേണ്ടിവന്നിരിക്കുന്നത്

കേബിൾ നെറ്റ് വർക്ക് റെഗുലേഷൻ ആക്ടിന്റെ കീഴിൽ വരുന്ന റൂൾ നമ്പർ 6 (1 ) (സി) യും (ഇയും) പ്രത്യക്ഷത്തിൽ തന്നെ നിരാകരിച്ചുകൊണ്ട് സാമുദായിക സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചു എന്നതാണ് ഇവിടെ ആരോപിക്കപ്പെടുന്ന കുറ്റം. മീഡിയ വൺദൽഹി പോലീസിനെയും ആർ എസ് എസിനെയും ചോദ്യമുനയിൽ നിർത്തിയെന്ന ആരോപണമാണ് നേരിടുന്നത്. നിയമപരമായ മുന്നറിയിപ്പിനുള്ള മറുപടിയായി ഇരു ചാനലുകളും അവർ ഇന്ത്യയിലെ മറ്റു ന്യുസ്സ് ചാനലുകളെപോലെ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്ന് മറുപടി നൽകിയിട്ടും എന്തുകൊണ്ട് ഈ മലയാളം ചാനലുകൾ നിരോധിക്കപ്പെട്ടു. ഇതൊരു മുന്നറിയിപ്പാണ്. മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റത്തിന്റെയോ അധികാര വിനിയോഗത്തിന്റെയോ മുന്നറിയിപ്പ്. അതിനുപരിയായി കേരളത്തിലെ ജനങ്ങൾക്കുള്ള മുന്നറിയിപ്പ്.

Read Also  മലപ്പുറത്ത് ലീഗും സിപിഐയും തമ്മിൽ വ്യത്യാസമില്ലെന്ന് അൻവർ; തന്നെ സിപിഐ തകർക്കാൻ ശ്രമിച്ചു

സമൂഹമാധ്യമത്തിലുള്ള ഇടപെടൽ ഒരു ദിവസത്തേക്ക് ഇന്ത്യൻ പെണ്ണുങ്ങൾക്ക് വിട്ടുകൊടുത്തതുകൊണ്ട് പ്രധാനമന്ത്രി ജനകീയനാകാൻ ശ്രമിക്കുമ്പോൾ തന്നെയാണ് ഫേസ് ബുക്കും ട്വിറ്ററും വാട്സ് ആപ്പും നിയന്ത്രിക്കാൻ അതാതു കമ്പനികളോട് ആവശ്യപ്പെടുന്നതും. ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് നമ്മുടെ ഭരണാധികാരികളിൽ നിന്നും പ്രത്യേകിച്ചും പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാകുന്നത്.

1920 കളിൽ ജർമ്മനിയിലെ പ്രധാന മാധ്യമ വാഹനങ്ങൾ പത്രങ്ങളും റേഡിയോയുമായിരുന്നു. 1932 ആയപ്പോഴേക്കും പ്രതിദിനം, ആഴ്ചതോറും 2,483 പത്രങ്ങൾ വന്നു, 65 ദശലക്ഷം ജനസംഖ്യയുള്ള ജർമനിയിൽ വർത്തമാധ്യങ്ങൾക്കു വലിയ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ വെയ്മർ റിപ്പബ്ലിക്കിന്റെ അവസാന വർഷങ്ങളിൽ, പത്രങ്ങൾ, പ്രത്യേകിച്ച് അവരുടെ ഉടമസ്ഥർ, അഡോൾഫ് ഹിറ്റലറുടെ വഴിയിലെത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. പലരും പലതും കണ്ടില്ലെന്നു നടിച്ചുകൊണ്ട് സ്വയം നിലനിൽപ്പിന്റെ മാനിഫെസ്റ്റോ നടപ്പിലാക്കി.എതിർ സ്വരങ്ങളെ നിഷ്കരുണം ഇല്ലാതാക്കാനും ഹിറ്റ്ലർ ശക്തികൾക്ക് കഴിഞ്ഞുവെന്നതും മനസ്സിലാക്കേണ്ടതാണ്.

അതെ അവസ്ഥയിലേക്കാണ് ഇന്ത്യൻ ജനാധിപത്യവയവസ്ഥ ചെന്നെത്തുന്നത്. ഭരണഘടനാപരമായ പരിരക്ഷ നിലനിൽക്കുന്ന ന്യുനപക്ഷ സമുദായത്തെ ഭൂരിപക്ഷ മതസമൂഹം ഹോളോകോസ്റ്റിനു വിധേയമാക്കിയ വാർത്തകളും ദൃശ്യങ്ങളും പങ്കുവച്ചതിനാണ് രണ്ടു മലയാളം ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഒരിക്കൽകൂടി ഇത് സൂചിപ്പിക്കുന്നത് സമീപകാലത്ത് ഭരഘടന എന്നത് ഭരണകൂട ശക്തികൾക്ക് നിരാകരിക്കാനുള്ള ഒരു പുസ്തകം മാത്രമാണ് എന്നവസ്ഥയുടെ ഒരു ഉദാഹരണം കൂടിയാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.