Wednesday, January 19

നിർഭയത്വവും സാഹസികതയും മുഖമുദ്രയാക്കിയ മാധ്യമപ്രവർത്തകൻ ഖഷോഗി

ജമാൽ ഖഷോഗി എന്ന മാധ്യമപ്രവർത്തകൻ്റെ മരണം ഇന്നലെ സൗദി അറേബ്യൻഭരണകൂടം സ്ഥിരീകരിച്ചു. ഇസ്തംബൂളിലെ സൗദി കോൺസിലേറ്റിൽ അദ്ദേഹം കൊല്ലപ്പെട്ടെന്ന് അർദ്ധരാത്രിയിലാണു സൗദി ഭരണകൂടം പ്രസ്താവന മാധ്യമങ്ങൾക്കു നൽകിയത്. ഉറപ്പായും ഇതിനുപിന്നിൽ സൗഹൃദരാഷ്ട്രമായ അമേരിക്കയുടെ സമ്മർദ്ദമുണ്ടായിരുന്നു എന്നു തന്നെ അനുമാനിക്കാം.

ആരാണു ജമാൽ ഖഷോഗി. ധീരമായി സൗദി രാജഭരണകൂടത്തിലെ മാധ്യമവിലക്കുകൾക്കെതിരെ നിലയുറപ്പിച്ച പത്രപ്രവർത്തകൻ. അതുകൊണ്ടുതന്നെയാണു അദ്ദേഹം വളരെ വേഗത്തിൽ സൗദിയുടെ കണ്ണിലെ കരടായി മാറിയത്. ഖഷോഗി അമേരിക്കയിലേക്ക് പോയശേഷമാണു ഇത്രയും ഊർജ്ജത്തോടെ സൗദിഭരണകൂടത്തെ വിമർക്കാൻ കഴിഞ്ഞത്. വാഷിംഗ് ടൺ പോസ്റ്റിൽ ചേക്കേറിയതിനുശേഷമായിരുന്നു ഖഷോഗിക്ക് അത്തരമൊരു ആക്രമണത്തിനുള്ള കരുത്ത് കിട്ടിയത്. വിമർശനത്തെ മാത്രമല്ല സ്വതന്ത്രചിന്താഗതിയുള്ള എല്ലാവരെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ നോട്ടമിട്ടിരിക്കുകയാണെന്നു അദ്ദേഹം അവസാനം വാഷിംഗ് ടൺ പോസ്റ്റിൽ എഴുതി.

അഫ് ഗാനിലെ സോവിയറ്റ് അധിനിവേശകാലത്ത് ഖഷോഗി ധീരമായി യുദ്ധഭൂമിയിൽ പോയി റിപ്പോർട്ട് ചെയ്തു അന്താരാഷ്ട്രസമൂഹത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പല തവണ ഇദ്ദേഹം തീവ്രവാദി സംഘടനയായ അൽ ഖ്വയിദ നേതാവ് ബിൻ ലാദനുമായി അഭിമുഖം നടത്തിയിരുന്നു. ഖഷോഗി സൗദിഭരണകൂടത്തിൻ്റെ ഉപദേശകനായി ജോലി ചെയ്തിട്ടുള്ള പത്രപ്രവർത്തകനാണു. സൗദി കിരീടാവകാശി മുഹമ്മദു ബിൻ സല്മാനുമായി അഭിപ്രായഭിന്നതയുണ്ടായതോടെ അദ്ദേഹത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. അതോടെ ഖഷോഗി സൗദി ഭരണകൂടത്തിൻ്റെ മുഖ്യശത്രുവായി മാറി.

കഴിഞ്ഞ വർഷമാണു ഖഷോഗി സൗദി വിട്ട് അമേരിക്കയിലേക്ക് പോയത്. അദ്ദേഹത്തിനെതിരെ രാജ്യത്ത് ഗൂഡാലോചനയുണ്ടായത് മണത്തറിഞ്ഞാണു നാട് വിട്ടത്. എന്നിട്ടും അദ്ദേഹത്തെ വിടാതെ പിന്തുടർന്നിരുന്നു എന്നതിനു തെളിവാണു ജമാൽ ഖഷോഗിയുടെ കൊലപാതകം. അമേരിക്കയിലാണെങ്കിലും ഇപ്പോഴും അദ്ദേഹം സൗദി പൗരനാണു.

ലോകത്തിൻ്റെ വിവിധകോണുകളിൽ നിർഭയരായി പണിയെടുക്കുന്ന പത്രപ്രവർത്തകരും എഴുത്തുകാരും ഉണ്ട്. തെറ്റ് കണ്ടാൽ അത് ഉറക്കെ വിളിച്ചുപറയുക എന്നുള്ളതാണു ഒരു മികച്ച പത്രപ്രവർത്തകൻ്റെ ദൗത്യം. അങ്ങനെ ജോലിചെയ്തുവന്ന പത്രപ്രവർത്തകനായിരുന്നു ഖഷോഗി. ഖഷോഗിയുടെ മുത്തച്ഛൻ സൗദി സ്ഥാപകരാജാവ് അബ്ദുൽ അസീസിൻ്റെ ഡോക്ടറായിരുന്നു. അതുകൊണ്ട് ചെറുപ്പത്തിൽതന്നെ കൊട്ടാരവുമായി നല്ല ബന്ധമായിരുന്നു ഖഷോഗിക്ക്. അങ്ങനെയാണു ഖഷോഗി കൊട്ടാരത്തിൽ ഉപദേശകനായി നിയമിതനായത്.

അൽ അരബ് ന്യൂസ് ചാനലിൻ്റെ എഡിറ്റർ ഇൻ ചീഫ് ആയി ജോലി ചെയ്തിരുന്ന ഖഷോഗി പിന്നീട് അൽ വത്തൻ എന്ന പത്രത്തിൻ്റെ എഡിറ്ററായി. ഇതോടെയാണു സൗദി ഭരണകൂടത്തിൻ്റെ ശക്തനായ വിമർശകനായത്. കൊട്ടാരത്തിനുള്ളിലെ പിന്നാമ്പുറക്കഥകൾ നന്നായറിയാമായിരുന്ന ഖഷോഗി വെറുതെയിരിക്കില്ലെന്നു ഭരണകൂടത്തിനറിയാമായിരുന്നു. എന്തൊകൊണ്ടും ഈ പത്രക്കാരനെ ഇല്ലായ്മ ചെയ്യുവാനായി ഭരണകൂടത്തിൻ്റെ തലപ്പത്തുള്ളവർ ആഗ്രഹിച്ചു. ഇതിനു രാജകുമാരൻ്റെ പിന്തുണയുണ്ടായിരിക്കാം, ഇല്ലായിരിക്കാം. അതുറപ്പിക്കേണ്ടത് അന്വേഷണസംഘമാണു.

എന്തായാലും അന്താരാഷ്ട്രതലത്തിൽ വലിയ ആഘാതമുണ്ടാക്കിയ സൗദിയുടെ ക്രൂരനടപടിയെ ലോകം അപലപിക്കുന്നുണ്ട്, പ്രതിഷേധിക്കുന്നുണ്ട്. അതിൽ സൗദിക്ക് ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യത്തിലുറപ്പാണു. രാജകുടുംബത്തിനു അപ്രിയനായിരുന്ന വ്യക്തിയായിരുന്നു ഖഷോഗിയെന്ന നിർഭയനായ പത്രപ്രവർത്തകൻ. സത്യം വിളിച്ചുപറയുന്നവരെ ആകമാനം ഉന്മൂലനം ചെയ്യുകയും അതുവഴി വിമർശർക്ക് മുന്നറിയിപ്പിൻ്റെ സന്ദേശം നൽകുകയുമാണു ഇന്നത്തെ മിക്ക രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

Spread the love
Read Also  സൗദി രാജാവ് ആശുപത്രിയിലായതായി സ്ഥിരീകരിച്ചു

17 Comments

Leave a Reply