Wednesday, January 19

വികസന കാഴ്ചപ്പാട് മാറണം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളം രാഷ്ട്രീയമായി മാത്രം കണ്ടു: വി.എസ്. അച്യുതാനന്ദന്‍, സജി ചെറിയാനും രാജു എബ്രഹാമും സഭയില്‍ മിണ്ടരുത്

പ്രളയബാധയെത്തുടര്‍ന്നുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് തുടക്കമായി. പ്രളയദുരിതത്തില്‍ സഹായിച്ചവര്‍ക്ക് അഭിനന്ദനവും മരിച്ചവര്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു കൊണ്ടാണ് സഭ സമ്മേളിച്ചത്. പ്രളയത്തില്‍ മൊത്തം 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായി എന്നുമാണ് ഔദ്യോഗിക കണക്ക്. 59, 296 പേര്‍ ഇപ്പോഴും ക്യാമ്പുകളിലുമാണ്.

സമാനതകളില്ലാത്ത പ്രളയമാണ് കേരളം കണ്ടതെന്ന് സഭാംഗങ്ങള്‍ ഐക്യകണ്ഠേന സമ്മതിക്കുന്നുണ്ട്. എന്നാല്‍ സഭയെന്നത് ഭരിക്കുന്നവര്‍ക്ക് മുഖം മിനുക്കാനുള്ളതും എതിര്‍പക്ഷത്തിന് അതില്‍ കരി തേക്കാനുള്ളതുമാണെന്ന കീഴ്വഴക്കം ദുരന്തത്തിലും മാറ്റമില്ലാത്തതാണ്. അതിന്‍പ്രകാരം ഇരുപക്ഷവും തങ്ങളുടെ പക്ഷപാതത്തെയാണ് ഉന്നയിക്കുന്നതും. പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് ശക്തമായ ധാരണ ഉറപ്പിക്കുന്നതാണ് യുഡിഎഫ് ആരോപണം. മുന്നൊരുക്കങ്ങളില്ലാതെ ഡാം തുറന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്തെ വീഴ്ച എന്നതിനപ്പുറം തങ്ങളുടെ ഭരണകാലത്തും കൂടി നിര്‍മ്മിതമാക്കിയതിന്‍റെ പരിണിതഫലമായിരുന്നു പ്രളയമെന്ന് ഒരു കോണ്‍ഗ്രസുകാരനും മാണിയ്ക്കും തുറന്നു പറയാനുമാവുന്നില്ല.

ഡാമുകളല്ല, മറിച്ച് ഉരുള്‍പൊട്ടലാണ് ഇക്കാര്യത്തില്‍ യു ഡി എഫിന് നേരേ മറിച്ചിടാന്‍ ഭരണപക്ഷത്തിന് കിട്ടിയത്. മുല്ലപ്പെരിയാര്‍ ഡാം തുറന്നതാണ് പെരിയാറിലെ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് തമിഴ് നാടിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ച കാര്യമൊന്നും ഭരണപക്ഷം ഓര്‍മ്മിക്കുന്നുപോലുമില്ല. മറിച്ച്, ഡാം തുറന്നതല്ല  കാലാവസ്ഥാ പ്രവചനം തെറ്റിച്ച കടുത്ത മഴയും ഉരുള്‍പൊട്ടലുമാണെന്ന മര്‍ക്കടമുഷ്ടി തന്നെയാണ് ഭരണപക്ഷത്തിനുള്ളത്.

ഏറെക്കാലമായി ഒന്നും മിണ്ടിക്കേട്ടിട്ടില്ലാത്ത വി.എസ്. അച്യുതാനന്ദനാണ് നിലപാടുകൊണ്ട് ഇന്നും നിയമസഭയെ ചിന്തയിലേക്കുയര്‍ത്തിയത്. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറണം എന്ന് പറയുമ്പോള്‍ ഭരണകൂടനിലപാട് മൊത്തം മാറേണ്ടി വരുമെന്ന വി.എസിന്‍റെ നിലപാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. മണ്ണിടിച്ചിലും മഴയുമാണ് ദുരിതത്തിന് ആക്കം കൂട്ടിയതെന്ന് പറയുമ്പോഴും അദ്ദേഹം നാം കാലങ്ങളായി ചെയ്ത പരിസ്ഥിതി നാശത്തിന്‍റെ ഫലമായാണ് ദുരിതത്തെ കാണുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളം രാഷ്ട്രീയമായി മാത്രമാണ് കണ്ടതെന്ന് വി.എസ്. പറയുമ്പോള്‍ ഇത്ര കാലമായി നമ്മുടെ ഭരണകൂടം കളിച്ച രാഷ്ട്രീയത്തിന്‍റെ പൊയ്മുഖമാണ് അഴിയുന്നത്. ഗാഡ്ദില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായി സമീപിക്കണമെന്നും നെല്‍ വയല്‍ തണ്ണീര്‍ത്തട നയത്തില്‍ മാറ്റം വരുത്തരുതെന്നും വി.എസ്. ഉപദേശിക്കുമ്പോള്‍ വികസനവിരുദ്ധതയാണെന്ന് അദ്ദേഹത്തിന്‍റെ കൂടി പാര്‍ട്ടിയുടെ ഭരണകൂടം ആരോപിക്കാതിരിക്കുമെന്ന് ദുരിതത്തില്‍ കരുതാമായിരിക്കും. അല്ലെങ്കില്‍ ഭരണവികസനമെന്ന വകുപ്പിന്‍റെ അധികാരം ഉപയോഗിക്കാന്‍ വി.എസിന് ഇതൊരവസരമാകും എന്നും കരുതാം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏകീകരണത്തിലെ അപാകതകളെ എടുത്തു പറഞ്ഞും വേലിയേറ്റ സമയത്ത് വെള്ളം തുറന്നു വിട്ടതും വെള്ളമിറങ്ങിയതിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തെ അപലപിച്ചും വി.ഡി.സതീശനും മെച്ചമായ രാഷ്ട്രീയത്തെ സഭയില്‍ ഉന്നയിച്ചു.

ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാനും റാന്നി എം.എല്‍.എ. രാജു എബ്രഹാമിനും സഭയില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിച്ചതാണ് ഇന്നത്തെ നിയമസഭാ സമ്മേളനത്തിലെ പൗരാവകാശനിഷേധം. പ്രളയക്കെടുതിയ്ക്കിടയില്‍ അവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് കാരണമായി പറയുന്നത്. രക്ഷാപ്രവര്‍ത്തനപങ്കാളിത്തത്തില്‍ സജി ചെറിയാന്‍റെ ആത്മാര്‍ത്ഥത അങ്ങേയറ്റം പ്രശംസിക്കപ്പെട്ടിരുന്നു. പാര്‍ട്ടിയും മാധ്യമങ്ങളും ചില്ലറയൊന്നുമായിരുന്നില്ല സജി ചെറിയാനെ പിന്താങ്ങിയിരുന്നതെന്നും നാം കണ്ടതാണ്. ഭരണപ്പാര്‍ട്ടിയ്ക്കകത്തു നിന്ന് വിമര്‍ശിച്ചാല്‍ വാ മൂടിക്കെട്ടുന്ന നിയമസഭ അക്കാര്യം കൊണ്ട് ശ്രദ്ധാര്‍ഹമായിരിക്കുകയാണ്.

എല്ലാവരും സംസാരിക്കുന്നില്ല, തെരഞ്ഞെടുത്ത 40 പേരാണ് സഭയില്‍ സംസാരിക്കുന്നത് എന്നൊക്കെ ന്യായമുണ്ടായേക്കാം എന്നാലും കൂടുതല്‍ ദുരിതമനുഭവിച്ച മേഖലയെ പ്രതിനിധീകരിക്കുന്നവരെന്ന നിലയില്‍ പരിഗണിക്കാതിരുന്നതാണ് രാഷ്ട്രീയം

 

Spread the love