Thursday, January 20

കളക്ടറും രംഗത്തെത്തി ; ബ്രിട്ടീഷ് വിനോദ സഞ്ചാരിയുടെ മൃതദേഹം സംസ്കരിച്ചു.

കേരളത്തിലെത്തിയ ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ മൃതദേഹം വിവാദങ്ങൾക്കുശേഷം ഒടുവിൽ പത്തുദിവസത്തിനുശേഷം സംസ്കരിച്ചു.

 ജില്ലാ കളക്ടറും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതിനെ തുടർന്നായിരുന്നു പതിനൊന്നാം നാൾ സംസ്കാരം. മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വിവരം പ്രതിപക്ഷം.ഇൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു 

കഴിഞ്ഞ ഡിസംബർ 31 ന് ഫോർട്ടുകൊച്ചിയിൽ മരണമടഞ്ഞ ബ്രിട്ടീഷ് പൗരൻ വില്യംകെന്നത്ത് റൂബെയുടെ മൃതശരീരമാണ് മരണമടഞ്ഞ് പതിനൊന്നാം ദിവസം ഫോർട്ടുകൊച്ചി നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചത്. നഗരസഭാ അധികൃതരുടെ കെട്ടുകാര്യസ്ഥതയെ തുടർന്നാണ് സംസ്കാരം വൈകിയത്. നഗരസഭാ ഡിവിഷൻ കൗൺസിലറുടെ നിഷേധാത്മകമായ നിലപാടാണ് മറ്റൊരു കാരണം.

പോസ്റ്റുമോർട്ടത്തിനു ശേഷം പോലീസ് N.O.C. നൽകുകയും ബ്രിട്ടീഷ് എംബസി വേണ്ട രേഖകൾ നൽകുകയും ചെയ്തുവെങ്കിലും നഗരസഭയിലെ താൽക്കാലിക ജീവനക്കാരൻ മൃതശരീരം ദഹിപ്പിക്കാനാവില്ല എന്ന നിലപാട് എടുക്കുകയായിരുന്നു. സ്ഥലം ഡിവിഷൻ കൗൺസിലറുടെ സമ്മർദ്ദത്തെത്തുടർന്നാണ് നഗരസഭ ജീവനക്കാരൻ മൃതശരീരം സംസ്കരിക്കാൻ വിസമ്മതിച്ചത്.

സംഭവം വാർത്തയായതോടെ കൗൺസിലർ മരണമടഞ്ഞ റൂബെയുടെ മകളെ സമീപിച്ച് സംസ്കരിക്കാൻ വേണ്ട സഹായം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ജില്ലാ കളക്ടറും പ്രശ്നത്തിൽ ഇടപെട്ടു. ഇതിനു ശേഷമാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന റൂബെയുടെ മൃതശരീരം കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

ചുള്ളിക്കൽ സെന്റ് ജോസഫ് ബത്ലഹേം ചർച്ചിൽ നടത്തിയ ശവസംസ്കാര ശിശ്രൂഷയ്ക്കു ശേഷം ബ്രിട്ടനിൽ നിന്നെത്തിയ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് മൃതശരീരം സംസ്കരിച്ചത്. പിതാവിന്റെ മൃതശരീരം ചിതയിലേക്ക് വയ്ക്കുമ്പോൾ മകൾ ഹിലാരി നിയന്ത്രണം വിട്ടു പൊട്ടിക്കരയുകയായിരുന്നു.പുതുവർഷം ആഘോഷിക്കാനാണ് 89 കാരനായ പിതാവും ഹിലാരിയും കൊച്ചിയിൽ എത്തിയത്. നഗരസഭയുടെ കയ്പേറിയ അനുഭവവും പേറിയാണ് പിതാവിന്റെ ചിതാഭസ്മവുമായ് ഇവർ നാട്ടിലേക്ക് തിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ നഗരസഭാ ജനപ്രതി നിധിയിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ചത് കൈപ്പേറിയ അനുഭവമായിരുന്നുവെന്ന് ഹിലാരാ പറഞ്ഞു. കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകരാണ് മൃതശരീരം സംസ്കരിക്കാൻ സഹായിച്ചത്.

Spread the love
Read Also  വിദേശസഞ്ചാരിയുടെ മൃതദേഹത്തോട് കൊച്ചിയുടെ അനാദരവ് ; മൃതശരീരം പത്തു ദിവസമായി മോർച്ചറിയിൽ

Leave a Reply