എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസില്‍ സംഘപരിവാര്‍ ആക്രമണം. അദ്ദേഹം ജോലി ചെയ്യുന്ന സംസ്കൃത സര്‍വ്വകലാശാല മലയാളവിഭാഗത്തിലെ ഓഫീസിനു നേരയാണ് ആക്രമണമുണ്ടായത്. വാതിലില്‍ കാവി കൊണ്ടു ഗുണന ചിഹ്നം വരയ്ക്കുകയും ചെയ്തു. സുനിലിന്റെ നെയിം ബോര്‍ഡ് വലിച്ചിളക്കി നശിപ്പിച്ച രീതിയിലാണ്. അദ്ദേഹം ക്ലാസില്‍ പോയി മടങ്ങിയപ്പോഴാണ് ആക്രമണവിവരം ശ്രദ്ധയില്‍പെട്ടത്.
സുനില്‍ പി ഇളയിടത്തിന്റെ ദലിത് പക്ഷ പ്രഭാഷണങ്ങള്‍ സഹൃദയ ശ്രദ്ധ നേടിയിട്ടുണ്ട്. ഈയിടെ ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായി വ്യാപകമായി പ്രസംഗിച്ചിരുന്നു . ഇതില്‍ പ്രകോപിതരായ സംഘപരിവാര്‍ അനുയായികളാവും ആക്രമണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് സുനില്‍ പിഒ ഇളയിടം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കുനേരെ പലതവണ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണികള്‍ വന്നിരുന്നതായി സുനില്‍ വെളിപ്പെടുത്തി. ഇടതുപക്ഷ സഹയാത്രികനായ സുനിലിന്റെ മഹാഭാരതത്തിന്റെ സ്വതന്ത്രമായ ആഖ്യാന-പ്രഭാഷണ പരമ്പരയും സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.
വകുപ്പ് മേധാവിക്കും സര്‍വ്വകലാശാല രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഏറെ നാളായി അധ്യാപകനായി ജോലി ചെയ്യുകയാണ് സുനില്‍ പി ഇളയിടം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്.