Monday, January 17

കുട്ടികളുടെ ലൈംഗികപീഢനപരാതി മൂടി വെച്ചതിന് ആസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പിന് തടവുശിക്ഷ

ബാലലൈംഗികപീഢനപരാതി മറച്ചു വെച്ചതിന് ആസ്ട്രേലിയയില്‍ ആര്‍ച്ച് ബിഷപ്പിന് കോടതി തടവുശിക്ഷ വിധിച്ചു. അടുത്ത മാസം അന്തിമവിധി വരുന്നതുവരെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ജയിംസ് ഫ്ലെച്ചര്‍ എന്ന പുരോഹിതന്‍ ലൈംഗികപീഢനം നടത്തിയെന്ന് കുമ്പസാരക്കൂട്ടില്‍ വൈദികവിദ്യാര്‍ത്ഥി പറഞ്ഞതടക്കം 1976ലെ രണ്ട് പരാതികള്‍ മൂടിവെച്ചതിനാണ് ബിഷപ്പിനെതിരെ കേസ്. ഒമ്പത് കേസുകളില്‍ കുറ്റവാളിയെന്ന് കണ്ട ഫ്ലെച്ചറിനെ 2004ല്‍ കോടതി ശിക്ഷിച്ചിരുന്നു. 2006 ജയിലില്‍ കിടന്നു തന്നെ അദ്ദേഹം പക്ഷാഘാതം വന്ന് മരിക്കുകയായിരുന്നു.

കുറ്റത്തില്‍ ബിഷപ്പിന് യാതൊരു പശ്ചാത്താപമോ ഖേദമോ പ്രകടമായിരുന്നില്ലെന്നാണ് ന്യൂ കാസില്‍ കോടതി മജിസ്ട്രേട്ട് പറഞ്ഞത്. കുറ്റക്കാരന്‍ സമൂഹത്തിലെ ബഹുമാനമുള്ള ഒരു സ്ഥാപനത്തിലെ മുതിര്‍ന്ന വ്യക്തിയാണ്. വിശ്വാസം, സംരക്ഷണം, ബഹുമാനം എന്നിവയുടെ സ്ഥാനത്ത് ഇടവകക്കാര്‍ വഞ്ചന, കഠിനഹൃദയം, ക്രൂരത എന്നിവയെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കേസില്‍ പ്രതി മാത്രമല്ല കുറ്റവാളി, അത് അറിയുകയും മറച്ചുവെക്കുയും ചെയ്ത ആളും കുറ്റവാളിയാണെന്ന് കോടതി കുറ്റപ്പെടുത്തി.

67കാരനായ ബിഷപ്പ് അള്‍ഷിമേഴ്സിന്‍റെ ആദ്യഘട്ടത്തിലാണ്. ആഗസ്റ്റ് 14 ന് കുറ്റവാളിയെന്ന് അന്തിമവിധി വരുന്നതുവരെ അദ്ദേഹത്തിന് സഹോദരിയുടെ വീട്ടില്‍ താമസിക്കാം. പരമാവധി രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമാണ്. ഫ്ലെച്ചര്‍ കുട്ടികളെ പീഢിപ്പിച്ചെന്ന് ബിഷപ്പിന് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിനു വേണ്ടിയുള്ള വക്കീലിന്‍റെ വാദം.

ഇത് ലോകത്തിലെ തന്നെ നാഴികക്കല്ലായ ഒരു കേസാണെന്നാണ് സംഭവത്തിലെ ഇരയായ പീറ്റര്‍ ക്രെയ്ഗ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇരകള്‍ക്ക് സമാധാനവും ആശ്വാസവും നല്കുന്ന വിധി എന്നാണ് ഒരിക്കല്‍ വിന്‍സന്‍ നയിച്ചിരുന്ന ആസ്ട്രേലിയന്‍ കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് വിധിയെപ്പറ്റി പറഞ്ഞത്.

വിധി പറയുമ്പോള്‍ വിന്‍സന് യാതൊരു ഭാവഭേദവുമില്ലായിരുന്നുവെന്നാണ് ന്യൂ കാസില്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കറുത്ത വസ്ത്രവും പുരോഹിരുടെ കഴുത്തു പട്ടയും ധരിച്ച് കോടതിയിലെത്തിയ അദ്ദേഹം വിധി കഴിഞ്ഞിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചില്ല. 

കഴിഞ്ഞ മാസമായിരുന്നു വിന്‍സന്‍ ആര്‍ച്ചുബിഷപ്പായി ഉന്നതാധികാരപദവി ഏറ്റെടുത്തത്. കാത്തലിക് പള്ളികളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായ നിരവധി പേര്‍ കോടതിയെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. ചിലിയില്‍ അടുത്തിടെ ലൈംഗികാതിക്രമപരാതി നേരിട്ട 34 ബിഷപ്പുമാര്‍ രാജിസന്നദ്ധത അറിയിച്ചു കഴിഞ്ഞു. കേരളത്തിലെ സാമാനകേസുകളും ഈ ഘട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

Spread the love
Read Also  മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ബലപരിശോധന കേരള സർക്കാർ എതിർത്തിട്ടില്ല- മാത്യു ടി തോമസ്