Sunday, September 20

അയിരൂർ എന്ന കഥകളി ഗ്രാമത്തിന്റെ ചരിത്രം ; കെ രാജേഷ് കുമാർ എഴുതുന്നു

പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്ന ഗ്രാമത്തിലേക്ക് കലാസ്നേഹികളുടെ സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ട്. അയിരൂർ ഇന്ന് കഥകളി ഗ്രാമം എന്ന നിലയിൽ പ്രശസ്തി ആർജ്ജിച്ചിരിക്കുന്നു. കഥകളിയുടെ വികാസപരിണാമ ചരിത്രം പരിശോധിച്ചാൽ അയിരൂരിന് സമ്പന്നമായ ഒരു കഥകളി പാരമ്പര്യം ഒന്നും ഇല്ല. അയിരൂരിന് തൊട്ടു കിടക്കുന്ന മേലുകരയിലും മറ്റും ചെറിയ ചില കഥകളിയോഗങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്നു. മധ്യതിരുവിതാംകൂറിലെ പല ഗ്രാമങ്ങളിലും ഇത്തരം കളിയോഗങ്ങൾ ഉണ്ടായിരുന്നു. അത്രയ്ക്കു പ്രശസ്തരാകാഞ്ഞ ഏതാനും കഥകളി കലാകാരൻമാരും ഇത്തരം ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. അതിനപ്പുറം ഇവിടങ്ങളിലെ കഥകളി ചരിത്രത്തിൽ നിന്ന് ഒന്നും കണ്ടെത്താനാകുന്നില്ല.

19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ആരംഭിച്ച സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾ നന്നായി സ്വാധീനം ചെലുത്തിയ ഒരു പ്രദേശമാണ് അയിരൂർ. ആറന്മുളയുടെ പുറഞ്ചേരികളിലൊന്നാണ് തിരുനിഴൽ മാലയുടെ കാലത്ത് അയിരൂർ. തിരുനിഴൽ മാല എഴുതിയ ഗോവിന്ദ കവി അയിരൂർ സ്വദേശിയാകാൻ സാധ്യതയുണ്ട്. മറ്റ് ചേരികളെക്കാൾ അയിരൂരിനെ അദ്ദേഹം മതിമറന്ന് വർണ്ണിക്കുന്നത് അതിനാലാകണം.

കോവിലൻമാരുടെയും പിന്നീട് തോട്ടാവള്ളിൽ കുറുപ്പൻമാർ എന്ന ഫ്യൂഡലിസ്റ്റ് ജന്മിമാരുടെയും ആസ്ഥാനവും അയിരൂരായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെയും ഒരു പ്രധാന കേന്ദ്രമാണിവിടം. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട മിത്തിൽ പരാമർശിക്കുന്ന ചാക്കമാർ എന്ന ജാതി വിഭാഗത്തിന്റെ സംസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നതും അയിരൂരിലാണ്. ചിറ്റേsത്ത് എന്ന നായർ കുടുംബക്കാർ ‘പാലൻ പുലയൻ’ എന്ന തങ്ങളുടെ കൃഷിക്കാരന് ക്ഷേത്രം പണിത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രദേശം കൂടിയാണിവിടം. ചാരായവും മുറുക്കാനും മെഴുകുതിരിയുമൊക്കെയായി പാലൻ അപ്പൂപ്പന് വെച്ചാരാധനയും വെള്ളം കുടിയും നടത്താൻ ജാതിഭേദമില്ലാതെ ധാരാളം ഭക്തർ ഇവിടെ എത്തുന്നുണ്ട്. മയിലാടുംകുന്നിൽ ശിവപ്രതിഷ്ഠ നടത്തിയ ദളിത് സന്യാസി തപസ്വി ഓമൽ തൊട്ടടുത്ത് കുറിയന്നൂരിലാണ്.

അയിരൂർ പുതിയകാവ് പടേനിയുടെയും കെട്ടുകാഴ്ച്ചകളുടെയും വലിയ തട്ടകമായിരുന്നു. അയിരൂർകാരും ചെറുകോൽകാരും – അക്കരെയിക്കരെ കരക്കാർ – മൽസരിച്ച് പടേനി തുള്ളിയിരുന്നു. മറുകരയ്ക്കു വിരോധം വരുമാറ് . ഈ കരകൾക്കൊപ്പം മേലുകര, കീഴുകര തുടങ്ങിയ കരക്കാർ കെട്ടുകാഴ്ച്ചകളുമായി പമ്പയുടെ വിശാലമായ മണൽപ്പരപ്പിലൂടെ പുതിയകാവിൽ എത്തുമായിരുന്നു. ഓണക്കാലത്ത് പള്ളിയോടങ്ങളിലും.

അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഏബ്രഹാം മൽപ്പാനും മന്നത്തു പത്മനാഭനും ശ്രീനാരായണ ഗുരുവും ഈ പ്രദേശത്തെ അഗാധമായി സ്വാധീനിച്ചു.വിവിധ തലങ്ങളിൽ നവീകരണങ്ങൾ നടന്നു. അയിരൂരിൽ പല കരകൾ ചേർന്ന എൻ.എസ്.എസ്. പ്രാദേശിക യൂണിയൻ സ്ഥാപിച്ചു. കെട്ടുകാഴ്ചയും പടേനിയും നിന്നു. കെട്ടുരുപ്പടികൾ കൊടുവിച്ച് ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനുള്ള പന്തലിന്റെ തൂണുകളാക്കി. അപ്പുറത്ത് മാരാമൺ ക്രിസ്തുമത കൺവൻഷൻ ,ഇപ്പുറത്ത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്. ആർപ്പുവിളികൾ മുഴങ്ങിയിരുന്ന പമ്പാതീരത്ത് വചന പ്രഘോഷണങ്ങൾ പ്രതിധ്വനിച്ചു.

ഈ കാലത്തും കഥകളിയുടെ ചെറിയ ഉറവകൾ വറ്റിയിരുന്നില്ല. പുത്തേഴം കേന്ദ്രീകരിച്ച് ഒരു കഥകളിയോഗം ഉയർന്നു വന്നു. എസ്.എൻ.ഡി.പി.യുടെ സ്വാധീന കേന്ദ്രങ്ങളിലൊന്നായിരുന്നു പുത്തേഴം. പുത്തേഴത്ത് കളരിയും കലാകാരൻമാരുമുണ്ടായി. അമ്പലങ്ങളിലെ ഉത്സവക്കളികളും മറ്റുമായി സ്വാതന്ത്ര്യാനന്തര കാലത്തും ഈ പ്രദേശങ്ങളിൽ ആട്ടം തുടർന്നു. കേരള കലാമണ്ഡലത്തിൽ പഠിച്ച് അതിപ്രശസ്തരായ കഥകളി കലാകാരൻമാർ 1980 കളിൽ പുത്തേഴത്തും അയിരൂരും മേലുകരയും ആറന്മുളയും വന്ന് ഉത്സവക്കളികളെ കെങ്കേമമാക്കി. പുതിയ തലമുറയിലും ഒരു ആസ്വാദക സമൂഹം ഉണ്ടായി. ഈ ആസ്വാദകർക്ക് ആണ്ടടക്കം കളി കാണാൻ പാകത്തിന് കുറച്ചു ദൂരെ മാറി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രമുണ്ടായിരുന്നു. ശ്രീവല്ലഭൻ കലാ വല്ലഭനാണ്. നിത്യവും അവിടെ കഥകളി വഴിപാടായി അരങ്ങേറും. ഇടയ്ക്കിടെ മേജർസെറ്റ് വഴിപാട് കഥകളികൾ നടക്കും.

Read Also  രണ്ടു വഞ്ചിപ്പാട്ടുകാർ കെ രാജേഷ് കുമാറിന്റെ കോളം കവണി

ഈ ആസ്വാദകരുടെ കൂട്ടത്തിലെ സംഘാടക ശക്തിയും നേതൃത്വഗുണവുമുള്ള ഏതാനും പേർ ചേർന്നാണ് അയിരൂരിൽ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് ആരംഭിച്ചത്. ക്ലബ്ബ് വളരെ വേഗം വളർന്നു. ജനുവരി മാസത്തിൽ പല ദിനം നീണ്ടു നിൽക്കുന്ന കഥകളിമേളകൾ സംഘടിപ്പിക്കാൻ തുടങ്ങിയതോടെ ക്ലബ്ബ് പ്രശസ്തമായി. മേളയിൽ നൂറുകണക്കിന് കലാകാരൻമാരും ആയിരക്കണക്കിന് കാണികളും പങ്കെടുക്കുന്നു. കളരി, കളിക്കോപ്പുകൾ, സ്വന്തം സ്ഥലം ഇവയൊക്കെ ക്ലബ്ബ് സ്വന്തമായി സമ്പാദിച്ചു. പുതിയ കഥകൾ അരങ്ങിലെത്തിച്ചു പരീക്ഷണം നടത്തി.

കടമ്മനിട്ടയുടെ കുറത്തിയും ബൈബിൾ കഥകളുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. ജാതിയോ മതമോ ഒരിക്കലും ഈ സംഘടനയെ തീണ്ടിയിട്ടില്ല. മതേതരത്വവും ജനാധിപത്യവും ഈ സാംസ്കാരിക സംഘടനയുടെ അടിസ്ഥാന ശിലകളാണ്. അയിരൂരിന്റെ ഇക്കരെ കരയായ മേലുകരയിൽ ജനിച്ചു വളർന്ന പി.എൻ.സുരേഷ് കലാമണ്ഡലം വൈസ് ചാൻസലറായതോടെ ക്ലബ്ബ് കുറേക്കൂടി പോഷിപ്പിക്കപ്പെട്ടു. സർക്കാരും പ്രാദേശിക ഭരണ സ്ഥാപനങ്ങളും പിന്തുണ നൽകി. അഞ്ഞൂറിലധികം അംഗങ്ങൾ ഇന്ന് ക്ലബ്ബിലുണ്ട്. അവർ നൽകുന്ന വാർഷിക വരിസംഖ്യകളും കലാ സ്നേഹികളുടെ സംഭാവനകളുമാണ് ഈ കലാ സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തന മൂലധനം.

രജത ജൂബിലിയാഘോഷങ്ങളുടെ നിറവിൽ പത്തു ദിനങ്ങളായി ഈ വർഷത്തെ മേള നടന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ വർഷം ഇവിടെയെത്തി പകൽക്കഥകളി കണ്ടു. കലാമണ്ഡലം ഗോപി തൊട്ട് പുതുതലമുറ നടൻമാർ വരെ ആടിത്തിമിർത്തു . ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ അക്കാദമിക് പങ്കാളിത്തത്തോടെ നടത്തിയ അന്താരാഷ്ട്ര കഥകളി സെമിനാർ വൻ വിജയമായി.

കലാമണ്ഡലം ഉല്ലാസിനെപ്പോലെ മികച്ച സംഘാടകരെയും കലാമണ്ഡലം വിഷ്ണു മോനെപ്പോലെ മികച്ച നടൻമാരേയും കലാമണ്ഡലം അരുണിനെപ്പോലെ മികച്ച കളരിയാശാൻമാരെയും കഥകളി ക്ലബ്ബ് ഭാവിയിലേക്ക് വളർത്തിയെടുത്തിട്ടുണ്ട്.
അയിരൂർ കഥകളി ഗ്രാമമായി പൂർണ്ണമായി മാറുവാൻ അധികം കാലം ഇനി വേണ്ട. താമസ രാജസത്തെ മറയ്ക്കുന്ന സാത്വിക ഗുണം ഇവിടെ നിറയട്ടെ. ഇത്തരം കലാസംഘടനകളുടെ വളർച്ചയെ തളർത്തുന്ന വിഘടനവാദങ്ങൾ ഒരിക്കലും ഈ സംഘടനയെ ബാധിക്കാതിരിക്കട്ടെ. കഥകളിപ്രിയർക്ക് എക്കാലവും ഈ ഗ്രാമം പ്രിയം നൽകി ശോഭിക്കട്ടെ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

1 Comment

Leave a Reply