Monday, July 6

സായിപ്പിൻകായ ;  അയ്മനം ജോണിൻ്റെ കഥ

നാട്ടിലെ  ഇംഗ്ലീഷ് പള്ളി  സായിപ്പന്മാരുടെ  ഭരണകാലത്ത് പണി കഴിക്കപ്പെട്ടതാണ്.  പള്ളിക്ക് ചുറ്റുമുള്ള  മണൽ മുറ്റത്തിന്റെ  നാല് മൂലകളിലായി  കാണുന്ന മഞ്ഞയരളിമരങ്ങൾ  പള്ളിയിലെ ആദ്യ കപ്യാരായിരുന്ന  കുഞ്ചെറിയാച്ചേട്ടൻ  നട്ട് വളർത്തിയ ആദ്യത്തെ നാല് മഞ്ഞയരളി മരങ്ങളുടെ അനന്തരതലമുറയുമാണ് .

പള്ളിയിലെ ആദ്യത്തെ പാതിരിയായിരുന്ന നിക്കോൾസൺ സായിപ്പ് പറഞ്ഞിട്ടായിരുന്നു അന്ന് കുഞ്ചെറിയാച്ചേട്ടൻ ആ  മഞ്ഞയരളിമരങ്ങൾ നാലും അവിടെ നട്ടുപിടിപ്പിച്ചത് . മഞ്ഞയരളിമരങ്ങൾ തന്നെയാണ് അവിടെ നടേണ്ടതെന്നൊന്നും പാതിരി  പറഞ്ഞിരുന്നില്ല.

‘ഫലവൃക്ഷങ്ങൾ ഒഴികെ നിനക്കിഷ്ടമുള്ള നാടൻ മരങ്ങളേതെങ്കിലും’  നാല് കോണുകളിലായി നട്ട് പിടിപ്പിക്കാൻ  മാത്രമായിരുന്നു പാതിരിയുടെ നിർദ്ദേശം.

 “അതെന്താ  ഫാദറെ ഫലവൃക്ഷങ്ങൾ പാടില്ലാത്തത്?”

എന്ന്  കുഞ്ചെറിയാച്ചേട്ടൻ    ചോദിച്ചപ്പോൾ  തിന്നാൻ കൊള്ളാവുന്ന  കായ്കനികളുണ്ടാകുന്ന വൃക്ഷങ്ങൾ നട്ടാൽ അതൊക്കെ കായ്ക്കാൻ തുടങ്ങിയാൽ , ആരാധനയുടെ നേരങ്ങളിലും പള്ളിയിൽ നിൽക്കുന്ന വിശ്വാസികളുടെ  കണ്ണുകൾ ഇടയ്ക്കിടെ  ആ കായ്കനികളിലേക്ക് തെന്നി മാറിക്കൊണ്ടിരിക്കും എന്നൊരുത്തരമാണ് ഫാദർ നിക്കോൾസൺ നൽകിയത്.

ഏതുനേരവും  വിലക്കപ്പെട്ട കനികളിലേക്ക്  നോട്ടംപോകുന്ന  ഒരുബലഹീനത  ഉൽപ്പത്തി മുതൽക്ക്  തന്നെ  മനുഷ്യന്റെ കണ്ണുകൾക്ക്  ഉള്ളതാണല്ലോ എന്നും കൂടി ചെറുതായി കണ്ണിറുക്കിക്കാട്ടിക്കൊണ്ട് സായിപ്പ്  പറയുകയുമുണ്ടായത്രെ!

 നാട്ടിലെങ്ങും സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന ഒരു  കാലയളവിലാണ്  ഇതൊക്കെ നടന്നത്. അന്ന് യൗവ്വനക്കാരനായിരുന്ന കുഞ്ചെറിയാച്ചേട്ടനും സ്വാതന്ത്ര്യസമരത്തോട് ഉള്ളാലെ അനുഭാവം ഉണ്ടായിരുന്നുവെങ്കിലും ഒരിംഗ്ലീഷ് പള്ളിയിലെ കപ്യാരായ തനിക്ക് അതെങ്ങനെ പ്രകടിപ്പിക്കാൻ സാധിക്കും എന്നറിയാതെ ഉഴറി നടക്കാനേ സാധിച്ചിരുന്നുള്ളൂ. ഏതായാലും ആ  സമയത്താണ്  സായിപ്പ്   ആ മരങ്ങൾ നടാനുള്ള കൽപ്പന കൊടുത്തത്. അതുകൊണ്ട് തനിക്ക് പറയാനുള്ളത് ആ മരങ്ങളിലൂടെയെങ്കിലും  പറയണം എന്ന് കൽപ്പന കേട്ട പാടെ കുഞ്ചെറിയാച്ചേട്ടൻ നിശ്ചയിക്കുകയായിരുന്നു.
 
അങ്ങനെയാണ്  – സ്വാതന്ത്രലബ്ധിക്ക് ശേഷം സായിപ്പ് നാട് വിടുന്നതോടെ നാട്ടുകാർക്ക് സ്വന്തമാക്കാൻ പോകുന്ന ഒരു പള്ളിയെ മനസ്സിൽ  കണ്ടു കൊണ്ട് ചേട്ടൻ അവിടെ  നടാൻ മഞ്ഞയരളിമരങ്ങൾ   തന്നെ  തെരഞ്ഞെടുത്തത്. ചേട്ടനതിന് പറഞ്ഞ കാരണം രസാവഹമായിരുന്നു. മഞ്ഞയരളിമരത്തിൻ്റെ കായ്കൾ അക്കാലം തന്നെ നാട്ടിലെങ്ങും സായിപ്പിൻകായ എന്ന  പേരിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു.  തൊപ്പി വച്ച തലയുടെ ആകൃതിയുള്ള ആ കായകൾ  പറിച്ചെടുത്ത്  അതിന്മേൽ കണ്ണും മൂക്കും  വരച്ച് ചേർത്ത  ശേഷം   ഈർക്കിലിക്കഷണങ്ങൾക്ക് മേൽ  കുത്തി നിർത്തി തരാതരം ഉടുപ്പുകളുമണിയിച്ചിട്ട്  അതൊക്കെ സായിപ്പിന്റെ   കോലങ്ങളാക്കി കുട്ടികളെല്ലാം  കൊണ്ടു  നടക്കാനും തുടങ്ങിയിരുന്നു.
 
പള്ളിയിലേക്ക് വരുന്ന വരും തലമുറകളിലെ  കുട്ടികളും അത് പോലെ തന്നെ  സായിപ്പിന്റെ കോലങ്ങളുണ്ടാക്കി കളിച്ച് സാമ്രാജ്യത്യ വിരുദ്ധരായി  വളരട്ടെ എന്നൊരാഗ്രഹം  ഉള്ളിൽ വച്ചു  കൊണ്ടായിരുന്നു  സൂത്രശാലിയായിരുന്ന കുഞ്ചെറിയാച്ചേട്ടൻ പള്ളിക്ക് ചുറ്റും ആ മരങ്ങൾ തന്നെ വച്ച് പിടിപ്പിച്ചത്.

കാലാന്തരത്തിൽ  – ഇന്ത്യ സ്വതന്ത്രമാകുകയും   സായിപ്പ് ഇംഗ്ലീഷ് പള്ളി വിട്ട്  കപ്പൽ കയറിപ്പോകുകയും അതിനൊക്കെയൊപ്പം  ചേട്ടനും പ്രായമേറി വൃദ്ധനാകുകയുമൊക്കെ  ചെയ്ത് കഴിഞ്ഞിരുന്ന മറ്റൊരു കാലത്തായിരുന്നു  – കുട്ടികൾക്കുള്ള  വക്കേഷൻ ബൈബിൾ ക്ലാസ്സിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് പള്ളിയിൽ എത്തിയ ഞങ്ങളെ  കുഞ്ചെറിയാച്ചേട്ടൻ  കൂട്ടിക്കൊണ്ടു പോയി  സായിപ്പിൻകായ  പരിചയപ്പെടുത്തിയിട്ട്  ഇപ്പറഞ്ഞ പഴംപുരാണമൊക്കെ പറഞ്ഞു കേൾപ്പിച്ചത്. അന്നതൊക്കെ  വായ് പൊളിച്ച് കേട്ട് നിന്ന നേരത്ത് പള്ളിമുറ്റത്ത് ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചാലുള്ളതിന്റെ ദോഷം കണ്ടെത്തിയ  സായിപ്പിന്റെ ലളിത ബുദ്ധിയോടും  പകരം മഞ്ഞയരളിമരങ്ങൾ  വച്ച് പിടിപ്പിക്കാൻ തീരുമാനിച്ച  കുഞ്ചെറിയാച്ചേട്ടൻ്റെ കാഞ്ഞ ബുദ്ധിയോടും എനിക്ക് വലിയ ബഹുമാനമനുഭവപ്പെട്ടിരുന്നു .
 
എന്നാൽ ഇന്നാലോചിക്കുമ്പോൾ കുഞ്ചെറിയാച്ചേട്ടൻ ചെയ്തത് ബുദ്ധിമോശമായിപ്പോയോ എന്നെനിക്ക് തോന്നിപ്പോകുന്നു. നാളെയെന്നെങ്കിലും സായിപ്പ്  പള്ളിയ്ക്കുമേൽ  അവകാശമുന്നയിച്ചുകൊണ്ടു  വരികയാണെങ്കിൽ പള്ളിയുടെ തച്ചുശാസ്ത്രത്തിന് പുറമെ ആ മഞ്ഞയരളിമരങ്ങളുടെ കായ സായിപ്പിൻകായ എന്നറിയപ്പെടുന്നത് കൂടി സായിപ്പിന് അനുകൂലമായ  തെളിവായി സ്വീകരിക്കപ്പെട്ടേക്കുമോ  എന്നാണെൻ്റെ ഭയം.
 
*പ്രതിപക്ഷം. ഇൻ ‘ഖലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച വാര്ഷികപ്പതിപ്പിലെ കഥയാണിത്. 2020 ജനുവരി ഒന്നാം തീയതി പ്രസിദ്ധീകരിച്ച സാഹിത്യപ്പതിപ്പിന്റെ ലിങ്ക് ഇതോടൊപ്പമുണ്ട്. കഥകളും കവിതകളും സാഹിത്യക്കുറിപ്പുകളുമടങ്ങുന്ന ഒറ്റ ലിങ്ക് ആണ്. ഇത് ഒരുമിച്ചു ലോഡ് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നതായി വായനക്കാരായ ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. വളരെ വേഗം ലിങ്ക് ഓപ്പൺ ചെയ്തു വായിക്കാനാഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കായി കഥ വീണ്ടും പ്രസിദ്ധീകരിക്കുന്നു 
                                                                                                         –പത്രാധിപർ
 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  മലഞ്ചെരുവില്‍ നീ ഇളംകാറ്റായ് പാ‍ടി ; എസ് ജോസഫിൻ്റെ കവിത

Leave a Reply