നബിദിനം പ്രമാണിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയിൽ അയവുവരുത്തിയതായി കാസർ ഗോഡ് ജില്ലാഭരണകൂടം. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസര്‍കോട് അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയിൽ നാല് മണിക്കൂര്‍ ഇളവ് പ്രഖ്യാപിച്ചു. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഘോഷക്കമ്മിറ്റികളുടെ അപേക്ഷകള്‍ പരിഗണിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്.

ഇതിൻ്റെ ഭാഗമായി കാല്‍നടയായി നബിദിന റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ 12 മണിവരെയാണ് ഇളവ്.

വളരെ സമാധാനപരമായി കാല്‍ നടയായി നബിദിന റാലി അനുവദിക്കുമെന്നാണു ജില്ല ഭരണകൂടം വ്യക്തമാക്കിയത്. റാലിയില്‍ പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ പാടില്ലെന്നും വാഹനങ്ങള്‍ പാടില്ലെന്നും റാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണെന്നും ജില്ല ഭരണകൂടം നിര്‍ദേശം നല്‍കി.

അയോധ്യ വിധിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഈ പ്രദേശത്ത് മാത്രമാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 11ാം തിയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

Read Also  ശബരിമലയില്‍ ബിസ്‌ക്കറ്റിന് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here