Saturday, January 29

നിയമലംഘനത്തിൻ്റെ തെരുവിലുരുണ്ട വില്ലുവണ്ടി

കൂടുതൽ അറിയുന്തോറും തലച്ചോറിൽ തീയായി കത്തിപ്പടരുന്ന ചരിത്രപുരുഷന്മാർ കേരളത്തിലുണ്ടെങ്കിൽ അത് അയ്യങ്കാളി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പഴശിയിലെ രാജാവും ഗുരു ശ്രീനാരായണനും വരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെല്ലാം അങ്ങനെയൊരു തിരയിളക്കം നൽകുന്നില്ലേ എന്ന് ചോദിച്ചാൽ. ഭൗതികതയുടെ കറുത്തശരീരങ്ങളെ  കൊണ്ട് സമൂഹത്തിലെ അസമത്വത്തെ നേരിട്ടു വെല്ലുവിളിച്ച ചരിത്രം ഇവർക്കുള്ളതിലേറെ അയ്യങ്കാളിയിലുണ്ടായിരുന്നു വെന്നതാണ് മനസിലാക്കേണ്ട സത്യം. വ്യവഹാരമാലയെന്ന ബ്രാഹമണ തത്വചിന്തയുടെ എഴുത്തോലകളില്‍ കുരുങ്ങിക്കിടന്ന ചരിത്ര വിധികളാണ് അയ്യങ്കാളിയെപ്പോലൊരു വ്യക്തിയെ അസ്വസ്ഥനാക്കിയത്. അതായത് നേരിട്ടനുഭവിച്ച ജീവിതത്തിൽ നിന്നാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മൃഗതുല്യമായ ജീവിതംകൊണ്ട് മൃതിയടയപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ നിന്നുമുയർന്നു വന്ന അഹം ബോധമാണ് അയ്യങ്കാളി.

ആചാരങ്ങൾക്കെതിരേ നടന്ന ആദ്യസമരം

അതേ നിയമലംഘനം തന്നെയാണ് അയ്യങ്കാളിയുടെ സംഘം നടത്തിയത്. നിലനിന്നിരുന്ന നിയമവ്യവസ്ഥയ്ക്കെതിരേ പടപൊരുതാനായിരുന്നു അദ്ദേഹം ആളെ കൂട്ടിയത്. പുതിയ കാല വ്യാഖ്യാനത്തിലെ ആചാരലംഘനവുമായി ഇതു കൂട്ടി വായിക്കരുത്. ഇവിടെ ആർത്തവവും സ്ത്രീ പ്രവേശനവുമെല്ലാം ആചാരമായി കാണുന്ന പുതിയ കാലത്ത് ആ വായയിലേക്ക് അയ്യങ്കാളിയുടെ നിയമലംഘന പ്രവർത്തനവും ഗാന്ധിയുടെ നിയമലംഘനവുമൊന്നും ഇതുവരേ ചേർത്തു വായിക്കാതിരുന്നതു തന്നെ ഭാഗ്യമെന്നു കരുതിയാൽ മതി. ഇന്ന് കേരളത്തിൻ്റെ തെരുവിലുരുളുന്ന രാഷ്ട്രീയ രഥങ്ങളിലൊന്നിൽ അയ്യൻ കാളിയുടെയും വൈകുണ്ഠർ സ്വാമികളുടെയും ശ്രീ നാരായണഗുരുവിൻ്റെയും ചിത്രങ്ങൾ പതിച്ചിരിക്കുന്നതുതന്നെ അജ്ഞതയുടെ വിളംബരമെന്ന് വായിക്കുന്നതിനുപരി ഒരു ഹൈജാക്കിംഗ് പൊളിറ്റിക്സിൻ്റെ ഭാഗമായി കാണുന്നതാണ് നല്ലത്. ഇന്ന് നടക്കുന്ന ആചാരസംരക്ഷണത്തിൽ ശക്തമായ നിയമലംഘനം തന്നെയാണ് നടക്കുന്നത്. ആ നിയമലംഘനമല്ല അയ്യങ്കാളിയുടെ സമര പ്രക്ഷോഭങ്ങളിൽ നടന്നത്.

പ്രാക്തന ഗോത്രങ്ങളിൽ നിന്നും നഗ്നതയുടെ തിരിച്ചറിവുകൾ നേടിയതും ഭക്ഷണത്തിലെ ക്രമീകരണവും നാഗരികതയുടെയോ സംസ്ക്കാരത്തിൻ്റെയോ ആദ്യപടിയായി കാണുന്നു. സാംസ്കാരത്തിൻ്റെ വായനയിൽ ആദ്യമുണ്ടായ യുദ്ധം ഒരു പക്ഷേ ഭക്ഷണത്തിനുവേണ്ടിയുള്ളതാവാം. പിന്നെ നിലനിൽപ്പിനും അധികാരത്തിനുമെല്ലാം വേണ്ടിയുള്ള സമരങ്ങൾ നടന്നിരിക്കാം. അധികാരം നൽകിയ പദവികൾ അടിമകളേയും ഉടമകളേയും സൃഷ്ടിച്ചതുമെല്ലാം ചരിത്രത്തിൻ്റെ ഗതികളാകുന്നു. എഴുതിചേർക്കപ്പെട്ട ജാതി വ്യവസ്ഥതന്നെയാണ് മനുഷ്യൻ്റെ സ്വൈര്യജീവിതത്തിനു നേരെ ആദ്യമുയർന്ന ആയുധം. എല്ലാ പരിഗണനകളും സംരക്ഷിച്ചുകോണ്ട് അത് എഴുതിവച്ചവർ അവരെ പരിരക്ഷിച്ചു.അത്തരത്തിലുണ്ടായ ഏകപക്ഷീയമായ നിയമവ്യവസ്ഥയ്‌ക്കെതിരേയാണ് അയ്യങ്കാളി സമരം ചെയ്തത്. വെറും ഉപരിപ്ലവമായ സംഗതികൾക്ക് വേണ്ടിയല്ല. ചട്ടവരിയോലകളിലും വ്യവഹാരമാലകളിലും നിലനിന്നിരുന്ന മനുഷ്യത്ത്വരഹിതമായ നിയമങ്ങൾക്കെതിരേ ആയിരുന്നു. മേൽജാതിയിൽ പെടുന്നവർക്കു മുൻപിൽ എത്രയകലം മാറിനിൽക്കണമെന്ന അയിത്തക്കണക്ക് നിലനിൽക്കുമ്പോൾ തന്നെ കീഴ്ജാതിയിലെ പെണ്ണുങ്ങളുടെ മാറു മറയ്കാതെ കാണാനോ അല്ലെങ്കിൽ മറച്ച മുലകൾ വസ്ത്രം മാറ്റി പ്രദർശിപ്പിക്കാനോ ഉള്ള ശാസനം . കന്നുകളേപ്പോലെ പണിയെടുക്കുന്ന കറുത്തമനുഷ്യർക്ക് കുഴികുത്തി ഭക്ഷണം കൊടുക്കുന്ന ഹീനമായ കാലം.  ഇത്തരം കാഴ്ചയിൽ നിന്നുള്ള ആത്മാഭിമാനത്തിൻ്റെ വേദനയെന്തോ അതിൻ്റെ തിരിച്ചറിവായിരുന്നു അയ്യങ്കാളിയുടെ ഉയർത്തെഴുനേൽപ്പ്. സ്വാത്വികതയിലൂടെയോ സഹനത്തിലൂടെയോ ഉള്ള എതിരുകളല്ല അദ്ദേഹം പ്രാബല്യത്തിൽ വരുത്തിയത്. അതാവശ്യത്തിൽ കൂടുതലനുഭവിക്കുന്ന ഒരു ജനവിഭാഗത്തെ ഇനിയും അതിലേക്ക് തള്ളിവിടുന്നതിലെ സാംഗത്യമില്ലായ്മയും കൈക്കരുത്തും മെയ്ക്കരുത്തും തിരിച്ചറിഞ്ഞവൻ്റെ ആത്മബോധവുമാണ് അയ്യങ്കാളിയെ നേരിട്ട് പടനയിക്കാൻ പ്രേരിപ്പിച്ചത്.

Read Also  അറസ്റ്റിലായവരുടെ 'ജാതി കണക്ക്' പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയമെന്ത്?: ജെയ്‌സൺ സി. കൂപ്പർ എഴുതുന്നു

എന്തും നേരിടാനുള്ള കരളുറപ്പ് അതായിരുന്നു അയ്യങ്കാളി അനുയായികൾക്ക് പകർന്നു നൽകിയ ഊർജ്ജം. 1889-ല്‍ ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി സംഘം നേടിയ വിജയം.

സാംസ്കാരിക വിജയത്തിനും ലോകം മനസിലാക്കാനും വിദ്യാഭ്യാസമെന്നപ്രക്രിയ അത്യാവശ്യമാണെന്നും മനസിലാക്കിയ അദ്ദേഹം അതുകൊണ്ട് തന്നെ അംബേദ്ക്കർക്ക് മുൻപേ തന്നെ വിദ്യാഭ്യാസത്തിൻ്റെ ദലിത് പ്രസക്തിയെ കണ്ടെത്തിയിരുന്നുവെന്നുവേണം മനസിലാക്കാൻ. കത്തിനിൽക്കുന്ന ചോരയായിരുന്നു അയ്യങ്കാളിയിലുണ്ടായിരുന്നത്.

വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി  നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ സാംസ്കാരിക അവകാശ സമരമായിത്തന്നെ വായിക്കാം.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകൻ്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കേണ്ടത് അതിജീവനത്തിൻ്റെ ആവശ്യമാണെന്നും മതപരിവർത്തനം നൽകുന്ന കുറുക്കുവഴികളിലൂടെയുള്ള രക്ഷപെടൽ ആത്യന്തികമല്ലെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. ഇന്നും ക്രൈസതവപക്ഷത്ത് അവശക്രൈസ്തവരായി നിൽക്കുന്ന പഴയ മതപരിവർത്തിത ദളിതരേ കാണുമ്പോൾ  അയ്യങ്കാളിയുടെ നിഗമനം എത്രമാത്രം ശരിയായിരുന്നുവെന്നു മനസിലാക്കാം.. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം ഒരു ചരിത്രപരമായ രേഖപ്പെടുത്തലായിരുന്നു. പുതിയ ഹിന്ദു പക്ഷവാദികൾക്ക് അയ്യങ്കാളിയെ ഒരു ഹൈന്ദവബിംബമായി ഉയർത്തിക്കോണ്ട് വരാൻ ഒരു പക്ഷേ ഇതിൻ്റെ ഒരു തെറ്റായ വായനമാത്രം മതിയാകും. അതായത് സാമുദായിക ഉയർച്ചയ്ക്ക് കുറുക്കുവഴികളല്ല വേണ്ടതെന്നും അതിനു വേണ്ടത് പോരാട്ടമാണെന്നുമുള്ള അയ്യങ്കാളിയുടെ നിഗമനത്തെയാകും അപ്പോൾ കാണാതെ പോകുന്നത്..

എത്ര ആർജ്ജവത്തോടും അതേ സമയം മനോവിഷമത്തോടുമാണ് അദ്ദേഹം ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെന്നുകൂടി നോക്കുക.

1937 ജനുവരി 14ന്  വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധ;സ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയെപ്പോലൊരാളോട് ആരെങ്കിലും ഇത്തരത്തിൽ ഒരു ഭൗതികാാവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് അയ്യങ്കാളി മാത്രമായിരിക്കും.

“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.” ഒരുവര്‍ഷം നീണ്ടുനിന്ന സഹന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.

25 വര്‍ഷം അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ സാമാജികനായിരുന്നു. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ധിക്കാരിയായി അദ്ദേഹത്തെ ചാപ്പകുത്തി. പല സ്ത്രീകളുടേയും  റൗക്കകള്‍ വലിച്ചുകീറപ്പെട്ടു. പലരുടെയും മുലകള്‍ അറുത്തുകളയപ്പെട്ടു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മാനഭംഗപ്പെടുത്തി.. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവർ തീരുമാനിച്ചു. രക്തരൂഷിതമായ ഒരു കലാപമായി അതു മാറി. നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു. കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മറ്റ് സാമുദായിക നേതാക്കന്മാരുടെയും ആത്മീയ ആചാര്യന്മാരുടെയും പിന്തുണനേടിയെടുക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.ഒടുവിൽ   മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. “നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും” അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ “മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌.” എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. ‘അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍’ അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌  അവർ  കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരമുയർന്നതായി പറയപ്പെടുന്നു.സ്ത്രീകൾ നടത്തിയ ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തിൻ്റെ നാട്ടിൽ നിന്നാണ് ഇന്ന് ഞങ്ങൾ അശുദ്ധരാണ് ഞങ്ങളെ തീണ്ടാപ്പാടകൾത്തിലേക്ക് മാറ്റൂവെന്നു പറഞ്ഞ് പുതിയ കാലത്ത് സമരം നടക്കുന്നതെന്ന് ചിന്തിക്കുമ്പോഴാണ്. നമ്മൾ പിന്തിരിഞ്ഞു നടന്നുതുടങ്ങിയെന്നു മനസിലാക്കേണ്ടത്.

Read Also  ശബരിമലയിൽ കാണിക്ക ഇടാതിരുന്നാൽ അത് ജീവനക്കാരെയും ക്ഷേത്രങ്ങളേയും ബാധിക്കും എ പദ് മകുമാർ

അയ്യങ്കാളിയുടെ വില്ലുവണ്ടിയുരൂണ്ട് തുടങ്ങിയിട്ട് ഇന്ന് നൂറ്റിയിരുപത്തിയഞ്ചു വർഷങ്ങൾ കടന്നുപോയി മനുഷ്യനെപ്പോലെ വഴിനടക്കനുള്ള സ്വാതന്ത്ര്യത്തിൻ്റെ പ്രഖ്യാപനമാണ് വില്ലുവണ്ടി. നാട്ടില്‍ ജന്മികള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു പാഞ്ഞ അയ്യങ്കാളിയല്ലേ യഥാർത്ഥ ഹീറോ.  അതിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന  കുടമണിയുടെ മുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.

അന്ന്  വില്ലുവണ്ടി സമരക്കാലത്ത് തിരുവിതാംകൂറില്‍ 1.67 ലക്ഷം അടിമകള്‍ ഉണ്ടായിരുന്നതായി കാണുന്നു. ഇവരെയാണ് അയ്യന്‍കാളി സാധുജനങ്ങള്‍ എന്നുവിളിച്ചത്. നാഗര്‍കോവിലില്‍നിന്ന് വിലയ്ക്കു വാങ്ങിയ വില്ലുവണ്ടി  വെങ്ങാനൂരില്‍നിന്ന് ആറാലുംമൂട് ചന്തയിലേക്കും തിരിച്ച് വെങ്ങാനൂരിലേക്കും യാത്രചെയ്തു. ഇതിന്റെ തുടര്‍ച്ചയായി വണ്ടി ഉപേക്ഷിച്ച് രാജപാതയിലൂടെ വെങ്ങാനൂരില്‍നിന്ന് ആറാലുംമൂട് ചന്തയിലേക്ക് പദയാത്രയും  നടത്തി. ഈ പദയാത്ര ചാലിയത്തെരുവില്‍ ആക്രമിക്കപ്പെട്ടു. രാജാവിന്റെ നെയ്ത്തുകാരായ ചാലിയ സമുദായക്കാര്‍ താമസിച്ച തെരുവിലൂടെയായിരുന്നു പദയാത്ര. രാജാവിനെ ആക്രമിക്കാനാണ് സംഘംചേര്‍ന്ന് വരുന്നതെന്ന് ചാലിയ സമുദായത്തിനിടയില്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്നാണ് ആക്രമിക്കപ്പെട്ടതെന്നു പറയപ്പെടുന്നു. സംഘടിത അവകാശസമരത്തിനു നേരേ അവശരായ മറ്റൊരു വിഭാഗം ആശ്രിതരേക്കൊണ്ട് യുദ്ധം ചെയ്യിച്ച ആ ഹീനതന്ത്രമാണ് കൈക്കരുത്ത് ഒന്നു കൊണ്ട് മാത്രം അയ്യങ്കാളി സംഘം നേരിട്ട് തോൽപ്പിച്ചത്.

അയ്യങ്കാളിയുടെ സമരങ്ങൾക്കു ഇന്നും പ്രസക്തിയുണ്ട്. ഒരു സമൂഹം പുതിയകാലത്ത് ജനാധിപത്യത്തിലൂന്നി സൃഷ്ടിക്കപ്പെട്ട തുല്യനീതി വിഭാവനം ചെയ്യുന്ന തരത്തിൽ എഴുതപ്പെട്ട ഭരണഘടനയ്ക്ക് നേരേ സമരമഴിച്ചു വിട്ട് പണ്ടെങ്ങോ ജീവിതത്തിൻ്റെ പിന്നാമ്പുറത്തേക്ക് മാറ്റിയിടപ്പെട്ട ആചാരത്തിൻ്റെയും അനുഷ്ഠാനത്തിൻ്റെയും തിരിച്ചു വരവിനുവേണ്ടി സമരത്തിനായി രംഗത്തിറങ്ങുമ്പോൾ വില്ലുവണ്ടിയുടെ കുടമണികൾ ഇനിയും കിലുങ്ങുമെന്നു കരുതാം.

 

Spread the love

Leave a Reply