കവണി
രസകരമാകിയ കഥകൾ പറയണം
അതിനാണല്ലോ മാനുഷ ജന്മം……
നാടൻ ഭാഷയിൽ പറഞ്ഞാൽ അയ്യപ്പപ്പണിക്കർ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ തൊണ്ണൂറു വയസ്സു കണ്ടേനേം.
മലയാള കവിതയിൽ ആധുനികതയെ അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും അയ്യപ്പപ്പണിക്കരാണ്. ഈ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പണിക്കരെ സമുചിതമായി ഓർത്തെടുക്കുന്നു.
ആധുനികതയുടെ വിവിധ ഘട്ടങ്ങളിലൂടെ മലയാള കവിതയെ കയറ്റിയിറക്കിയവരിൽ മുൻപനായ സച്ചിദാനന്ദൻ അയ്യപ്പപ്പണിക്കരെ കൃത്യമായി നിനവിൽ വരുത്തിയിരിക്കുന്നു. പണിക്കർ ആരായിരുന്നുവെന്നും പണിക്കർ മലയാള കവിതയ്ക്ക് എന്തു ചെയ്തു എന്നും സ്വാനുഭവ പശ്ചാത്തലത്തിൽ സച്ചിദാനന്ദൻ വിടർത്തിയിടുന്നു. കവിയും വിവർത്തകനും ദ്വിഭാഷാ പണ്ഡിതനും ശ്രേഷ്ഠനായ അധ്യാപകനും നിരൂപകനും വിജ്ഞാനകോശകാരനും അമ്പതറുപതുകളിലെ അവാങ്- ഗാദിൻ്റെ സൈദ്ധാന്തികനും പങ്കാളിയുമായിരുന്നു അയ്യപ്പപ്പണിക്കർ എന്ന് ഒറ്റ വാചകത്തിൽ സച്ചിദാനന്ദൻ . ‘താൻ ചെയ്യുന്നതിലെല്ലാറ്റിലും മുഴുവനായും മുഴുകിയ ഒരു മനുഷ്യനായിരുന്നു അയ്യപ്പപ്പണിക്കർ ‘ എന്ന് കവിതയുടെ തിളക്കമുള്ള ഒരു വരിയും പിന്നാലെ.
ഇന്ന് മലയാള കവിതയിൽ സ്വാഭാവികമായി കരുതപ്പെടുന്ന ,ഇന്ന് മലയാള കവിതയിൽ വാഴുന്ന മിക്ക കാവ്യ രീതികൾക്കും തുടക്കം കുറിച്ചത് അയ്യപ്പപ്പണിക്കരാണെന്ന സത്യവും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായിരുന്നു പണിക്കർ. കവിതയുടെ വിവിധ രീതികളിൽ കയറി പണിക്കർ പൂത്തു. പൂക്കാതിരിക്കാനദ്ദേഹത്തിന് ആവതില്ലായിരുന്നു. കിലുങ്ങിയും കുലുങ്ങിയും സിനിമാപ്പാട്ടായും മാറിയ ജനപ്രിയ കാവ്യരീതിയെ ബഹുസ്വരമായ കാവ്യ രീതികൾ കൊണ്ട് പണിക്കർ പൂട്ടിമറിച്ച് വളമാക്കി കനത്ത കവിതക്കതിർ കൊയ്തെടുത്തു. ‘വൃത്തമിശ്രണം, വൃത്തങ്ങളുടെ ലഘുഭേദങ്ങൾ, മുക്ത ഛന്ദസ്സ്, പലസ്വരങ്ങളിലുള്ള ഗദ്യം, നാടോടി രീതികൾ, മല്ലിക, ദണ്ഡകം ,കാർട്ടൂൺ കവിതകൾ ,സീക്വെൻസ് കവിതകൾ, യാത്രാകവിതകൾ ,ഒറ്റ ശ്ലോകങ്ങൾ , ബൈബിൾ ഗദ്യം, നർമ്മ കഥാഖ്യാനം, ധ്യാനാത്മക ഗദ്യം തുടങ്ങി രൂപങ്ങളുടെ ഒരു കാഴ്ചബംഗ്ലാവായിരുന്നു പണിക്കർ കവിത എന്നു സച്ചിദാനന്ദൻ.
രസകരമായി കവിതയിൽ കഥ പറഞ്ഞ പണിക്കർ ആധുനികനായ കുഞ്ചൻ നമ്പ്യാരുമായി. ഹാസ്യ കവിത എന്ന പേരിൽ കവിതയെഴുതിയ ചെമ്മനം ചാക്കോയൊക്കെ കവിതയിലെ വെറും വളിപ്പുകളായിരുന്നു. പണിക്കരുടെ നർമ്മത്തിൽ ദാർശനികതയുടെ തിരയിളക്കമുണ്ടായിരുന്നു. സാമൂഹിക വിമർശനത്തിൻ്റെ ചാട്ടപ്പുളച്ചിൽ ഉണ്ടായിരുന്നു.
എല്ലാത്തരം അധികാര സങ്കല്പങ്ങളോടും കലമ്പിച്ചു നിന്ന സ്വാതന്ത്ര്യമോഹിയായിരുന്നു പണിക്കർ. സി ജെ തോമസിൻ്റെയും സി.എൻ.ശ്രീകണ്ഠൻ നായരുടെയും നാടകങ്ങളെ ഹൃദയത്തിലും ബുദ്ധിയിലും ചേർത്തുനിർത്തുക വഴി അയ്യപ്പപ്പണിക്കർ തൻ്റെ സ്വതന്ത്ര വ്യക്തിത്വത്തെ അടയാളപ്പെടുത്തുക കൂടിയായിരുന്നു. വെച്ചു നീട്ടിയ വൈസ് ചാൻസലർ സ്ഥാനം പണിക്കർ തട്ടിയെറിഞ്ഞ കഥയൊക്കെ ഏവർക്കും അറിവുള്ളതാണല്ലോ.
അയ്യപ്പപ്പണിക്കരും അരങ്ങും തമ്മിലുണ്ടായിരുന്ന ഗാഢബന്ധത്തെ പ്രദീപ് പനങ്ങാട് വിവരിക്കുന്നു. ആധുനികത എങ്ങനെ മലയാള നാടകവേദിയെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്ന ലേഖനം. സി. എൻ്റെ ശേഖരത്തിൽ നിന്നും മറ്റും ലഭിച്ച അപൂർവ്വ ഫോട്ടോകൾ കൂടിയായപ്പോൾ ആ കാലത്തിലൂടെ സഞ്ചരിക്കുന്നതു പോലുള്ള അനുഭവം.
ശിവപാർവ്വതി, പാലങ്ങൾ, ഉർവ്വശി എന്നീ പണിക്കർ കവിതകൾ കാവ്യ നാടകങ്ങളുടെ സ്വഭാവം പേറുന്നവയാണെന്ന് പ്രദീപ് ചൂണ്ടിക്കാട്ടുന്നുണ്ട്. കേരള കവിതയും കവിയരങ്ങുകളുമൊക്കെയായി ആധുനികതയുടെ ശബരീശനായ അയ്യപ്പപ്പണിക്കർക്ക് നമോവാകം.
പാരഡി കവിതകളും അയ്യപ്പപ്പണിക്കർ എഴുതിയിട്ടുണ്ട്. വാങ്ങിപ്പിൻ താറാവിനെ എന്നും മറ്റുമായി കുറേ പാരഡികൾ. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ദാ കിടക്കുന്നു രാംമോഹൻ പാലിയത്തിൻ്റെ ‘അതീവ ലളിതം’ എന്ന പാരഡിക്കവിത. പി.പി.രാമചന്ദ്രനോട് ക്ഷമ ചോദിച്ചു കൊണ്ട് ലളിതത്തിന് പാരഡി ചമച്ചിരിക്കുകയാണ്. ഇപ്പോഴും ആധുനികതയുടെ ചുറ്റുവട്ടത്ത് പൂടയും കൊക്കുമായി കറങ്ങി നടക്കുകയാണ് മലയാള കവിതപ്പക്ഷി എന്നു കാണിക്കുവാനാണോ ഈ കവിത ഇട്ടിരിക്കുന്നത്. രാംമോഹൻ പാലിയത്ത് ഈ കാലത്ത് പല നല്ല കവിതകളും എഴുതിയ ആളാണ് എന്ന കാര്യം ഇതോട് ചേർത്ത് സ്മരിക്കുക.
രാംമോഹൻ്റെ കവിത ഒരു നിമിഷം പൂന്താനത്തിലേക്ക് കൊണ്ടുപോയി എന്ന കാര്യം കൂടി എഴുതട്ടെ. മായ കാട്ടും വിലാസങ്ങളോർത്തു പോയി .
അധികം പേർക്കും ഉൾക്കൊള്ളാൻ ചിലപ്പോൾ സാധിക്കാത്ത ഒരു കാര്യം ചൂണ്ടിക്കാട്ടട്ടെ. ജ്ഞാനപ്പാനയുടെ ലാളിത്യമായിരുന്നു ആകെ മൊത്തം ടോട്ടലിൽ അയ്യപ്പപ്പണിക്കർ.
ആ ലാളിത്യം തേടി ഉത്തരാധുനികർ എന്തിനാണ് അലയുന്നത്? ലോകം അടിക്കടി സങ്കീർണ്ണമാവുകയല്ലേ?