ഒരു കാലത്ത് സമൂഹം അറപ്പോടെയും വെറുപ്പോടെയും പരിഗണിക്കപ്പെട്ട്
അവഗണനയുടെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട നിരാലംബരായ കുഷ്ഠരോഗികൾക്ക് കൈത്താങ്ങായി ഒരു നിസ്വാർത്ഥനായ മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നു. അശരണരുടെയും അവഗണിക്കപ്പെട്ടവരുടെയും ‘മിശിഹ’ ആയിരുന്ന അദ്ദേഹത്തിന്റെ പേര് ബാബാ ആംതെ എന്നായിരുന്നു. മുഴുവൻ പേര് മുരളിധർ ദേവദാസ് ആംതെ.കുട്ടിക്കാലത്തേ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി സാമൂഹ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. ഗാന്ധിയൻ സാമൂഹ്യ പ്രവർത്തകൻ എന്ന ഒറ്റക്കളത്തിൽ ഒതുക്കുവാനാകാത്തത്ര സമ്പന്നവും വിപുലവുമായിരുന്നു ആ ധൈഷണിക ജീവിതം. സമാനതകളില്ലാത്ത ഒരു പാഠ
പുസ്തകമാണ് ബാബാ ആംതെ. മഹാരാഷ്ട്രയിലെ വർധജില്ലയിൽ 1914 ഡിസം 26നാണ് ജനനം.നിയമത്തിൽ ബിരുദം നേടി വക്കീലായി പ്രാക്ടീസ് ചെയ്തുവെങ്കിലും സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളുടെ ജീവിതസമരം അദ്ദേഹത്തിന്റെ ഉള്ളുലച്ചു. ഒരു ദിവസം തന്റെ ജോലി സ്ഥലത്തു നിന്നുള്ള മടക്കയാത്രയിൽ വഴിയരികിൽ രാത്രിയിലെ കോരിച്ചൊരിയുന്ന മഴയിൽ നിസ്സഹായനായി നിലവിളിക്കുന്ന ഒരു കുഷ്oരോഗിയാണ് ആംതെയുടെ ജീവിതത്തെ മാറ്റിമറിച്ചത്.ഈ സാമൂഹ്യ യാഥാർത്ഥ്യം മനസ്സിലാക്കിയ അദ്ദേഹം കുഷ്ഠരോഗികൾക്കായി ഒരു പുനരധിവാസ കേന്ദ്രം ആരംഭിച്ചു.ആനന്ദവനം എന്നായിരുന്നു അതിന്റെ പേര്.1956-ൽ സർക്കാർ നൽകിയ 25 ഏക്കർ പ്രദേശത്താണ് അദ്ദേഹം ഇതാരംഭിച്ചത്.450 ഏക്കറോളം വരുന്ന ലോകത്തെ ഏറ്റവും വലിയ കുഷ്ഠരോഗ പുനരധിവാസ കേന്ദ്രമായി അത് വളർന്നു.


ആംതെയുടെയും രോഗികളുടെയും കൂട്ടായശ്രമദാനത്തിന്റെ ഫലമായി ഒരു കാർഷിക കോളജും ,ഒരു ആർട്സ് സയൻസ്, കൊമേഴ്സ് കോളേജും ഇവിടെ പണിതുയർത്തിയിട്ടുണ്ട്. ഇതിനു പുറമേ നിരവധി രോഗികൾക്ക് താമസിക്കാൻ സൗകര്യമുള്ള അശോക് ഭവൻ ഉൾപ്പെടെയുള്ള പുനരധിവാസ കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഗിരിവർഗ്ഗക്കാർക്ക് പ്രതീക്ഷ നൽകി കൊണ്ട് ‘ഹേമൽകാസ് ‘ എന്ന ആരോഗ്യ വിദ്യാഭ്യാസ കാർഷിക എക്സ്റ്റൻഷൻ സെന്ററും ആംതെയുടെ ശ്രമഫലമായി പിറവി കൊണ്ടു. ഈ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് 1985 ൽ മാഗ്സസെ പുരസ്ക്കാരം ലഭിച്ചത്.
ഒരൊറ്റ ഇന്ത്യ എന്ന ആശയ സാക്ഷാത്കരണത്തിനു വേണ്ടി രണ്ടു തവണ ‘ഭാരത് ജോദോ ‘ യാത്ര നടത്തിയിട്ടുണ്ട് ആംതെ .1985-ൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കും 1988-ൽ ഗുജറാത്തിൽ നിന്നും അരുണാചൽ പ്രദേശിലേക്കും. ഒരു പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മേധാ പട്കറുടെ നേതൃത്വത്തിൽ നർമ്മദയിൽ നടന്ന പരിസ്ഥിതി സമരങ്ങൾക്ക് ആംതെയുടെ നിർലോഭമായ സഹകരണം ലഭിച്ചിരുന്നു. ആനന്ദവനത്തിൽ നിന്നും അവിടുത്തെ അന്തേവാസികൾക്കൊപ്പം നർമ്മദാ ബച്ചാവോ ആന്ദോളനിൽ പ്രവർത്തിക്കുവാനായി അദ്ദേഹം നർമ്മദയിലെത്തുകയായിരുന്നു.

ആദിവാസികളെ അവിടെ നിന്നും കുടിയൊഴിപ്പിച്ച കേന്ദ്ര സംസ്ഥാന ഗവൺമെന്റു കളുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് തനിക്ക് ലഭിച്ച പത്മശ്രീ – പത്മഭൂഷൺ ബഹുമതികൾ ആംതെ തിരിച്ചു നൽകി.1999 ൽ ലഭിച്ച ഗാന്ധി സമാധാന സമ്മാനത്തിന്റെ മുഴുവൻ തുകയും ആദിവാസി ക്ഷേമ പ്രവർത്ത നങ്ങൾക്കായി അദ്ദേഹം സംഭാവന ചെയ്തു. ആനന്ദഭവനം ആശമത്തിൽ വെച്ച് 2008 ഫെബ്രുവരി 9ന് 94-ാം മത്തെ വയസ്സിൽ ബാബാ ആംതെ അന്തരിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക പ്രവർത്തകനായ അദ്ദേഹത്തിന്റെ മൂന്നാം തലമുറയും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്. അദ്ദേഹത്തിന്റെ മകൻ ഡോ: പ്രകാശ് ആംതെയും ഭാര്യ മന്ദാകിനി ആംതെയും മഹാരാഷ്ട്രയിലെ ഗച്ചിരോളിയിൽ പ്രാദേശിക സമൂഹങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നു.

Read Also  ബാബാ ആംതെയ്ക്ക് ഗൂഗിള്‍ ഡൂഡില്‍ ആദരം, പ്രതിപക്ഷം.ഇന്നിന്‍റെയും

LEAVE A REPLY

Please enter your comment!
Please enter your name here