രാജ്യത്ത് പശുക്കളെ കൊല്ലുന്നതിനും പശുവിറച്ചി വിൽക്കുന്നതിനും സമ്പൂർണ്ണ നിരോധനമേർപ്പെടുത്തണമെന്ന് ബിജെപി സഹചാരിയും ഹിന്ദുത്വ യോഗാചാര്യനുമായ ബാബാ രാംദേവ്. ഇറച്ചി കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേറെ എത്രതരം ഭക്ഷ്യയോഗ്യമായ ഇറച്ചികള്‍ ലഭിക്കുമെന്നും പശു സംരക്ഷകരും പശുക്കടത്തുകാരും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിന് ഗോവധ നിരോധനം നടപ്പിലാക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ മദ്യത്തിനും പൂര്‍ണ നിരോധനം ഏർപ്പെടുത്തണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ഇസ്ലാം രാഷ്ട്രങ്ങളില്‍ മദ്യം നിരോധിച്ചിട്ടുണ്ടന്നും ഇസ്ലാം രാജ്യങ്ങളില്‍ നിരോധിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ മദ്യം നിരോധിച്ചുകൂടായെന്നും ഇയാൾ ചോദിക്കുന്നു.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനുള്ള മാർഗ നിർദ്ദേശങ്ങളും ഹിന്ദുത്വ യോഗാചാര്യൻ ബാബ രാംദേവിന്റെ പക്കലുണ്ട്. ജനസംഖ്യ വളര്‍ച്ച നിയന്ത്രിക്കാന്‍ വീട്ടിലെ മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നൽകരുതെന്നും മറ്റ് സർക്കർ ആനൂകൂല്യങ്ങൾ നിഷേധിക്കണമെന്നും ഇയാൾ പറയുന്നു. ഏത് മതത്തിൽ പെട്ട കുട്ടിയാണെങ്കിലും അവർക്ക് വോട്ടവകാശം നൽകരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യ അടുത്ത 50 വര്‍ഷത്തേക്ക് 150 കോടിയേക്കാള്‍ അധികമാകരുത്. വീട്ടിലെ മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശം നല്‍കാതിരിക്കുക എന്നതാണ് ജനസംഖ്യ വര്‍ധിക്കാതിരിക്കാനുള്ള പോംവഴി. സര്‍ക്കാര്‍ ഇതിനായി പുതിയ നിയമം ഇറക്കണം. വോട്ടവകാശം നല്‍കരുത് എന്ന് മാത്രമല്ല, അവര്‍ക്ക് സര്‍ക്കാറിൽ നിന്ന് ഒരു പരിഗണനയും അവകാശങ്ങളും ലഭിക്കരുതന്നും രാംദേവ് ആവശ്യപ്പെട്ടു.

മൂന്നാമത്തെ കുട്ടിയ്ക്ക് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയാകാൻ കഴിയരുതെന്നും ഇത് മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള വഴിയെന്നും രാംദേവ് പറഞ്ഞു. ഇങ്ങനെ വന്നാല്‍ മൂന്നാമത്തെ കുട്ടിയ്ക്ക് ആരും ജന്മം നല്‍കില്ലന്നും ഏത് മതത്തില്‍ പെട്ടവരായാലും ഇങ്ങനെ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read Also  മുഖ്യമന്ത്രി പദവി താങ്ങാനാവുന്നില്ല: പൊട്ടിക്കരഞ്ഞ് കുമാരസ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here