എസ്.ഹരീഷിന്റെ “മോദസ്ഥിതനായങ്ങു വസിപ്പൂ ..” എന്ന കഥയിൽ അറേൻജ്‌ഡ്‌ മിശ്ര വിവാഹിതരുടെ രക്ഷിതാക്കളുടെ ജാതി സൂചിതമാവുന്നത് പരോക്ഷമായിട്ടാണ് . പ്രത്യേകിച്ചും സംസാരങ്ങളിലൂടെ . “ചോറ് തിന്നുക ” എന്നത്  “ഊണ് കഴിക്കുക ” എന്ന് സൗമ്യമായി തിരുത്തപ്പെടുമ്പോൾ ജാതിവ്യത്യാസം  വെളിവാകുന്നു .

 
മുമ്പ് ജാതി ശരീരത്തിലും ഉണ്മയിൽ തന്നെയും മുദ്രിതമായിരുന്നു  . ആഭരണങ്ങളുടെയും വസ്ത്രത്തിന്റെയും ഹെയർ കട്ടിന്റെയും ഒക്കെ വിധത്തിലുള്ള വ്യത്യാസങ്ങളായി . ആധുനികത ദൃശ്യമായ ഈ വ്യത്യാസങ്ങളെ വലിയ അളവിൽ സമീകരിച്ചു. ആൾക്കാർക്ക് അനോണിമിറ്റി നൽകി . ശബ്ദത്തിലും ഭക്ഷണ രീതികളിലും ആണ് സമകാല ജാതി വ്യത്യാസങ്ങൾ പ്രധാനമായും പ്രകടമാവുന്നത് .
 
അവസാനം പറഞ്ഞ നിരീക്ഷണം നടത്തിയത് അനികേത് ജാവരെ എന്ന തത്വചിന്തകനാണ് ; അദ്ദേഹത്തിന്റെ ‘ പ്രാക്ടീസിങ് കാസ്റ്റ് : ഓൺ ടച്ചിങ് ആൻഡ് നോട്ട്  ടച്ചിങ് ‘ എന്ന പുസ്തകത്തിൽ . നിർഭാഗ്യവശാൽ ഈ പുസ്തകം ഇറങ്ങിയപ്പോഴേക്കും അദ്ദേഹം നമ്മെ വിട്ടു പോയി .
 
ഈ പുസ്തകത്തിൽ അനികേത് നടത്തുന്നത്  ജാതിയെ സംബന്ധിക്കുന്ന ഇതഃപര്യന്തമുള്ള വിജ്ഞാനം മുഴുവൻ മറന്നു കളഞ്ഞ് അതേക്കുറിച്ച് പുതുതായി ചിന്തിക്കാനുള്ള സാഹസികവും സർഗ്ഗാത്മകവുമായ പരിശ്രമമാണ് ..  oblierring എന്ന ഒരു പുതിയ വാക്ക് തന്നെ അതിനായി അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നു . ഒരേ സമയത്ത് മറക്കുകയും പുതുതായി ചിന്തിക്കുകയും ചെയ്യുന്ന പ്രക്രിയയെ കുറിക്കാനാണ് ഇത് . തൊടുക , തൊടാതിരിക്കുക എന്ന ലളിതമായ പിളർപ്പിനെ  മുൻ നിർത്തിയാണ് അദ്ദേഹത്തിന്റെ ആലോചന മുഴുവൻ .
 
                      അനികേത് ജാവരെ
 
ഇതിനെ വേണമെങ്കിൽ ഒരു ഫിനോമിനോളജിക്കൽ തിരിവ് എന്ന് വിളിക്കാവുന്നതാണ് . അനികേതിനു മുമ്പ് ഗോപാൽ ഗുരുവും സുന്ദർ സാരുഖായ്- യും ചേർന്ന് എഴുതിയ ‘ക്രാക്ക്ഡ് മിറർ : ആൻ ഇന്ത്യൻ ഡിബേറ്റ് ഓൺ എക്സ്പീരിയൻസ് ആൻഡ് തിയറി’ എന്ന   പുസ്തകത്തിലാണ് ഈ തിരിവ് പ്രത്യക്ഷപ്പെട്ടത് . രണ്ടു പുസ്തകങ്ങളിലും അനുഭവവും സ്വത്വവും തമ്മിലുള്ള ബന്ധമാണ് അന്വേഷണ വിധേയമാവുന്നത് . സ്പർശം എന്നതിനെ പ്രധാനമായി എടുത്തു കൊണ്ട് ആനുഭവികതയും അമൂർത്തവത്കരണവും തമ്മിലുള്ള ( അതല്ലെങ്കിൽ സാഹിത്യവും തത്വചിന്തയും തമ്മിലുള്ള ) ബന്ധത്തെ മാറ്റി നിര്ണയിക്കുകയാണ് അവർ ചെയ്യുന്നത് . സുന്ദർ സാരുഖായ് വാദിക്കുന്നത് ലിവ്ഡ് എക്സ്പീരിയൻസ് അടിസ്ഥാനമാക്കി എഴുതപ്പെടുന്ന സാഹിത്യം അതിൽ തന്നെ സിദ്ധാന്ത പദവി അർഹിക്കുന്നു എന്നാണ്  . അനുഭവത്തിലെ സ്വാതന്ത്ര്യം മാത്രമല്ല , ഒരനുഭവത്തിൽ ഇല്ലാത്ത സ്വാതന്ത്ര്യവും ഉൾപ്പെട്ടതാണ് ലിവ്ഡ് എക്സ്പീരിയൻസ്. ഉള്ളത് പങ്കിടൽ പോലെ ഉണ്ടാവാനാവാത്തത് പങ്കിടലും ചേർന്നതാണ് അദ്ദേഹത്തിനെ സംബന്ധിച്ച് ദലിത് അനുഭവം
അനികേത് ഈ സമീപനത്തിൽ പൂർണമായും തൃപ്തനല്ല . തന്റെ പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ അദ്ദേഹം ദലിത് സാഹിത്യത്തെ സാമൂഹിക രേഖകളായി വായിക്കുന്നതിനെതിരെ വാദിക്കുന്നുണ്ട് .  അംബേദ്കറോടും ഫൂലെയോടുമൊക്കെ വലിയ അടുപ്പം കാണിക്കുന്ന ഒരു ചിന്തകനാണെങ്കിലും അവരിൽനിന്ന് കൂടി വിട്ടു മാറി
ചിന്തിക്കാനാണ് അനികേത് ഈ പുസ്തകത്തിൽ  ശ്രമിച്ചിട്ടുള്ളത് .  
 
 
 
 
ഉദാഹരണത്തിന് അംബേദ്കറിൽ നിന്ന് വ്യത്യസ്തമായി ജാതിയുടെ ഉറവിടം തേടുന്നതേക്കാൾ  ജാതി എന്ന പ്രയോഗത്തിന്റെ ചരിത്രം  അതിന്റെ ദൈനം ദിന പ്രയോഗ വിശദാംശങ്ങളിൽ കണ്ടെത്തുന്നതാണ് പ്രധാനം എന്നദ്ദേഹം പറയുന്നു . അങ്ങനെയാണ് ഭാഷേതരമായ ശബ്ദങ്ങളിലും മറ്റും ജാതിയുടെ തുടർച്ച തിരയുന്നത് . ജാതി ശരീരത്തിൽ മുദ്രിതമായിരുന്ന കാഴ്ചയുടെ കാലത്ത് ആ മുദ്രകളാണ് ജാതിവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായത് . ദലിത് എഴുത്തുകൾ ഒരു പ്രതലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് വ്യത്യസ്തങ്ങളായ സംസാര വിധങ്ങൾക്ക് സാധുതയേകലാണ് എന്ന് പറയാം . ലിവ്ഡ് എക്സ്പീരിയൻസിനെ രേഖപ്പെടുത്താനുള്ള അവകാശം കൂടിയാണ് ഇതിലൂടെ സാക്ഷാത്കൃതമാവുന്നത് . ഈ പശ്ചാത്തലത്തിൽ കൂടിയാണ് ദൃശ്യതയുടെ ഘട്ടത്തിൽ ഉടലിനു കൈവന്ന കേന്ദ്ര സ്ഥാനം ഇക്കാലത്ത് സംസാരത്തിന് / ശബ്ദത്തിന് കൈവരുന്നതിനെ കുറിച്ച് അനികേത് സിദ്ധാന്തിക്കുന്നത് .
 
                    സനൽ മോഹൻ
 
ക്‌ളാസിക്കൽ പാഠങ്ങളെ വായിച്ചും പുനർവായിച്ചും ജാതിയെ മനസ്സിലാക്കാമെന്നത് മൂഢ വിശ്വാസമാണെന്നാണ് അനികേതിന്റെ അനുബന്ധ വാദം. സ്വന്തം വംശത്തെപ്പറ്റി ഒരക്ഷരവും കാണുന്നില്ല എന്ന് വിളിച്ചു പറഞ്ഞ പൊയ്കയിൽ അപ്പച്ചൻ ബദൽ ചരിത്രമെഴുതുകയല്ല ചെയ്തത്. അടിമത്തത്തിന്റെ ചരിത്രം അന്വേഷിച്ച് പോയ ചരിത്രകാരനായ സനൽ മോഹൻ ദലിത് ശബ്ദങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ആരായലിൽ ആദ്യം ചെയ്തത് ആദ്യകാല നോവലുകളെ അപ്പാടെ ഒഴിവാക്കുകയാണ് . അക്ഷരങ്ങൾ വഴി ഓർമ്മകൾ രേഖപ്പെടുത്തുകയും സംരക്ഷിക്കുയും ചെയ്തവർ ആരൊക്കെ എന്നത് പ്രധാനമാണ്. ദലിതർ എങ്ങനെ ജീവിച്ചു, എന്തൊക്കെ അനുഭവിച്ചു എന്നത് കണ്ടെത്താൻ ഭാവന അനിവാര്യമാണ്. സനൽ മോഹന്റെ പ്രധാനപ്പെട്ട വാദം തന്നെ ചരിത്രമല്ല ഭാവനയാണ് സമുദായ നിർമാണത്തിന്റെ സങ്കേതമായി വർത്തിച്ചത് , പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ കാര്യത്തിൽ എന്നാണ്. യാതനകളുടെ ഒരു ഭൂതകാലം ആരും ഓർക്കാനോ രേഖപ്പെടുത്താനോ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അതിനർത്ഥം അങ്ങനെയുള്ളവർക്ക് ചരിത്രമില്ലെന്നല്ല .
 
  പൊയ്കയിൽ അപ്പച്ചൻ
 
കേരളത്തിൽ ഒരു ദളിത് പാഠ – സമുദായം സാഹിത്യത്തിലൂടെയും സാമൂഹിക വിമർശത്തിലൂടെയും നിലവിൽ വന്നിരിക്കുന്നു എന്നതിന്റെ ഇക്കാല ജാതി വിരുദ്ധ വിവക്ഷ നേരത്തെ സൂചിപ്പിച്ച തരത്തിൽ ദൃശ്യതയിൽനിന്ന് സംസാരത്തിലേക്കും ഉടലിൽ നിന്ന് എഴുത്തിലേക്കും ഉള്ള മാറ്റത്തോട് ചേർത്തു വേണം  നിർധാരണം ചെയ്യേണ്ടത് .
 
അനികേത് ജാവരെയുടെ പുസ്തകത്തിന്റെ ആദ്യവായന ഉണർത്തിയ ആവേശം മാത്രമേ ഈ കുറിപ്പിലുള്ളൂ. പുസ്തകം ഒരുപാട് വായനകൾ കാത്ത് കിടക്കുന്നു .
 
ചിന്താശേഷം :-  ശബ്ദത്തെ പ്രധാനമയെടുത്ത് പ്രദീപൻ പാമ്പിരിക്കുന്ന് ( ഏക ജീവിതാനശ്വരഗാനം എന്ന കൃതിയിൽ, പുറം 16  )  ” ജന്മിത്തപരമായ ബ്രാഹ്മണ പ്രത്യയ ശാസ്ത്രത്തിന്റെ അബോധമായ ഉദാത്തീകരണത്തിന്റെയും / നാടോടി ജനകീയ പാരമ്പര്യത്തിന്റെ നിഷേധത്തിന്റെയും ഭാഗമായി സ്വരൂപിക്കപ്പെട്ട അന്തരാത്മാവിലെ മൗനത്തിന്റെ മാനക സ്വരമായിരുന്നു യേശുദാസിന്റേത് ” എന്ന് നിരീക്ഷിച്ചിട്ടുണ്ട് . യേശുദാസിന്റെ തേച്ചു മിനുക്കപ്പെട്ട മാനക സ്വരത്തിനെതിരെ കോഴിക്കോട് അബ്ദുൽ ഖാദർ , മന്നാഡെ , മെഹ്‌ബൂബ് , എ .എം.രാജ , സി.ഒ.ആന്റോ , കമുകറ പുരുഷോത്തമൻ ,പി.ബി.ശ്രീനിവാസൻ ,ഉദയ ഭാനു തുടങ്ങിയ ഗായകരുടെ അസംസ്‌കൃതത്വം ( rawness ) സുനിൽ പി.ഇളയിടവും (അനുഭൂതികളുടെ ചരിത്ര ജീവിതം , പുറം 40 ) ഊന്നി പറഞ്ഞിട്ടുണ്ട് .
 
                പ്രദീപൻ പാമ്പിരിക്കുന്ന്
 
ഈ പുസ്തകത്തിലെ നിരീക്ഷണങ്ങളുടെ പിൻ ബലത്തിൽ ചിന്തിച്ചപ്പോൾ എനിക്ക് മറ്റൊരു കാര്യമാണ് തോന്നിയത്. സുനിൽ പി.ഇളയിടത്തിന്റെ പ്രഭാഷണ ശൈലിയ്ക്ക് അതിൽ തന്നെ ജാതിയില്ലേ ? സവർണമെന്നും മാനകമെന്നും കരുതാവുന്ന ഒരു സ്വരം? പിന്നെ ഇതേ  സ്വരം അലോസരപ്പെടുംവിധം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ( അലോസരം മാത്രമേ ഉണ്ടായിരുന്നുള്ളൂ , ഇപ്പോൾ അതിന്റെ നിദാനം സംബന്ധിച്ച് ഒരു  തൽക്കാല ഊഹം മുന്നോട്ടു വെക്കുകയാണ് — ഗവേഷകർ സ്വന്തം ഗവേഷണഫലത്തെ ഭയപ്പെടരുത് എന്ന മാർക്സിന്റെ വാക്കുകൾ നിനച്ച് ) പല പ്രാസംഗികരും ഇംഗ്ളീഷിൽ പ്രസംഗിച്ചു പോകുന്നതിനിടെ പറയുന്ന പ്രത്യേകമായ ഒരു മലയാളത്തിലാണ്.

പ്രഭാഷണം എന്നത് മലയാളത്തിന്റെ ഒരു തനത് സർഗ്ഗാത്മക ആവിഷ്കാരവിധം എന്ന നിലയ്ക്ക് ഗൗരവത്തോടെ ഇനിയും പഠിക്കപ്പെടേണ്ടതായിട്ടാണുള്ളത് . പ്രാദേശിക ഭേദങ്ങൾ പ്രസംഗങ്ങളിൽ വലിയ പ്രഭാവങ്ങൾക്ക് ഇട വരുത്താറുണ്ട് എന്നതാണ് എന്റെ അനുഭവം . 

 

LEAVE A REPLY

Please enter your comment!
Please enter your name here