കേരളീയ ചിന്ത എന്നൊന്നുണ്ടോ എന്നൊക്കെ ആലോചിച്ചാൽ ഒരിടത്തെത്തുമ്പോഴേക്കും ചിന്തിക്കാൻ പുറപ്പെട്ടവർ പല വഴിക്കാവും . എന്തെങ്കിലും ഒന്നുണ്ട് എന്നുറപ്പിക്കാനുള്ള ഏറ്റവും എളുപ്പ വഴി ആ പേരിൽ ഒരു സിലബസ് ഉണ്ടാക്കുക എന്നതാണ് . അങ്ങനെ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഉണ്ടോ എന്ന ശങ്ക അവസാനിക്കുകയും ഇതാണോ അത് മറ്റേതല്ലേ എന്ന ചർച്ച മാത്രം തുടരുകയും ചെയ്യും.
 

ഈ പതിവ് കേരളീയ ചിന്ത എന്നതിന്റെ കാര്യത്തിലും  സംഭവിച്ചു : കഴിഞ്ഞ നാലു വർഷമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ മലയാള വിഭാഗം ഒരു ഇലക്ടീവ് ആയി “കേരളീയ ചിന്ത ‘ എന്ന പേപ്പർ പഠിപ്പിക്കുന്നു . അങ്ങനെയൊരു പേപ്പർ വിഭാവനം ചെയ്ത ബോർഡ് ഓഫ് സ്റ്റഡീസ് ആണ് വാസ്തവത്തിൽ ബോഡ് ഓഫ്‌ സ്റ്റഡീസ്‌ . അവർ ചെയ്തതാണ് വിഭാവനം . ശൂന്യതയിൽ നിന്ന് , മറ്റു വിദേശ – സ്വദേശ യൂണിവേഴ്‌സിറ്റികളിൽ നിന്ന് മാതൃകകൾ കോപ്പി അടിക്കാനില്ലാതെ നടത്തുന്ന ആ ഭാവനാക്രിയയ്ക്കാണ് ‘വിഭാവനം ‘ എന്ന പേര് ചേരുക . സിലബസ് നിർമ്മാണം എന്ന പേരിൽ നമ്മുടെ (എല്ലാ വിഷയങ്ങളിലെയും ) ബോഡുകൾ കാലാകാലമായി എന്താണ് ചെയ്തു വരുന്നത് എന്നത് ഒരു ഓഡിറ്റിങ്ങിനു വിധേയമാക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഭാവനയുടെ ‘അപൂർവലഭ്യത ‘.

 
എന്തായാലും നാലു വർഷമായി ഈ ഐച്ഛിക വിഷയം ആ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ  പഠിച്ചു വരുന്നു . അടുത്തിടെ കോഴിക്കോട് ആർട്സ് കോളേജിലെ മലയാള വിഭാഗം അധ്യാപകനായ ഡോ .അജിത്ത് . എം.എസ് ഈ സിലബസ്സിനെ സംബന്ധിച്ച് ഫേസ് ബുക്കിൽ ഒരു വിമർശനമുന്നയിച്ചു . അത് തുടർചർച്ചകൾക്ക് ഇട വരുത്തുകയും ചെയ്തു. വീണ്ടും നമ്മൾ ആ പേപ്പർ വിഭാവനം ചെയ്തവർക്ക് തകർപ്പൻ ഒരു കയ്യടി കൊടുക്കണം. നാളിതു വരെ എത്ര ബോർഡുകൾ വന്നു , പോയി ; എത്രയെത്ര പേപ്പറുകൾ ഉണ്ടായി , പഠിച്ചു , ഒഴിവാക്കി ! എന്നിട്ട് ഈ പേപ്പർ തന്നെയാണല്ലോ ഒരു പൊതു ചർച്ചയ്ക്ക് നിമിത്തമായത്. ചില്ലറ സംഭവമല്ല !!.
 
എന്തായിരുന്നു ഡോ .അജിത്ത് .എം.എസ്സിന്റെ വിമർശനം ?  യുക്തിഭാഷ എന്ന ഗണിത ശാസ്ത്രകൃതിയും ചന്തു മേനോന്റെ മലബാർ മാര്യേജ് കമ്മീഷൻ റിപ്പോർട്ടും ആത്മോപദേശ ശതകവും  മുതൽ പോത്തേരി കുഞ്ഞമ്പുവും മക്തി തങ്ങളും പൊയ്കയിൽ അപ്പച്ചനും പണ്ഡിറ്റ് കറപ്പനും കേസരിയും വി.ടിയും എം.ഗോവിന്ദനും വഴി ടി.പി.സുകുമാരനിലും ഒ.വി.വിജയനിലും ആനന്ദിലും എം.എൻ.വിജയനിലും ബി.രാജീവനിലും വി.സി.ശ്രീജനിലും ഉദയകുമാറിലും ഒക്കെ എത്തുന്ന ഈ സിലബസിന്റെ  ( സിലബസ് മുഴുവനും ഞാൻ ലിസ്റ്റ് ചെയ്തിട്ടില്ല ) അഞ്ചാം യൂണിറ്റിൽ ഏറ്റവുമവസാനം ഉൾപ്പെടുത്തിട്ടിട്ടുള്ളത് പ്രവീണ കോടോത്തും ജെ.ദേവികയും ചേർന്നെഴുതിയ “ആണരശു നാട്ടിലെ കാഴ്ചകൾ ” എന്ന ലേഖനമാണ് . ഈ ലേഖനം പരിശോധിക്കുന്നത് പി.ഇ.ഉഷ തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനം സംബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ചെറുത്തു നില്പിനെയാണ് . കേരളീയ ചിന്ത എന്ന സിലബസ്സിൽ ഈ ലേഖനം ഉൾപ്പെടുത്തിയത് വലതു പക്ഷ ബോഡ് ഓഫ് സ്റ്റഡീസും അവർ നിയോഗിച്ച വലതു പക്ഷ അധ്യാപകനും ചേർന്ന് നടത്തിയ ഇടത് വിരുദ്ധ ഗൂഢാലോചനയാണ് — ഇതാണ് ഡോ .അജിത് എം എസിൻ്റെ ആക്ഷേപം . ഇടത് അനുകൂല അധ്യാപകർ ഉൾപ്പെട്ട പുതിയ ബോഡ് വന്നിട്ടും അത് മാറ്റുന്നില്ല എന്നദ്ദേഹം പരാതിപ്പെട്ടു .
 
ശരിയാണ്. ഈ സിലബസ് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കഴിഞ്ഞ രണ്ടരക്കൊല്ലമായി പുതിയൊരു ബോഡ് ആണ് നിലവിലുള്ളത്. എന്തെടുക്കുകയാണ് ബോഡ് ഓഫ് സ്റ്റഡീസ് എന്ന ചോദ്യം അതിലെ അംഗങ്ങൾ ഇടതന്മാരായാലും അന്യഗ്രഹ ജീവികളായാലും പഠിക്കുന്ന അധ്യാപകരും വിദ്യാർത്ഥികളും ചോദിക്കുക തന്നെ വേണം . സിലബസ്സുകളെല്ലാം മാറ്റി കൊണ്ടിരിക്കാനുള്ളതാണ്. പൂജിക്കാനുള്ളതല്ല . കേരളീയ ചിന്ത എന്ന വിഷയത്തിലെ ആദ്യ ഭാവനയിൽ ഉൾപ്പെട്ട പാഠങ്ങളും അതിനു പിന്നിലെ ഭാവനയും അത് ഉൾവഹിക്കുന്ന പുറംതള്ളലുകളും ഒക്കെ ചിന്തിക്കുന്ന അക്കാദമിക സമൂഹം നിശിതമായും നിരന്തരമായും പുനരാലോചിക്കുക തന്നെ വേണം.
 
എന്നാൽ എന്തു കൊണ്ട് മേൽപ്പറഞ്ഞ ലേഖനം തന്നെ ആക്രമ ലക്ഷ്യമായി മാറി ? അതും “ഇടതു വിരുദ്ധം ” എന്ന ഒരു കക്ഷി രാഷ്ട്രീയ കാരണത്താൽ ? അല്ലെങ്കിൽ തന്നെ ലോകവ്യാപകമായി ചിന്തയിലെ അപവാദമായി ആണ് സ്ത്രീകളെ കണക്കാക്കി വരുന്നത് .അല്ലെങ്കിൽ സ്ത്രീകളിൽ അപവാദമായാണ് ചിന്തയെ എടുക്കുന്നത് . പുരുഷ സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു ഗോദയിൽ സഹോദരന്മാർ ഗുസ്തി പിടിക്കുകയും സഹോദരിമാരെ അകറ്റി നിർത്തുകയുമാണ് എല്ലാ നാട്ടിലും കണ്ടു വരുന്നത് .ചിന്തയുടേത് ഒരു ആൺ ലോകമാണോ , ചിന്തയുടെ യുക്തി തന്നെ പുരുഷ യുക്തിയാണോ സ്ത്രീ ജ്ഞാന കർത്താക്കൾ നിശ്ശബ്ദരാക്കപ്പെടുന്നുണ്ടോ എന്നതൊക്കെ കേരള മാത്രപ്രസക്തമായ ചിന്താ വിഷയങ്ങളല്ല തന്നെ . പക്ഷെ , തർക്കമുന്നയിക്കപ്പെട്ടത് സർവ – പുരുഷ സിലബസ്സിലെ ഏക സ്ത്രീ രചനയെ സംബന്ധിച്ചാണ് എന്നത് അവഗണിക്കാവുന്നതല്ല . അത് നിൽക്കട്ടെ . ‘ഇടത് വിരുദ്ധത’ എന്നതിലേക്ക് വരാം .
ഫെയ്‌സ് ബുക്കിലെ ചർച്ചകൾക്ക് ശേഷം (ഇതിൽ ഡോ .അജിത് എം.എസ്സിനോട് ഈ ലേഖകനും കഠിനമായി വിയോജിക്കുകയുണ്ടായി ; ആ വിശദാംശങ്ങൾ ഒഴിവാക്കുന്നു ) ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഞങ്ങൾ രണ്ടു പേരും ഉൾപ്പെട്ട ഒരു പാനൽ ചർച്ചയിൽ ( സി.ജെ.ജോർജ്ജ് , ഷംഷാദ് ഹുസെയ്ൻ , ടി.വി.മധു എന്നിവർക്കൊപ്പം ) ഡോ  .അജിത്  എം.എസ്  ‘വലതുപക്ഷ സിലബസ്’ എന്ന ആരോപണം ആവർത്തിക്കുകയും ഓ.വി.വിജയൻറെ “തിരിയും ചുമടും ” എന്ന ലേഖനം ഉൾപ്പെട്ടത് അതിന്റെ ഉദാഹരണമായി എടുത്തു പറയുകയും ചെയ്തു .
 
നമുക്ക് ഇടതുപക്ഷ സിലബസ്സോ വലതുപക്ഷ സിലബസ്സോ മാത്രമേ സാധ്യമാവൂ എന്ന മട്ടിൽ സംവാദ വിരുദ്ധമായ ഒരു കാഴ്ചയാണ് അദ്ദേഹവും സുഹൃത്തുക്കളും നിർഭാഗ്യവശാൽ പുലർത്തി വരുന്നത് . മാനവിക വിഷയങ്ങളിൽ പഠനം ലക്ഷ്യമിടുന്നത് തന്നെ വിമർശനവബോധം ഉണ്ടാവുക എന്നതിനാണ് , വാദമുഖങ്ങൾ  മനപ്പാഠമാക്കുന്നതിനല്ല എന്നത് പോലും ആവേശത്തള്ളിച്ചയിൽ വിസ്മരിച്ചു പോവുന്നു. .
“കേരളീയ ചിന്ത ” എന്നത് തന്നെ ഒരു പക്ഷെ ഇടത് / വലത് കബഡിക്കു പുറത്തെ ഒരു മൂന്നാം സാധ്യത ആയിരിക്കാം. അല്ലെങ്കിൽ പലതുകളുടെ ഒരു സാധ്യത .ടി.കെ.രാമചന്ദ്രൻ ,കെ.കെ.ബാബുരാജ് , സണ്ണി കപിക്കാട് , രേഖാ രാജ് , കെ.കെ.കൊച്ച് തുടങ്ങി ഒരു നിര എഴുത്തുകാരുടെ അഭാവം എനിക്കും ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും ഒരു സവർണേതരവും അബ്രാഹ്മണികവുമായ സിലബസ്സാണ്‌ എന്നതാണ് എനിക്ക് ‘കേരളീയചിന്താ’ സിലബസ്സിനോടുള്ള പ്രത്യേക മമതയ്ക്ക് കാരണം . എന്തു കൊണ്ടാവും  അതിനു മേലും അത് ഭാവന ചെയ്തവർക്ക് മേലും വലതു പക്ഷ മുദ്ര ചാർത്തുന്നത്തിന് ഇത്രയും വ്യഗ്രത ?
 
അതന്വേഷിച്ച് അധികമൊന്നും പോവേണ്ടതില്ല . ഇപ്പോൾ പുച്ഛിച്ചൊഴിവാക്കാൻ നോക്കുന്ന പി.ഇ.ഉഷയുടെ സമരം തന്നെ എടുക്കുക . എന്തു കൊണ്ടാണ്  സാമ്പ്രദായിക ‘ഇടത്’ ഭാവുകത്വത്തിന് അതിനോടിത്രയും ഈർഷ്യ ? അത് ഇടത് – വലത് (ഇപ്പോൾ സംഘി ) കള്ളി തിരിക്കലിൽ നിൽക്കുന്നില്ല , ഒരു ബദൽ/ പ്രതിപക്ഷ  രാഷ്ട്രീയ പ്രയോഗമാണ് എന്നത് തന്നെ. അങ്ങനെയുള്ള എല്ലാ സമരങ്ങളെയും സമീപനങ്ങളെയും ആളുകളെയും അഭിമുഖീകരിക്കാൻ ഒറ്റ മാർഗ്ഗമേ (methodology) ഇവിടുത്തെ വ്യവസ്ഥാപിത ഇടത് കഴിഞ്ഞ നാലു ദശകങ്ങളായി കണ്ടെത്തിയിട്ടുള്ളൂ . അങ്ങനെയൊന്നു തന്നെ ഇല്ലെന്നു ഭാവിക്കുക . വലത് മുദ്രയടിക്കുക . അമർച്ച ചെയ്യുക .
 
ഡോ .അജിത്ത് എം.എസ്സിൽ നിന്ന് ബഹുമാനപ്പെട്ട മന്ത്രി ഇ.പി.ജയരാജനിലേക്ക് രീതി ശാസ്ത്രപരമായ ഒരു തുടർച്ചയുണ്ടെന്നു സാരം. ബഹു. മന്ത്രി  ആലപ്പാട്ടേക്ക് നോക്കുമ്പോൾ അവിടെ ഒന്നും കാണുന്നില്ല. നാട്ടുകാരെയോ അവർ വർഷങ്ങളായി നടത്തി വരുന്ന സമരമോ ഒന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ തലച്ചോറിൽ അത്രയ്ക്കൊന്നും കള്ളികളില്ല. ഉള്ള കള്ളിയിൽ കോരിയെടുത്തപ്പോഴോ ,
 
അതാ , ഏതാനും  ‘മലപ്പുറംകാർ’ !
 
ഈ തുരുമ്പെടുത്ത  ‘ഇടത്’ ലോജിക്കിനെ പൊടിച്ചു ദൂരെയെറിഞ്ഞല്ലാതെ ഒരിഞ്ചു  പോലും മുന്നോട്ടു പോവില്ല , ഈ ഭൂപ്രദേശത്തെ ചിന്തയും ജീവിതവും; അതുറപ്പ് !  
Read Also  പകർത്തലെന്ന കല ;  മനുഷ്യനും യന്ത്രത്തിനുമിടയിൽ

LEAVE A REPLY

Please enter your comment!
Please enter your name here