Wednesday, January 19

ബല്ലാരിയിലൂടെ കോൺഗ്രസ് തിരിച്ചു വരുമോ..?

 

പതിനാലു വർഷങ്ങൾ ബല്ലാരിയെന്ന മണ്ഡലം  കർണ്ണാടക കോൺഗ്രസ് നേതാക്കൻമാരുടെ ആത്മാഭിമാനത്തെ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. 1999ൽ സോണിയാ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം. മാത്രമല്ല, ബി ജെ പി യുടെ എക്കാലത്തേയും മികച്ച വനിതാനേതാവായ സുഷമാ സ്വരാജായിരുന്നു അന്നു പരാജയപ്പെട്ടത്. പക്ഷേ, ഉറച്ച കോൺഗ്രസ് വോട്ടുകൾക്ക് പേരുകേട്ട ഖനികൾ നിറഞ്ഞ കർണാടകത്തിലെ ബല്ലാരി പതിനാലു വർഷങ്ങളായി കോൺഗ്രസ് രാഷ്ട്രീയത്തെ തള്ളിക്കളയുകയും ബി ജെ പി യുടെ കാവിക്കൊടിയിൽ ആശ്വാസം കണ്ടെത്തുകയുമായിരുന്നു.കുറച്ചു കൂടി വ്യക്തമാക്കിയാൽ ഖനി കീഴടക്കിയ റഢി സഹോദരന്മാരുടെ കളിയിലൂടെ ബി ജെ പിയുടെ സംസ്ഥാന ഘടകവും ദേശീയ ഘടകവും അവിടെ വിജയിച്ചുകൊണ്ടിരുന്നുവെന്നും പറയാം. 

ആർക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കുന്ന ഖനി മുതലാളിമാരുമായി ബി ജെ പി യുടെ ദേശീയ നേതൃത്വം പുലർത്തി വരുന്ന അവിഹിതം തന്നെയാണ്. കഴിഞ്ഞതവണ 85000ൽ അധികം ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലം ഇപ്പോൾ നഷ്ടമാകുന്നതിനു പ്രധാനകാരണമാകുന്നത്. 

ആഭ്യന്തര പ്രശ്‌നങ്ങളാണ് മറ്റെവിടത്തേയും പോലെ  കർണ്ണാടകത്തിലെ കോണ്‍ഗ്രസിനെയും അലട്ടിക്കൊണ്ടിരിക്കുന്നത്. അത് നല്ലൊരു പരിധിവരെ പിടിച്ചു നിർത്താൻ ഇപ്പോൾ ബല്ലാരി പിടിച്ചെടുത്തതിലൂടെ പാർട്ടിയ്ക്ക് കഴിയുമെന്നാശ്വസിക്കാം.  കാരണം  ബെല്ലാരിയിലായിരുന്നു കോൺഗ്രസ് ഗ്രൂപ്പു വഴക്ക് ഏറ്റവും ശക്തമായിരുന്നത്. ഇത് ബിജെപിയ്ക്ക് ഗുണകരമാകുമെന്ന വിലയിരുത്തൽ  പോലുമുണ്ടായിരുന്നു. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങും ബെല്ലാരി എംഎല്‍എ ബി നാഗേന്ദ്രയും ഉയർത്തിയ വിമതശബ്ദം പാളയത്തിലെ പട തന്നെയായിരുന്നു. കുമരസ്വാമി മന്ത്രിസഭയില്‍ ഇടം കിട്ടിയില്ലെങ്കില്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന ഭീഷണിവരെ  ഇവരുടെ ഭാഗത്തുനിന്നുമുണ്ടായി.  ബിജെപി ഇതിനെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. 

ഖനി സഹോദരന്മാരുടെ ഉറ്റബന്ധുവും മുൻ ബല്ലാരി സാമാജികനുമായിരുന്ന ശ്രീരാമുലുവിൻ്റെ സഹോദരി ബി ശാന്തയായിരുന്നു ഇവിടുത്തെ ബി ജെ പി സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി ഉഗ്രപ്പയുടെ വിജയം മാത്രമല്ല ബല്ലാരിയിൽ ഉണ്ടായത്. ഗ്രൂപ്പ് കളികൾക്കിടയിലും പാർട്ടിയെ വഴിതെറ്റിക്കാതെ കൊണ്ടുപോയ ഡി കെ എന്നറിയപ്പെടുന്ന കർണ്ണാടക മന്ത്രിയും കോൺഗ്രസ് സംസ്ഥാനനേതാവുമായ ഡി കെ ശിവകുമാറിൻ്റെ തന്ത്രങ്ങൾ കൂടിയായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലും കേരളരാഷ്ട്രീയത്തിലുമെല്ലാം സമീപകാലത്ത് ബി ജെ പി യുടെ ബി ടീമായി മാറിക്കഴിഞ്ഞ കോൺഗ്രസിന് ഇനിയും സാധ്യതകളുണ്ടെന്നെ മനസിലാക്കൽ ആ പാർട്ടിയിലെ നേതാക്കന്മാർക്കുണ്ടാകാൻ ബല്ലാരിയിലെ വിജയം സഹായകമാകുമെന്നു കരുതാം.

Spread the love
Read Also  കേന്ദ്രസർക്കാരിനെതിരെ ബിജെപി എംപി സുബ്രമണ്യൻ സ്വാമി

Leave a Reply