Friday, January 21

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ അബുദാബി കൊമേഷ്യല്‍ ബാങ്ക്(എഡിസിബി)ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍. ബാങ്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തിലധികം ദിര്‍ഹമുള്ള ഇരുപത്തഞ്ചോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ഇന്ത്യക്കാരന് നല്‍കി പ്രതിഫലം പറ്റിയ കേസിലാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയ ആളും അറസ്റ്റിലായിട്ടുണ്ട്. വിവരങ്ങള്‍ കൈമാറിയതിന് പ്രതിഫലമായി ഇവര്‍ പണവും കൈപ്പറ്റിയിരുന്നു.

32ഉം 23ഉം വയസ്സുളളവരാണ് പ്രതികള്‍. 30 വയസ്സുള്ള മറ്റൊരു ഇന്ത്യക്കാരനു വേണ്ടിയാണ് ഇവര്‍ പണം തട്ടിയത്. തട്ടിപ്പിലൂടെ 5,99,000 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ വിവിധ ആളുകളുടെ അക്കൗണ്ടുകളില്‍നിന്നും അപഹരിച്ചത്. ഉപഭോക്താക്കള്‍ യുഎഇക്ക് പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ മറ്റൊരു അക്കൗണ്ടില്‍നിന്ന് 16000 ദിര്‍ഹവും അപഹരിച്ചിരുന്നു. ചതിപ്രയോഗത്തിലൂടെ പണാപഹരണം നടത്തിയതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ബാങ്ക് ജീവനക്കാര്‍ക്കെതിരേ എടിഎമ്മില്‍നിന്ന് പണം അപഹരിച്ചതിനും കേസുണ്ട്. 23 വയസ്സുള്ള ബാങ്ക് ജീവനക്കാരനെതിരേ പദവി ദുരുപയോഗം ചെയ്യല്‍, കൈക്കൂലി വാങ്ങല്‍, രഹസ്യം ചോര്‍ത്തല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ കുറ്റവും ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജറാക്കിയപ്പോള്‍ രണ്ട് ബാങ്ക് ജീവനക്കാരും കുറ്റം നിഷേധിച്ചു. ഇവരുടെ വാദം സെപ്റ്റംബര്‍ 20ലേക്ക് മാറ്റിയിരിക്കുകയാണ്.

Spread the love