Sunday, January 16

ബി ഡി ജെ എസ് എൽഡിഎഫ് മുന്നണിയിലേയ്ക്ക് ? ലോക് സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം

വെള്ളാപ്പള്ളി നടേശന്റേയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തിലുള്ള ബിഡിജെഎസ് എൽഡിഎഫ് മുന്നണിയിലേയ്‌ക്കെന്ന
 അഭ്യൂഹം ശക്തം. കാലങ്ങളായുള്ള അനശ്ചിതത്വങ്ങൾക്കൊടുവിലാണ് ബിഡിജെഎസ് സഖ്യം എൽഡിഎഫ് മുന്നണി പ്രവേശനത്തിനൊരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിഡിജെഎസിനെ എൽഡിഎഫ് മുന്നണിയിൽ എടുക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നതെന്നാണ്‌ പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയ്ക്ക് എൽഡിഎഫ് മുന്നണിയിൽ നിന്ന് സീറ്റ് വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ സിപിഐഎമ്മിനെതിരെയും പൊതുവിൽ സർക്കാരിനും എൽഡിഎഫ് മുന്നണിക്കെതിരെയും ഉയർന്ന ഹിന്ദു ജനവികാരത്തെ ബിഡിജെഎസിനെ കൂടെക്കൂട്ടി മറികടക്കാം എന്നാണ് എൽഡിഎഫ് കരുതുന്നത്.

നേരത്തെ എൽഡിഎഫ്, സിപിഐഎം നേതാക്കൾ വെള്ളാപ്പള്ളി നടേശനുമായി സംസാരിച്ചതിന്റെ പിൻബലത്തിലാണു നിലവിൽ എൻഡിഎ ഘടക കക്ഷി ആയിരുന്നിട്ടും ബിഡിജെഎസും എസ്എൻഡിപി യോഗവും സംഘപരിവാർ നേതൃത്വത്തിൽ നടന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതിരുന്നത്. തുഷാർ വെള്ളാപ്പള്ളിയുമായി ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ ഭിന്നാഭിപ്രായം പറയുകയുണ്ടായി. അയ്യപ്പ ജ്യോതിയുമായി സഹകരിക്കാനാണ് തുഷാറിന്റെയും ബിഡിജെഎസിന്റേയും പദ്ധതിയെങ്കിൽ ഇനി ഭാവിയിൽ തന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ കർശന  ഭീഷണിയെതുടർന്നാണ് ബിഡിജെഎസ് അയ്യപ്പജ്യോതിയിൽനിന്ന് പിന്മാറിയത്. അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാത്ത എസ്എൻഡിപി യോഗം വനിതാ മതിലിൽ പങ്കെടുക്കും. അതേസമയം ബിഡിജെഎസ് ഇപ്പോൾ വനിതാ മതിലിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 

അതെ സമയം കാലങ്ങളായി എൻഡിഎ മുന്നണിയിൽ അവഗണന നേരിടുന്ന ബിഡിജെഎസ് സഖ്യത്തിന് അർഹമായ പരിഗണന ഇത് വരെ നൽകാത്തതിൽ പാർട്ടി പ്രവർത്തകർക്ക് വരെ കടുത്ത അമർഷമാണുള്ളത്. മാറിവരുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ എൻഡിഎ മുന്നണി സഖ്യം വിടാനുള്ള നിർണ്ണായക തീരുമാനങ്ങൾ ആണ് കഴിഞ്ഞ ദിവസം ബിഡിജെഎസ് നേതൃത്വവും വെള്ളാപ്പള്ളി നടേശനും ചേർന്ന് എടുത്തതെന്ന് അറിയുന്നു. ബിഡിജെഎസ് സഖ്യം രൂപീകൃതമായപ്പോൾ മുതൽ ഉണ്ടായിരുന്ന എൻഡിഎ ബന്ധമാണ് അവസാനിക്കാൻ പോകുന്നത്.

ഇപ്പോൾ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലായിരുന്നു എൻഡിഎ ബിഡിജെഎസ് സഖ്യ രൂപീകരണം. ശബരിമല വിഷയത്തിൽ ഉൾപ്പടെ എസ്എൻഡിപിയുടെ അഭിപ്രായം വ്യത്യസ്തമായി പറയുന്ന വെള്ളാപ്പള്ളി നടേശൻ എൻഡിഎ സഖ്യത്തിന് കോട്ടമുണ്ടാക്കിയെന്നാണ് ബിജെപി പ്രസിഡന്റ് അടക്കമുള്ളവരുടെ വിലയിരുത്തൽ. മുന്നണിയിൽ തുടരണമെന്ന ബിജെപി നേതാക്കളുടെ ആവശ്യം ബിഡിജെഎസ് നേതാക്കൾ തള്ളി. മുൻപും പലവട്ടവും ബിഡിജെഎസ് ബിജെപി വിലപേശൽ നടന്നിട്ടുണ്ടെങ്കിലും അന്നെല്ലാം ബിജെപി കേന്ദ്രനേതൃത്വവും അമിത് ഷാ നേരിട്ടും ബിഡിജെഎസിനെ മുന്നണിയിൽ പിടിച്ചുനിർത്തുകയായിരുന്നു.

പാർട്ടി രൂപീകരിച്ച് എൻഡിഎ മുന്നണിയിൽ ചേർന്നുവെങ്കിലും പറയത്തക്ക സ്ഥാനമാനങ്ങൾ ഒന്നുംതന്നെ ബിഡിജെഎസ് നേതൃത്വത്തെ തേടി വന്നില്ല. ഈ ഒരവസരത്തിലാണ് ഇനിയും എൻഡിഎ മുന്നണിയിൽ തുടർന്നിട്ട് കാര്യമില്ലെന്ന നിലാപാട് പാർട്ടി സ്വീകരിച്ചത്. എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം ചെയ്തതിന് പുറമെ നിയമ സഭാ തിരഞ്ഞെടുപ്പുകളിലും ബിഡിജെഎസിന്റെ ശക്തിക്കനുസൃതമായ സീറ്റ് വിതരണം നൽകാമെന്ന് ഉറപ്പ് നൽകിയതായാണ് വിവരം. ഇതോടെ സി.കെ. ജാനുവിന് പുറമെ എൻഡിഎ വിടുന്ന രണ്ടാമത്തെ ഘടകകക്ഷിയായി ബിഡിജെഎസ് മാറും.

Read Also  റാഫേൽ ഇടപാടിൽ സംഭവിച്ചതെന്ത് ? എൻ റാമിൻ്റെ വിലയിരുത്തൽ

എൻഡിഎ മുന്നണി വിട്ട സികെ ജാനു എൽഡിഎഫ് പ്രവേശനത്തിനായി ശ്രമിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ബിഡിജെഎസിനൊപ്പം സികെ ജാനുവും എൽഡിഎഫ് മുന്നണിയിൽ പ്രവേശിക്കുമ്പോൾ കേരളത്തിലെ വോട്ട് ഷെയറിംഗിൽ 55 ശതമാനത്തിലധികം എൽഡിഎഫ് മുന്നണികളോടൊപ്പം ആകുമെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply