Saturday, January 29

മഴയത്ത് ചുംബിക്കുന്ന ബംഗ്ലാദേശ്‌ കമിതാക്കളുടെ മനോഹരചിത്രം: പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് തല്ല്

മഴയുടെ പശ്ചാത്തലത്തില്‍ ഹൃദ്യമായി ചുംബിക്കുന്ന ഈ യുവമിഥുനങ്ങളുടെ ചിത്രം ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹമ്മദ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് തിങ്കളാഴ്ചയാണ്. ‘അനുഗ്രഹീത മഴയുടെ കാവ്യമാണിത്, പ്രേമം സ്വതന്ത്രമാവട്ടെ,’ എന്ന തലക്കെട്ടോടെയാണ് ധാക്ക സര്‍വകലാശാലയില്‍ നിന്നും എടുത്ത ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്ന മനുഷ്യര്‍ക്കും ചുംബനത്തില്‍ പ്രത്യേകിച്ച് പരാതിയൊന്നുമില്ല. ഇല്ലെന്ന് മാത്രമല്ല അവര്‍ അത് ശ്രദ്ധിക്കുന്നുപോലുമില്ല. കുട പിടിച്ചിരിക്കുന്ന മനുഷ്യന്‍ മൊബൈലില്‍ കുത്തിക്കളിക്കുമ്പോള്‍, ചായക്കടക്കാരന്‍ തന്റെ ജോലിയില്‍ വ്യാപൃതനാണ്.

മതേതര ബംഗാളി ദേശീയതയും ഇസ്ലാമിക തീവ്രവാദവും തമ്മില്‍ കലാപപൂരിതമായ പോരാട്ടം നടത്തുന്ന ഒരു രാജ്യത്ത് ചിത്രം ഒരു വിപ്ലവമാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അധികം താമസിയാതെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും വെളിയില്‍ ചാടി. ധാക്ക സര്‍വകലാശാലയിലെ മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്ന് അഹമ്മദിനെ മര്‍ദ്ദിച്ചു. ഒരു വാര്‍ത്ത വെബസൈറ്റില്‍ ഫോട്ടോജേര്‍ണലിസ്റ്റായിരുന്ന അഹമ്മദിന്റെ പണി തെറിച്ചതായും വാര്‍ത്തകളുണ്ട്.

അഹമ്മദിനെതിരായ ആക്രമണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പീഢനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രമാണ് പ്രേമമോ സൗഹൃദമോ കാണുമ്പോള്‍ ചൊറിച്ചിലുണ്ടാവുന്നതെന്ന് ധാക്ക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫഹിമ ദുറാത്ത ട്വീറ്റ് ചെയ്തു. നിരവധി പ്രശ്‌നങ്ങളുള്ള ഒരു രാജ്യത്ത് പ്രേമത്തിന്റെ ചിഹ്നങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്റെ കാപട്യത്തെയും സാമൂഹ്യ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.
ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ അഹമ്മദ് പ്രതികരിക്കുന്നത് ഇതാദ്യമല്ല. 2015ല്‍ ബംഗ്ലാദേശി-അമേരിക്കന്‍ യുക്തിവാദി ബ്ലോഗറായ അവിജിത് റോയിയെയും ഭാര്യയെയും ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചതിന്റെ ചിത്രങ്ങള്‍ അഹമ്മദ് പകര്‍ത്തുകയും അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. ചോര ഒലിപ്പിച്ചുകൊണ്ട് റോയിയുടെ ഭാര്യ സഹായത്തിനായി കേഴുന്ന ചിത്രം ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബംഗ്ലദേശിലെ സ്വതന്ത്ര ചിന്തകരും യുക്തിവാദികളും നേരിടുന്ന ആക്രമണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചിത്രം കാരണമായിരുന്നു.

Spread the love
Read Also  വീണ്ടും ഒരർദ്ധരാത്രി ഇന്ത്യൻ ജനതയ്ക്കു മേൽ ഭീതിയുണർത്തുന്നു ; ഇന്ത്യൻ ജനാധിപത്യം അവസാനത്തിലേക്കു വളരെ പെട്ടെന്ന് കടന്നു ചെല്ലുന്നുവോ

Leave a Reply