Sunday, January 16

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ 56 ശതമാനം ഫണ്ടും പരസ്യത്തിന്; പദ്ധതി പരാജയം

പ്രധാനമന്ത്രി നരേന്ദ്രമോദി 2015-ൽ കൊണ്ട് വന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പരാജയമെന്ന് റിപ്പോർട്ടുകൾ. പെൺകുട്ടികളെപ്പറ്റിയുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുക, പെൺകുട്ടികളുടെ ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടായിരുന്നു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ചത്. വനിതാ ശിശു വികസന മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മാനവ വിഭവ ശേഷി മന്ത്രാലയം തുടങ്ങിയ വകുപ്പുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കി വന്നിരുന്നത്.

പദ്ധതി നടപ്പിലാക്കി നാല് വർഷങ്ങൾക്ക് ശേഷം കേന്ദ്രസർക്കാർ തന്നെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം പദ്ധതിയുടെ 56 ശതമാനം ഫണ്ടും മാധ്യമങ്ങളിൽ ഉൾപ്പടെ പരസ്യം നൽകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്. 25 ശതമാനം ഫണ്ട് മാത്രമാണ് ജില്ലകളിലും സംസ്ഥാനങ്ങളിലും പദ്ധതിയ്ക്ക് വേണ്ടി വിനിയോഗിച്ചിട്ടുള്ളത്. 19 ശതമാനം ഫണ്ട് ഇതുവരെ വിനിയോഗിച്ചിട്ടില്ല. പാർലമെന്റിൽ കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി ഡോ: വീരേന്ദ്ര കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

644 കോടി രൂപ പദ്ധതിയ്ക്കായി നീക്കി വെച്ചതിൽ 159 കോടി രൂപ മാത്രമാണ് സർക്കാർ വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലും പദ്ധതിയുടെ ഭാഗമായി ചിലവഴിച്ചത്. പദ്ധതി പരാജയമാണോ എന്ന ചോദ്യം പാർലമെന്റിൽ വന്നപ്പോൾ രാജ്യത്തെ 640 ജില്ലകളിൽ പദ്ധതി നടപ്പിലാക്കാൻ സാധിച്ചുവെന്ന മറുപടിയാണ് മന്ത്രി നൽകിയത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ കുറഞ്ഞ ലിംഗാനുപാതം ഉള്ള 100 ജില്ലകളിലായിരുന്നു പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ 61 ജില്ലകളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുകയായിരുന്നു. ഈ 161 ജില്ലകളിലെ 53 ജില്ലകളിൽ 2015ലെ ലിംഗാനുപാതത്തെ അപേക്ഷിച്ച് പെൺകുട്ടികളുടെ ലിംഗാനുപാത നിരക്ക് കുറയുകയായിരുന്നു. പദ്ധതി ആദ്യം നടപ്പിലാക്കിയ 100 ജില്ലകളിൽ 32 ജില്ലകളിലും ഇതായിരുന്നു അവസ്ഥയെങ്കിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയ 61 ജില്ലകളിൽ 21 ജില്ലയിലും പദ്ധതി പരാജയമായിരുന്നു.

കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ് ഈ നിരക്ക് കൂടുതൽ പ്രകടമായി കാണപ്പെട്ടത്. 2015-ൽ ആൻഡമാൻ നിക്കോബാറിൽ 1000 പുരുഷന്മാരും 985 സ്ത്രീകളും എന്നതായിരുന്നു നിരക്ക് എങ്കിൽ പദ്ധതി നടപ്പിലാക്കിയ കാലഘട്ടത്തിൽ ഇത് 839 ആയി കുറയുകയാണുണ്ടായത്. പുതുച്ചേരിയിലെ യാനം ജില്ലയിൽ 2014-2015 കാലഘട്ടത്തിൽ 1107 ആയിരുന്നു നിരക്കെങ്കിൽ ഇപ്പോഴത് 976 എന്നതിലേക്ക് കുറഞ്ഞു. 55 കോടി രൂപയാണ് പദ്ധതിയുടെ നിർവഹണത്തിന് ആൻഡമാൻ നിക്കോബാറിന് സർക്കാർ നൽകിയത്. പുതുച്ചേരിക്ക് ഇത് 46 കോടി രൂപയായിരുന്നു.

വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കൂടുതൽ പണം ചിലവഴിക്കുന്നതിന് പകരം സർക്കാർ പരസ്യ പ്രചാരണത്തിന് പണം ചിലവഴിക്കുന്നതാണ് പദ്ധതിയുടെ പരാജയത്തിന് കാരണമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

സാമ്പത്തിക വിദഗ്‌ധ മിഥാലി നിക്കോർ പറയുന്നത് പദ്ധതിയുടെ അഞ്ച് ശതമാനം മാത്രമാണ് ആരോഗ്യ വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെച്ചിട്ടുള്ളതെന്നാണ്. ജില്ലാ തലത്തിലുള്ള പരിശീലനത്തിനും മറ്റുമായി അഞ്ച് ശതമാനം തുക നീക്കിവെച്ചിട്ടുണ്ടെന്നും അവർ പറയുന്നു. പരസ്യ പ്രചാരണത്തിൽ മാത്രമാണ് പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മിഥാലി പറഞ്ഞു.

Read Also  റാഫേല്‍ ഇടപാട്: പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ അവകാശലംഘനം

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെങ്കിലും പദ്ധതി പരാജയമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Spread the love

53 Comments

Leave a Reply