ജീവിച്ചിരുന്നെങ്കിൽ ഈ ജൂൺ ഒന്നിന് അറുപത്തൊന്നു വയസ്സായേനെ എം.മുരളീധരന്. 1995 ലാണ് മരിച്ചത് . കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1980 ൽ എം.എ പാസ്സായി. കോളേജധ്യാപകനായി . 1991 ൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ ചേർന്നു

എം.മുരളീധരന് സമർപ്പിച്ച ‘കേരള പഠനങ്ങൾ’ ആറാം ലക്കം (എഡി :കെ.ടി.റാംമോഹൻ ) 1997 ജനുവരിയിൽ ഇറങ്ങി . അതിൽ “കേരളത്തിലെ ഹിന്ദു സമുദായ രുപീകരണം: അധിനിവേശാധുനികതയുടെ പ്രക്രിയകളും ഘടനകളും ” എന്ന വിവർത്തന ഭാഗം ഉണ്ട് . 1993 ൽ ‘കമ്മ്യൂണിറ്റീസ് ആൻഡ് കമ്മ്യൂണൽ പൊളിറ്റിക്സ് ഇൻ ഇന്ത്യ’ എന്ന വിഷയത്തെക്കുറിച്ച് കോട്ടയത്ത് നടന്ന സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്നാണത്. എം .ഗംഗാധരൻ ആണ് തർജ്ജുമ. വിവർത്തകന്റെ ഒറ്റപ്പേജ് ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു : ” പ്രേമിച്ച് വിവാഹം കഴിച്ച സഹപാഠി രാധികയോടും മകൻ ഉണ്ണിയോടും കൂടെ കോട്ടയം ചുങ്കത്തുള്ള വാടക വീട്ടിൽ മുരളി വളരെ ലളിതമായാണ് ജീവിച്ചിരുന്നത് .പക്ഷേ ആ ജീവിതം എത്ര സമ്പന്നമായിരുന്നു എന്ന് മുരളിയോട് സംഭാഷണത്തിലേർപ്പെടുന്ന ആർക്കും അനുഭവപ്പെടുമായിരുന്നു .ഉത്തരാധുനിക തത്വചിന്തയേയും സംസ്കാര ചിന്തയേയും കുറിച്ചെന്ന പോലെ വേദോപനിഷത്തുകളെക്കുറിച്ചും കർണാടക സംഗീതത്തിലെ രാഗ താളങ്ങളെക്കുറിച്ചും മലയാള കഥാ കവിതകളുടെ ഗുണദോഷങ്ങളെക്കുറിച്ചും സമകാല സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും എല്ലാം ബുദ്ധിപൂർവം ആഴത്തിലുള്ള അറിവോടെ സംസാരിക്കുന്നത് കേൾക്കാവുന്ന ഒരിടമായി എം.ഗോവിന്ദന്റെ മരണ ശേഷം കേരളത്തിൽ ആ വീടു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ അനുഭവം .” (കേരള പഠനങ്ങൾ , പുറം 265 )

എം.മുരളീധരൻ 

പ്രബന്ധത്തിന്റെ തുടക്കം തന്നെ : ” മൊരച്ച മതേതര വാദികൾക്ക് ‘പഴയത് ചീത്തയാണ് ‘. വർഗ്ഗീയവാദികൾക്കാണെങ്കിൽ ‘പഴയത് നല്ലതാണ് ‘. രണ്ടു കൂട്ടർക്കും പഴയ കാലത്തുണ്ടായിരുന്നത് എന്തെല്ലാമാണെന്നതിനെക്കുറിച്ച് സംശയമില്ല ” എന്ന നാടകീയമായ പ്രസ്താവത്തിലൂടെയാണ്. ഭൂതത്തെ ആരാധിക്കുന്നവർക്കാണ് ഭാവി എന്ന സമകാല സാഹചര്യത്തിൽ ( 1993 ൽ ) മതേതരത്വത്തിന്റെ ഒരു വിമർശം രൂപപ്പെടുത്തേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ലേഖനം മുന്നോട്ടു പോവുന്നത് .

വർഗ്ഗീയതാ പഠനങ്ങളും സമുദായ രൂപീകരണ പഠനങ്ങളും വേർതിരിച്ചു കാണേണ്ടതിന്റെ ആവശ്യകത തുടർന്ന് ഊന്നിപ്പറയുന്നു . വർഗ്ഗീയതാ പഠനങ്ങൾ പൊതുവെ വൈദ്യശാസ്ത്ര പദാവലികളാണുപയോഗിക്കുന്നത് . അതിന്റെ “കാരണം ‘എന്ത് , ‘പകരുന്ന ‘ത്തിന്റെ സാഹചര്യം ,’തടയുന്നത് ‘ എങ്ങനെ , ‘സുഖപ്പെടുത്തുന്നത് ‘ എങ്ങനെ തുടങ്ങിയ ഉദ്വേഗങ്ങളാണ് മതേതര ചിന്താ പദ്ധതി പുലർത്തുന്നത്. മുരളീധരന്റെ വർഗ്ഗീയതാ നിർവചനം ഇങ്ങനെയാണ് :: ” മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു സാമൂഹ്യ -രാഷ്ട്രീയ സ്വത്വത്തെ ഉണ്ടാക്കുകയും , മറ്റു മതപര സ്വത്വങ്ങൾക്കെതിരായി അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഒന്നായാണ് ഈ പ്രബന്ധം വർഗ്ഗീയതയെ നിർവചിക്കുന്നത് “. തുടർന്ന് ലിബറലിസത്തിൽനിന്നും ഇടതുചിന്തയിൽനിന്നും വേറിട്ട മാർഗ്ഗമാണിതെന്നു വിശദമായി സ്ഥാപിക്കുകയും ചെയ്യുന്നു .

മാർക്സിസ്റ്റ് സമീപനത്തിൽ അദ്ദേഹം കാണുന്ന പരിമിതി അത് സമകാല സംവർഗ്ഗങ്ങളെ ആധുനിക പൂർവ കാലത്തേക്ക് അതേപടി നീട്ടുന്നു എന്നതാണ് . മധ്യകാല സംഘർഷങ്ങളുടെ തുടർച്ചയായി വർഗ്ഗീയതയെ കാണുകയും ആധുനികതയും വികസനവും കൊണ്ട് അതില്ലാതാവുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു . മതേതരത്വം , വർഗ്ഗീയത തുടങ്ങിയ തരം തിരിവുകൾ ആധുനിക സന്ദർഭത്തിൽ മാത്രം പ്രസക്തിയുള്ളവയാണ് എന്നു മറന്നു പോവുന്നു. മതങ്ങൾ നിലനിൽക്കുന്നതെങ്കിലും വർഗ്ഗീയതയില്ലാത്ത ഒരു സമുദായത്തെ സങ്കൽപ്പിക്കാൻ മാർക്സിസമടക്കമുള്ള മതേതര ചിന്താപദ്ധതികൾക്ക് കഴിയാത്തത് യുറോപ്യേതര സമൂഹങ്ങളിലെ മതരൂപങ്ങളുടെ സവിശേഷതയും അവയ്ക്ക് കൊളോണിയൽ ആധുനികതയുടെ ഘട്ടത്തിൽ ഉണ്ടായ മാറ്റങ്ങളും വേണ്ടത്ര പരിഗണിക്കാത്ത രീതിപദ്ധതികൾ ആയതു കൊണ്ടാണെന്നു വിശദമായി വാദിക്കുന്നുണ്ട് ഈ ഭാഗത്ത്.

ഈ പശ്ചാത്തലത്തിൽ കേരളത്തെ സംബന്ധിച്ചേടത്തോളം ആധുനിക പൂർവസാമൂഹ്യരൂപങ്ങൾക്ക് മത വിശ്വാസത്തിൽ അടിസ്ഥാനമില്ല എന്നും കേരളത്തെ മത സൗഹാർദ്ദത്തിന്റെനാടായി ചിത്രീകരിക്കുന്നതും വർഗ്ഗീയതയുടെ വേരുകൾ അക്കാലത്തു കണ്ടെത്തുന്നതും ഒരു പോലെ അബദ്ധമാണ് എന്നും വിശദമായി വാദിക്കുന്ന ഒരു പ്രബന്ധമാണിത് .

Image result for ashis nandy

ആശിഷ് നന്ദി                                                                                                                                                                                      ടി. എൻ. മദന്റെയും ആശിഷ് നന്ദിയുടെയും അസ്‌ഗർ അലി എഞ്ചിനീയറുടെയും ഒക്കെ കാഴ്ചപ്പാടുകൾ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ട് മുന്നേറവെ അതാ വരുന്നു മൗലികമായ ഒരലങ്കാര പ്രയോഗം : ” സമുദായ ഭാവുകത്വം അല്ലെങ്കിൽ സാമുദായികത , സാമുദായിക വർഗ്ഗീയതയിൽനിന്ന് സാരമായ വ്യത്യാസമുള്ളതാണ്. പക്ഷേ പലപ്പോഴും അവ ഒത്തു ചേർന്നേക്കും. ഇവ തമ്മിൽ വ്യത്യാസം കാണാതിരിക്കുന്നത് സ്വന്തം കുട്ടികളോടുള്ള സ്നേഹം അന്യരുടെ കുട്ടികളോടുള്ള വെറുപ്പുതന്നെയാണ് എന്നു പറയുന്നതു പോലെയാണ് .” (കേരള പഠനങ്ങൾ , പുറം 275 ). മുരളീധരന്റെ ചിന്തയുടെ സവിശേഷമായ ഒരു മുദ്രയാണ് ഇത്തരം അലങ്കാരപ്രയോഗങ്ങൾ എന്ന് ഈ കുറിപ്പിൽ പിന്നീട് നമ്മൾ കാണും .

Image result for asghar ali engineer

അസ്‌ഗർ അലി എഞ്ചിനീർ

മുസ്ലിം സംഘടനകൾ സ്വയമേവ വർഗ്ഗീയ സംഘടനകളാണ് എന്ന് വാദിക്കുന്നവർ മറന്നു പോവുന്ന അടിസ്ഥാനപരമായ ഒരു കാര്യമാണ് തന്റെ നിർവചനത്തിലൂടെ മുരളീധരൻ ഓർമിപ്പിക്കുന്നത്. വർഗ്ഗീയതയ്ക്ക് സൗമ്യവും അത്രയ്ക്ക് പ്രകടമല്ലാത്തതുമായ നിലനിൽപ്പുണ്ട്. അത്തരം വർഗ്ഗീയത അബോധ തലത്തിൽ രൂപപ്പെടുന്ന “അവർ ” എന്നതിനെതിർ നിൽക്കുന്ന ആത്മധാരണയിൽ അടിസ്ഥാനമുറപ്പിച്ചതാണ് . ഇത്തരം സ്വത്വ രൂപീകരണത്തിനടിയിൽ ഉണ്ടാവുക മറ്റു സമുദായങ്ങളെക്കുറിച്ചുള്ള മിത്തുകളും അച്ചു മാതൃകകളും തമാശകളും ഒക്കെയായിരിക്കും.

മുരളീധരൻ എത്ര സൂക്ഷ്മമായാണ് ഈ പ്രബന്ധത്തിൽ പങ്കുവെക്കലുകളിലൂടെയും പങ്കെടുക്കലുകളിലൂടെയും സമുദായം നിർമ്മിതമാവുന്ന പ്രക്രിയയെ വിശകലനം ചെയ്യുന്നത് എന്നതിന് ബൈബിൾ വിവർത്തനത്തിലെ പദ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിരീക്ഷണം ഉദാഹരണമാണ് : ” സമുദായം ഒരു ഭാഷയിലാണ് പിറക്കുന്നത് … ഇതു കൊണ്ടാണ് ‘ ദ ലോഡ് ‘ എന്ന പ്രയോഗത്തെ അതിന്റെ സമമായ ഹിന്ദുപദമായോ ആ വിധ ബന്ധമൊന്നുമില്ലാത്ത മറ്റൊരു പദമായോ വിവർത്തനം ചെയ്യാതെ ‘ കർത്താവ് ‘ തുടങ്ങിയ പുതു പദങ്ങൾ സൃഷ്ടിക്കുന്നത്. ബൈബിളിന്റെ മലയാളം പരിഭാഷയിൽ സാധാരണ പ്രയോഗത്തിലില്ലാത്ത വാക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. വീടിന് ഭവനമെന്നും ഏറ്റു പറയലിന് കുമ്പസാരമെന്നും മറ്റും ഉപയോഗിക്കുന്നു. ഒരു സമുദായത്തിലുള്ള ഭാഷയെ അതിലെ അംഗങ്ങൾ ഉണ്ടാക്കുകയല്ല, ഭാഷ സമുദായത്തിലുള്ളവരെ ബന്ധിപ്പിക്കുകയാണ് എന്നതിനാൽ ഭാഷയുടെ സർവ്വജനീനമാക്കൽ സ്വയം ഇല്ലാതാക്കുന്ന കർമമാവും .” (കേരള പഠനങ്ങൾ , പുറം 278 ) .

‘കേരള പഠനങ്ങൾ’ നിലച്ചുപോയതോടെ പ്രബന്ധത്തിന്റെ ബാക്കി ഭാഗം വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആ ഭാഗത്തെക്കുറിച്ച് 2000 ൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ‘നവചരിത്രവാദം’ എന്ന പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിൽ ( “ഉത്തരാധുനികതാ സംവാദം മലയാളത്തിൽ “) ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. (പുറങ്ങൾ 177- 184). അതിൽ നിന്നും ഒരു ഭാഗം ഉദ്ധരിക്കാം:

” Madras Church Missionary Record ( Vol XVII പേജ് 10 ) രേഖപ്പെടുത്തിയ ഒരു സംവാദം ശ്രദ്ധിക്കുക. ക്രിസ്ത്യൻ മിഷണറിയും ഒരു നായരും തമ്മിലാണ് സംവാദം . മേൽ സൂചിപ്പിച്ച നായന്മാരിലൊരുവൻ പ്രകോപിതനായി പറഞ്ഞു : ” എല്ലാവർക്കും മതമുണ്ട് . ചിലർ വേദവും മറ്റു ചിലർ ശാസ്ത്രവും അനുസരിക്കുന്നു. നിങ്ങൾക്കു നിങ്ങളുടെ വേദം. അതനുസരിച്ചു നിങ്ങൾ പ്രവർത്തിക്കുന്നു . അപ്പോൾ പിന്നെ നിങ്ങളുടേത് മാത്രമാണ് ദൈവികമെന്ന പിടിവാശി എന്തിനാണ് ?” ഇതിനു ഞാൻ മറുപടി പറഞ്ഞത് ” നിർബന്ധം പിടിക്കുന്നത് ഞാനല്ല , ദൈവം തന്നെയാണ് ” എന്നാണ് . “എല്ലാവരും ദൈവത്തെ വാഴ്ത്തണമെന്നത് നിശ്ചയിക്കപ്പെട്ടിരിക്കുന്നു .അതു പാലിക്കണമെന്നത് ദൈവേച്ഛയാണ്”. ദൈവ മാർഗ്ഗത്തിൽ ചരിക്കാനാവകാശപ്പെട്ടവരെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കാൻ നിയുക്തരാണ്. നശ്വര ജീവിതത്തിനുടമകളായ നാമെല്ലാം മരണാനന്തരം സ്വർഗ്ഗത്തിലോ നരകത്തിലോ പോകേണ്ടവരാണ് .”… തന്റെ വാദത്തെ യുക്തിപരമായി നീതീകരിക്കുക സാധ്യമല്ലെന്നു കണ്ട നായർ പറഞ്ഞു : ” നിങ്ങളോട് സംസാരിച്ചിട്ടു കാര്യമില്ല . ഞങ്ങളുടെ ദൈവത്തെ വിലയിടിച്ചു കാണുന്നവരുമായി കാണുന്നതും സംസാരിക്കുന്നതും ശാസ്ത്ര വിരുദ്ധമാണ് .”. ഞാനതിനു മറുപടി കൊടുത്തതിങ്ങനെയായിരുന്നു : “നിങ്ങളുടെ ശാസ്ത്രം ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതും വിലക്കുന്നു. ഞങ്ങളുടെ വേദമാകട്ടെ നിങ്ങളെ സ്നേഹിക്കാനും ആവും വിധം സഹായിക്കാനും ആത്മീയ നന്മയ്ക്കായി നിങ്ങളോട് സംസാരിക്കാനുമാണ് നിർദേശിക്കുന്നത് .” ( നവചരിത്രവാദം , 182 – 83)

Image result for paintings surrealism

         

ഈ മിഷനറി രേഖ മുരളിധരൻ ഇങ്ങനെ വിശകലനം ചെയ്യുന്നു : ” രണ്ടു മതങ്ങൾ തമ്മിൽ മാത്രമേ സംവാദം നടക്കുകയുള്ളൂവെന്ന് ഈ സംഭാഷണം സങ്കൽപ്പിക്കുന്നു. ഇതിൽ മൂന്നു മുൻ ധാരണകളുൾച്ചേർന്നിട്ടുണ്ട്. (ക). ഒരു സത്യമേയുള്ളൂ . (ഖ). അത് രണ്ടിലൊരു മതത്തിലാണ് . (ഗ).സത്യമേതിലാണെന്നു സ്ഥാപിക്കുകയാണ് വേണ്ടത്. സംഭാഷണത്തിന്റെ മറ്റൊരു ധാരണ സത്യത്തിന്റെ മാനദണ്ഡം ദൈവ വചനമാണെന്നതാണ് . ദൈവം ഒരേ സമയം ആഖ്യാതാവും ആഖ്യാന വിഷയവുമാണ് . ദൈവത്താൽ പറയപ്പെട്ടതായതു കൊണ്ട് അത് സത്യമാണ് ; അതു സത്യമായതിനാൽ ദൈവവും സത്യമാണ് . ഈ വാദരൂപം കാല ക്രമേണ ഹിന്ദുമതവും അനുകരിക്കുകയും തങ്ങളുടെ പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്ന് ഇതു പോലുള്ള വാദങ്ങൾ കണ്ടെടുത്ത് ഉയർത്തിക്കാട്ടുകയും ചെയ്തു .”
വ്യവഹാര വിശകലനം പിന്തുടരുന്ന ഈ മാർഗ്ഗം തന്നെയാണ് എം.ജി.എസ്.നാരായണന്റെ കീഴിൽ പൂർത്തിയാക്കിയ പി.എച്ച്.ഡി പ്രബന്ധത്തിലും പ്രധാനമായി സ്വീകരിച്ചിട്ടുള്ളത്. ഉപനിഷത്തുക്കൾ ആണ് അതിലെ പഠന വിഷയം .

Image result for edward said

സെയ് ദ്

തട്ടിച്ചു നോക്കൽ എന്ന തട്ടിപ്പ്

ഇന്ത്യൻ അക്കാദമിക്സിലെ ഒരു സമീപകാല തിരിവ് ക്ലാസ്സിക്കൽ ചിന്താ പാരമ്പര്യങ്ങളിലേക്കുള്ള ചായ് വാണ്. തങ്ങൾ നേരിടുന്ന ബൗദ്ധികമായ ശൂന്യതയോടുള്ള ബൗദ്ധിക പ്രയോക്താക്കളുടെ പ്രതികരണമായിരിക്കാമിത് . ഈ പശ്ചാത്തലത്തിൽ മുരളീധരൻ പഴയ കാല ടെക്സ്റ്റുകളെ സമീപിച്ച രീതി പുന:സന്ദർശിക്കുന്നതിനു കൂടുതൽ പ്രസക്തിയുണ്ട്. പാരമ്പര്യത്തെ ഒരു പണി തീർന്ന ഏകശിലയായി കാണാൻ അദ്ദേഹം വിസമ്മതിച്ചു . പല ചിന്താ പാരമ്പര്യങ്ങളിലെയും ഉൾക്കാഴ്ചകൾ തന്റെ വിമർശനാത്മകമായ അന്വേഷണങ്ങളിൽ അനായാസമായി സമന്വയിപ്പിച്ചു. അതിൽ ബി.കെ. മത്തിലാലും റെയ്‌മുണ്ടോ പണിക്കരും മിഷേൽ ഫൂക്കോയും പിയറി ബോർദ്യുവും റോമിലാ ഥാപ്പറും പോൽ റിക്കോയും ബോദ്രിലാദും എഡ്വേഡ് സെയ് ദുമൊക്കെ ഉണ്ട്. പക്ഷേ ഒരിടത്തു പോലും എന്തെങ്കിലും അപകർഷതയോടെ അവരുടെ സിദ്ധാന്തങ്ങൾ വിസ്തരിക്കുന്നതോ അതിന്റെ നിദർശനമായി (മാത്രം) സ്വന്തം പഠന വിഷയത്തെ എടുത്തു കാണിക്കുന്നതോ കാണുകയില്ല . ഉപമകളും അലങ്കാരങ്ങളും സമൃദ്ധമായി കടന്നു വരുന്ന ഒരു സാഹിതീയമായ എഴുത്ത്. അടുത്തു പരിശോധിക്കുമ്പോൾ ആ അലങ്കാരങ്ങൾ കേവലം അലങ്കരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് ആലോചിക്കുന്നതിന്റെ ഒരു വിധം തന്നെയാണെന്ന് മനസ്സിലാവും. സമുദായ രൂപീകരണ പ്രക്രിയകൾ പരിശോധിക്കുന്ന നേരത്തെ പരാമർശിച്ച ലേഖനത്തിൽ ആധുനികതയ്ക്ക് അനുകൂലമായ ഹാബർ മാസിന്റെ ന്യായം സൂചിപ്പിക്കുന്ന വേളയിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു.

Read Also  വി.ടി.ബൽറാം  അറിയുമോ കെ.പി.എ.റഹീമിനെ ? ദിലീപ് ആർ എഴുതുന്നു

Raimon Panikkar.jpg

റെയ്‌മുണ്ടോ പണിക്കർ

Image result for b k matilal

ബി.കെ. മത്തിലാൽ 

 

 

 

 

“പറയാനുള്ള അവകാശം പീഡനമുറിയിൽ ഒരു ബാധ്യതയായിത്തീരുന്നു എന്ന വിരോധാഭാസത്തെയാണ് സ്വതന്ത്ര ഭാഷണത്തിന്റെ നൈതികത നേരിടേണ്ടി വരുന്നത് “(കേരള പഠനങ്ങൾ , പുറം 281 )
ആധുനികതയ്ക്ക് സാധൂകരണമായി മുന്നോട്ടു വെക്കപ്പെട്ട ഹാബർ മാസിന്റെ വിനിമയ നൈതികത , സംശുദ്ധമായ ഭാഷണം എന്നീ സങ്കൽപ്പങ്ങൾക്കുള്ള രാഷ്ട്രീയ വിമർശനമാണ് ഇത് . ഈ രീതിയിൽ പാഠങ്ങളെയും സന്ദർഭങ്ങളെയും നിർധാരണം ചെയ്യുന്നതിൽ സങ്കൽപ്പനങ്ങൾ സ്വന്തം ചട്ടക്കൂടിലേക്ക് വിളക്കിച്ചേർക്കുകയും അതോടൊപ്പം യാതൊരു അപകർഷതയുമില്ലാതെ അത്തരം സങ്കൽപ്പനങ്ങളുടെ ഒരു ഉപരി ചർച്ചയ്ക്കു മുതിരുകയും ചെയ്യുന്ന, എല്ലാ സൈദ്ധാന്തികരോടും തുല്യനിലയ്ക്ക് ഇടപെടുന്ന ഒരു ലോകനിലവാരമുള്ള ചിന്തകനെയാണ് നമ്മൾ ഉടനീളം കാണുന്നത്. ലോക നിലവാരം പക്ഷെ കേരളത്തിൽ ഒരു കുറ്റമാണ് . എന്തെഴുതിയാലും അതിന്റെ മൂലം ഇംഗ്ളീഷിൽ ആയിരിക്കണമെന്ന നിതാന്തമായ അപകർഷതയിലേക്കാണ് യുണിവേഴ്‌സിറ്റി പഠന വിഭാഗങ്ങൾ ഗവേഷകരെ തള്ളിവിട്ടു കൊണ്ടിരിക്കുന്നത് . ഇവിടെ ദെല്യൂസിന്റെയോ ബാദിയോയുടെയോ ഒക്കെ മലയാളം ആടുക എന്നതാണ് പരമാവധി സ്വപ്നം .

Related image

ഫൂക്കോ

അതു നിൽക്കട്ടെ . തന്റെ പി. എച്ച്. ഡി പ്രബന്ധത്തിലൂടെ മുരളീധരൻ ശ്രമിക്കുന്നത് ഭാരതീയ ചിന്താ പാരമ്പര്യങ്ങൾ എന്നു പറയുന്നത് എങ്ങനെ ഒരു നിർമ്മിതിയായിരിക്കുന്നു എന്ന് ഇഴ പിരിച്ചു കാണിക്കാനാണ്. എങ്ങനെ ഇന്ത്യൻ തത്വചിന്ത എന്ന മണ്ഡലവുമായി ഒരു വിമർശനാത്മക സംവാദത്തിൽ ഏർപ്പെടാൻ കഴിയും എന്നാരായുമ്പോൾ അദ്ദേഹം കണ്ടെത്തുന്ന പ്രധാനവിഘ്നം ഇന്ത്യൻ തത്വ ചിന്തയ്ക്ക് വക്താക്കളും എതിരാളികളും മാത്രമേ ഉള്ളൂ, പ്രയോക്താക്കൾ ഇല്ല എന്നതാണ് . പാരമ്പര്യത്തിലെ ജീവത്തായ അംശങ്ങളുമായി എന്തെങ്കിലും ഇടപാടിന് ആരും സന്നദ്ധരല്ല . എഴുതുന്നതാവട്ടെ ഒരു പാശ്ചാത്യ (അക്കാദമിക്ക് )സമുദായത്തെ അഭിസംബോധന ചെയ്തു കൊണ്ടും. അവരുടെ മാനദണ്ഡങ്ങൾ പാശ്ചാത്യമാകയാൽ അത്തരം ശ്രമങ്ങൾക്ക് അപകർഷത കുടഞ്ഞു കളയുക ദുഷ്കരമാണ്. സ്വന്തം നിലപാട് പാശ്ചാത്യത്തിലെ ഏതെങ്കിലും ചിന്തയോട് തട്ടിച്ചു നോക്കി മാത്രം അവതരിപ്പിക്കാൻ സാധിക്കുന്ന ഈ അസ്കിതയെ നമുക്ക് തട്ടിച്ചു നോക്കൽ സമീപനം എന്ന് വിളിക്കാം . പ്രസിദ്ധീകൃതമായ ഒരു ലേഖനത്തിൽ ( കോട്ടയം എം.ജി.യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് പുറത്തിറക്കിയ ഹരിതം എന്ന ജേണലിൽ എഴുതിയ ” കമ്മ്യുണിറ്റി ഫോർമേഷൻ : കൊളോണിയൽ ഹാബിറ്റസ് ആൻഡ് ദ ബ്രാഹ്മണിക്കൽ ലൈഫ് വേൾഡ് ” എന്ന പ്രബന്ധം ) ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം മുരളീധരൻ ഇങ്ങനെ എടുത്തു കാണിക്കുന്നു : ” അവർ അലോപ്പതിക്കിട്ടു രണ്ടു കുത്തു കൊടുത്താൽ മാത്രം രോഗനിർണയം തുടങ്ങാൻ കഴിയുന്ന ഹോമിയോപ്പതി ഡോക്ടർമാരെപ്പോലെയാണ് “. പി.എച്ച് ഡി തീസിസിൽ ഇതുപോലെ രസകരമായ മറ്റൊരു ഉപമയാണ് അദ്ദേഹം കൊണ്ടു വരുന്നത്. ഉപനിഷത്തുക്കളിൽ ഉള്ളത് ഫിലോസഫി ആണെന്ന് ധരിക്കുന്നത് ഭാരതനാട്യത്തെ ഒന്നുകിൽ താണ തരം ഫുട്ബോളായോ അല്ലെങ്കിൽ ഫുട്ബാളിന്റെ നേർ വിപരീതമായോ കാണുന്നത് പോലെയാണ് എന്ന് !

Image result for geography of upanishad max muller

( ദി ഡിസ്‌കേഴ്‌സിവ് ജ്യോഗ്രഫി ഓഫ് ഉപനിഷദ്‌സ് , പുറം 19 ). മാക്സ് മുള്ളർ, പോൾ ഡോയ്‌സൻ, എ.ബി.കീത്ത് തുടങ്ങിയ ഓറിയന്റലിസ്റ്റുകളുടെ ഇന്ത്യൻ ചിന്ത സംബന്ധിച്ച എഴുത്തുകളെ പരിശോധിക്കുന്ന സന്ദര്ഭത്തിലാണിത് . ഇന്ത്യയിലെ പാഠങ്ങളെ തത്വചിന്താപരം എന്ന നിലയ്ക്ക് കാണുമ്പോൾ പാശ്ചാത്യ തത്വചിന്തയാണ് അവർ മോഡലായി എടുക്കുന്നത് . ഗ്രീക്ക് തത്വ ചിന്തയുടെയോ സമകാല യൂറോപ്യൻ തത്വ ചിന്തയുടെയോ ആശയങ്ങളോട് തട്ടിച്ചു നോക്കാൻ സാധിക്കുന്ന തരം “ആശയങ്ങൾ ” ഇത്തരം ടെസ്റ്റുകളിൽ നിന്നും ബലമായി കറന്നെടുക്കുന്ന ഒരു രീതി നിലവിൽ വന്നു. അങ്ങനെയൊരു മാനദണ്ഡം അംഗീകരിച്ചാൽ പിന്നെ ഇന്ത്യൻ ടെസ്റ്റുകൾ ഒട്ടും തത്വചിന്താപരം അല്ല , കേവലം മതപരം ആണെന്നോ അതല്ലെങ്കിൽ അല്പം താണ തരം തത്വചിന്തയാണെന്നോ ഉള്ള നിഗമനങ്ങളിൽ എളുപ്പം എത്തിച്ചേരാൻ പറ്റും .

ഭാരതീയ തത്വ ചിന്ത എന്ന കെട്ടുകഥ

ഇടക്കാലത്ത് ഇവിടെ ചൂട് പിടിച്ച ഒരു വിവാദമുണ്ടായിരുന്നു . സുകുമാർ അഴീക്കോടിന്റെ “തത്വമസി ” പോൽ ഡോയ്സന്റെ എഴുത്തിന്റെ ഈച്ചക്കോപ്പിയാണെന്നു ആരോപിക്കപ്പെട്ടപ്പോൾ ഉണ്ടായ ചർച്ച. അത് കോപ്പിയടിയാണോ അല്ലയോ എന്നത് സ്ഥാപിക്കാനാണ് വാദികളും എതിരാളികളും ശ്രമിച്ചത്. മുരളീധരൻ തന്റെ പഠനത്തിൽ ചെയ്തിട്ടുള്ളത് പോൾ ഡോയ്സന്റെ കാഴ്ചപ്പാടിന് തന്നെ എന്താണ് കുഴപ്പമെന്നു കാണിക്കുകയാണ്. അതദ്ദേഹം ഡോയ്‌സന്റെ എഴുത്തുകൾ വിശദാംശങ്ങളിൽ പരിശോധിച്ചുകൊണ്ടാണ് നടത്തുന്നത്. മാക്സ് മുള്ളറുടെയും കീത്തിന്റെയും എഴുത്തും ഈവിധം പരിശോധിക്കപ്പെടുന്നു. പൊതുവിൽ ഓറിയന്റലിസ്റ്റ് സ്‌കൂൾ എഴുത്തിന്റെ കുഴപ്പമായി മുരളീധരൻ പറയുന്നത് ഉപനിഷത്തുക്കളെ “തത്വചിന്ത”യായി നോക്കിക്കാണുകയും നിർമിച്ചെടുക്കുകയും ചെയ്തു എന്നതാണ്. ഉപനിഷത്തുകളിലേക്കവർ നോക്കിയത് ആശയങ്ങളും ആശയ വ്യവസ്ഥകളും കണ്ടെടുക്കാൻ വേണ്ടിയാണ്. പാഠങ്ങൾ ഇക്കാര്യത്തിൽ പരസ്പ്പരപ്പൊരുത്തം കാണിക്കണമെന്നവർ ശഠിച്ചു. അതിനു ശേഷം പൊരുത്തം കാണുന്നില്ല എന്ന് ചിലപ്പോൾ പരാതിപ്പെട്ടു . അവയിൽ നിന്ന് കറന്നെടുത്ത ആശയങ്ങൾക്കാവട്ടെ ഐഡിയലിസ്റ്റ്, ആത്മനിഷ്ഠം, പാൻതീയിസ്റ്റിക്ക്, ട്രാൻസെൻഡന്റൽ എന്നൊക്കെ മുൻകൂർ വിലയിട്ടു . അടുത്ത ഘട്ടമായി പാശ്ചാത്യ ഐഡിയലിസവുമായി തട്ടിച്ചു നോക്കുകയും എംപിരിസിസ്റ്റ് പാരമ്പര്യങ്ങൾക്ക് എതിർ നിർത്തുകയും ചെയ്തു. വിവർത്തനങ്ങളിലൂടെയും താരതമ്യങ്ങളിലൂടെയും ആണിത് നടത്തിയത് .

ഓറിയന്റലിസ്റ്റ് സ്‌കൂൾ ചെയ്ത മറ്റൊരു പ്രധാനപ്പെട്ട കാര്യം സംഹിത – ബ്രാഹ്മണം – ആരണ്യകം – ഉപനിഷത്ത് എന്ന ഒരു നേർവര വരച്ചതാണ് . ഈ നൈരന്തര്യത്തിൽ യാതൊരുവിധ ഇടർച്ചയും അനുവദനീയമല്ല. ഇതോടുകൂടിയാണ് ഇന്ത്യൻ തത്വചിന്തകൾ ഇല്ലാതാവുകയും ഇന്ത്യൻ തത്വചിന്ത എന്ന ഏകശില രൂപീകൃതമാവുകയും ചെയ്തത് .

ഈ ഏകശിലാത്മകമായ ഇന്ത്യൻ തത്വചിന്താ പാരമ്പര്യ നിർമ്മിതിയുടെ ഏറ്റവും നിഷേധാത്മകമായ പ്രത്യാഘാതം തത്വചിന്തനം എന്നത് ഒരു സജീവ പ്രയോഗം ( activity ) എന്ന നില വിട്ട് ഇന്ത്യയുടെ വെറുമൊരു വിശേഷണ ( attribute) മായി ചുരുങ്ങി എന്നതാണ്. പെട്ടെന്നു കേൾക്കുമ്പോൾ ഇതൊരു പ്രശംസയാണെന്നു തോന്നും . എന്നാൽ തത്വചിന്തനം എന്തോ രോഗമാണ് ഇന്നാട്ടിൽ എന്ന നിന്ദാസ്തുതിയായി ഇത് എപ്പോ വേണമെങ്കിലും തിരിയാവുന്നതേയുളളൂ എന്ന് മുരളീധരൻ മുന്നറിയിപ്പ് നൽകുന്നു .

ഒരു കൂട്ടം ദ്വന്ദ്വങ്ങൾക്കിടയിലാണ് ഓറിയന്റലിസം പ്രവർത്തനക്ഷമമായത്. അതിൽ കേന്ദ്രസ്ഥാനത്തു നിന്നതാവട്ടെ പാശ്ചാത്യം x പൗരസ്ത്യം എന്ന ദ്വന്ദ്വവും . ഒരിക്കലും സന്ധിക്കാത്ത രണ്ട് ഭിന്നാസ്തിത്വനിലകളായാണ് അവ മുൻവിചാരിക്കപ്പെട്ടത്. ഇവിടെ എഡ്വേഡ് സെയ്ദിനെ ഉദ്ധരിച്ചു കൊണ്ട് ദ്വന്ദ്വങ്ങൾക്ക് അപരവൽക്കരണത്തിലുള്ള പങ്ക് മുരളി മുൻതലത്തിലേക്ക് നീക്കി വെക്കുന്നു. ദ്വന്ദ്വങ്ങൾ ചിന്തയുടെ പരിധിയും പരിമിതിയുമായി (epistemic threshold) നിന്നു . പൗരസ്ത്യം ബഹുമാനിക്കപ്പെട്ടോ ഇല്ലയോ എന്നതല്ല ഇവിടെ സംഗതമായിട്ടുള്ളത് . അത് പൗരസ്ത്യമായിരിക്കണം എന്നും. പാശ്ചാത്യത്തിന്റെ അപരമായിരിക്കണമെന്നുമുള്ള നിർബന്ധങ്ങളാണ് .

ദേശീയവാദ പ്രതികരണങ്ങൾ

ഓറിയന്റലിസ്റ്റ് വ്യവഹാരത്തോട് പ്രതികരിച്ച ദേശീയവാദധാരയിൽ ദാസ് ഗുപ്ത, ഹിരിയണ്ണ, എസ്.രാധാകൃഷ്‍ണൻ എന്നിവരുടെ എഴുത്താണ് മുരളി സൂക്ഷ്മ പരിശോധനക്കെടുക്കുന്നത്. ദാസ് ഗുപ്ത ഓറിയന്റലിസ്റ്റ് പരിണാമ-പദ്ധതി ( അതായത് polytheism – Henotheism – Monotheism എന്ന ക്രമത്തിൽ ) ആവർത്തിച്ചെങ്കിലും ഉപനിഷത്തുക്കളെ തുടർച്ചയായല്ല ഒരു ഇടർച്ച (break )യായാണ് കണ്ടത് . പാശ്ചാത്യം x പൗരസ്ത്യം എന്ന ദ്വന്ദ്വത്തിന് ഉറപ്പ് കൂട്ടാൻ പൗരാണികം x ആധുനികം എന്ന മറ്റൊരു ഇരട്ടയെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്നു. അങ്ങനെയാകുമ്പോൾ ഇന്ത്യൻ തത്വചിന്ത ആധുനിക പൂർവമാണ് ; മറന്നു പോയ ഒരു നിധി !

ഹിരിയണ്ണ സംഹിത – ബ്രാഹ്മണം – ഉപനിഷത്തുക്കൾ എന്നത് ഒറ്റ സംഘാതമായി എടുത്തു . എതിർ വാദങ്ങൾ തമ്മിൽപോലും ഒരു പൊരുത്തമുള്ളതായാണ് ഹിരിയണ്ണ പറയുന്നത്. മനുഷ്യനെ കേന്ദ്ര സ്ഥാനത്തു കൊണ്ടുവന്നു . മാനവികവാദം പാഠങ്ങളിൽ നിന്ന് വായിച്ചെടുത്തു . തത്വചിന്തയെന്നാൽ വെറും തർക്കമല്ല, ഒരു ജീവിതരീതിയാണ് എന്ന് വാദിച്ചു .

എസ്.രാധാകൃഷ്ണൻ പാശ്ചാത്യ -പൗരസ്ത്യ സാമന്വയത്തിലൂടെ ഒരു പൗരസ്ത്യ സർവലൗകികത നിർദ്ദേശിക്കാനുള്ള ശ്രമമാണ് നടത്തിയത്. മിസ്റ്റിസിസത്തെ ഇന്ത്യയ്ക്ക് മാത്രമായി ഓറിയന്റലിസ്റ്റുകൾ ചാർത്തി നൽകിയപ്പോൾ രാധാകൃഷ്ണൻ അത് സർവലൗകികമാക്കി . ഒരു സാർവലൗകിക മത -തത്വചിന്തയുടെ സാധ്യത മുൻനിർത്തിയാണ് രാധാകൃഷ്ണൻ ഇന്ത്യൻ തത്വചിന്ത ചർച്ച ചെയ്യുന്നത് . ചില പൊതു സവിശേഷതകൾ അദ്ദേഹം കണ്ടെത്തി . 1 ) ഇന്ത്യയിലെ തത്വചിന്ത ആത്മീയവാദപരമാണ് . 2 .അത് ധ്യാനാത്മകമാണ് .

ഓറിയന്റലിസം നിഷേധാത്മകമായി ചാർത്തിയ ചില വിശേഷണങ്ങളെ ( പൊരുത്തമില്ലായ്മ തുടങ്ങി…) വസ്തുതാപരമായി ഖണ്ഡിക്കാൻ ദേശീയവാദ പ്രതികരണങ്ങൾ ശ്രമിച്ചു. പുറത്തേക്കു മാത്രമുള്ള ഒരു തോന്നലാണ് പൊരുത്തമില്ലായ്മ എന്നായിരുന്നു വാദം. ഇവിടെ പക്ഷെ അറിയാതെ ചർച്ചയുടെ മാനകം മറുപക്ഷം നിശ്ചയിക്കുന്നതിന് ഇട വന്നു. പൊരുത്തം ഉണ്ടാവുന്നതാണ് നല്ലത് എന്ന് ഇരുഭാഗവും സമ്മതിച്ചല്ലോ .

ഓറിയന്റലിസ്റ്റുകളുടെ വേറെ ഒരു കൂട്ടം ആരോപണങ്ങൾ ദേശീയ വാദപ്രതികരണങ്ങളിൽ നിഷേധിക്കപ്പെട്ടില്ല . മറിച്ച് അവയെ ഒക്കെ പ്രശംസകളായി ഏറ്റെടുക്കുകയായിരുന്നു. ആത്മീയ സ്വഭാവം , ഐഡിയലിസം തുടങ്ങിയവ ഇങ്ങനെ സ്വീകരിക്കപ്പെട്ടതാണ്. അതെ , ഇന്ത്യ ആത്മീയതയുടെ നാടാണ് ! അതു കൊണ്ടു തന്നെ ഗംഭീരമാണ് !! എന്നതായിരുന്നു ലൈൻ.

ഇത്തരം ശ്രമങ്ങളിലൂടെ തത്വചിന്ത മുന്തിയ ഒരേർപ്പാടായി സ്ഥാപിക്കപ്പെടുകയും രാജ്യത്തിൻറെ തന്നെ സുപ്രധാന മുദ്രയാക്കി മാറ്റുകയും ചെയ്തു . രാജ്യം എന്ന പോലെ അതിന്റെ തത്വചിന്തയും അഖണ്ഡമായി . അതിനുള്ളിൽ തർക്കങ്ങളോ ആന്തരികവൈരുധ്യങ്ങളോ ഇടർച്ചകളോ ഉണ്ടാവാൻ പാടില്ല. അതൊക്കെ പാശ്ചാത്യ ചിന്തയിൽ മതി. ഇവരാരുംതന്നെ ഇന്ത്യൻ തത്വചിന്തയിൽ ഏർപ്പെട്ടില്ല. മറിച്ച് അതിനെ ഒരു പാവന ക്ഷേത്രമായി സങ്കൽപ്പിച്ച് പുറത്തിരുന്ന് പൂജിക്കാൻ തുടങ്ങി. ഇന്ത്യൻ തത്വചിന്തയ്ക്കു വേണ്ടി വാദിക്കുക എന്നാൽ അതിന്റെ ശ്രീകോവിലിൽ ചെരുപ്പഴിച്ച് ഭക്തിയോടെ നിൽക്കലായി മാറി .

Read Also  പഠിക്കേണ്ടത് ദെറിദയിൽ നിന്നോ ? ബാലുശ്ശേരിയിൽനിന്നും ഒരു ബദൽ ; ദിലീപ്. ആർ എഴുതുന്നു

ഇതിനു സമാന്തരമായി പാശ്ചാത്യരെ അറിയിക്കാനായി വിവർത്തന പരിശ്രമങ്ങളും ഉണ്ടായി. അതൊരു തരം ലേലം വിളിയായിരുന്നു. ബ്രഹ്മത്തിനും ആത്മനും ഒക്കെ cogito, dasein, absolute തുടങ്ങിയ അക്കാല പാശ്ചാത്യ പദങ്ങൾ വെച്ച് വില പറയാൻ തുടങ്ങി. അതല്ലെങ്കിൽ ഫ്രോയ്ഡിന്റെ unconscious, അതുമല്ലെങ്കിൽ ഫിസിക്സിലെ subatomic particles. ഇത് വാങ്ങാൻ അന്നാളുമുണ്ടായിരുന്നു. ഈ പരിപാടിയെപ്പറ്റി മുരളീധരൻ പറയുന്നത് പാശ്ചാത്യ ലോകത്ത് എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടോ അപ്പോഴൊക്കെ അവരൊരു ബാഗുമെടുത്ത് പൗരസ്ത്യ നാടുകളിൽ ഷോപ്പിങ്ങിനിറങ്ങും എന്നാണ് .

മാർക്സിസ്റ്റ് – ഭൗതികവാദ പ്രതികരണങ്ങൾ

മാർക്സിയൻ കാഴ്ചപ്പാടുകൾ പങ്കിടുന്ന ഒരു പൊതു ധാരണ വേദകാല ചിന്ത ആത്മീയവാദപരമോ ആശയവാദപരമോ ആയിരുന്നില്ല എന്നതാണ്. ഭൗതികവാദത്തെ മൂല്യവത്തായി കാണുകയും വേദകാലത്തുതന്നെ അതുള്ളതായി കണ്ടെത്തുകയും ചെയ്യുകയാണ് ഇതിന്റെ മാർഗ്ഗം .

കെ.ദാമോദരൻ പറയുന്നത് ഉപനിഷദ് ഘട്ടം വർഗ്ഗ സമൂഹത്തിന്റെയും സ്ടേറ്റിന്റെയും രൂപീകരണത്തോട് ചേർന്നുള്ളതാണെന്നാണ്. ഗണങ്ങൾ ചിതറുന്ന ചരിത്രഘട്ടമായതുകൊണ്ടാണ് ബ്രഹ്മ -ആത്മ ഐക്യത്തിൽ ഊന്നൽ വരുന്നത്. മുരളീധരനാവട്ടെ ഗോത്രപരമായ ഐക്യം എന്ന ആശയത്തെ വല്ലാതെ വലിച്ചു നീട്ടുന്നതിന് എതിരാണ്. അങ്ങനെ പറയുന്നത് സാർത്രും ഹുസ്സെളും റസ്സലും മുതലാളിത്തത്തിന്റെ ഉൽപ്പന്നങ്ങളാണെന്നു പറയുന്നതുപോലെയേ ഉള്ളൂ- അദ്ദേഹം അഭിപ്രായപ്പെടുന്നു .

മാർക്സിയൻ എഴുത്തുകാരുടെ മുഖ്യ വിഷയം ആശയവാദം x ഭൗതികവാദം വേർതിരിവാണ്. ദേവീ പ്രസാദ് ചതോപാധ്യായ അവലംബിച്ച അന്ത്രപ്പോളജിക്കൽ ചട്ടക്കൂടുകൾ കാലഹരണപ്പെട്ടതാണ് എന്നാണ് മുരളീധരന്റെ നിരീക്ഷണം. മോർഗനെ പിൻതുടർന്ന് ഉപനിഷത്തുക്കളിൽ ടോട്ടെമിസത്തിന്റെ (ഒരു ജീവി അല്ലെങ്കിൽ മരം ) പൊടിപ്പുകൾ കണ്ടെത്താൻ ചതോപാദ്ധ്യായ ശ്രമിക്കുന്നുണ്ട്. എന്നാൽ ലേവി സ്ട്രോസും മറ്റും ഈ സിദ്ധാന്തത്തെ ഫലപ്രദമായി വിമർശിച്ചിട്ടുണ്ടെന്നും ചതോപാധ്യായ കാലഹരണപ്പെട്ട ചട്ടക്കൂട്ടിലാണ് കുടുങ്ങിയിട്ടുള്ളതെന്നും അവ തുടർന്നും നിലനിർത്താൻ വിഷമമാണെന്നും മുരളീധരൻ സയുക്തികം വാദിക്കുന്നു .

ഛാന്ദോഗ്യോപനിഷത്തിലെ പ്രസിദ്ധമായ നായ്ക്കളുടെ മന്ത്രോച്ചാരണം ഒക്കെ ഉള്ളടങ്ങുന്ന ഭാഗം വിശകലനം ചെയ്യുന്നതിനാണ് ടോട്ടെമിസം ഉപയുക്തമാക്കാറുള്ളത്. ആലങ്കാരികമായല്ല അക്ഷരാർത്ഥത്തിൽ ആണ് അത്തരം വ്യാഖ്യാനങ്ങൾ മുന്നേറുക. അതേത്തുടർന്ന് മാജിക്ക് എന്നത് ഭൗതികവാദത്തിന്റെ അടയാളമാണെന്നും വാദിക്കപ്പെടും. ഇത്തരം വേളകളിൽ
മാജിക്ക് = ഭൗതികവാദം = പ്രാകൃത കമ്യുണിസം
മതം = ആശയവാദം = വർഗ്ഗ സമൂഹം
എന്നീ സമവാക്യങ്ങൾ മുൻവിചാരിക്കപ്പെടുന്നുണ്ട് . അതു മാത്രമല്ല
ഔപനിഷദികം = പിതൃ മേധാവിത്വപരം = pastoral magic
ലോകായതം = മാട്രിയാർക്കൽ = agricultural materialism
എന്നിങ്ങനെയുള്ള സമീകരണങ്ങളെയും ചതോപാദ്ധ്യായ ആശ്രയിക്കുന്നുണ്ട് എന്ന് ( വേദകാലത്ത് ലൈംഗിക സംയോഗത്തിനു കല്പിക്കപ്പെട്ട ആചാരപരമായ പ്രാധാന്യത്തെയും ലോകായതയിലെ ഭൗതികവാദത്തെയും കുറിച്ച് പറയുന്നയിടങ്ങളിൽ ) മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നിൽ ഔപനിഷദികം x ലോകായതം , പിതൃമേധാവിത്തം x മാട്രിയാർക്കി, pastoral magic x agricultural materialism എന്നീ വൈരുധ്യങ്ങളും ഘട്ട വിഭജനങ്ങളും ( പാസ്റ്ററൽ എന്നതിൽനിന്നും കാർഷിക വ്യവസ്ഥയിലേക്ക്, മാട്രിയാർക്കിയിൽനിന്ന് പിതൃ മേധാവിത്തത്തിലേക്ക് എന്നിങ്ങനെ ) പതുങ്ങിയിരിപ്പുണ്ട്. ഇത്തരം വൈരുധ്യങ്ങളാവട്ടെ കൊളോണിയൽ ആന്ത്രപ്പോളജിയിൽനിന്ന് സ്വീകരിച്ചവയാണ് . അവ ഒട്ടും സാധുതയുള്ളവയല്ല. ഭൗതികവാദിയാവും തോറും ചതോപാധ്യായ മാർക്സിസ്റ്റ് അല്ലാതാവുന്നു എന്നാണ് ഇതു സംബന്ധിച്ച് മുരളീധരന്റെ അഭിപ്രായപ്രകടനം. ചതോപാധ്യായ ഭൗതിക വസ്തുക്കളെ ഭൗതികവാദമെന്നു തെറ്റിദ്ധരിക്കുന്നു. അന്നം എന്നൊക്കെ പരാമർശം കാണുമ്പോഴേക്കും ഭൗതികവാദം എന്ന നിഗമനത്തിലേക്ക് എടുത്തു ചാടുന്നു. ആശയവാദം എന്ന പദം മാർക്സിന്റെ കൃതികളിൽ കാണുന്ന വഴിക്ക് അദ്ദേഹം ആശയവാദിയാണെന്നു നിരൂപിക്കുന്നതു പോലെ ബാലിശമാണിത്. ഉപനിഷദ് പാഠങ്ങളിലൊന്നും തന്നെ ആശയം x വസ്തു എന്ന വൈരുധ്യം കാണാനില്ലെന്നും ഇതിലേതെങ്കിലും പ്രഥമമാണ് എന്ന നിലപാട് ഉപനിഷത്തുക്കളിൽ ആരോപിക്കുന്നത് നിരാസ്പദമാണെന്നും മുരളീധരൻ പറയുന്നു .

ചതോപാധ്യായയുടെ (പിൽപ്പാട് ഈ ചട്ടക്കൂട് പിന്തുടർന്ന മറ്റു സൈദ്ധാന്തികരുടെയും ) ചിന്താ പദ്ധതി ഭൗതികവാദമല്ല , ദ്വന്ദ്വവാദപരമാണ് (dualistic). അവരെ സംബന്ധിച്ചേടത്തോളം പദാർത്ഥവും ആശയവും സ്വതന്ത്രസത്തകളുള്ള രണ്ടു പ്രതിഭാസങ്ങളാണ് . ആശയങ്ങളെ പദാർത്ഥത്തിന്റെ പരിണാമമായി കാണുന്നതാണ് ഭൗതികവാദം . അവയിൽ ഒന്നിനെ നിർമൂലനം ചെയ്യലല്ല . ഇതു കൊണ്ടാണ് യാന്ത്രിക ഭൗതികവാദത്തെ ആശയവാദത്തിന്റെ ഒരു പതിപ്പായി മാർക്സ് കണ്ടത്. വൈരുദ്ധ്യാത്മകമായ ഒരു ചട്ടക്കൂടാണ് മാർക്സ് വികസിപ്പിച്ചെടുത്തത് . മറിച്ച് ഛതോപാധ്യായയും കൂട്ടുകാരും എല്ലാ ചിന്തകളേയും ഒന്നുകിൽ ആശയവാദം അല്ലെങ്കിൽ ഭൗതികവാദം എന്ന് തരം തിരിക്കുന്നു. ഒരു വർഗ്ഗത്തിന് ഒരു ആശയ ശാസ്ത്രം എന്ന ലളിതമായ സമീകരണമാണ് അവർക്ക് പഥ്യം. അങ്ങനെയൊരു നേർബന്ധം വർഗ്ഗനിലയും ചിന്താരൂപങ്ങളും തമ്മിലില്ല. ആശയവാദത്തിൽ ഉപരിവർഗ്ഗത്തിനു മാത്രം താല്പര്യമുണ്ടാകാൻ എന്ത് ന്യായമാണ് പറയുക? എത്രയോ വിപ്ലവങ്ങൾക്ക് ആശയവാദവും മതവും ഒക്കെ കാരണമായിരിക്കുന്നു. ചതോപാധ്യായയുടേത് മാർക്സിസ്റ്റ് എന്നത് പോയിട്ട് എന്തങ്കിലും യുക്തിയുള്ള ഒരു വാദം പോലുമല്ല

Image result for myth and vedas

ഇത്രയും വിസ്തരിച്ചത് മുരളീധരൻ ഉപനിഷത് പാഠങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ സംഗ്രഹമായല്ല. ആ പഠനത്തിന്റെ ആമുഖമായി അദ്ദേഹം (സാധാരണ ഗവേഷണ പ്രബന്ധങ്ങളിൽ റിവ്യൂ ഓഫ് ലിറ്ററേച്ചർ എന്ന ഉന്മേഷമില്ലാത്ത അധ്യായം ) നടത്തിയ അവലോകനത്തിന്റെ ഏകദേശ ചിത്രമായാണ്. അതുതന്നെ ഉപനിഷദ് പഠനങ്ങളിലെ ഓറിയന്റലിസ്റ്, ദേശീയവാദ, മാർക്സിസ്റ്റ് ധാരകളുടെ സമൂല വിമർശമായി, വെറും 43 പേജുകളിൽ ഒരു സമ്പൂർണ തീസിസ് ആയി നിൽക്കുകയാണ് .

പാഠപഠനത്തിൽ ആവട്ടെ ആധുനികപൂർവ്വമായ ഒരു പാഠ ഭൂമിശാസ്ത്രമാണ് മുരളീധരൻ കണ്ടെത്തുന്നത്. കർക്കശവും സർഗ്ഗാത്മകവുമായ ഒരു വ്യവഹാര വിശകലന മാർഗ്ഗമാണ് അതിനായി അവലംബിക്കുന്നത്. കൃതി എന്ന ഏകതയെ അവിടെ പരിഗണിക്കുന്നില്ല. അത് തീർത്തും ആധുനികമാണ്. വ്യവഹാര വിശകലനത്തിൽ പാഠമെയുള്ളു, കൃതിയില്ല. കൃതിക്ക് ഉടമയായി കർത്താവുണ്ട്. പാഠം പക്ഷെ നെയ്തതും മാറ്റി നെയ്യാവുന്നതുമാണ്. ഈ മാറ്റി നെയ്യൽ അഥവാ പുനർവായന അവസാനവായനയല്ല. പാഠത്തെ കൃതിയാക്കുമ്പോൾ ഒരു അടച്ചുകളയൽ ഉണ്ടതിൽ. ഇങ്ങനെ അടക്കിയതിലെ വിടവുകൾ കുത്തിത്തുറക്കുന്ന ഡി കൺസ്ട്രക്ഷൻ ആണ് മുരളി നടത്തുന്നത്. ആശയങ്ങൾ തേടിയുള്ള വായനയല്ല അത്. വ്യവഹാര രൂപീകരണപ്രക്രിയയും അതിന്റെ ഘടനയും വഴിയാണ് പാഠത്തിലേക്ക് വ്യവഹാര വിശകലനം കടക്കുന്നത്. ഒരു വ്യവഹാര രൂപീകരണത്തിൽ അഞ്ചു മൂലകങ്ങളുണ്ട് ; വാക്കുകൾ, പ്രസ്താവനകൾ, വസ്തുക്കൾ, സങ്കല്പങ്ങൾ, തന്ത്രങ്ങൾ എന്നിങ്ങനെ. പ്രധാന വാക്കുകൾ (words) കണ്ടെത്തുക അവ ഏതൊക്കെ പദ സംഘാതങ്ങളിൽ ചേരുന്നു എന്നത് പിൻ തുടരുക, പ്രസ്താവനകൾ (statements) വഴി പുതിയ മണ്ഡലങ്ങൾ (field) ഏതൊക്കെ നിലവിൽവരുന്നു എന്നത് പരിശോധിക്കുക, എന്തൊക്കെ പുതിയ വസ്തുക്കളാണ് (objects ) അസ്തിത്വത്തിലേക്ക് പൊട്ടിവിരിയുന്നത്– ഉദാഹരണത്തിന് ബ്രഹ്മം, പുരുഷൻ, മോക്ഷം തുടങ്ങിയവ — എന്ന് വരച്ചു കാണിക്കുക തുടങ്ങിയവയാണ് ഈ മാർഗ്ഗത്തിൽ സ്വീകരിച്ചിട്ടുള്ള രീതികൾ. എന്തുകൊണ്ട് എന്ന് വിശദീകരിക്കാനല്ല, എന്ത് എന്ന് വർണ്ണിക്കാനാണ് ശ്രമം. നാളിതു വരെ സ്ഥാപിക്കപ്പെട്ട അർത്ഥങ്ങൾ അപനിർമ്മിക്കാൻ ഇതിലൂടെ സാധിക്കുന്നു .

ഇപ്പോൾ പ്രചാരത്തിലുള്ളതരം സംസ്കാര പഠനമല്ല മുരളീധരന്റേത്. ചരിത്രത്തിലാണ് അദ്ദേത്തിന്റെ ഔപചാരിക പഠനമെങ്കിലും അന്വേഷണങ്ങൾ ആ പരിധിയിൽ ഒതുങ്ങിയവയല്ല . അനനുകരണീയമായ ഒരു ശൈലിയിലാണ് എഴുത്ത് . വിപുലമായ വിജ്ഞാന ശാഖകളിൽ നിന്നാണ് പടക്കോപ്പുകൾ ഇതൊക്കെ കൊണ്ട് തന്നെയാവാം അദ്ദേത്തിന്റെ എഴുത്തുകൾ എല്ലാ വിജ്ഞാന ശാഖക്കാരും പ്രായേണ അവഗണിച്ചു കളഞ്ഞത് . ചരിത്രക്കാർ തത്വചിന്താപരമെന്നും തത്വചിന്തകർ ചരിത്ര വിഷയകമെന്നും അതിനെ തള്ളിക്കളഞ്ഞു കാണും . സംസ്കാര പഠനം ഒക്കെ ഒരു വിജ്ഞാന ശാഖയായി മാറുനതിനു മുമ്പുള്ള ഈ പഠനങ്ങളെ നമുക്ക് മുരളീധരന്റെ സംസ്കാര പഠനം എന്ന് വിളിക്കാം. സവിശേഷമാണ് അവയുടെ സ്വഭാവം. സ്പോർട്സ് മുതൽ സന്യാസം വരെയുള്ള വിഷയമേഖലകളിൽ പരന്നു കിടക്കുന്നു അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ. അനുഭവികവും വിശകലാത്മകവുമായ ഘടകങ്ങൾ എങ്ങനെ ചേർന്നു നിൽക്കുന്നു എന്നതിന് 1983 ൽ പ്രസിദ്ധീകൃതമായ ലേഖനത്തിലെ താഴെ പറയുന്ന ഭാഗം മാത്രം മതിയാകും തെളിവായി : “

Image result for chinmayananda

ചിന്മയാനന്ദൻ കേരളത്തിൽ നടത്തുന്ന ഗീതാ ജ്ഞാന യജ്ഞങ്ങളിൽ പങ്കെടുക്കുന്ന ഭക്ത ജനങ്ങളെ പറ്റിയുള്ള ഒരു സാമാന്യ അവലോകനത്തിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങളാണ് വെളിവാകുന്നത് :ജില്ലാ ആസ്ഥാനങ്ങളിലുള്ള കേൾവിക്കാരുടെ എണ്ണം 500 -700 മുതൽ 2000 -3000 വരെയാണെങ്കിൽ പ്രാന്ത പ്രദേശങ്ങളിലെ ജനക്കൂട്ടം ഇതിലൽപ്പം കുറവാണ് .ഡോക്ടർമാർ ,എൻജിനീയർമാർ, കച്ചവടക്കാർ ,ഉയർന്ന കമ്പനിയുദ്യോഗസ്ഥന്മാർ, ഉയർന്ന ഗവണ്മെന്റുദ്യോഗസ്ഥന്മാർ തുടങ്ങിയവർ ഒരറ്റത്തും സാമാന്യം വലിയ ഒരു സംഘം സാധാരണ ആഫീസു ജീവനക്കാർ മറ്റേ അറ്റത്തും വരുന്ന ഒരു സമ്മിശ്ര ജനക്കൂട്ടമാണത് .കർഷക തൊഴിലാളികളും കമ്പനി തൊഴിലാളികളും ഏതാണ്ട് ഇല്ലെന്നു തന്നെ പറയാം .കേൾവിക്കാരുടെ പ്രതികരണങ്ങൾ പലപ്പോഴും ഇംഗ്ളീഷിന്ടെ ഗുണത്തെ പറ്റിയോ സ്വാമിജിയുടെ നർമ ബോധത്തെ പറ്റിയോ അദ്ദേഹം പറയുന്ന അമേരിക്കയിലെയോ യൂറോപ്പിലെയോ ജീവിതാവസ്ഥകളിൽ നിന്നെടുത്തിട്ടുള്ള കൊച്ചു കഥകളുടെ വൈവിധ്യത്തെ പറ്റിയോ ഒക്കെയാണ് .ഈ കേൾവിക്കാരുടെ വർഗ്ഗ പരമായ ആവശ്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ മാത്രമേ നമുക്ക് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കു ലഭിക്കുന്ന പരിവേഷത്തിന്റെ രഹസ്യം ഗ്രഹിക്കാനാവൂ .മിക്ക കേൾവിക്കാർക്കും ഇംഗ്ളീഷ് കൊണ്ട് ആകർഷിക്കപ്പെടാവുന്ന തരത്തിൽ ശക്തമായ ഒരു കൊളോണിയലിസ്റ് ഗൃഹാതുരത്വമുണ്ട് .അതിന്റെ ഇംഗ്ളീഷ് രൂപം അടർത്തിക്കളഞ്ഞാൽ സ്വാമിജിയുടെ നർമം കൂത്തമ്പലത്തിന്റെ പാരമ്പര്യത്തിൽ നിന്നുരുത്തിരിഞ്ഞതാണെന്നു കാണാം . ക്ഷേത്ര കലകൾ ആസ്വദിച്ചിരുന്ന ഒരു തലമുറയിൽ നിന്ന് ഏറെയൊന്നും അകന്നു പോയിട്ടില്ലാത്ത പല കേൾവിക്കാരെ സംബന്ധിച്ചേടത്തോളം ഈ നർമം ഒരാവശ്യമായി അനുഭവപ്പെടുന്നതിൽ അദ്‌ഭുതമില്ല . വിദൂര ധനിക രാജ്യങ്ങളിൽ നിന്നുള്ള കഥാംശങ്ങളാവട്ടെ ഹിന്ദി സിനിമകളിലെ ഗംഭീരമായി അലങ്കരിക്കപ്പെട്ട ബംഗ്ളാവുകൾ പോലെ തന്നെ കേൾവിക്കാരുടെ അതീത സ്വപ്നങ്ങളെ സംതൃപ്തമാക്കാൻ സഹായിക്കുന്നു “

ചരിത്രവും ഫിലോസഫിയും ഉൾപ്പെടെ നിലനിൽക്കുന്ന ഒരു വിജ്ഞാന ശാഖയിലും അദ്ദേഹത്തിനു പാർപ്പുറച്ചില്ല . അങ്ങനെ ഇറങ്ങിപ്പുറപ്പെട്ട ഒന്നാണ് മുരളീധരന്റെ ചിന്ത. ആരും പോകാത്ത വഴികളിലാണത് സഞ്ചരിച്ചത് . മുൻ മാതൃകകളില്ലാതെ , ശൂന്യതയെ അഭിമുഖീകരിച്ച് പുതിയ കണ്ടെത്തലുകളുമായി പൊങ്ങി വരാനുള്ള ധൈര്യവും ഭാവനാ ശക്തിയും അദ്ദേഹം കാണിച്ചു .

ഇക്കാല ജീവിതം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് ഒരു പുതിയ ഭാഷയും ഭാവനയും ആവശ്യമാണ് . സ്വന്തം കുടുസ്സു തട്ടകം വിട്ട് ചിന്തിക്കാൻ മുതിർന്ന മുരളീധരന്റെ പാഠങ്ങൾക്ക് ഇന്നാവാം മറ്റെന്നത്തെക്കാളും പ്രസക്തി.

സൂചന : 

“ഇന്നത്തെ മതപരമായ പുനരുദ്ധാരണ ശ്രമങ്ങൾ”– എം .മുരളീധരൻ

കലാ വിമർശം : എഡി: രവീന്ദ്രൻ ” മാർക്സിസ്റ് മാനദണ്ഡം ” നിള ബുക്സ് ,1983 

പുറം 224

M.Muralidharan, The Discursive Geography of Upanishads, DCBooks, 2003

കേരള പഠനങ്ങൾ 6 , ജനുവരി 1997    
ദിലീപ് രാജ് , നവചരിത്രവാദം , ഡി.സി.ബുക്സ് , 2000

LEAVE A REPLY

Please enter your comment!
Please enter your name here