ഏറെ നാളായി രോഗശയ്യയിൽ അബോധാവസ്ഥയിൽ കഴിയുന്ന എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ ചികിത്സാസഹായത്തിനായി സുഹൃത്തുക്കൾ ചേർന്ന് പുസ്തകം പുറത്തിറക്കി. ‘അമ്മയുടെ ഉദരം അടച്ച്’ എന്ന നോവലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കൾ പ്രകാശനം ചെയ്തത്. രോഗം പൂർണമായും ഭേദപ്പെട്ട് എഴുത്തിന്റെ ലോകത്തിലേക്ക് തോമസ് ജോസഫ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും പ്രാര്‍ഥനയും പങ്കുവെച്ചാണ് സുഹൃത്തുക്കളും സഹൃദയരും ഞായറാഴ്ച ഒത്തു ചേര്‍ന്ന് അദ്ദേഹത്തിൻ്റെ പുതിയ നോവല്‍ വായനലോകത്തിനു സമര്‍പ്പിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തോമസ് ജോസഫ് ഒരുവര്‍ഷത്തിലേറെയായി ചികില്‍സയിലാണ്. അദ്ദേഹം ഒടുവില്‍ എഴുതി പൂര്‍ത്തിയാക്കിയ നോവല്‍ സൗഹൃദ കൂട്ടായ്മയിലൂടെയാണു പുറത്തിറക്കിയത്.

ഗ്രന്ഥരചന പൂർത്തിയാക്കുമ്പോൾ തോമസ് ജോസഫിനു വലിയ സ്വപ്നങ്ങളായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹം സാധിക്കുന്നതിനും ഒപ്പം തുടര്‍ ചികില്‍സയ്ക്കും കുടുംബ സഹായത്തിനുമായി പണം സ്വരൂപിക്കാനും കൂടിയാണ് സൃഹൃത്തുക്കള്‍ പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചത്. എറണാകുളം വളഞ്ഞമ്പലത്തെ എന്റെ ഭൂമി ആര്‍ട്ട് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എഴുത്തുകാരായ എന്‍ ശശിധരന്‍, ജമാല്‍ കൊച്ചങ്ങാടി, അയ്മനം ജോണ്‍, ജോര്‍ജ് ജോസഫ് കെ, ഷാജി ചെന്നൈ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശിപ്പിച്ചു. അവനവന്‍ നിറഞ്ഞുനില്‍ക്കുന്ന മലീമസമായ സാഹിത്യലോകത്ത് അതിന്റെയൊന്നും വക്തവാകാത്ത തോമസ് ജോസഫ് എത്രയും വേഗം എഴുത്തിലേക്ക് മടങ്ങിവരട്ടെ എന്ന് എന്‍ ശശിധരന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ കച്ചവട താല്‍പര്യത്തോടെയുണ്ടാക്കുന്ന എഴുത്തുവിഗ്രഹങ്ങളാണ് ഇന്നുള്ളത്. അല്ലാത്തവര്‍ക്ക് സ്ഥാനമില്ല. സ്വയം വിറ്റും പരസ്യപ്പെടുത്തിയും വിലപേശിയുമേ നിലനില്‍ക്കാനാകൂ. അതിന്റെ പിന്നാലെ പോകാത്തയാളാണ് തോമസ് ജോസഫ് എന്നു എൻ ശശിധരന്‍ പറഞ്ഞു. നോവല്‍ എല്ലാവരും വായിക്കുകയും കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുകയുമാണ് ചെയ്യേണ്ടതെന്ന് അയ്മനം ജോണ്‍ അഭിപ്രായപ്പെട്ടു. രോഗഗ്രസ്തനായി അമ്മയുടെ ഗര്‍ഭത്തിലെന്നപോലെ കിടക്കുന്ന അദ്ദേഹം പുതിയൊരു രചനയ്ക്കായി അബോധത്തിന്റെ ഉദരം ഭേദിച്ചു വരുമെന്ന് ജോര്‍ജ് ജോസഫ് കെ പറഞ്ഞു. തോമസ് ജോസഫിനെ അടുത്തറിയാനായതിന്റെ അനുഭവങ്ങള്‍ ഷാജി ചെന്നൈ പങ്കിട്ടു

എഴുത്തുകാരായ എ എസ് പ്രിയ, പി എഫ് മാത്യൂസ്, ജോണ്‍ പോള്‍, ടി എം എബ്രഹാം, തനൂജ ഭട്ടതിരി, ബാബു കുഴിമറ്റം, വേണു വി ദേശം, ബോണി തോമസ്, സുധി അന്ന എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. സി ടി തങ്കച്ചന്‍ സ്വാഗതവും പോള്‍സണ്‍ തേങ്ങാപ്പുരയ്ക്കല്‍ നന്ദിയും പറഞ്ഞു. .. അച്ചടിച്ചെലവ് കിഴിച്ചുള്ള മുഴുവന്‍ തുകയും തോമസ് ജോസഫിന്റെ ചികില്‍സാ ചെലവിലേക്ക് നല്‍കും. വായനപ്പുര പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  തപാലിലും പ്രസ്‌ക്ലബ് റോഡിലെ സിഐസിസി ബുക്സിലും തുടര്‍ന്നും പുസ്തകം ലഭിക്കും. പുസ്തകം വാങ്ങി ഈ ദൗത്യത്തിൽ പങ്കാളികളാകുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9072977895, (വിലാസം വാട്സാപ്പ് മെസ്സേജായും അയയ്ക്കാം)

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വീഞ്ഞ് - സൗഹൃദത്തിൻ്റെ പരിഭാഷയുടെ ഒരു ഓർമ്മപുസ്തകം

LEAVE A REPLY

Please enter your comment!
Please enter your name here